ADVERTISEMENT

കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക്  മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരത്തിനു കണ്ണൂർ ചെറുപുഴ താബോർ പരുവിലാങ്കൽ പി.ബി.അനീഷ് അർഹനായി. 3 ലക്ഷം രൂപയും  പ്രശസ്തിപത്രവും സ്വർണപ്പതക്കവും ഉൾപ്പെടുന്ന പുരസ്കാരമാണിത്. രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഈ അവാർഡിന്റെ പതിനേഴാമത് ജേതാവിനെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. 2024 ഫെബ്രുവരി ആദ്യവാരം മലപ്പുറത്തു നടക്കുന്ന കർഷകശ്രീ കാർഷികമേളയിൽ പുരസ്കാരം സമർപ്പിക്കും.

പി.ബി.അനീഷ്
പി.ബി.അനീഷ്

കർഷകശ്രീ അവാർഡിനു പരിഗണിക്കപ്പെടാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 99 നാമനിർദേശങ്ങളാണ് ലഭിച്ചത്. ആദ്യഘട്ട സൂക്ഷ്മ പരി ശോധനയുടെ അടിസ്ഥാനത്തിൽ 19 കർഷകരെ തിരഞ്ഞെടുത്ത് അവരുടെ കൃഷിയിടവും കൃഷിരീതികളും വിദഗ്ധസംഘം നേരിട്ടു വിശദമായി പരിശോധിച്ചു. ഇവരിൽനിന്ന് തിരുവനന്തപുരം ചിറയിൻകീഴ് താമരക്കുളം ജനിതയിൽ ബ്രിട്ടീഷ്യ അലക്സാണ്ടർ, തൃശൂർ തിരുവില്വാമല കണിയാർകോട് വെങ്കിടനിവാസിൽ ടി.വി.രാജനാരായണൻ, മലപ്പുറം പരപ്പനങ്ങാടി ഉള്ളണം കളരിക്കൽ ഹൗസിൽ വി.സി.ജൈസൽ, വയനാട് നെന്മേനി താഴത്തൂർ  മാത്തൂർകുളങ്ങര എം.സുനിൽകുമാർ എന്നിവരും അനീഷിനൊപ്പം അന്തിമപട്ടികയിലേക്ക് യോഗ്യത നേടി. ഇവരുടെ കൃഷി യിടങ്ങളിൽ വീണ്ടും സന്ദർശനം നടത്തി   തയാറാക്കിയ വിശദമായ റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും വിലയിരുത്തിയാണ് വിധിനിര്‍ണയസമിതി ജേതാവിനെ നിശ്ചയിച്ചത്. 

കേന്ദ്രകൃഷിവകുപ്പ് സെക്രട്ടറി, ദേശീയ ക്ഷീര വികസനബോർഡ് ചെയർമാൻ, സ്പൈസസ് ബോർഡ് ചെയർമാൻ എന്നീ നിലകളിൽ കാർഷിക മേഖലയിൽ ഏറെ പരിചയ സമ്പത്തുള്ള  ടി.നന്ദകുമാർ അധ്യക്ഷനായ സമിതിയില്‍ കേരള കാർഷിക സർവക ലാശാല ഗവേഷണവിഭാഗം മുൻ മേധാവിയും എമിരറ്റസ് പ്രഫസറുമായ ഡോ. പി. ഇന്ദിരാദേവി , ബെംഗളൂരുവിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറും  ഡോ. എംഎസ് സ്വാമിനാഥന്റെ പുത്രിയുമായ ഡോ. മധുര സ്വാമിനാഥൻ,  കാർഷി കോൽപാദന കമ്മീഷണറും േകരള കാർഷിക സർവകലാശാല വൈസ് ചാൻസലറു മായ ഡോ. ബി. അശോക്,  ജൈവ വൈവിധ്യ ബോർഡ് ചെയർമാനും കേരള കാർ ഷിക സർവകലാശാല മുൻ ഡീനുമായ ഡോ. സി. ജോർജ് തോമസ്, മലയാള മനോ രമ മാനേജിങ് എഡിറ്റർ  ജേക്കബ് മാത്യു  എന്നിവരായിരുന്നു  അംഗങ്ങള്‍. 

