ADVERTISEMENT

കന്നുകാലികളുടെ വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്ന പദ്ധതി ഏപ്രിൽ മുതൽ, സങ്കരയിനം പശുക്കളില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കരുത്, കേരളത്തിനു നൽകിയതുപോലെ ആധുനിക വെറ്ററിനറി വാഹനങ്ങൾ രാജ്യവ്യാപകമാക്കും, പാലുൽപാദനം വർധിപ്പിക്കാൻ വിദേശയിനത്തിന്റെ ജനിതകഘടകം കൂടുതലായി ഉപയോഗിക്കുന്നത് അപകടരം...  സംസ്ഥാന ക്ഷീരസംഗമം പടവ് 2023നോട് അനുബന്ധിച്ച് മിൽമ നടത്തിയ ‘ഇന്ത്യന്‍ ക്ഷീരമേഖല – വിഷൻ 2030’ എന്ന ദേശീയ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങൾ ഇവയാണ്. 

കുഞ്ഞുങ്ങള്‍ക്ക് പോലും പോഷകാഹാരത്തിനു പാലില്ലാതിരുന്ന രാജ്യം കേവലം അഞ്ചു പതിറ്റാണ്ടുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ക്ഷീരോൽപാദകരായതിന്റെ കഥ ഏവരെയും പ്രചോദിപ്പിക്കും.‌ രാജ്യത്തെ കോടിക്കണക്കിനു വരുന്ന ക്ഷീരകര്‍ഷകരുടെയും നിസ്വാർഥരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കഴിവുറ്റ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ശ്രമഫലമായാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ഇതിന്റെയര്‍ഥം എല്ലാം നേടിക്കഴിഞ്ഞെന്നാണോ, അല്ല. ക്ഷീരോൽപാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനമെന്നത് ബഹുമതിയോടൊപ്പം വലിയ ഉത്തരവാദിത്തം കൂടിയാണ്. പാല്‍ സംസ്കരണം, മികച്ച വിതരണരീതികള്‍ എന്നിവയിലൂടെ ആഗോളതലത്തിലുള്ള ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും രാജ്യത്തിന്റെ ക്ഷീരമേഖയ്ക്ക് കഴിയും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ ക്ഷീരമേഖല 5.5 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായി കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സെക്രട്ടറി ആര്‍.കെ.സിങ് പറഞ്ഞു. സമീപഭാവിയില്‍ തന്നെ ഇത് 7.5 ശതമാനമായി മാറുമെന്നാണ് പ്രതീക്ഷ. കോടിക്കണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് സുസ്ഥിരമായ വരുമാനം നല്‍കുന്നത് വഴി രാജ്യത്തിന്റെ ആളോഹരി വരുമാനത്തില്‍ വലിയ പങ്കാണ് ക്ഷീരമേഖല വഹിക്കുന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിന് കൂടുതല്‍ ശ്രദ്ധാപൂര്‍വമായ ഇടപെടല്‍ ഈ മേഖലയില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മൂല്യവര്‍ധിത ക്ഷീരോൽപന്നങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യം, ഉൽപാദനം കൂട്ടുന്നതിനുള്ള ശാസ്ത്രീയ ഗവേഷണങ്ങള്‍, ഗുണമേന്മയുള്ള മിതമായ നിരക്കിലുള്ള കാലിത്തീറ്റ, സഹകരണ പ്രസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ക്ഷീരകര്‍ഷകരെ എത്തിക്കുക, സംരംഭകത്വം വര്‍ധിപ്പിച്ച് കയറ്റുമതി സാധ്യതകള്‍ ആരായുക എന്നിവയാകണം അടിയന്തര പരിഗണന നല്‍കേണ്ട വിഷയങ്ങൾ. രാജ്യത്തെ കന്നുകാലികളുടെ വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കുന്നതിനുള്ള നാഷണല്‍ ഡിജിറ്റലൈസേഷന്‍ ലൈവ്സ്റ്റോക് മിഷന്‍ പദ്ധതി ഏപ്രില്‍ മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കും. കര്‍ഷകരുടെ വരുമാന വര്‍ധനയ്ക്കും രോഗ സംക്രമണം തടയുന്നതിനും വിപണനത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഗുണം ലഭ്യമാക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ലൈവ്സ്റ്റോക് പദ്ധതി ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡിൽ നടപ്പാക്കിയ ഈ പദ്ധതി ഏപ്രിലില്‍  രാജ്യത്താകമാനം നടപ്പാക്കും. ഇതോടെ ലോകത്തില്‍ ഇത്തരം ബൃഹത്തായ വിവരശേഖരണം നടത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യമാറും. മൃഗസംരക്ഷണത്തില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ഉത്തരാഖണ്ഡ്, ഹരിയാന, കേരളം എന്നീ സംസ്ഥാനങ്ങളാണ്. പാലുല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറുകയാണ്. എന്നാല്‍ രാജ്യത്തുല്‍പാദിപ്പിക്കുന്ന പാലിന്റെ 25 ശതമാനം മാത്രമേ സംസ്കരിക്കുന്നുള്ളൂ. ഇതിന് മാറ്റം വരുത്താന്‍ ശീതീകരണ ശൃംഖല വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധ മരുന്നുകള്‍ക്കും കൃത്രിമ ബീജസങ്കലനത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കണം. കേരളത്തിലേക്ക് ഐവിഎഫ് പ്രജനന സംവിധാനമുള്ള മൊബൈല്‍ വാഹനം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ 4000 വെറ്റിനറി വാഹനങ്ങളും രാജ്യത്താകമാനം നല്‍കുമെന്നും സെക്രട്ടറി പറഞ്ഞു.

