ലക്ഷ്യം അഞ്ചു കോടിയുടെ അലങ്കാരമത്സ്യ വിപണനം; സ്റ്റാർട്ടപ്പുകൾക്ക് അവസരം; കാവിൽ ബയർ–സെല്ലർ സംഗമം വൻ വിജയം

ornamental-fish-discus
ഡിസ്കസ് മത്സ്യങ്ങൾ
SHARE

കോവിഡ് വരുത്തിവച്ച കനത്ത ആഘാതത്തിൽനിന്ന് കരകയറാൻ പദ്ധതികൾ ആവിഷ്കരിച്ച് കേരള അക്വാവെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ). അലങ്കാരമത്സ്യമേഖലയിൽ അഞ്ഞൂറിലേറെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച പദ്ധതികളിലൂടെ ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവിൽ നടത്തിയ കർമപരിപാടികൾ നൂറു കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമായതായി അധികൃതർ അറിയിച്ചു. 

ornamental-fish-kavil
സെല്ലർ–ബയർ സംഗമത്തിൽനിന്ന്

വിപണി കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന കർഷകർക്ക് പരിഹാരമായി നടപ്പിലാക്കിയ ബയർ-സെല്ലർ മീറ്റാണ് അലങ്കാരമത്സ്യ സംരംഭകരുടെ തലവര മാറ്റിയത്. ഇതിലൂടെ, രാജ്യത്തെവിടെയുമുള്ള അലങ്കാരമത്സ്യ വ്യാപാരികളെ കർഷകരിലേക്ക് അടുപ്പിക്കാനായി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 72 ലക്ഷത്തോളം രൂപയുടെ മീൻവിൽപന ഇതുവഴി നടന്നു. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9 മുതൽ 12 വരെയാണ് ബയർ സെല്ലർ മീറ്റ് നടക്കുക. ഓരോ സംഗമത്തിലും ഏകദേശം രണ്ടു ലക്ഷം രൂപയുടെ വർണമീനുകൾ വിൽപന നടത്താൻ കർഷകർക്ക് സാധിക്കുന്നുണ്ടെന്ന് കാവിൽ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറീസ് എറണാകുളം മേഖല ജോയിന്റ് ഡയറക്ടർ എം.എസ്.സാജു പറഞ്ഞു. 

ലക്ഷ്യം അഞ്ച് കോടിയുടെ വിൽപന

ഓരോ മാസവും അലങ്കാരമത്സ്യങ്ങളുടെ വിൽപനയിൽ വർധന ഉണ്ടാകുന്നുണ്ട്. 2025 ആകുമ്പോഴേക്ക് പ്രതിവർഷം അഞ്ചു കോടി രൂപയുടെ വിൽപനയാണ് കാവിൽ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് സൗകര്യംകൂടി ഉൾപെടുത്തി നവീകരിച്ച വെബ്സൈറ്റ് (www.kavil.in) നിലവിൽ വന്നതോടെ മത്സ്യവിപണനം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

ornamental-fish-severum

കാവിൽ നൽകിയ പരിശീലനത്തിലൂടെയാണ് അലങ്കാരമത്സ്യമേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ നിലവിൽ വന്നത്. ഇടനിലക്കാരെ ഒഴിവാക്കി മീനുകൾക്ക് ഉയർന്ന വില ലഭ്യമാക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ അലങ്കാരമത്സ്യകൃഷിയിലേക്ക് തിരിയുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മത്സ്യങ്ങളേക്കാൾ ഗുണമേന്മയും ആരോഗ്യവുമുണ്ടെന്നതാണ് കേരളത്തിലെ വർണമത്സ്യങ്ങൾക്കുള്ള സ്വീകാര്യത. കാവിലിന്റെ മാർക്കറ്റിങ് കൺസൽട്ടന്റും കുസാറ്റ് സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മിനി ശേഖരന്റെ പിന്തുണയോടെ മത്സ്യ‌ മൊത്തകച്ചവടക്കാരെയും ഇറക്കുമതിക്കാരെയും ആകർഷിക്കുന്നതിനുള്ള നടപടികളാണ് കാവിൽ ഇപ്പോൾ സ്വീകരിച്ചുവരുന്നത്.  ഇതിലൂടെ, കാവിലിനെ രാജ്യത്തെ അലങ്കാരമത്സ്യ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. അലങ്കാരമത്സ്യമേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ നോഡൽ ഏജൻസിയായ കാവിൽ ഫിഷറീസ് വകുപ്പിന് കീഴിൽ 2007ലാണ് സ്ഥാപിതമായത്.

എല്ലാതരം ഉപയോക്താക്കളുടെയും താൽപര്യങ്ങൾക്കനുസരിച്ച് വൻതോതിൽ ഗുണമേന്മയുള്ള മീനുകളുടെ ഉൽപാദനം നടത്താനുള്ള പരിശീലനം കർഷകർക്ക് നൽകിവരുന്നുണ്ട്. വ്യാപാരികളെയും കർഷകരെയും ഒരു കുടക്കീഴിൽ അണിനിരത്താനാണ് കാവിൽ ശ്രമിച്ചതെന്ന് ഡോ. മിനി ശേഖരൻ പറഞ്ഞു. കോയ് കാർപ്, ഓസ്‌കാർ, എയ്ഞ്ചൽ, സിക്ലിഡ്, ടെട്ര തുടങ്ങിയ വർണമത്സ്യങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.

ornamental-fish-angel

ഉന്നതതല പരിശീലനം

ആഭ്യന്തരവിപണിക്കൊപ്പം കയറ്റുമതി കൂടി ലക്ഷ്യമിട്ട് കൂടുതൽ മീനുകളുടെ പ്രജനനസാങ്കേതികവിദ്യയും ഈ രംഗത്തെ ഏറ്റവും പുതിയ രീതികളും കർഷകരെ പരിചയപ്പെടുത്തുന്നതിനായി ഈ മാസം 24നും 25നും ഉന്നതതല പരിശീലനപരിപാടി സംഘടിപ്പിക്കുന്നുണ്ട്. അലങ്കാരമത്സ്യരംഗത്ത് ആഗോളതലത്തിൽ വിദഗ്ധരായ ശ്രീലങ്കയിലെ കപില ടിസേര, മുംബൈയിലെ ശ്രീറാം ഹത്വൽനെ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. 

ഫോൺ: 8304906412, 9745442656

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS