കേരളത്തിലെ ഓരോ കർഷകന്റെയും ബാധ്യത 5.47 ലക്ഷം: ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് കിഫ

HIGHLIGHTS
  • കേരളത്തിൽ 72% കർഷകരും കടക്കെണിയിൽ
  • 26% കർഷകർക്ക് ഒന്നിൽ കൂടുതൽ വായ്പാബാധ്യത
kerala-farmers-debt
SHARE

രൂപീകരിക്കപ്പെട്ടു രണ്ടു വർഷത്തിനുള്ളിൽ തന്നെ കാർഷിക പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടണമെന്നും, ഒരു കർഷക സംഘടന എന്തായിരിക്കണമെന്നും കേരളത്തിലെ കർഷക സമൂഹത്തിനു മുന്നിൽ തെളിയിച്ച സംഘടനയാണ് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ അഥവാ കിഫ. കേരളത്തിലെ കർഷകസമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് കിഫ തുടക്കം മുതൽ സ്ഥിതിവിവര കണക്കുകളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നു.

കേരളത്തിൽ കർഷകരുടെ കടബാധ്യതകളും ആത്മഹത്യാനിരക്കും അപകടകരമായ വിധത്തിൽ ഉയർന്നുവരികയാണ്. എങ്കിലും, കർഷക സമൂഹം അനുഭവിക്കുന്ന കടബാധ്യതയെക്കുറിച്ചും അതോടൊപ്പമുണ്ടാകുന്ന മറ്റു പ്രശ്ങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ സർക്കാരിനു പോലും ലഭ്യമല്ല എന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഈ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാനും, കടബാധ്യതയുമായി ബന്ധപ്പെട്ടു ശാസ്ത്രീയവും, മനുഷ്യത്വപരവുമായ തീരുമാനങ്ങൾ എടുക്കാൻ സർക്കാരിനെയും മറ്റ് ഏജൻസികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടും കൂടെ കേരളത്തിലെ കർഷകരുടെ കടബാധ്യതയുടെ വ്യാപ്തിയും ആഴവും മനസ്സിലാക്കാൻ കിഫ നടത്തിയ കടബാധ്യത സർവേയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 

സർവേയിലെ പ്രധാന കണ്ടെത്തലുകൾ

1. കേരളത്തിൽ  72% കർഷകരും കടക്കെണിയിലാണ്

2. ശരാശരി കടബാധ്യത 5,46,850 രൂപ

3. ശരാശരി കടബാധ്യതയിൽ മൂന്നു വർഷം കൊണ്ട് 2.3 ഇരട്ടി വർധന

4. കടക്കെണിയിൽ മുൻപിൽ ഏലം, പൈനാപ്പിൾ കർഷകർ.

5. ഏറ്റവും കൂടുതൽ കട ബാധ്യത മലബാർ മേഖലയിൽ.

6. 26% കർഷകർക്ക്  ഒന്നിൽ കൂടുതൽ വായ്പാബാധ്യത.

7. 65% കർഷകർ തങ്ങളുടെ കൈവശമുള്ള മുഴുവൻ ഭൂമിയും ബാങ്കിൽ പണയംവച്ചിട്ടുണ്ട്

8. 57% കർഷകരുടെ താമസിക്കുന്ന വീടുൾപ്പെടെ പണയത്തിലാണ്.

9. 68% കർഷകർ  കാർഷിക വായ്‌പയ്‌ക്ക് പുറമേ സ്വർണവായ്പയും  എടുക്കാൻ നിർബന്ധിതരായിട്ടുണ്ട്.   

10. 16% പേർ 10 ലക്ഷത്തിനു മുകളിൽ വായ്പ എടുത്തിട്ടുണ്ട്.

11. 29% പേർ 2 ലക്ഷത്തിൽ താഴെ വായ്പ എടു ത്തവരാണ്.

12. ഏറ്റവും കൂടുതൽ കർഷകർ ലോൺ എടുത്തിരിക്കുന്നത് ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കുകളിൽ നിന്ന് (47%).

13. കുടിശ്ശികയില്ലാതെ കൃത്യമായി ലോൺ അടയ്ക്കുന്നവർ = 51%

14. കുറച്ചു കുടിശ്ശികയുള്ളവർ  = 29%

15. മുഴുവൻ കുടിശ്ശികയുള്ളവർ = 20%

16. ജപ്തി നോട്ടീസ് കിട്ടിയവർ = 14%

17. ജപ്തി നടന്നത് = 2%.

സർവേയുടെ  സംഗ്രഹം

നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (NSSO) 2019ൽ പുറത്തു വിട്ട NSSO - 77–ാം റൗണ്ടിലെ കണക്കുകൾ പ്രകാരം ദേശീയ കാർഷിക കടബാധ്യത നിരക്ക് 50.2 ശതമാനവും കേരളത്തിലെ കടബാധ്യത നിരക്ക് 70 ശതമാനവും ആയിരുന്നു. കിഫയുടെ  ഇപ്പോഴത്തെ പഠനത്തിൽ കേരളത്തിലെ കടബാധ്യത നിരക്ക് 72 ശതമാനമാണ്. കടബാധ്യത നിരക്കിൽ നേരിയ വർധന മാത്രമാണ് കഴിഞ്ഞ മൂന്നുവർഷം കൊണ്ട് കേരളത്തിൽ ഉണ്ടായതെങ്കിലും ശരാശരി കടബാധ്യതയിലുണ്ടായ വർധന ഞെട്ടിപ്പിക്കുന്നതാണ്. NSSO 77–ാം റൗണ്ട് പ്രകാരം ഇന്ത്യയിലെ ശരാശരി കടബാധ്യത 74,121 രൂപയും കേരളത്തിലെ കടബാധ്യത 242,482 രൂപയും ആയിരുന്നു. എന്നാൽ കിഫയുടെ  പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ശരാശരി കാർഷിക കടബാധ്യത മൂന്നു വർഷം കൊണ്ട് 2.3 ഇരട്ടി വർധിച്ച് 546,850  രൂപയിൽ എത്തി.

കേരളത്തിലെ ഏറ്റവും അവികസിത പ്രദേശമായ മലബാറാണ് ഏറ്റവും കൂടുതൽ കടക്കെണിയിലായിരിക്കുന്നത്; തിരുവിതാംകൂറിൽ  70 ശതമാനവും കൊച്ചിയിൽ 68 ശതമാനവും കർഷകർ കടക്കെണിയിൽ ഉള്ളപ്പോൾ മലബാറിൽ 77 ശതമാനം കർഷകരും കടക്കെണിയിലാണെന്ന് കാണുന്നു.

വലിയ ശരാശരി കടബാധ്യതയ്‌ക്ക് പുറമേ വളരെ  ഗുരുതരമായ മറ്റു പ്രശ്നങ്ങളും കേരളത്തിലെ കർഷക സമൂഹം കാർഷിക  വായ്പ ലഭ്യതയുടെ കാര്യത്തിൽ നേരിടുന്നുണ്ട് എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നതെന്ന് കിഫ. കർഷകർക്ക് ഏറ്റവും ഗുണകരമാവേണ്ട കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴി 4 % പലിശ മാത്രമുള്ള കാർഷിക ലോൺ എടുത്തവർ വെറും 48 ശതമാനം മാത്രമാണ്. ഇന്ന് കേരളത്തിൽ ലഭ്യമായ ഏറ്റവും പലിശ കുറവുള്ള ഇത്തരം കാർഷിക ലോണുകൾ പകുതി കർഷകർക്ക് പോലും ലഭിക്കുന്നില്ല എന്നത് എന്തുകൊണ്ടെന്ന് ഗൗരവമായി പരിശോധിക്കേണ്ടിയിരിക്കുന്നു.  നിലവിൽ സ്വർണ്ണം ഈടായി നൽകിയാൽ മാത്രമേ ഈ സ്‌കീമിൽ ലോൺ കിട്ടുകയുള്ളു എന്നത് വസ്തുതയാണെങ്കിലും 68 ശതമാനം കർഷകർ കൃഷിഭൂമി പണയം വച്ചുള്ള വായപ്കൾക്കു പുറമെ സ്വർണ്ണം പണയംവച്ചും വായ്പകൾ എടുത്തിട്ടുണ്ട് . അപ്പോൾ പണയം വയ്ക്കാൻ സ്വർണ്ണം ഇല്ലാത്തതുകൊണ്ടല്ല  കർഷകർക്ക് 4 % പലിശയുള്ള KCC ലോൺ കിട്ടാത്തത്  എന്ന് വ്യക്തം.  എല്ലാ യോഗ്യതയും ഉണ്ടായിട്ടും KCC സ്‌കീമിൽ കർഷകർക്ക് ലോൺ കൊടുക്കാൻ ബാങ്കുകൾ മടിക്കുന്നു എന്നുവേണം കരുതാൻ. ഈ പ്രവണത എത്രയും പെട്ടന്ന് തിരുത്തേണ്ടിയിരിക്കുന്നുവെന്നും കിഫ പറയുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാങ്കിങ് സാന്ദ്രതയുള്ള സംസ്ഥാനമായിട്ടു പോലും കേരളത്തിൽ ഇപ്പോളും 21 ശതമാനം കർഷകർ പ്രൈവറ്റ് ബാങ്കുകളെയോ സ്വകാര്യ പലിശക്കാരെയോ ആശ്രയിക്കുന്നു എന്നുള്ളതും കേരളത്തിലെ കാർഷിക മേഖലയിൽ സ്ഥാപനപരമായ വായ്പ ലഭ്യതയുടെ കുറവിലേക്കു വിരൽ ചൂണ്ടുന്നു.

