ADVERTISEMENT

കേരളത്തിൽ പച്ചക്കറിവില ദിനംപ്രതി ഉയരുകയാണ്. താക്കാളിയും വഴുതനങ്ങയും പാവയ്ക്കയും പയറുമെല്ലാം സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. കോവയ്ക്ക കിലോയ്ക്ക് 100 രൂപ ആയെന്ന വാർത്ത കാസർകോഡുനിന്നും വരുന്നു. ചുരുക്കത്തിൽ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിൽ ഭക്ഷണം ലഭ്യമാകില്ലെന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. 

എന്നാൽ, ഒട്ടേറെ കാർഷിക പദ്ധതികൾ കേരളത്തിൽ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും എന്തുകൊണ്ട് ഫലപ്രാപ്തിയിൽ എത്തുന്നില്ല? അർഹതപ്പെട്ട കൈകളിലല്ല അത്തരം പദ്ധതികളുടെ നല്ലൊരു പങ്കും എത്തുന്നതെന്ന് കർഷകർത്തന്നെ പറയുന്നു. കൃഷിയെ ഗൗരവത്തോടെ കാണുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ആലപ്പുഴയിലെ യുവ കർഷകനായ രഞ്ജിത് ദാസ് പറയുന്നു. തമിഴ്നാട്ടിലെ പച്ചക്കറികൾ വിഷമാണെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും അവരെ ആശ്രയിക്കാതെ, അവർക്കു മുൻപിൽ കൈനീട്ടാതെ ഇവിടെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലായി എന്നും രഞ്ജിത് പറയുന്നു. അതുകൊണ്ടുതന്നെ കൃഷിമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് ഈ യുവാവ്. 

കേരളത്തിലെ കൃഷിയെക്കുറിച്ച് രഞ്ജിത്തിന്റെ അഭിപ്രായം ഇങ്ങനെ:

തമിഴന്റെ പച്ചക്കറിയിലെ വിഷം മഴയത്ത് ഒലിച്ചു പോയോ? അതോ വിഷം കൊണ്ടുവന്നിട്ടാണെങ്കിലും വില കുറച്ചാൽ മതിയോ? കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ ‘തമിഴന്റെ പച്ചക്കറിയിൽ വിഷം’ എന്നാണ് മുൻ കൃഷിമന്ത്രി ഉൾപ്പടെയുള്ളവർ പ്രസംഗിച്ചുകൊണ്ടിരുന്നത്. ഇതിനെതിരായി കേരളത്തിൽ ‘പ്രാകൃത ജൈവ കൃഷി’ പ്രോത്സാഹനവും നടത്തിവരികയാണ്. എന്നിട്ടിപ്പോൾ എന്തായി? ഒറ്റ മഴകൊണ്ട് വീണ്ടും അന്യനാട്ടിൽ കൈനീട്ടേണ്ട ഗതികേടിലായി. കേരള സർക്കാർ കൃഷിക്കായി മുടക്കുന്ന പണം‘വെള്ളത്തിൽ വരയ്ക്കുന്ന വര’ പോലെയായി. ഇനിയെങ്കിലും ശരിയായ ദിശയിൽ കാര്യങ്ങൾ പഠിച്ച് ചെയ്യാൻ ശ്രമിക്കണം.

പച്ചക്കറിക്കൃഷി കേരളത്തിൽ വർധിക്കണമെങ്കിൽ അതിനുള്ള പ്രോത്സാഹനം ശരിയായ രീതിയിൽ എത്തേണ്ടിടത്ത് എത്തണം. കൃഷി ഹോബിയായി കണക്കാക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാതെ കൃഷിയെ ഉപജീവനമാർഗമാക്കിയവർക്ക് അർഹതപ്പെട്ട പരഗണന നൽകണം. എങ്കിൽ മാത്രമേ വരും കാലത്ത് കേരളത്തിലെ കൃഷിക്ക് ഉണർവും വളർച്ചയും ഉണ്ടാകൂ. കൃഷിയുമായി ബന്ധപ്പെട്ട് ഏതാനും നിർദേശങ്ങൾ മുൻപോട്ടുവയ്ക്കുകയാണ്.

1. ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നതിനും ടെറസ്സ് ഫാമിങ് നടത്തുന്നവർക്കും സബ്സിഡി കൊടുക്കാതിരിക്കുക. ആ പണം കൃഷി വരുമാനമാക്കിയ സ്ഥിരം കർഷകർക്ക് കൊടുക്കുക.

2. ഒരേക്കറിനു മുകളിൽ സ്ഥിരമായി കൃഷി ചെയ്യുന്ന കർഷകരുടെ വിവരങ്ങൾ കൃഷിഭവനിൽ പ്രസിദ്ധപ്പെടുത്തുക. അവരുടെ വാർഷിക ഉൽപാദനവും വിറ്റുവരവും രേഖപ്പെടുത്തുക.

3. ഇങ്ങനെയുള്ള കർഷകർക്ക് ഉൽപാദനം മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ കൃഷിയിടം സന്ദർശിച്ച് പറഞ്ഞു കൊടുക്കുക.

4. പ്രിസിഷൻ ഫാമിങ്ങിന് പ്രോത്സാഹനം നടത്തുക (ഇനിയുള്ള കാലം കാലാവസ്ഥയെ പ്രതിരോധിച്ച് കൃഷി ചെയ്യേണ്ടി വരും).

5. ഈർപ്പ നിയന്ത്രണ സംവിധാനമുപയോഗിച്ചുള്ള പോളീ ഹൗസുകൾ നിർമിക്കുക. അതു ചെയ്യുന്നവർക്ക് സബ്സിഡി കൊടുക്കുക. 

6. കൃഷി വകുപ്പിന്റെ സ്കീമുകൾ കർഷകരുടെ തലയിൽ അടിച്ചേൽപ്പിക്കാതെ കർഷകനാവശ്യമുള്ളതിനെ സ്കീമാക്കുക.

7. കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസരരിച്ച് റെയിൻ ഷെൽട്ടർ ഡിസൈൻ ചെയ്യാനറിയാവുന്നവരെ കണ്ടെത്തി അവരെക്കൊണ്ട് ഡിസൈൻ ചെയ്യിക്കുക (നിലവിലുള്ളത് വെറും പരിഹാസ്യമാണ്).

8. ഹൈഡ്രോ പോണിക്സ്, അക്വാ പോണിക്സ്, ലെയർ ഫാമിങ് പോലുള്ള നൂതന കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക. 

കർഷകരോട്

കേരളത്തിലെ കർഷകർ ഇതൊരു വെല്ലുവിളിയായി സ്വീകരിക്കുക. കൃഷിവകുപ്പിന്റെ സഹായമില്ലാതെ കൃഷി ചെയ്തു വിജയിപ്പിച്ച് കാണിക്കുക.

മികച്ച രീതിയിൽ ഉൽപാദനം നടത്തുന്നവരിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ച് കൃഷി ചെയ്യുക. ഒറ്റയ്ക്കു വിൽപ്പനയ്ക്കിറങ്ങാതെ മറ്റു കർഷകരുമായി ചേർന്ന് വിൽപ്പന നടത്തുക

ഫോൺ: രഞ്ജിത് ദാസ് 8139844988

English summary: Letter to Kerala Agriculture Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com