ADVERTISEMENT

മഴക്കാലം അടുത്തു. ടാപ്പിങ്ങിനായി മരങ്ങൾക്ക് മഴമറ നൽകാനുള്ള തിരക്കിലാണ് കർഷകർ. അതേസമയം, തോട്ടങ്ങളിൽ പുതുക്കൃഷിക്കും ആവർത്തനക്കൃഷിക്കും റബർത്തൈകൾ വാങ്ങാനുള്ള തിരക്കിലാണ് കർഷകർ. സ്വകാര്യ നഴ്സറികളിലും റബർബോർഡിന്റെ നഴ്സറികളിലും തൈകൾ വിതരണത്തിനായി തയാറായിക്കഴിഞ്ഞു.

റബർ ബോർഡിന്റെ കോട്ടയം ജില്ലയിലെ മുക്കടയിലുള്ള സെൻട്രൽ റബർ നേഴ്സറി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കാലവർഷം അടുത്തെത്തിയതിനാൽ റീപ്ലാന്റിങ്ങിനായി ഏതാനും തൈകൾ വാങ്ങിക്കാനാണ് ഇവിടെയെത്തിയത്. എന്നാൽ, റബർ ബോർഡിന്റെ തൈകൾ വാങ്ങുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. 

മുൻകൂട്ടി ബുക്ക് ചെയ്തെങ്കിൽ മാത്രമേ ഇവിടെനിന്ന് തൈകൾ ലഭിക്കു. റബർ ബോഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഫോംസ് സെക്ഷനിൽ പ്രവേശിച്ച് അവിടെ രണ്ടാമതായി കാണുന്ന ആപ്ലിക്കേഷൻ ഫോർ പ്ലാന്റിങ് മെറ്റീരിയൽ ക്ലിക്ക് ചെയ്താൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആപ്ലിക്കേഷൻ ഫോം ലഭിക്കും. ഫോമിലെ കാര്യങ്ങൾ പൂരിപ്പിച്ച് ആവശ്യമായ തൈകളുടെ 30 ശതമാനം വില മുൻകൂറായി നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. റബർ ബോർഡിന്റെ ഓഫീസുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. സെൻട്രൽ നഴ്സറിയിൽ ഓൺലൈനായും അപേക്ഷ സ്വീകരിക്കും. തുക റബർ ബോർഡിന്റെ അക്കൌണ്ടിൽ അടച്ചാൽ മതി.

തൈകൾ എടുക്കേണ്ട തീയതി അറിയിക്കുന്നതനുസരിച്ച് ബാക്കി തുകയും അടച്ച് തൈകൾ ഏറ്റെടുക്കാം. ഏപ്രിൽ 19ന് അപേക്ഷ നൽകി. മേയ് 29ന് തൈകൾ ലഭിച്ചു. RRII 105, RRII 430 ഇനങ്ങളിലായി 155 തൈകൾ വാങ്ങി. അതിരുകളിൽ വയ്ക്കുന്നതിനാണ് 430 തിരഞ്ഞെടുത്തത്. സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് സഞ്ചരിക്കുന്ന മരങ്ങളുടെ സ്വാഭാവത്തിൽ ഈ ഇനത്തിന് അൽപം മാറ്റമുണ്ട് എന്നതുതന്നെ കാരണം. അതായത്, വളയുന്ന സ്വഭാവം കുറവായതിനാൽ അതിരുകളിൽ വയ്ക്കാൻ ഉത്തമം.

rubber-nursery-cup-1
തൈകൾ സ്റ്റാൻഡിൽ വച്ചിരിക്കുന്നു

കപ്പ് തൈകൾ, കൂടത്തൈകൾ, ബ്രൌൺ ബഡ് എന്നിങ്ങനെ മൂന്നു രീതിയിൽ തൈകൾ ലഭിക്കും. യഥാക്രമം 90 രൂപ, 70 രൂപ, 30 രൂപ എന്നിങ്ങനെയാണ് വില. കപ്പ് തിരിച്ചേൽപ്പിക്കുന്നവർക്ക് കപ്പൊന്നിന് 7 രൂപ വച്ച് തിരികെ ലഭിക്കും. ചകിരിച്ചോറിലാണ് കപ്പ് തൈകൾ തയാറാക്കിയിരിക്കുന്നത്. ചുവട് മണ്ണിൽ മുട്ടാതിരിക്കുന്നതിനായി പ്രത്യേക സ്റ്റാൻഡുകളിലാണ് നഴ്സറിയിൽ വച്ചിരിക്കുക. കപ്പിൽനിന്ന് തൈ സൂക്ഷ്മമായി പുറത്തെടുത്ത് വേരുപടലങ്ങൾക്ക് ക്ഷതമുണ്ടാകാത്ത വിധത്തിൽ നടണം. നന്നായി മഴ ലഭിച്ചുതുടങ്ങിയാൽ തൈ ഒന്നിന് 100 ഗ്രാം എന്ന രീതിയിൽ രാജ്ഫോസ് നൽകണമെന്നാണ് നിർദേശം. ഒപ്പം കുമിൾരോഗമുണ്ടാകാതിരിക്കാനുള്ള മരുന്നും കൃത്യമായ ഇടവേളകളിൽ തളിച്ചുകൊടുക്കണമെന്നും ശുപാർശയുണ്ട്.

rubber-nursery-cup

പ്രായം കുറഞ്ഞ റൂട്ട് സ്റ്റോക്കുള്ള ഗ്രീൻ ബഡ്ഡ് തൈകളാണ് തിരഞ്ഞെടുത്തത്. കപ്പിൽത്തന്നെ കുരുപാകി വളർത്തിയെടുത്താണ് ഈ റൂട്ട് സ്റ്റോക് തയാറാക്കുന്നത്. നിലത്ത് ഉറപ്പിച്ച കപ്പിൽവളരുന്ന തൈകളിൽ മികച്ച ഇനങ്ങളുടെ ബഡ്ഡ് വച്ചശേഷം അവ പിന്നീട് ഷെഡ്ഡുകളിലേക്ക് മാറ്റും. ബഡ്ഡിൽ മുകുളം വളരുന്നത് ഷെഡ്ഡിലെത്തിയശേഷമാണ്. രണ്ട് തട്ട് ഇലകൾ വന്നശേഷമാണ് വിതരണം. തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തുടർന്നുള്ള പരിചരണങ്ങളെക്കുറിച്ചും അധികൃതർ വിശദമായി പറഞ്ഞുനൽകുകയും ചെയ്യും.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

ഫോൺ: 0481 - 2576622 (റബർ ബോർഡ് കോൾ സെന്റർ), 8848880279 (സെന്‍ട്രല്‍ നഴ്സറി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com