ഏതാനും ദിവസങ്ങളായി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ക്ഷീരകർഷകർ അത്യധികം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പശുക്കൾക്ക് പെട്ടെന്നുണ്ടായ വയറിളക്കവും ക്ഷീണവും തീറ്റമടുപ്പും കർഷകരുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നവിധത്തിലാണുണ്ടായത്. കാലിത്തീറ്റയിൽനിന്നുണ്ടായ പ്രശ്നമാണിതെന്ന് കർഷകർ ഉറപ്പിച്ചു പറയുമ്പോഴും എന്താണ് യഥാർഥ കാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വയറിളക്കവും ക്ഷീണവും ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാർ കർഷകർക്കൊപ്പം നിന്ന് ചികിത്സ ലഭ്യമാക്കിയതുകൊണ്ടുതന്നെ പശുക്കളെ മരണത്തിലേക്കു തള്ളിവിടാതെ ജീവൻ രക്ഷിക്കാനായി. പശുക്കൾ ആരോഗ്യം വീണ്ടെടുത്തുവരുന്നുണ്ടെങ്കിലും ഉൽപാദനനഷ്ടവും മരുന്നുകളുടെ ചെലവും ഓരോ കർഷകനുമുണ്ടാക്കിയ ബുദ്ധിമുട്ട് ചെറുതല്ല. മൃഗസംരക്ഷണ വകുപ്പിന്റെ സമയോജിത ഇടപെടൽ മൂലം തന്റെ പശുക്കളെല്ലാം ജീവിതത്തിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് കോട്ടയം നെടുങ്കുന്നത്തെ ക്ഷീരകർഷകനായ വിനീത് എസ്. പിള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് അയച്ച കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ...
നെടുംകുന്നം മൈലാടിയിലെ ഒരു ക്ഷീരകർഷകന്റെ ഹൃദയത്തിൽ നിന്നുള്ള കുറിപ്പ്
കഴിഞ്ഞ കോവിഡ് ലോക്‌ഡൗൺ സമയത്താണ് ഞാൻ ചെറിയ രീതിയിൽ 5 പശുക്കളുമായി നെടുംകുന്നം മൈലാടിയിൽ ഒരു ഡെയറി ഫാം തുടങ്ങിയത്. നിലവിൽ ഇപ്പോൾ ഫാം വിപുലീകരിച്ച് 32 കറവപ്പശുക്കളും 30 കിടാരികളും ഉൾപ്പെടെ 60ൽപ്പരം ഉരുക്കൾ എന്റെ ഫാമിലുണ്ട്. ഫാം തുടങ്ങിയ അന്നു മുതൽ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ അകമഴിഞ്ഞ സേവനം എന്നും എനിക്ക് താങ്ങായിട്ടുണ്ട്. എന്നാലും കഴിഞ്ഞ ദിവസമുണ്ടായ ഒരു സംഭവം എനിക്ക് അധികൃതരോട് പറയാൻ പറ്റാതെ വിസ്മൃതിയിൽ മറഞ്ഞു പോകാൻ പാടില്ലാത്തതിനാൽ ഞാൻ എന്റെ ഹൃദയത്തിൽ നിന്നുള്ള കുറിപ്പ് ഇവിടെ രേഖപ്പെടുത്തട്ടെ.
