ADVERTISEMENT

സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ വഴി ഈ വർഷം 23.44 കോടി രൂപ പാൽ ഇൻസന്റീവ് നൽകിയെന്നും വരും വർഷങ്ങളിൽ നാല് രൂപയിൽ നിന്നും തുക കൂട്ടുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഒന്നേമുക്കാൽ ലക്ഷം വരെ ഒറ്റയടിക്ക് കിട്ടിയ കർഷകരുണ്ടെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കും സംരംഭകർക്കും പ്രോത്സാഹനവും ആവേശവുമേകി 2021 വർഷത്തെ കർഷക അവാ‍ർഡുകൾ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച കർഷകർ അവാർഡുകൾ ഏറ്റു വാങ്ങി.

വർഷങ്ങളായി മൃഗസംരക്ഷണ മേഖലയിൽ നിലയുറപ്പിച്ച്  ജീവിതമാർഗം കണ്ടെത്തിയവർ മാത്രമല്ല  മറ്റുള്ളവർക്ക് മാർഗ്ഗദർശികളുമായിത്തീർന്ന, മികച്ച പ്രവത്തനം കാഴ്ചവച്ച അഞ്ചു കർഷകരെയാണ് പുരസ്കാരം നൽകി ആദരിച്ചത്. ഇടുക്കി ഉടുമ്പന്നൂർ സ്വദേശിയായ കെ.ബി.ഷൈൻ ആണ് മികച്ച ക്ഷീരകർഷകനുള്ള ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും ഏറ്റുവാങ്ങിയത്. വാണിജ്യാടിസ്ഥാനത്തിലെ മികച്ച  ക്ഷീരകർഷകനുള്ള അവാർഡ് നേടിയ  തൃശൂർ മേലൂർ സ്വദേശിയും നവ്യ ഫാംസ് ഉടമയുമായ  ജിജി ബിജുവിനെ പ്രതിനിധീകരിച്ച് മകൻ ജോസഫ് ബി. ചക്ക്യത്താണ്  ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും ഏറ്റുവാങ്ങിയത്. കോട്ടയം മുട്ടുചിറ സ്വദേശിയായ വിധു രാജീവ് മികച്ച സമ്മിശ്ര കർഷക വിഭാഗത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും ഏറ്റുവാങ്ങി.

മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം പാറത്തോട് സ്വദേശിനി റിനി നിഷാദ്  50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും ഏറ്റുവാങ്ങി. മികച്ച യുവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മാത്തുക്കുട്ടി ടോമിന് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു. 

എംഎൽഎ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മൃഗസംരക്ഷണ വകുപ്പ്  ഡയറക്ടർ ഡോ. എ.കൗശിഗൻ, കെസിഎംഎംഎഫ്  മാനേജിംഗ് ഡയറക്ടർ ആസിഫ് കെ യൂസഫ്,  പ്ലാനിങ് ബോർഡ് അഗ്രി.ചീഫ് എസ്.എസ്.നാഗേഷ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. കെ.സിന്ധു, ഡി.കെ.വിനുജി, കെഎൽഡിബി മാനേജിങ് ഡയറക്ടർ ഡോ. ആർ.രാജീവ്,  കെഎസ്പിഡിസി  മാനേജിങ് ഡയറക്ടർ ഡോ. പി.സെൽവകുമാർ, ക്ഷീര വികസന വകുപ്പ് ജോയിന്റ്  ഡയറക്ടർ സി.സുജയ്കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി.എം.ബീന ബീവി, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. റെനി ജോസഫ്  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

English summary: Milk incentive Rs 23.44 crore distributed: Minister J. Chinchurani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com