ADVERTISEMENT

“Farmers now need more courage to live than to kill themselves… Categorising their suicide as ‘killing themselves’ is a misnomer.They are simply defeated by the long,hard struggle to stay alive”

മരിക്കുന്നതിനേക്കാൾ ധൈര്യം ജീവിച്ചിരിക്കുന്നതിനു വേണ്ട അവസ്ഥയിലാണ് ഒട്ടുമിക്ക കാലങ്ങളിലും ഇന്ത്യയുടെ മിക്ക സ്ഥലങ്ങളിലുമുള്ള ചെറുകിട കർഷകരുടെ ജീവിതം. എല്ലാ അനുമാനങ്ങളെയും മറികടന്ന് രാജ്യത്തിന്റെ നടപ്പുസാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ അതായത് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7.6 ശതമാനം വളർച്ച നേടിയ വിവരം പുറത്തുവന്നത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. അഭിമാനർഹമായ വളർച്ച രാജ്യം നേടുമ്പോഴും  ഗ്രാമീണ മേഖലയും കർഷകരും ഇപ്പോഴും കാര്യമായി വളരുന്നില്ലായെന്ന വിമർശനങ്ങളും പുറത്തു വന്നിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന പോലെ നടന്ന ഇലക്ഷനിൽ കേന്ദ്രത്തിലെ ഭരണ കക്ഷി വലിയ നേട്ടം കൊയ്യുകയും ചെയ്തു. ഗ്രാമീണമേഖല, പ്രത്യേകിച്ച്  കാർഷികരംഗം ഇനിയും ഉണർന്നിട്ടില്ലായെന്നതിന് 3 സൂചനകളാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗ്രാമീണ കാർഷിക മേഖലയിലെ ഈ ഭരണവിരുദ്ധ വികാരം മറികടക്കാൻ വിജയിച്ച പാർട്ടിയെ സഹായിച്ചതും 3 സുപ്രധാന വാഗ്ദാനങ്ങളായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

തളരുന്ന ഗ്രാമീണസാമ്പത്തികരംഗം

ഇന്ത്യയിലെ ഗ്രാമങ്ങളുടെ സാമ്പത്തിക സ്ഥിതി കാർഷിക മേഖലയിലെ ഉയർച്ചതാഴ്ചകളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കോവിഡിന്റെ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറി വന്നിരുന്ന ഗ്രാമീണ സാമ്പത്തിക മേഖലയെ നടപ്പു സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ പിന്നോട്ടടിച്ചത്  പണപ്പെരുപ്പവും വിലക്കയറ്റവുമായിരുന്നു. 180 പോയിന്റുകൾ ഉയർന്ന് ഉപഭോക്തൃ വില സൂചിക 6.43 ശതമാനത്തിൽ എത്തിയിരുന്നു. ചില്ലറ വിൽപനയിലാകട്ടെ ഇത് ജൂലൈ മാസത്തിൽ 7.44 ശതമാനമായും ഉയർന്നു. താൽക്കാലികമായിരുന്നെങ്കിലും തക്കാളിയുടെ വിലക്കയറ്റമായിരുന്നു പ്രധാന കാരണം. വിലക്കയറ്റം ധാന്യങ്ങൾ, പയർവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലേക്കും പകർന്നതോടെ ഗ്രാമീണമേഖലയുടെ വാങ്ങൽ ശക്തി ചോരുകയായിരുന്നു. മഴയുടെ അളവിലെ കുറവും  ക്രമം തെറ്റിയുള്ള വരവും കാര്യങ്ങളെ വീണ്ടും തകിടം മറിച്ചു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ മഴയിലെ  36 ശതമാനം കുറവ് നൂറ്റാണ്ടിലെ റെക്കോഡായിരുന്നു. ഇങ്ങനെ ഗ്രാമീണ മേഖലയിൽ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾക്ക് മനസിലാക്കാൻ മൂന്നു സൂചകങ്ങൾ സാമ്പത്തിക വിദഗ്ദർ ഉപയോഗിച്ചു.

  • ട്രാക്ടറുകളുടെ വിൽപ്പനയിലെ കുറവ്
  • മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണത്തിലെ വർധന.
  • വിവിധ കാർഷിക വിളകളുടെ മഞ്ഞുകാല വിതയുടെ നിരക്കിലുള്ള കുറവ്

വിജയം നൽകിയ 3 വാഗ്ദാനങ്ങൾ

തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കാവുന്ന വിധത്തിൽ ഗ്രാമീണ മേഖലയിൽ ജീവിതം ദുസഹമായപ്പോഴും തിരഞ്ഞെടുപ്പിൽ നൽകിയ 3 പ്രധാന വാഗ്ദാനങ്ങൾ വിജയികൾക്ക് തുണയായി. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ കാർഷിക മേഖലകകളിൽ പോലും ബി.ജെ.പി നേട്ടമുണ്ടാക്കി.സംയുക്ത കിസാൻ മോർച്ച പോലെയുള്ള കർഷക സംഘടനകൾ നിരന്തരം എതിർത്തിട്ടും തിരിച്ചടി ഒഴിവാക്കാൻ സഹായിച്ച വാഗ്ദാനങ്ങൾ ഇവയാണെന്ന് നിരീക്ഷകർ പറയുന്നു.

  1. പ്രധാനമന്തി കിസാൻ സമ്മാൻ നിധി വഴിയുള്ള വാർഷികധനസഹായം നിലവിലുള്ള 6000 രൂപയിൽ നിന്ന് ഇരട്ടിയാക്കി 12,000 രൂപയാക്കും
  2. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ കാലാവധി അഞ്ചു വർഷം കൂടി നീട്ടി നൽകും.
  3. നെല്ലിന്റെ താങ്ങുവില ബോണസോടു കൂടി വർധിപ്പിക്കും. ഇത് ചത്തിസ്ഗഡിൽ നിർണായകമായി.

ഈ വിജയത്തോടു കൂടി കർഷകരുടെ പിന്തുണ തങ്ങൾക്കാണെന്ന് കേന്ദ്ര സർക്കാരിന് ബോധ്യമായാൽ റദ്ദാക്കിയ മൂന്നു കാർഷിക നിയമങ്ങൾ ചെറിയ മാറ്റങ്ങളോടെ തിരിച്ചുവരാനും വഴിയൊരുങ്ങിയേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com