ADVERTISEMENT

സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണപ്രവർത്തനങ്ങൾ  വേഗത്തിലാക്കുന്നതിനുള്ള നടപടികൾ വിശദീകരിച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് പുതുക്കിയ ഉത്തരവിറക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷും ചേർന്ന യോഗത്തിലാണു തെരുവുനായ നിയന്ത്രണത്തിനായി അധിക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായത്.

നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്പുകൾക്കാവശ്യമായ വാക്സീൻ സംഭരണം, വിതരണം, ക്യാമ്പുകൾ സംഘടിപ്പിക്കൽ, മോണിറ്ററിങ് സമിതി രൂപീകരിക്കൽ, ഡോഗ് ക്യാച്ചേഴ്സ്, മൃഗപരിപാലക‍ർ എന്നിവരെ ജില്ലാടിസ്ഥാനത്തിൽ നിയമിക്കൽ, കുടുംബശ്രീയും സന്നദ്ധ സംഘടനകളും വഴി ലഭ്യമാക്കുന്ന ഡോഗ് ക്യാച്ചേഴ്സിനാവശ്യമായ പരിശീലനം നൽകി നിയമിക്കൽ തുടങ്ങിയവയുടെ ഏകോപനവും നടത്തിപ്പുും മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ ചുമതലയാണ്.

പുതുതായി ആരംഭിക്കുന്ന എബിസി കേന്ദ്രത്തിനാവശ്യമായ സ്ഥലം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ  ജില്ലാതല ഉദ്യോഗസ്ഥരുടെയും കൂടി സഹായത്തോടെ  കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപന സമിതി നടപടി സ്വീകരിച്ചതിനു ശേഷമുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഏകോപിപ്പിക്കണം. മൃഗസംരക്ഷണ വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും സാങ്കേതിക നിർദ്ദേശങ്ങളും അനുസരിച്ചായിരിക്കും  എബിസി സെന്ററുകളുടെ നിർമാണ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുക. അനിമൽ ഷെൽട്ടറുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ ജനകീയ സമിതിയുടെ മേൽനോട്ടത്തിൽ ഏറ്റെടുക്കും.

തെരുവുനായ്ക്കളെ പിടിച്ച് വാക്സീനേഷനും വന്ധ്യംകരണത്തിനുമായി എബിസി കേന്ദ്രങ്ങളിൽ എത്തിക്കുന്ന വ്യക്തികൾക്ക് 500 രൂപ പ്രതിഫലമായി നൽകും. വളർത്തുമൃഗങ്ങളുടെ ലൈസൻസ് ഫീസ് ഒക്ടോബർ 15 മുതൽ അൻപത് രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചു. നേരത്തെ പത്തു  രൂപയാണ് 1998ലെ പന്നികൾക്കും പട്ടികൾക്കും ലൈസൻസ് നൽകൽ ചട്ടങ്ങൾ പ്രകാരം ഈടാക്കിയിരുന്നത്.

കൂടാതെ വളർത്തുമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും വാക്സീനേഷൻ നടപ്പിലാക്കുന്നതിനായി വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സേവനം ദിവസവേതനാടിസ്ഥാനത്തിൽ ലഭ്യമാക്കാനും തീരുമാനമായി. ഓരോ പഞ്ചായത്ത് പരിധിയിലും ലഭ്യമായ ഇത്തരം ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും.

മൃഗാശുപത്രികളിൽവച്ച് നടത്തുന്ന വളർത്തുനായ്ക്കളിലെ വാക്സീനേഷൻ ഫീ (15 രൂപ), വാക്സീനേഷൻ സർട്ടിഫിക്കറ്റ് ഫീ(15 രൂപ)യും ചേർത്ത് 30 രൂപ മാത്രമാണ് ഈടാക്കുന്നത്. വാക്സീൻ ചാർജ് ഈടാക്കുന്നില്ല.

വാക്സീനെടുത്ത നായ്ക്കളുടെ ഉടമസ്ഥർ നിർബന്ധമായും ലൈസൻസ് എടുത്തിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നേരിട്ടോ citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയോ വിവരങ്ങൾ നൽകി ഫീസടച്ചാൽ ലൈസൻസ് ലഭിക്കും. ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചാൽ ലൈസൻസ് തപാലിൽ ലഭിക്കും. പേവിഷ പ്രതിരോധ പ്രവ‍‍ർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കണം.

English summary: license for Pet Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com