ADVERTISEMENT

മലയാളികൾക്കു നവോർജേകാൻ അട്ടപ്പാടിയുടെ ജൈവ ചെറുധാന്യങ്ങൾ ഉടൻ വിപണിയിലെത്തുന്നു. അട്ടപ്പാടിയിൽ മില്ലറ്റ് ഗ്രാമം പദ്ധതി വഴി കൃഷി ചെയ്ത ജൈവ സർട്ടിഫിക്കേഷനുള്ള റാഗി, ചാമ, തിന ഉൾപ്പെടെയുള്ള ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപന്നങ്ങളുമാണ് വിപണിയിലെത്തുക.  

926 ചെറുധാന്യക്കർഷകർക്കാണു ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. അഗളി പഞ്ചായത്തിലെ 17 ഊരുകൾ, പുതൂർ പഞ്ചായത്തിലെ 12 ഊരുകൾ, ഷോളയൂർ പഞ്ചായത്തിലെ 11 ഊരുകൾ എന്നിവിടങ്ങളിലായി 741.97 ഹെക്ടറിലാണ് ജൈവക്കൃഷി ചെയ്തിട്ടുള്ളത്. കൃഷിവകുപ്പിനു കീഴിൽ  സംസ്ഥാനത്താകമാനമുള്ള ഇക്കോ ഷോപ്പുകളിലാണ് ആദ്യം ഉൽപന്നങ്ങൾ ലഭ്യമാക്കുക. പല ഓൺലൈൻ ഷോപ്പിങ് കമ്പനികളും ജൈവ ചെറുധാന്യങ്ങളും ഉൽപന്നങ്ങളും വിപണിയിലെത്തിക്കാൻ താൽപര്യമെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ കർഷകരുടെ ഉൽപന്നങ്ങളെല്ലാം ഊരുകളിൽ സംഭരിച്ചുവച്ചിരിക്കുകയാണ്. ചീരക്കടവിൽ ചെറുധാന്യസംസ്കരണകേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങുന്നതോടെയാണ് അട്ടപ്പാടി ബ്രാൻഡ് ഉൽപന്നങ്ങൾ ലഭ്യമാക്കുക.

നേരത്തെ, മില്ലറ്റ് ഗ്രാമം പദ്ധതിയിൽ കൃഷി ചെയ്ത 5 ടൺ ഉൽപന്നങ്ങൾ ഐസിഎആർ കൃഷി വിജ്ഞാൻ കേന്ദ്ര കോയമ്പത്തൂരിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലെത്തിച്ചപ്പോൾ പ്രതികരണം ഏറെ മികച്ചതായിരുന്നു. ഇതാണു വലിയ പ്രതീക്ഷ. ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ കർഷകരുടെ ഉൽപന്നങ്ങൾ വിദേശത്തേക്കു കയറ്റുമതി ഉൾപ്പെടെ ചെയ്യാൻ കഴിയുമെന്ന് അട്ടപ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.ലത പറഞ്ഞു. 

attappady

ഇരട്ടി ഊർജം, മെച്ചവും 

കുറഞ്ഞ അളവിലുള്ള ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമുള്ള ഊർജവും പോഷണവും ലഭ്യമാക്കുമെന്നതാണു ചെറുധാന്യങ്ങളുടെ മെച്ചം.  ഇവ ജൈവ രീതിയിൽ കൂടി കൃഷി ചെയ്യുന്നതോടെ ഫലം ഇരട്ടിയാകും. പണ്ടുകാലത്ത് നവജാത ശിശുക്കളും കൊച്ചുകുട്ടികളും മാത്രം അറിഞ്ഞിരുന്ന ചെറുധാന്യങ്ങളുടെ (മില്ലറ്റ്സ്) രുചി അടുത്ത കാലത്താണ് വ്യാപകമായി മുതിർന്നവരും ഉപയോഗിച്ചു തുടങ്ങിയത്. 

ചാമ, ചോളം, തിന, റാഗി, കൂവരക്, കമ്പ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളുടെ കൂടിയ പോഷക മൂല്യവും മലയാളിയെ അരി, ഗോതമ്പ് തുടങ്ങിയ പാരമ്പര്യ ഭക്ഷ്യവസ്തുക്കളിൽനിന്നു ചുവടുമാറ്റാൻ പ്രേരിപ്പിക്കുന്നുണ്ട്. 250 ഗ്രാം ചോറു കഴിക്കുന്നയാൾക്ക് ചെറുധാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ‌ഭക്ഷണം 75 ഗ്രാം മാത്രം കഴിച്ചാൽ മതിയെന്നു ആരോഗ്യവിദഗ്ധർ പറയുന്നു. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗമുള്ളവർക്കു ഉത്തമമാണു ചെറുധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷണം. ഫൈബറും പ്രൊട്ടീനും ചെറുധാന്യങ്ങളിൽ ധാരാളമാണെന്നതാണു നേട്ടം. ലോകത്തെ 97 ശതമാനം ചെറുധാന്യങ്ങളുടെ ഉൽപാദനം നടക്കുന്നത് ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ്. 

