രുചിയും പോഷകഗുണവുമേറെ, പുതിയ ഇനം മരച്ചീനി വികസിപ്പിച്ച് കർഷകൻ

Mail This Article
രുചിയും പോഷകഗുണവും കൂടിയതും ഉയർന്ന വിളവു തരുന്നതുമായ മരച്ചീനി ഇനം വികസിപ്പിച്ചു കർഷകൻ. തിരുവനന്തപുരം വെള്ളറട പനച്ചമൂട് രമേഷ് ഭവനത്തിൽ സി.തങ്കപ്പൻ വികസിപ്പിച്ച മരച്ചീനി ഇനം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ (സിടിസിആർഐ) ശാസ്ത്രജ്ഞ സംഘം പരിശോധിച്ചു.
കൂടുതൽ ശാസ്ത്രീയ പഠനം നടത്തിയ ശേഷം കർഷകൻ വികസിപ്പിച്ച ഇനമായി ഇതിനെ അംഗീകരിക്കുന്നതിനു നടപടിയെടുക്കുമെന്നു സിടിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും ക്രോപ് പ്രൊഡക്‌ഷൻ വിഭാഗം മേധാവിയുമായ ഡോ. ജി.ബൈജു അറിയിച്ചു.
കമ്പിന്റെ ഉൾഭാഗത്തിനും കിഴങ്ങിനും നല്ല ചന്ദന മഞ്ഞ നിറമാണ്. മരച്ചീനിയുടെ കായ്കൾ മുളപ്പിച്ചു വളർത്തിയെടുത്ത ചെടികൾ വർഷങ്ങളോളം നിരീക്ഷിച്ച് അതിൽനിന്നു വിളവിലും രുചിയിലും ഏറ്റവും നല്ലതു സ്വന്തം അനുഭവത്തിലൂടെ തിരഞ്ഞെടുത്താണു പുതിയ ഇനം വികസിപ്പിച്ചതെന്നു തങ്കപ്പൻ പറഞ്ഞു. പനച്ചമൂട് പനഞ്ചാകുഴിയിൽ രണ്ടേക്കർ പുരയിടത്തിലാണു തങ്കപ്പൻ കൃഷി ചെയ്തത്. സിടിസിആർഐ വികസിപ്പിച്ച ഇനമായ ശ്രീപവിത്രയും വെള്ളറടയിലെ പ്രധാന നാടൻ ഇനമായ ഉള്ളിച്ചുവലയും ചേർന്നുള്ള സങ്കരയിനമാണ് ഇതെന്നാണു കരുതുന്നതെന്നു സിടിസിആർഐ ശാസ്ത്രജ്ഞർ പറഞ്ഞു.