ശാസ്ത്രീയമായ തീറ്റ രീതികള്‍ കര്‍ഷകര്‍ അവലംബിക്കണമെന്ന് ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മിനേഷ് സി ഷാ പറഞ്ഞു. കയറ്റുമതി സാധ്യതകളുള്ള പാലുല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കണം. പാരിസ്ഥിതിക സുസ്ഥിരമായ കാര്‍ഷിക ശീലങ്ങള്‍ വികസിപ്പിച്ചെടുക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം. സങ്കരയിനം പശുക്കളില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കരുതെന്ന് അദ്ദേഹം കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാലുല്‍പാദനം കൂട്ടുന്നതിനു വേണ്ടി ബീജസങ്കലനത്തില്‍ വിദേശയിനത്തിന്റെ ജനിതകഘടകം കൂടുതലായി ഉപയോഗിക്കുന്നത് അപകടരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം ധവളവിപ്ലവത്തിന് സമയമായെന്ന് അമുലിന്റെ മുന്‍ എംഡി ഡോ. ആര്‍.എസ്.സോധി അഭിപ്രായപ്പെട്ടു. ക്ഷീരമേഖലയിലെ എല്ലാ പങ്കാളികളും ഒന്നിച്ചു നിന്നതിന്റെ ഫലമാണ് ധവളവിപ്ലവതത്തിന്റെ വിജയം. ത്രിഭുവന്‍ദാസ് പട്ടേലിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളും ഡോ. വര്‍ഗീസ് കുര്യനെപ്പോലുള്ള ക്രാന്തദര്‍ശികളുമായിരുന്നു ഒന്നാം ധവളവിപ്ലവത്തിന്റെ ചാലകശക്തി. വിതരണശൃംഖലയാണ് രാജ്യത്തെ ക്ഷീരമേഖലയുടെ പ്രധാന ശക്തിസ്രോതസ്സ്. കാലിത്തീറ്റയാണ് കേരളത്തിലെ ക്ഷീരമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാലിന്റെ ഉപഭോഗം കൂട്ടാനുള്ള പ്രചാരണം കേരളത്തില്‍ കാര്യമായി നടത്തേണ്ടതുണ്ട്. കേരളത്തിലെ പാല്‍ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ ഏറെ കുറവാണ്. 2047 ആകുമ്പോഴേക്കും രാജ്യത്തെ ദൈനംദിന പാലുല്‍പാദനം 620 ദശലക്ഷം ടണ്ണാകും. എന്നാല്‍ 800 ഗ്രാം വച്ച് ദിനം തോറും ജനങ്ങള്‍ ഉപയോഗിച്ചാലും 110 ദശലക്ഷം ടണ്‍ പാല്‍ ബാക്കിയാകും. ഇത് കയറ്റുമതി ചെയ്താല്‍ മാത്രമേ ക്ഷീരമേഖല ലാഭകരമാകുകയുള്ളൂ. സംഭരണ-വിതരണ ശൃംഖലയാണ് രാജ്യത്തെ ക്ഷീരവ്യവസായത്തിന്റെ ശക്തി. ഇത് വര്‍ധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യത്തില്‍ വന്‍തോതിലുള്ള നിക്ഷേപം നടത്തണമെന്നും ആര്‍.എസ്. സോധി പറഞ്ഞു. ക്ഷീരമേഖലയില്‍ സബ്സിഡികളുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡി ആത്യന്തികമായി ഉപഭോക്താവിനാണ് ഗുണകരമാകുന്നത്. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നത് പാലും പാലുല്‍പ്പന്നങ്ങളുടെയും വില്‍പനയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന വിപണന രീതികളും ഡാറ്റയും ഇന്ത്യയില്‍ അടിസ്ഥാനമാക്കുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. രാകേഷ് മോഹന്‍ ജോഷി ചൂണ്ടിക്കാട്ടി. പാലും പാലുല്‍പ്പന്നങ്ങളും ദോഷകരമാണെന്ന പ്രചാരണം വ്യാപകമാണ്. 130 കോടി ജനങ്ങളുള്ള വിപണിയാണ് നമ്മുടെ രാജ്യമെന്നും അതിനനുസരിച്ച വിപണന രീതികളുമാണ് അവലംബിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂതനത്വവും സാങ്കേതികവിദ്യയുമാണ് കേരളത്തിലെ ക്ഷീരമേഖലയുടെ ഭാവിക്കുള്ള ഏറ്റവും വലിയ നിക്ഷേപമെന്ന് സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് പറഞ്ഞു. പൂര്‍ണമായ ക്ഷീരോൽപാദനം, സാര്‍വത്രിക ഇന്‍ഷുറന്‍സ്, രോഗപ്രതിരോധം-നീരീക്ഷണം, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സമയബന്ധിതമായ ആധുനികവൽകരണം എന്നിവയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷീരമേഖലയുടെ ഉന്നമനത്തിനായി ലക്ഷ്യം വയ്ക്കുന്നത്. ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളെയും പങ്കാളികളെയും ഒരു പൊതുസംവിധാനത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. വര്‍ഗീസ് കുര്യന്‍ എന്നും മലയാളികള്‍ക്ക് അഭിമാനമാണെന്ന് കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി ചൂണ്ടിക്കാട്ടി. അദ്ദേഹം കാട്ടിയ വഴിയിലൂടെ നടന്ന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് മില്‍മയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായ സെമിനാറിൽ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ.കൗശിഗന്‍,  കേരള വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ്, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, തിരുവനന്തപുരം യൂണിയന്‍ ഭരണസമിതി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍, മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കേന്ദ്ര ക്ഷീരവികസന വകുപ്പ് അസി. കമ്മീഷണര്‍ അജിത് കുമാര്‍ കെ, ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എസ്.എന്‍. രാജകുമാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com