ADVERTISEMENT

മലയോര മേഖലകളിൽ കർഷകർ കൃഷി ചെയ്യുന്നതു കൊണ്ടാണ് ദുരന്തങ്ങൾ ഉണ്ടാകുന്നതെന്ന രീതിയിൽ കർഷകർക്കെതിരേ നടക്കുന്ന പ്രചരണങ്ങളെ വിമർശിച്ച് മുൻ മന്ത്രി പി.ജെ.ജോസഫിന്റെ മകനും ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായ അപു ജോൺ ജോസഫ്. കുടയത്തൂരിലെ ഉരുൾ പൊട്ടിയ സ്ഥലം സന്ദർശിച്ചശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ‘മലയോര മേഖലകളിൽ കർഷകർ കൃഷി ചെയ്യുന്നതു കൊണ്ടാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്ന രീതിയിൽ വ്യാപകമായ പ്രചരണങ്ങൾ ഇന്ന് നടക്കുന്നു. എന്നാൽ കുടയത്തൂരിൽ സംഭവിച്ചത് എന്താണ് എന്ന് മനസ്സിലാക്കുക. ഉയരത്തിലുള്ള വലിയ ഒരു പാറക്കെട്ടിന്റെ മുകളിൽ തരിശായി കിടന്ന ഒരു ഭാഗമാണ് ഉരുൾ പൊട്ടി താഴേക്ക് പതിച്ചത്. അവിടെ മരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇതു സംഭവിക്കില്ലായിരുന്നു. ഉരുൾ പൊട്ടി വന്ന വഴിയിൽ കൃഷി ചെയ്തിരുന്ന റബർ മരങ്ങളിലും കൃഷിയിടങ്ങളിലെ മറ്റു മരങ്ങളിലും മണ്ണും പാറകളും തട്ടി നിന്നതാണ് അതിനു താഴെയുള്ള ആളുകളുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. ഇല്ലായിരുന്നെങ്കിൽ ഇതിലും ഭയാനകമായ വലിയ ഒരു ദുരന്തം അവിടെ സംഭവിച്ചേനെ.’ അപു ജോൺ ജോസഫ് കുറിച്ചു. അദ്ദേഹം പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

കുടയത്തൂരിലെ ഉരുൾ പൊട്ടിയ സ്ഥലത്ത് പോവുകയുണ്ടായി. ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവനെടുത്ത ആ മഹാ വിപത്തിന്റെ നടുക്കത്തിൽ നിന്നും പ്രദേശവാസികൾ ഇനിയും മുക്തരായിട്ടില്ല. ഇരുപതോളം കുടുംബങ്ങളെ അവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അവർ താമസിക്കുന്ന ക്യാമ്പും സന്ദർശിക്കുകയുണ്ടായി. 

സാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ചിട്ടും ഇതു പോലുള്ള ദുരന്തങ്ങൾ മുൻകൂട്ടി കാണുവാനും തടയുവാനും എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ കുറെ നാളുകൾ അതിനെക്കുറിച്ച് ചർച്ചകൾ നടത്തുകയും പിന്നീട് അത് പാടേ മറക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തിൽ വർധിച്ചു വരുന്നു. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഉരുൾ പൊട്ടലുകൾക്കും പ്രളയങ്ങൾക്കും ഒരു പ്രധാന കാരണം ആഗോളതാപനം മൂലം ഉണ്ടാകുന്ന മേഘ വിസ്ഫോടനങ്ങളാണ്.  എങ്കിലും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദുരന്തങ്ങളും വിപത്തുകളും ഒരു പരിധി വരെ തടയാൻ കഴിയും എന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

