ADVERTISEMENT

സർക്കാർ പ്രഖ്യാപിച്ച പാൽവില വർധനയിൽ അർഹമായ വിഹിതം കർഷകർക്കു ലഭിക്കുന്നില്ലെങ്കിൽ തന്നെ വിളിച്ചു പരാതി അറിയിക്കണമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. പാലിന് വർധിപ്പിക്കുന്ന 6 രൂപയുടെ 83.75 ശതമാനം കർഷകർക്ക് നൽകാനാണു തീരുമാനം. വിലവർധന ഉപഭോക്താക്കൾക്കു ബാധ്യതയാണെങ്കിലും കർഷകരുടെ കഷ്ടപ്പാട് മനസിലാക്കിയാണു തീരുമാനമെന്ന് അവർ പറഞ്ഞു. 

കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതു ലവണമിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ല് സിലക്ട്‌ കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗത്തിനെത്തിയ മന്ത്രിക്കു മുന്നിൽ ഒട്ടേറെ കർഷകരും ക്ഷീരസംഘം പ്രതിനിധികളും പാൽവില വർധനയുമായി ബന്ധപ്പെട്ട പരാതികളുമായെത്തി.

വില കൂട്ടിയെങ്കിലും ഗുണമേന്മയുടെ അടിസ്ഥാനത്തിൽ പാൽവില നിർണയിക്കാൻ മിൽമ തയാറാക്കുന്ന ചാർട്ടിൽ മാറ്റം വരുത്തുന്നതുമൂലം കർഷകർക്ക് ഉദ്ദേശിച്ച നേട്ടമുണ്ടാകില്ല. കാലിത്തീറ്റയുടെ വില കൂട്ടുകയും ചാർട്ട് പ്രകാരം വിലയിൽ കുറവുവരുത്തുകയും ചെയ്ത് വിലവർധനയിൽ മിൽമ വെള്ളം ചേർക്കുമെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. മിൽമ ചെയർമാൻ കെ.എസ്.മണി കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിലും പ്രതിഷേധമുയർന്നു. മലപ്പുറം ജില്ലയിൽ നിന്നെത്തിയ പ്രതിനിധികളാണ് കാര്യമായി പ്രതിഷേധമുയർത്തിയത്.

‘ഗുണമേന്മയുള്ള കാലിത്തീറ്റ സംസ്ഥാനത്ത് ഉറപ്പാക്കും’

മൃഗസംരക്ഷണമേഖലയിൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഏറ്റവും ഗുണമേന്മയുള്ള തീറ്റ വസ്തുക്കൾ സംസ്ഥാനത്ത് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതു ലവണമിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ല് സിലക്ട്‌ കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

തീറ്റച്ചെലവ് വർധിക്കുന്നതു കർഷകരെ ദോഷകരമായി ബാധിക്കുന്നുണ്ട്. കേരളത്തിലെ പശുക്കൾക്കായി പഞ്ചാബിൽ നിന്നു കിസാൻ ട്രെയിൻ വഴി വൈക്കോൽ ഉൾപ്പെടെയുള്ള തീറ്റയെത്തിക്കാൻ ശ്രമിക്കുന്നു. കാലിത്തീറ്റ പരമാവധി കുറഞ്ഞ വിലയിൽ നൽകുന്നതിനായി അസംസ്കൃത വസ്തുക്കൾ കേരളത്തിൽ തന്നെ കൃഷിചെയ്യാനുള്ള ശ്രമം ആരംഭിച്ചു. 

മുതലമടയിൽ കേരള ഫീഡ്സിന്റെ സഹായത്തോടെ മക്കച്ചോളം കൃഷി ആരംഭിച്ചു. ഇതു വ്യാപിപ്പിക്കും. ചർമ്മമുഴ രോഗത്തിനുള്ള വാക്‌സീൻ എല്ലാപഞ്ചായത്തുകളിലും ലഭ്യമാക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. യോഗത്തിൽ സിലക്ട് കമ്മിറ്റി അംഗങ്ങളായ എംഎൽഎമാരായ കെ.പി കുഞ്ഞുമ്മദ് കുട്ടി, ഡി.കെ.മുരളി, ജി.എസ്.ജയലാൽ, കെ.കെ.രമ, മാത്യു കുഴൽനാടൻ, സി.കെ.ആശ, ജോബ് മൈക്കിൾ, കുറുക്കോളി മൊയ്‌തീൻ, കലക്ടർ മൃൺമയി ജോഷി എന്നിവർ പങ്കെടുത്തു.പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ, കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ തെളിവെടുപ്പിനെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com