ADVERTISEMENT

വെളുത്തുള്ളിയുടെ മണവും രുചിയുമുള്ള ഗാര്‍ലിക് ചൈവ് നമ്മുടെ മണ്ണിൽ നന്നായി വളരും. മലയാളത്തിൽ വെളുത്തുള്ളിപ്പുല്ല് എന്നു വിളിക്കാം. കറികൾക്കു രുചിയും മണവും നൽകാൻ  ഇതിന്റെ പൂക്കളും ഇലകളും ഉപയോഗിക്കുന്നു. സ്വദേശം ചൈന. മണ്ണിന് അടിയിലെ ഭാഗം ഭക്ഷ്യയോഗ്യമല്ല. ചെടി 25 സെ.മീ. വരെ ഉയരത്തിൽ വളരും. പൂക്കൾക്കു നക്ഷത്രാകൃതിയും വെള്ളനിറവും സുഗന്ധവുമുണ്ട്. ഉണക്കിയാൽ പുഷ്പാലങ്കാരത്തിനും ഉപയോഗിക്കാം.

കൃഷിരീതി

സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്താണു നടേണ്ടത്. നല്ല വളക്കൂറും നീർവാർച്ചയും ഈർപ്പവുമുള്ള മണ്ണാണ് യോജ്യം. വിത്തുകൾ പാകിയോ തൈകൾ അടർത്തിമാറ്റിയോ ആണ് പുതിയ ചെടികൾ ഉൽപാദിപ്പിക്കുന്നത്. മണ്ണിന് അടിയിലുള്ള ഭാഗത്തെ വേരുകൾ മുറിച്ചുമാറ്റി മുകളിലുള്ള ഒന്നോ രണ്ടോ കൂമ്പിലകൾ മാത്രം നിർത്തി സ്യൂഡോമോണാസ് ലായനിയിൽ മുക്കി അര മണിക്കൂർ കഴിഞ്ഞ് 20 സെ.മീ. അകലത്തിൽ നടാം. ഒരാഴ്ച തണൽ നൽകേണ്ടതാണ്. 2 വർഷത്തിൽ ഒരിക്കൽ തൈകൾ അടർത്തിമാറ്റി നടാം. തൈകൾ നടുന്നതിന് 3–4 ദിവസം മുൻപ് വേപ്പിൻപിണ്ണാക്ക്, ചാണകം, എല്ലുപൊടി എന്നിവ ചേർക്കണം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ചുകൊടുക്കുക. തൈകൾ നട്ടശേഷം ഈർപ്പം നിലനിർത്താൻ  ഉണക്ക ഇലകൾകൊണ്ടു പുതയിടണം. വരൾച്ചയെ ചെറുക്കാന്‍ കഴിവുണ്ട്. കീടബാധയില്ല. രോഗങ്ങൾ കണ്ടാല്‍ സ്യൂഡോമോണാസ് 10 ദിവസത്തിലൊരിക്കൽ വെള്ളത്തിൽ കലക്കി തളിക്കുക.

ചട്ടികളിലും നിലത്തും നടാം. ഉദ്യാനങ്ങളിലും പച്ചക്കറിത്തോട്ടങ്ങളിലും ബോർഡർ ചെടിയായി നടാം.  തക്കാളി, റോസ്, മുന്തിരി എന്നിവയുടെ കൂടെ നട്ടാൽ വണ്ടുകൾ, മുഞ്ഞ എന്നിവയെ അകറ്റി നിർത്താം. പൂക്കൾ മിത്രകീടങ്ങളെ ആകർഷിക്കും.

വിളവെടുപ്പ്

വിത്തു നട്ടാണെങ്കിൽ 60 ദിവസം കഴിഞ്ഞും തൈകളാണെങ്കിൽ 30 ദിവസം കഴിഞ്ഞും വിളവെടുക്കാം. ചെടിയിലെ പുറം ഇലകൾ മണ്ണിനോടു ചേർത്താണു മുറിച്ചെടുക്കേണ്ടത്.

ഉപയോഗം

സാലഡ്, ഫ്രൈഡ്റൈസ്, ഇറച്ചി, മുട്ടക്കറി, സാൻഡ്‌വിച്ച്, ഉരുളക്കിഴങ്ങുകറി, മറ്റു വിവിധ പച്ചക്കറികൾ എന്നിവയിൽ ഇതിന്റെ ഇലകൾ ചേർത്തു രുചിയും മണവും കൂട്ടാം. പാചകം ചെയ്തു തീരുന്നതിന് ഒരു മിനിറ്റ് മുൻപു മാത്രമേ ഇലകൾ ചേർക്കാവൂ. ഇലകൾ പച്ചയായും ഉണങ്ങിയും ഉപയോഗി ക്കാം.  

English summary: How To Grow Garlic Chives Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com