apu-john-joseph-1
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിക്കുന്നു

ചെരിവുകളിൽ വേരിറക്കമുള്ള മരങ്ങളും രാമച്ചം മുളപോലുള്ള ചെടികളും നട്ടു പിടിപ്പിക്കുക എന്നതാണ് ഏറ്റവും എളുപ്പത്തിൽ നമുക്ക് ചെയ്യുവാൻ സാധിക്കുന്നത്. കൂടാതെ ചെരിവ് ജ്യാമിതി(geometry) പരിഷ്‌കരിക്കുക, ചെരിവുള്ള സ്ഥലങ്ങൾ ശക്തിപ്പെടുത്തുന്നതിന് കെമിക്കൽ ഏജന്റുകൾ ഉപയോഗിക്കുക, പൈലുകളും ഭിത്തികളും(retaining walls) പോലുള്ള ഘടനകൾ സ്ഥാപിക്കൽ, പാറ സന്ധികളും വിള്ളലുകളും ഗ്രൗട്ട് ചെയ്യുക, ദുരന്തസാധ്യതയുള്ള മേഖലകളിൽ അവശിഷ്ടങ്ങൾ (debris) വഴിതിരിച്ചുവിടാനുള്ള ചാലുകൾ നിർമിക്കുക, ഉപരിതലത്തിലും, പാറകൾക്കുള്ളിലും വെള്ളത്തിന്റെ ഒഴുക്ക് തിരിച്ചുവിടുക തുടങ്ങി ഒട്ടേറെ പോംവഴികൾ ഇന്ന് നിലവിലുണ്ട്.

വർഷങ്ങളായി ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വകുപ്പിൽ പ്രവർത്തിക്കുന്ന മുരളി തുമാരുകുടിയെ പോലുള്ള വിദഗ്ധരുടെ സഹായങ്ങൾ സർക്കാർ ഉപയോഗിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ദുരന്ത നിവാരണ വകുപ്പും, റവന്യൂ ഫോറസ്റ്റ് വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരുമിച്ച് ആർജവത്തോടെ പ്രവർത്തിച്ചാൽ ഇതു പോലുള്ള ദുരന്തങ്ങൾ ഒരു പരിധി വരെയെങ്കിലും തടയാൻ നമുക്ക് സാധിക്കും.

വാൽകഷ്ണം:

മലയോര മേഖലകളിൽ കർഷകർ കൃഷി ചെയ്യുന്നതു കൊണ്ടാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്ന രീതിയിൽ വ്യാപകമായ പ്രചരണങ്ങൾ ഇന്ന് നടക്കുന്നു. എന്നാൽ കുടയത്തൂരിൽ സംഭവിച്ചത് എന്താണ് എന്ന് മനസ്സിലാക്കുക. ഉയരത്തിലുള്ള വലിയ ഒരു പാറക്കെട്ടിന്റെ മുകളിൽ തരിശായി കിടന്ന ഒരു ഭാഗമാണ് ഉരുൾ പൊട്ടി താഴേക്ക് പതിച്ചത്. അവിടെ മരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഇതു സംഭവിക്കില്ലായിരുന്നു. ഉരുൾ പൊട്ടി വന്ന വഴിയിൽ കൃഷി ചെയ്തിരുന്ന റബർ മരങ്ങളിലും കൃഷിയിടങ്ങളിലെ മറ്റ് മരങ്ങളിലും മണ്ണും പാറകളും തട്ടി നിന്നതാണ് അതിന് താഴെയുള്ള ആളുകളുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. ഇല്ലായിരുന്നെങ്കിൽ ഇതിലും ഭയാനകമായ വലിയ ഒരു ദുരന്തം അവിടെ സംഭവിച്ചേനെ. കൃഷി ചെയ്യുന്നത് മരങ്ങളും ചെടികളും തന്നെയാണ് എന്ന് ഈ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ തിരിച്ചറിയുക. പ്രകൃതി ദുരന്തങ്ങളിലും വിലത്തകർച്ചയിലും കടക്കെണിയിലും പെട്ടുഴലുന്ന പാവം കർഷകരെ വെറുതെ വിട്ടേക്കുക. നമ്മൾ ഭക്ഷിക്കുന്ന ഓരോ അരിമണിയിലും കടുകുമണിയിലും പട്ടിണിയും പ്രാരാബ്ധങ്ങളുമായി കഴിയുന്ന ഒരു കർഷകന്റെ കയ്യാപ്പുണ്ട് എന്നു കൂടി മനസ്സിലാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com