സംഗീതം കേൾപ്പിച്ചാൽ പശുക്കൾക്ക് പാലും കോഴികൾക്ക് വളർച്ചയും കൂടും! തൊഴുത്തിലെ സംഗീതപ്പെട്ടിയുടെ പ്രാധാന്യം എന്ത്?

cow farming
istockphoto
SHARE

സംഗീതാസ്വാദനം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും സാധ്യമാണോ എന്നത് ലോകമെമ്പാടും ഇന്നു വലിയ ചർച്ചചെയ്യപ്പെടുന്നുണ്ട് മാത്രമല്ല ഗവേഷണ വിഷയവുമാണ്. വ്യത്യസ്ത മതഗ്രന്ഥങ്ങളിൽ പണ്ടേ  പരാമർശിക്കപ്പെട്ടിട്ടുള്ളതാണ് മൃഗങ്ങളുടെ സംഗീതാസ്വാദന കഴിവുകൾ. ഭഗവാൻ ശ്രീകൃഷ്ണൻ ഓടക്കുഴൽ വായനയിലൂടെ മേയിച്ചിരുന്ന ഗോക്കളേ സ്വാധീനിച്ചിരുന്നത് നമുക്ക് അറിവുള്ളതാണ്. ശാസ്ത്രീയത തെല്ലുമില്ലെങ്കിൽ പോലും  മൂർഖൻ പാമ്പുകളെ സംഗീതത്താൽ മയക്കുന്നുവെന്ന പ്രതീതി ഉണർത്തുന്ന പാമ്പാട്ടികൾ ഉത്തരേന്ത്യൻ യാത്രകളിൽ ഇന്നും നമ്മളിൽ കൗതുകമുണർത്താറില്ലേ. ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്ന ആനകൾ ചെണ്ടമേളം കൊഴുക്കുന്നതിന് അനുസൃതമായി താളത്തിനൊത്ത് ചെവിയും കാലും ഇളക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന എത്രയോ പൂരപ്രേമികൾ നമ്മുടെ  സമൂഹത്തിലുണ്ട്. കേൾക്കാനിടയായ പാട്ടുകൾ, പിന്നീട് പാടാൻ ശ്രമിക്കുന്ന തത്തകളും മൈനകളും വീട്ടിലുള്ളതായി പലരുംപറഞ്ഞ് നാം അറിഞ്ഞതല്ലേ. കറവ സമയത്ത് ശാസ്ത്രീയ സംഗീതം കേൾപ്പിച്ചപ്പോൾ പാലുൽപ്പാദനം കൂടിയെന്ന വാർത്തകൾ നമ്മൾ ശ്രദ്ധിച്ചിട്ടില്ലേ.

മൃഗങ്ങളുടെ സംഗീതാസ്വാദന തലങ്ങളിലേക്കു വെളിച്ചം വീശി അതിലേ ശാസ്ത്രീയതകൾ അനാവരണം ചെയ്യാൻ ഒട്ടേറെ ഗവേഷണങ്ങൾ കഴിഞ്ഞകാലങ്ങളിൽ നടത്തപ്പെട്ടിട്ടുണ്ട്. സംഗീതം കേൾപ്പിച്ച് പശുക്കളുടെ പാലളവിൽ വർധനയ്ക്കും, കോഴികളിൽ വളർച്ചാതോതിലും മുട്ടയുൽപ്പാദനത്തിലും വർധനയ്ക്കും, മീൻ കുഞ്ഞുങ്ങളുടെ വളർച്ചാ വർധനയ്ക്കും നടത്തപ്പെട്ടിട്ടുള്ള ഒട്ടേറെ ശ്രമങ്ങൾ ഈ കൂട്ടത്തിലുണ്ട്.

ശുദ്ധ സംഗീതം മനുഷ്യർക്കെന്ന പോലേ മൃഗങ്ങൾക്കും സമ്മർദ്ദങ്ങളെ അതിജീവിക്കാനുതകുന്നതാണെന്നും, ഹൃദയമിടിപ്പും  രക്തസമ്മർദ്ദവും ക്രമീകരിക്കാൻ അതിന് സാധിക്കുമെന്നുമുള്ള സൂചനകൾ പല ഗവേഷണങ്ങളിൽനിന്നും ഇന്ന്  ലഭിച്ചിട്ടുണ്ട്. മനുഷ്യർക്ക് ആസ്വാദ്യമായ എല്ലാ സംഗീതമുറകളും മൃഗങ്ങൾക്ക് ഒരേ പോലേ ആസ്വാദ്യമല്ലെന്നു സൂചിപ്പിക്കുന്ന ഗവേഷണങ്ങളും ഈ കൂട്ടത്തിലുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രീയ സംഗീതമുറകളാണ് പശുക്കൾക്കും കോഴികൾക്കും മീനുകൾക്കും പാശ്ചാത്യ സംഗീതമുറകളേക്കാൾ  മികച്ചതെന്ന് തെളിയിക്കുന്ന ഗവേഷണങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാം. 