മറ്റൊരു പ്രധാന കണ്ടെത്തൽ, വായ്പ എടുത്ത 63% പേരും തങ്ങളുടെ മുഴുവൻ ഭൂമിയും ബാങ്കിൽ പണയം വച്ചിട്ടുണ്ട് എന്നതും അതിൽ തന്നെ 57 ശതമാനം ആളുകളുടെ ഇപ്പോൾ താമസിക്കുന്ന വീടും പണയ വസ്തുവിൽ ഉൾപ്പെടുന്നുണ്ട് എന്നതുമാണ്. ഈ ലോണുകൾ തിരിച്ചടക്കുന്നതിൽ അവർ പരാജയപ്പെടുകയും ബാങ്ക് റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുകയും ഭൂമി കണ്ടുകെട്ടുകയും ചെയ്താൽ ഇത്തരം ആളുകൾ ചുരുങ്ങിയ കാലം കൊണ്ട് ഭൂരഹിതർ മാത്രമല്ല ഭവന രഹിതരുമായി മാറുന്ന അപകടകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഉണ്ടാകും.

വായ്പ എടുത്തവരുടെ ശതമാനക്കണക്കിലും, ശരാശരി വായ്പാ തുകയിലും ഏലം, പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകരാണ് ഏറ്റവും കൂടുതൽ കടക്കെണിയിലുള്ളത്. സംസ്ഥാന ശരാശരിയായ 72 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, പൈനാപ്പിൾ, ഏലം കർഷകർക്കിടയിലെ കടബാധ്യത യഥാക്രമം 80%, 78% എന്ന തോതിൽ ഉയർന്നു  നിൽക്കുന്നു. അതോടൊപ്പം താന്നെ ഇവരുടെ ശരാശരി കടബാധ്യത  സംസ്ഥാന ശരാശരിയേക്കാൾ 1.3 മടങ്ങ് കൂടുതലുമാണ്.

വെറും 51% കർഷകർക്കു മാത്രമേ  കുടിശ്ശിക വരുത്താതെ തിരിച്ചടവ് നടത്താൻ സാധിക്കുന്നുള്ളൂ എന്ന വാസ്തവം സൂചിപ്പിക്കുന്നത് കാര്യങ്ങളുടെ കിടപ്പു  ആശങ്കാജനകമാണ് എന്ന് തന്നെയാണ്. 29% കർഷകർ കുറച്ചൊക്കെ തിരിച്ചടച്ചിട്ടുണ്ട് എങ്കിലും 20% കർഷകർക്ക് ഇതുവരെ യാതൊന്നും തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ കടം വാങ്ങിയ  മുഴുവൻ തുകയും കുടിശ്ശികയായി അവശേഷിക്കുന്നു.  49% എന്ന മൊത്തത്തിലുള്ള കുടിശ്ശിക നിരക്കും 20% എന്ന സമ്പൂർണ്ണ കുടിശ്ശിക നിരക്കും കേരളത്തിന്റെ കാർഷിക മേഖല ഇപ്പോൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ അടിസ്ഥാന  പ്രശ്‌നങ്ങളെ ഉയർത്തിക്കാട്ടുന്നു. 

സംസ്ഥാനത്തെ തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന 14% കർഷകർക്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. മേഖല തിരിച്ചുള്ള കണക്കിൽ തിരുവിതാംകൂറിലെ കർഷകരാണ് ഏറ്റവും കൂടുതൽ ജപ്തി നടപടികൾ നേരിടുന്നതിന്  (21 ശതമാനം). നിലവിൽ ജപ്തി നടപടികൾക്ക് വിധേയമായി സ്ഥലം നഷ്ടപെട്ടവർ 2 ശതമാനമാണ് .

പരിഹാര മാർഗങ്ങൾ  

കേരളത്തിലെ കാർഷിക സമൂഹം നിലവിൽ അകപ്പെട്ടിരിക്കുന്ന ഗുരുതരമായ ഈ കടക്കെണിയിൽനിന്ന് പുറത്തുകടക്കാനായി കാർഷിക സമൂഹം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ഇടപെടൽ പലിശയും പിഴപ്പലിശയും  എഴുതിത്തള്ളുക എന്നതാണ്. അതിനു ശേഷം മുതൽ തിരിച്ചടക്കാൻ കൂടുതൽ സാവകാശവും കൊടുത്തുകൊണ്ട് മാത്രമേ ഈ ഗുരുതരമായ പ്രതിസന്ധിയിൽ നിന്ന് കേരളത്തിലെ കാർഷിക സമൂഹത്തിനു കരകയറാൻ കഴിയൂ. എന്നുമാത്രമല്ല വന്യമൃഗശല്യവും രോഗ കീട ബാധയും തെങ്ങ്, കമുക്, കുരുമുളക്, ഏലം, റബർ ഉൾപ്പെടെയുള്ള എല്ലാ പ്രധാന വിളകളുടെയും ഉൽപാദനക്ഷമത കുറഞ്ഞതും വിലയിടിവും കർഷകരുടെ ലോൺ തിരിച്ചടയ്ക്കൽ ശേഷിയെ വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കിഫ പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പറയുന്നു.

English summary:  Average debt of Kerala farmer rises twice over in three years

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}