കഴിഞ്ഞ 29–ാം തീയതി ഞായറാഴ്ച രാവിലെ എന്റെ ഫാമിലെ പശുക്കൾക്ക് തീറ്റ കൊടുക്കാനായി നാലു ചാക്ക് കാലിത്തീറ്റ പൊട്ടിക്കുകയും രാവിലെ അത് കറവപ്പശുക്കൾക്ക് കൊടുക്കുകയും ചെയ്തിരുന്നു. 3 മണിക്കൂറിനുശേഷം പശുക്കൾക്ക് ചെറിയ തോതിൽ വയറിളക്കം തുടങ്ങുകയും അതിനുള്ള ചെറിയ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കൊടുക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരം വീണ്ടും കാലിത്തീറ്റ കൊടുത്തപ്പോൾ 14 കറവപ്പശുക്കൾ നല്ല വിഷമതകൾ കാണിക്കുകയും നിർത്താതെ വയറിളക്കം വരികയും ചെയ്തു. രാത്രി 7 ആയതിനാൽ അപ്പോൾ തന്നെ രാത്രികാല സർവീസിലെ സൂര്യ ഡോക്ടറെ (ഡോ. സൂര്യ സുരേന്ദ്രൻ) വിവരം അറിയിച്ചു. ഒട്ടും താമസിക്കാതെ അര മണിക്കൂറിനുള്ളിൽ ഡോക്ടർ ഫാമിലെത്തുകയും പശുക്കളെ പരിശോധിക്കുകയും 14 എണ്ണത്തിനെയും രാത്രി തന്നെ ഡ്രിപ്പ് ഇടുകയും ചെയ്തു. ഡോക്ടർ പോയപ്പോൾ സമയം രാത്രി 2.30 ആയിരുന്നു. പിറ്റേന്ന് രാവിലെ ബാക്കിയുള്ള കറവപ്പശുക്കളും ക്ഷീണം കാണിക്കുകയും വയറ് കമ്പിക്കുകയും വയറിളക്കം തുടങ്ങുകയും ചെയ്തു. രാവിലെ ഏഴു മണിയോടു കൂടി പിന്നെയും സൂര്യ ഡോക്ടറെ വിളിച്ചപ്പോൾ പെട്ടന്ന് തന്നെ എത്തുകയും അസുഖം തോന്നിയ 25 പശുക്കളെ പരിശോധിക്കുകയും ചെയ്തു. 9 മണിയോടു കൂടി നെടുംകുന്നത്തെ ഡോക്ടറെ വിവരം അറിയിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം 25 പശുക്കൾക്കും ഡ്രിപ്പ് ഇടുകയും തുടർ ചികിത്സ നൽകുകയും ചെയ്തു.
കാലിത്തീറ്റയിലുള്ള പ്രശ്നമാണെന്നു തോന്നിയ ഡോക്ടർ അപ്പോൾ തന്നെ സീനിയർ ഡോക്ടർമാരെ വിളിച്ച് അഭിപ്രായം തേടുകയും ചെയ്തു കൊണ്ടിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ ഡോക്ടറുടെ ജോലി തീർന്നത് വൈകുന്നേരം ആറരയോടു കൂടിയാണ്. വയറിളക്കം ബാധിച്ച 25 പശുക്കളെ നോക്കുമ്പോൾ സ്വന്തം ദേഹത്ത് തെറിച്ചു കൊണ്ടിരുന്ന ചാണകം പോലും ഡോക്ടർ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. ഇതിനിടയ്ക്ക് ഭക്ഷണത്തിന്റെ കാര്യം സംസാരിക്കുമ്പോഴെല്ലാം ഇത് കഴിയട്ടെ എന്നു പറഞ്ഞ് ഒരു കപ്പ് ചായ മാത്രമായിരുന്നു ഡോക്ടറുടെ ഭക്ഷണം. അടുത്ത 2 ദിവസവും പതിവുപോലെ തന്നെ ഡോക്ടർ എത്തുകയും ഈ പശുക്കൾക്കെല്ലാം ചികിത്സ തുടരുകയും ചെയ്തു. ഈ സമയോചിതമായ ഇടപെടലുകൾ കൊണ്ടു മാത്രമാണ് എന്റെ ഇത്രയും പശുക്കൾ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നത് എന്നെനിക്ക് പൂർണ വിശ്വാസമുണ്ട്. ഓരോ ദിവസവും ഭക്ഷണം പോലും കഴിക്കാതെ 10 മണിക്കൂറോളം എന്റെ ഫാമിലെ പശുക്കളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പ്രയത്നിച്ച സൂര്യ ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഡോക്ടർ നൽകിയ സേവനം വാക്കുകൾക്ക് അതീതമാണ്. രാത്രിയിൽ ഡോക്ടറുടെ സേവനം നൽകുന്ന മൃഗസംരക്ഷണ വകുപ്പ് അധികൃതർക്കും പ്രത്യേകം നന്ദി അർപ്പിക്കുന്നു. ഡോ. സൂര്യയെപ്പോലെയുള്ളവർ ഇതുപോലെയുള്ള അടിയന്തര സാഹചര്യത്തിൽ എന്നെപ്പോലെയുള്ള ക്ഷീരകർഷകർക്ക് വളരെ വലിയ ആശ്വാസമാണ്. ഈ സേവനം വില മതിക്കാനാവാത്തതാണ്.
വിശ്വസ്തതയോടെ,
വിനീത് എസ്. പിള്ള, മുല്ലശ്ശേരിൽ ഹൗസ്, വൃന്ദാവൻ ഡെയറി ഫാം, നെടുംകുന്നും പി. ഒ., മൈലാടി
ഫോൺ: 9947521541
English summary: A note from the heart of a dairy farmer