ബാഹ്യ സംഗീത താളത്തിൽ ലയിക്കാനുളള മനുഷ്യന്റെ സഹജമായ കഴിവുകൾ ആഫ്രിക്കൻ ഗ്രേ തത്തകൾക്കും ചില മൈനകൾക്കും ലഭിച്ചിട്ടുണ്ടെന്ന് ചില പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സ്വരങ്ങളുടെ ആരോഹണവും അവരോഹണവും സ്വരങ്ങളുടെ ലയനവും താളക്രമീകരണങ്ങളും, ശബ്ദത്തിന്റെ തീവ്രതയിലുളള വാതിയാനങ്ങളും  മനസ്സിലാക്കാൻ ഇത്തരം പക്ഷികൾക്ക് സാധിക്കുന്നതായി ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

മൃഗക്ഷേമത്തിനു മുൻതൂക്കം നൽകിയുള്ള പരിപാലന രീതികളിൽ ചുറ്റുപാടുമുള്ള നിരന്തര ശബ്ദ കോലാഹലങ്ങളുടെ സമ്മർദ്ദത്തിൽനിന്നു രക്ഷ നൽകാൻ സംഗീതത്തെ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. എലികളിൽ നടത്തപ്പെട്ട പരീക്ഷണങ്ങളിൽ തലച്ചോറിന്റെയും നാഡിവ്യൂഹത്തിന്റെയും വളർച്ചയെ സ്വാധീനിക്കാൻ സംഗീതത്തിന് കഴിയുമെന്നാണ് അറിയാൻ സാധിക്കുന്നത്. സംഗീതം എലികളിൽ രോഗപ്രതിരോധശക്തി നൽകുന്ന രക്തത്തിലെ ടി കണങ്ങൾ വർധിപ്പിക്കുമെന്നും രക്തത്തിലെ സമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോണുകളായ കോർട്ടിസോളിന്റെയും അഡ്രിനാലിന്റെയും പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന എ.സി.ടി. എച്ചിന്റെയും ഉൽപ്പാദനം ക്രമീകരിച്ച് സമ്മർദ്ദങ്ങളെ നേരിടാൻ ഒരുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

എന്നാൽ വാനരവംശത്തിലുള്ള ബബൂണുകളിലും ആഫ്രിക്കൻ പച്ചക്കുരങ്ങുകളിലും ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസന നിരക്ക് എന്നിവയുടെ ക്രമീകരണത്തിന് സംഗീതം ഒരു പങ്കും നിർവഹിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. മുട്ടക്കോഴികളിൽ നടത്തിയ പരീക്ഷണങ്ങൾ, സംഗീതം ഉൽപാദനസമ്മർദ്ദം കുറക്കാൻ സഹായകമാണെന്ന വിലയിരുത്തലുകളിലേക്കാണ് എത്തിച്ചേർന്നത്. ഉച്ച കഴിഞ്ഞുള്ള കറവയ്ക്ക് മുൻപായും കറവവേളയിലും ശാസ്ത്രീയ സംഗീതം കേൾപ്പിച്ച ദേവനി പശുക്കളിൽ വൈകുന്നേരത്തേ പാലുൽപ്പാദനം 12.5 ശതമാനത്തോളം കൂടിയതായി മോരേഗാവൻക്കറും കൂട്ടാളികളും നടത്തിയ ഗവേഷണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസവും ഇടവിട്ട് ശാസ്ത്രീയ സംഗീതം കേൾപ്പിച്ച ഇറച്ചിക്കോഴികൾ കൂടുതൽ തീറ്റയെടുത്തതായും കൂടുതൽ ഭാരം വെച്ചതായും ഗ്യാരഹായും കൂട്ടരും കണ്ടെത്തിയിട്ടുണ്ട്. സമ്മർദ്ദം നിയന്ത്രിക്കാൻ സംഗീതത്തിന് സാധിക്കുമെങ്കിലും, എപ്പോൾ സംഗീതം വേണമെന്ന നിയന്ത്രണം മൃഗങ്ങൾക്ക് തന്നെ നൽകുകയെങ്കിൽ അതാണ് കൂടുതൽ ഫലവത്താവുന്നതെന്ന് കണ്ടെത്തിയത് ഹാൻസണും കൂട്ടരുമാണ്. സദാ നേരവും സംഗീതം കേൾപ്പിച്ചിരുന്ന റീസസ് കുരങ്ങുകളേക്കാൾ മികച്ച സമ്മർദ്ദ നിയന്ത്രണം സംഗീതം എപ്പോൾ വേണം, എപ്പോ വേണ്ടയെന്ന തീരുമാനം എടുക്കാൻ റീസസ് കുരങ്ങുകളെ സ്വിച്ച് ഓൺ–ഓഫ്  ഉപയോഗം പരിശീലിപ്പിച്ച്  പ്രാപ്തരാക്കിയപ്പോളാണെന്ന് അവർ കണ്ടെത്തുകയുണ്ടായി. രക്തത്തിലെ കോർട്ടിസോൾ അളവ് ആസ്പദമാക്കിയായിരുന്നു അവരുടെ ഈ കണ്ടെത്തലുകൾ.  

മൃഗങ്ങൾക്കും സംഗീതം ആസ്വദിക്കാൻ സാധിക്കുമെന്ന ബോധ്യം ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സംഗീതം, മനുഷ്യരിൽ ഉണ്ടാക്കുന്ന ആസ്വാദന തലങ്ങൾക്ക് സമമാണോ മൃഗങ്ങളിലുമെന്നത് ശാസ്ത്ര ലോകത്തിന് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

English summary: The Effects of Music on Dairy Production

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS