ADVERTISEMENT

വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ലൈവ് സ്റ്റോക്ക് ഫാമിൽ നിർമിച്ച അത്യാധുനിക മിൽക്കിങ് പാർലർ സമുച്ചയം നാളെ 11ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

പൂർണ്ണമായും സംസ്ഥാന ഗവൺമെന്റിന്റെ പദ്ധതിയിനത്തിലുള്ള പണം ഉപയോഗിച്ച് നിർമിച്ചതാണ് ഈ അത്യാധുനിക മിൽക്കിങ് പാർലർ സമുച്ചയം. ഈ പാർലറിന്റെ യന്ത്രങ്ങൾക്കും സോഫ്റ്റ് വെയറിനും നിർമാണങ്ങൾക്കുമായി ഏകദേശം 72 ലക്ഷം രൂപ ചെലവായി. 

milking-parlour-mannuthy
വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ലൈവ് സ്റ്റോക്ക് ഫാമിൽ നിർമിച്ച അത്യാധുനിക മിൽക്കിങ് പാർലർ

2 x 4 ഹെറിങ്ബോൺ മോഡൽ മിൽക്കിങ് പാർലർ എന്ന ഈ സംവിധാനത്തിന് സ്വയം പ്രവർത്തിക്കാൻ കഴിയും. ഒരേ സമയം 8 പശുക്കളുടെ കറവ നടത്താനാകുമെന്നു മാത്രമല്ല. 8 മിനിറ്റിനകം പാൽ കറന്ന് പശുക്കൾക്ക് പാർലറിനു പുറത്തെത്താനും കഴിയും. ഒപ്പം പാലിന്റെ അളവും ഗുണനിലവാരവുമെല്ലാം മനസ്സിലാക്കാനും റെക്കോർഡ് ചെയ്യാനുമുള്ള സംവിധാനങ്ങൾ ഈ പാർലറിൽ തന്നെ ഉണ്ട് . കറവയ്ക്കുശേഷമുള്ള ക്ലീനിങ് പൂർണ്ണമായും ഓട്ടോമാറ്റിക്ക് സംവിധാനത്താൽ നടത്തപ്പെടുന്നു. ചുരുക്കത്തിൽ മനുഷ്യന്റെ കരസ്പർശം ഒട്ടും തന്നെ ഏൽക്കാതെ പശുക്കളുടെ അകിടിൽനിന്ന് കുറഞ്ഞ സമയം കൊണ്ട് പാൽ സംഭരണം സാധിക്കുന്നതിനാൽ ഏറ്റവും ശുചിത്വമാർന്ന പാൽ ഉൽപാദനം നടക്കുന്നു എന്നതും പ്രത്യേകതയാണ്.

300ൽപ്പരം ഉരുക്കളുള്ള ഒരു ഫാമിൽ വെറ്ററിനറി ഡെയറി ബിരുദ വിദ്യാർഥികൾക്ക് പഠനത്തിനും ഗവേഷണത്തിനുമായി തയാറാക്കിയിരിക്കുന്ന ഈ സംവിധാനം കർഷകർക്ക് ഏറ്റവും നവീനമായ കറവ സമ്പ്രദായങ്ങൾ പരിചയപ്പെടുത്താനും പരിശീലനം നൽകുന്നതിനും കൂടി ഉപയോഗിക്കപ്പെടും. 

milking-parlour-mannuthy-2
വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ലൈവ് സ്റ്റോക്ക് ഫാമിൽ നിർമിച്ച അത്യാധുനിക മിൽക്കിങ് പാർലർ

അഫിമിൽക്ക് എന്ന ഇസ്രയേൽ കമ്പനിയുടേതാണ് ഈ മിൽക്കിങ് പാർലറിന്റെ മീറ്ററുകളും അനുബന്ധ ഇലക്ട്രോപകരണങ്ങളും, ഹേർഡ് മാനേജ്മെന്റ് സോഫ്റ്റ് വെയറും. പൈപ്പ് ലൈൻ സിസ്റ്റങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും സമന്വയിപ്പിച്ച് മിൽക്കിങ് പാർലർ നിർമ്മാണം നടത്തിയിരിക്കുന്നത് വാൻസൺ ടെക്നോളജീസ് എന്ന ഇന്ത്യൻ കമ്പനിയാണ്. കെട്ടിട നിർമാണം, ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർത്തിയാക്കിയത് സർവകലാശാലയുടെ മരാമത്ത് വിഭാഗമാണ്.

English summary: Milking Parlour Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com