ആദായക്ഷമത, സുസ്ഥിര ശൈലി, നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം, കാലാവസ്ഥമാറ്റം നേരിടുന്ന രീതി, വിപണനത്തിലെ തനതുശൈലി, മൂല്യവർധന, സാമൂഹിക  പ്രതിബദ്ധത, ലിംഗതുല്യത എന്നിവയൊക്കെ വിധിനിര്‍ണയത്തില്‍  മാനദണ്ഡമായി.

കാലോചിതമായ സാങ്കേതികവിദ്യകളിലൂടെ കൃഷിയിൽ മുന്നേറാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കു മാതൃകയാണ് കർഷകശ്രീ 2024 ആയി തിരഞ്ഞെടുക്കപ്പെട്ട പി.ബി.അനീഷ് എന്നു വിധിനിർണയസമിതി വിലയിരുത്തി. പരമ്പരാഗത അറിവുകൾക്കൊപ്പം പുത്തൻ സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാൻ അനീഷിനു സാധിക്കുന്നുണ്ട്. കേരളത്തിലെ കർഷകരുടെ മുഖ്യവെല്ലുവിളിയായി മാറുന്ന കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ അധികമാരും പരീക്ഷിക്കാത്ത സംവിധാനങ്ങൾ അനീഷ് നടപ്പാക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി.

23 വർഷത്തെ പ്രവർത്തന പരിചയമുള്ള ഈ മലയോര കർഷകൻ ജാതി, ഫലവൃക്ഷങ്ങൾ, ഏലം എന്നിവയുടെ കൃഷിയും ക്ഷീരോൽപാദനവും മികവോടെ സംയോജിപ്പിച്ചിട്ടുണ്ട്. സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത തുള്ളിനന സംവിധാനത്തിലൂടെ ജല ദൗർലഭ്യത്തെ മറികടക്കാനും അനീഷിനു സാധിക്കുന്നുണ്ട്. മണ്ണിന്റെ അമ്ലതയും പോഷകനിലവാരവും തിരിച്ചറിഞ്ഞു ഫെർട്ടിഗേഷൻ നടത്തുന്ന സംവിധാനം സ്ഥാപിച്ചതിലൂടെ അനീഷ് നാളത്തെ കൃഷിക്കു വഴികാട്ടുകയാണെന്നു വിധിനിർണയ സമിതി ചൂണ്ടിക്കാട്ടി. 

മികച്ച നടീൽവസ്തുക്കൾ മാത്രം കണ്ടെത്തി നട്ടുവളർത്താനും അവയുടെ പ്രകടനം തുടർന്നു നിരീക്ഷിച്ചു രേഖപ്പടുത്താനും അനീഷ് കാണിക്കുന്ന താൽപര്യത്തെ സമിതി അഭിനന്ദിച്ചു. അത്യുൽപാദനശേഷിയുള്ള പശുക്കൾ ഏറെയുള്ള അനീഷിന്റെ ഡെയറി ഫാമിൽ ഓരോ പശുവിന്റെയും ഉൽപാദനം മാത്രമല്ല വംശഗുണം, ആരോഗ്യ പശ്ചത്തലം എന്നിവയും രേഖപ്പെടുത്തി സൂക്ഷിക്കുന്നത് അനുകരണീയമായ മാതൃകയാണ്. 

കണ്ണൂർ ജില്ലയിൽ നിന്നു  മൂന്നാമത്തെ കർഷകശ്രീ ജേതാവാണ് അനീഷ്. 2006ലെ ജേതാവ്  കെ.വി.ഗോപിയും 2010ലെ ജേതാവ് സണ്ണി ജോർജും കണ്ണൂർ ജില്ലക്കാരായിരുന്നു. അന്തിമ പട്ടികയിൽ സ്ഥാനം പിടിച്ച മറ്റു കർഷകരെയും സമിതി പ്രത്യേകം പ്രശംസിച്ചു. 

കൃഷിവകുപ്പ് റിട്ടയേര്‍ഡ് അഡീഷനല്‍ ഡയറക്ടറും സമേതി മുൻ ഡയറക്ടറുമായ ജി.എസ്.ഉണ്ണിക്കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കര്‍ഷകശ്രീ പത്രാധിപസമിതി അംഗങ്ങളടങ്ങിയ സംഘമാണ് കൃഷിയിടങ്ങള്‍ പരിശോധിച്ചത്. ഉദയഗിരി കൃഷി ഓഫിസര്‍ എച്ച്.എല്‍.ദീപയാണ് അവാര്‍ഡിനു പരിഗണിക്കാന്‍ അനീഷിനെ നാമനിര്‍ദേശം ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com