ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധം: രോഗമില്ലാത്ത പന്നികളെ വിലയ്ക്കു വാങ്ങി കയറ്റുമതി ചെയ്യും

Mail This Article
ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി നിശ്ചിതകാലത്തേക്കു കേരളത്തിലെ വളർത്തുപന്നികളെയെല്ലാം വിപണിവില നൽകി ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. രോഗമില്ലാത്ത പന്നികളെ ഫാമുകളിൽ നിന്നു നേരിട്ടുവാങ്ങി കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) പ്ലാന്റിലെത്തിച്ച് ഇറച്ചിയാക്കി കയറ്റുമതി ചെയ്യാനാണ് ആലോചന.
ആദ്യഘട്ടത്തിൽ, വയനാട്ടിലെ പന്നിപ്പനി സ്ഥിരീകരിക്കാത്ത ''ഫ്രീ സോൺ'' ഫാമുകളിലെ 6 മാസത്തിലധികം വളർച്ചയെത്തിയ പന്നികളെയാണു വിലയ്ക്കെടുക്കുക. പിന്നീടു മറ്റു ജില്ലകളിലെ പന്നികളെയും ഏറ്റെടുക്കും. പന്നികളെ ശാസ്ത്രീയമായ രീതിയിൽ ഇറച്ചിയാക്കി പ്രത്യേകം ലേബൽ ചെയ്ത് വിപണിയിലെത്തിക്കും.
എംപിഐ പ്ലാന്റിലെ ഫ്രീസിങ് ശേഷി തികയില്ലെങ്കിൽ പുറത്തുനിന്നു ഫ്രീസർ വാടകയ്ക്കെടുക്കുന്നതും പരിഗണിക്കും. ഒരു ഷിഫ്റ്റിൽ 200 പന്നികളെ പ്ലാന്റിൽ കശാപ്പ് ചെയ്യാനാകും. 20 ദിവസത്തിനുള്ളിൽ വയനാട്ടിലെ ഫാമുകളിലെ പന്നികളെയെല്ലാം കശാപ്പ് ചെയ്ത് ഇറച്ചിയാക്കും.
പത്തിലൊന്നും വയനാട്ടിൽ
കേരളത്തിലാകെ ഏകദേശം ഒരു ലക്ഷം പന്നികളുണ്ടെന്നാണ് കണക്ക്. ഏറ്റവുമധികം (244) പന്നിക്കർഷകരുള്ള വയനാട്ടിൽ പൂർണവളർച്ചയെത്തിയ 6454 പന്നികളും 4740 പന്നിക്കുഞ്ഞുങ്ങളുമാണുള്ളത്. പനി ബാധിച്ച പന്നികളെ കൊല്ലുമ്പോൾ ഒരു പന്നിക്ക് പരമാവധി 15000 രൂപ വരെയാണ് കർഷകനു ലഭിക്കുന്ന നഷ്ടപരിഹാരം. 15–40 കിലോ തൂക്കമുള്ള പന്നികൾക്ക് 5800 രൂപയും പന്നിക്കുഞ്ഞുങ്ങൾക്ക് (15 കിലോ വരെ) 2200 രൂപയും ലഭിക്കും.
കഴിക്കുന്നതിൽ ആശങ്ക വേണ്ട
ആഫ്രിക്കൻ പന്നിപ്പനി ജന്തുജന്യരോഗമല്ലാത്തതിനാൽ പന്നിയിറച്ചി കഴിക്കുന്നതിൽ ആശങ്ക വേണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പന്നികളിൽ നിന്നു പന്നികളിലേക്കാണു രോഗം പടരുക. മനുഷ്യരിലേക്കു രോഗം പകരില്ല.
English Summary: Government to buy pigs for meat