ADVERTISEMENT

തീരപ്രദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളിൽ മികച്ച വരുമാനമുണ്ടാക്കുന്നത് കേരളത്തിലെ മത്സ്യക്കർഷകരാണെന്ന് പഠനം. സംസ്ഥാനത്തെ ഇത്തരത്തിലുള്ള 40 ശതമാനത്തോളം സംരംഭങ്ങൾ ഒരു യൂണിറ്റിൽനിന്ന് രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ വരുമാനം നേടുന്നുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം പറയുന്നു. എന്നാൽ, കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ഉയർന്ന വരുമാനം നേടുന്നത് ആന്ധ്രപ്രദേശിലെ കർഷകരാണ്. ഓരോ വർഷവും ചുഴലിക്കാറ്റും മറ്റു പ്രതികൂല കാലാവസ്ഥയും കാരണം മത്സ്യബന്ധന ദിനങ്ങൾ കുറയുമ്പോൾ കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി തുടങ്ങിയ മാരികൾച്ചർ സംരംഭങ്ങൾ അധികവരുമാനത്തിനുള്ള മികച്ച അവസരമാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്. 

ഒരു കൂടുകൃഷി യൂണിറ്റിൽനിന്ന് മാത്രം എട്ടു മാസംവരെ നീണ്ടുനിൽക്കുന്ന ഒരു സീസണിൽ 3 ലക്ഷം രൂപവരെ തീരദേശവാസികൾക്ക് അധികവരുമാനം നേടാം. മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന രീതിയായ ഇംറ്റയുടെ ഒരു യൂണിറ്റിൽ നിന്നും ഇതിൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്നും പഠനം വ്യക്തമാക്കുന്നു. 

കേരളത്തിലെ മൂന്ന് ജില്ലകളിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ ആറു തീരദേശ സംസ്ഥാനങ്ങളിലെ 159 മാരികൾച്ചർ സംരംഭങ്ങളുടെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ഘടകങ്ങൾ പരിശോധിച്ചുനടത്തിയ പഠനമാണിത്. സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. ഷിനോജ് പാറപ്പുറത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ഫ്രണ്ടിയർ ഇൻ സസ്റ്റെയ്‌നബിൾ ഫുഡ് സിസ്റ്റം എന്ന അന്തർദേശീയ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

sea-cmfri-1
തീരപ്രദേശ ജലാശയ കൂടുമത്സ്യകൃഷി യൂണിറ്റുകൾ- തുരുത്തിപ്പുറം കായലിൽ നിന്നുള്ള ദൃശ്യം (ഇടത്ത്). കടലിലെ കൂടുമത്സ്യകൃഷി (വലത്ത്).

തൊഴിലവസരം

മാരികൾച്ചർ സംരഭങ്ങൾ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. എട്ടു മാസം വരെ നീണ്ടുനിൽക്കുന്ന ഒരു യൂണിറ്റ് കൂടുമത്സ്യകൃഷിക്ക് 175 മുതൽ 396 വരെ തൊഴിൽദിനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഭക്ഷ്യ-മരുന്ന്-വ്യാവസായിക ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ കടൽപായൽ ധാരാളമായി ആവശ്യമായിവരുന്നതിനാൽ ഇവയുടെ കൃഷിക്ക് മികച്ച വരുമാന സാധ്യതയാണുള്ളത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന മാരികൾച്ചർ കൃഷികളിൽ ആന്റിബയോട്ടിക്കിന്റെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ പൊതുജലാശയങ്ങളിലെ സംരംഭങ്ങളായതിനാൽ ഇവയ്ക്ക് നിയമപരിരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്. അതാത് സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ ഇതിന് ശ്രമങ്ങളുണ്ടാകണം. നിയമപരിരക്ഷ ഇല്ലാത്തത് കാരണമാണ് മികച്ച വരുമാന സാധ്യതയുള്ള ഈ മേഖലയിലേക്ക് വൻതോതിലുള്ള സംരഭങ്ങൾ കടന്നുവരാത്തത്. ആവശ്യമായ അളവിൽ ഗുണമേന്മയുള്ള വിത്തുകളും തീറ്റകളും ലഭ്യമാകാത്തതും പ്രധാന പ്രതിസന്ധികളാണ്.

മാരികൾച്ചർ സംരഭങ്ങളിൽ മെച്ചപ്പെട്ട മത്സ്യകൃഷിരീതികളും ഭക്ഷ്യസുരക്ഷ മാനദണ്ഢങ്ങളും ഉറപ്പുവരുത്തുന്നതുൾപ്പെടെയുളള നിർദേശങ്ങളും പഠനം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷ, ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം, വിപണി പരിഷ്‌കരണം തുടങ്ങിയവയാണ് മറ്റു പ്രധാന നിർദേശങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com