ADVERTISEMENT

കായലിൽ പോളപ്പായൽ തിങ്ങിനിറഞ്ഞത് കൂടുമത്സ്യകൃഷിക്ക് ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ ബോധവൽകരണവുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). വർഷാവർഷം കായലിലെ ലവണാംശം കൂടി ഒക്ടോബറോടെ അഴുകിപ്പോകാറുള്ള പോളപ്പായൽ ഇത്തവണ കൂടുതൽ കാലം നീണ്ടുനിൽക്കുന്നത് മത്സ്യക്കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കായലിൽ കൂടുമത്സ്യകൃഷി ചെയ്യുന്നവരുടെ കൂട്ടായ്മകൾക്ക് ബോധവൽകരണം നടത്തി അവ നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് സിഎംഎഫ്ആർഐയുടെ കീഴിൽ പ്രവർത്തിക്കുന്ന കെവികെ നടത്തുന്നത്. കൂടുകളിൽനിന്നും പായലുകൾ നീക്കം ചെയ്യുന്ന രീതിയും കർഷകരെ പരിശീലിപ്പിക്കുന്നുണ്ട്.

സാധാരണയിലധികം മഴ ലഭിച്ചതും പലതവണകളായി ഡാമുകൾ തുറന്നുവിട്ടതും കാരണം കായലിലെ ലവണാംശം കുറഞ്ഞത് പോളപ്പായൽ അമിതവളർച്ച നേടാൻ കാരണമായെന്നാണ് കരുതുന്നത്. പോളപ്പായൽ തിങ്ങിനിറയുന്നതുമൂലം കായലുകളിൽ സ്ഥാപിച്ച മത്സ്യക്കൂടുകളിൽ  ഒഴുക്ക് തടസ്സപ്പെടുകയും അതുവഴി ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നതാണ് കൂടുമത്സ്യകൃഷിക്ക് ഭീഷണിയാകുന്നത്.

ഡിസംബർ-ജനുവരി മാസങ്ങൾ വിളവെടുപ്പിനു പാകമായ വലിയ മത്സ്യങ്ങളാൽ കൂടുകൾ നിറയുന്ന കാലമാണ്. ഇക്കാലയളവിൽ ഓക്സിജൻ കുറയുന്നത് അപ്രതീക്ഷിതമായി മത്സ്യങ്ങൾ ചത്തുപോകാൻ കാരണമായേക്കാം. മത്സ്യങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പലതരം കീടങ്ങളുടെയും രോഗാണുക്കളുടെയും വിളനിലമായി പോളപ്പായലുകൾ മാറുന്നതും മത്സ്യകർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് കെവികെ ബോധവൽകരണ യജ്ഞവുമായി രംഗത്തിറങ്ങിയത്. കേന്ദ്ര സർക്കാറിന്റെ സ്വച്ഛഭാരത് അഭിയാനിന്റെ ഭാഗമായി നടന്ന യജ്ഞത്തിൽ ഏഴിക്കരയിലെ മത്സ്യക്കർഷകരും പങ്കാളികളായി രണ്ടേക്കർ മത്സ്യക്കൂടുകളിലെ പോളപ്പായൽ നീക്കം ചെയ്യുകയും ചെയ്തു.

English summary: Pola payal issues in cage fish farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com