attappady-1
നിലമൊരുക്കുന്നു

ഇത് ആരോഗ്യരഹസ്യം

ഒരു കാലത്ത് അട്ടപ്പാടിയിൽ സമ്യദ്ധമായി കൃഷി ചെയ്തിരുന്ന ചെറുധാന്യങ്ങൾ ആധുനികതയുടെ കുത്തൊഴുക്കിനാലും നൂതന കാർഷികവൃത്തിയാലും ഇല്ലാതായിരുന്നു. 2017 കാലഘട്ടത്തിൽ ആരംഭിച്ച മില്ലറ്റ് വില്ലേജ് പദ്ധതിയിലൂടെ അട്ടപ്പാടിയിൽ ആദിവാസി കർഷകർക്ക് ഇടയിൽ ചെറുധാന്യ കൃഷി വലിയ തോതിൽ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു. ആദിവാസികളുടെ തനത് ഭക്ഷണങ്ങളായ റാഗി, ചാമ, തിന, കമ്പ്, മണിച്ചോളം, പനിവരഗ്, കുതിരവാലി, തുടങ്ങിയ ചെറുധാന്യങ്ങളും പയർ, തുവര, മുതിര, ഉഴുന്ന് തുടങ്ങിയ പയർ വർഗങ്ങളും കടുക്, എള്ള്, നിലക്കടല എന്നീ എണ്ണക്കുരുക്കരുക്കളും പച്ചക്കറികളുമാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. മില്ലറ്റ് ഗ്രാമം പദ്ധതിയുടെ തുടർച്ചയായ അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാർഷിക വികസന പദ്ധതി - റീ ബിൽഡ് കേരള ഇനിഷിയേറ്റ് പദ്ധതിയുടെ ഇവ സംഭരിക്കുകയും ചെയ്യുന്നു. കർഷകർക്ക് സബ്സിഡി ഉൾപ്പെടെയുള്ള സഹായപദ്ധതികൾ ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി 2020-21 ഒന്നാം വിള കൃഷിയിൽ 969 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് 279.61 ടൺ ഉൽപാദിപ്പിക്കുകയും രണ്ടാം വിളകൃഷിയിൽ 1340 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് 340 ടൺ ഉൽപാദിപ്പിക്കുകയും ചെയ്തു. ഈ ഉൽ‍പന്നങ്ങൾ സംഭരിച്ച് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസെഷൻ മുഖേന സംഭരിച്ചു മൂല്യവർധിത ഉൽപന്നങ്ങളാക്കുകയാണു പദ്ധതി. 

attappady-3
ചെറുധാന്യങ്ങളുടെ വിളവെടുക്കുന്ന കർഷക

മെക്സിക്കൻ കൃഷിയിനങ്ങളും

അട്ടപ്പാടിയുടെ കാലാവസ്ഥയ്ക്ക് ഏറെ അനുകൂലമാണ് ചെറുധാന്യക്കൃഷി എന്ന തിരിച്ചറിവിലാണു പദ്ധതി ആരംഭിച്ചതെങ്കിലും വിദേശ വിളകളും വഴങ്ങുമെന്ന് മില്ലറ്റ് ഗ്രാമം തെളിയിച്ചു.  ഇതിലൊന്നാണ് മെക്സിക്കൻ ഇനമായ ചിയ (SALVIA HISPANICA). ഇത് കൃഷി ചെയ്യുന്നതു വഴി മികച്ച വരുമാനം കർഷകർക്ക് ലഭിച്ചു. ചിയ കൃഷിക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിത്തുകൾ ഇവിടെ നിന്നാണു സംഘടിപ്പിച്ചത്. മില്ലറ്റ് ഗ്രാമം  പദ്ധതിയിൽ മാതൃകാ ഊരുവികസനപദ്ധതി, ജലസേചന പദ്ധതി, തേനീച്ച വേലികൾ  എന്നിവയും നടപ്പാക്കുന്നു. അട്ടപ്പാടി തുവര, ആട്ടുകൊമ്പ് എന്നിവയ്ക്ക് ഭൗമസൂചിക പദവി  നേടിയെടുക്കാനും ശ്രമം തുടങ്ങുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന്

തനത് ഭക്ഷണരീതികൾ കൈവിട്ടതാണ് അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ ആരോഗ്യപ്രശ്നങ്ങളുടെ കാരണമെന്നു വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ആ പ്രശ്നം പരിഹരിക്കാൻ റാഗി, ചോളം എന്നിവ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ  നിർദേശങ്ങളുണ്ടായിരുന്നു. എന്നാൽ മൂല്യവർധിത സാധ്യതകളില്ലാത്തിനാൽ നടന്നിരുന്നില്ല. മില്ലറ്റ് പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നു. അരിവാൾ രോഗികൾ, ഗർഭിണികൾ , കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യപ്രശ്നങ്ങൾക്ക് വലിയൊരു അളവ് വരെ പരിഹാരം കാണാൻ ഇതുവഴി സാധ്യമാകും.

English summary: Millet Village Attappady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com