ADVERTISEMENT

കനത്ത മഴയും ട്രോളിങ്ങും തീരമേഖലയെ വറുതിയിലാഴ്ത്തിയപ്പോൾ, കണ്ണൂർ ജില്ലയിലെ കൂടുമത്സ്യക്കർഷകർ ആശ്വാസ തീരത്താണിപ്പോൾ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക – സാങ്കേതിക സഹായത്തോടെ ആരംഭിച്ച കൂടുമത്സ്യക്കൃഷിയിൽ മികച്ച വിജയം നേടുകയാണ് ഇവിടുത്തെ മത്സ്യക്കർഷകർ. നൂതന മത്സ്യക്കൃഷിയുടെ നല്ല പെടയ്ക്കണ വിജയം കാണാൻ കണ്ണൂർ ജില്ലയിലെ പരമ്പരാഗത മത്സ്യമേഖലയായ കാട്ടാമ്പള്ളിയിലെത്തിയാൽ മതി. വളപട്ടണം പുഴയിലെ വള്ളുവൻകടവിലെ കായലോരം സംഘകൃഷി കൂട്ടായ്‌മ നടത്തിയ കൂടുമത്സ്യക്കൃഷി വല നിറയെ വിജയം നേടിയിരിക്കുന്നു. ഫിഷറീസ്‌ വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ സർക്കാരിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയായിരുന്നു കൃഷി. 2019ലാണ്‌ സംഘം കൂടുകൃഷി സംരംഭത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്‌. കൃഷിക്കായുള്ള സജീകരണങ്ങളെല്ലാം സംഘാംഗങ്ങൾ  ചെയ്‌തു. കൂടും മീൻകുഞ്ഞുങ്ങളും തീറ്റയും ഫിഷറീസ്‌ വകുപ്പ്‌ നൽകി. ‌കഴിഞ്ഞ വർഷം മികച്ച വിളവാണ് കിട്ടിയത്. മായം കലരാത്ത പുഴമത്സ്യത്തിനു നാട്ടിൽ നല്ല ഡിമാൻഡ് ഉള്ളതിനാൽ വളരെ പെട്ടെന്നു തന്നെ മത്സ്യം വിറ്റുതീർന്നു. 

കരിമീൻ, വളോടി, കാളാഞ്ചി എന്നിവയാണ് ഇവിടെയുള്ള മത്സ്യങ്ങൾ. ഓൺലൈൻ വഴിയും ആവശ്യക്കാർക്ക് മത്സ്യമെത്തിക്കുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ട പത്തു പേരടങ്ങിയ കായലോരം സംഘമാണ് ഇവിടെ കൃഷി നടത്തുന്നത്. ഇതിലൂടെ ഇവർക്ക്  മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്. മത്സ്യക്ഷാമം നേരിടുന്ന കാലത്ത്‌ നാട്ടിലുണ്ടാകുന്ന മത്സ്യം തേടി ആവശ്യക്കാർ എത്തുന്നുവെന്നതാണ് ഇവരുടെ വിജയരഹസ്യം. 

തുറന്ന ജലാശയങ്ങളിലോ കടലിലോ കായലിലോ പുഴയിലോ നിയന്ത്രിതമായ ചുറ്റുപാടിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നൽകി വളർത്തി വിളവെടുക്കുന്ന രീതിയാണിത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുണ്ടാക്കാമെന്നതാണ് കൂടു മത്സ്യക്കൃഷിയുടെ പ്രത്യേകത. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് കൂടുകൾ സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ വിളവെടുക്കാനും എളുപ്പും. ആറു മാസം വളർച്ചയെത്തിയ മത്സ്യങ്ങളെ വിളവെടുക്കുന്നു. കണ്ണൂർ ജില്ലയിലെ വളപട്ടണം പുഴ, കുപ്പം പുഴ, അഞ്ചരക്കണ്ടി പുഴ, പഴശ്ശി ഡാം എന്നിവയ്ക്കു പുറമെ, ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികളിൽ വരെ കൂടുമത്സ്യക്കൃഷിയുണ്ട്. 

English summary: Cage Fish Farming Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com