ADVERTISEMENT

പുതുമയുള്ള വിളകൾ നാമൊക്കെ പരീക്ഷിക്കാറുണ്ട്. ആദ്യകൗതുകത്തിനപ്പുറം കൃഷിയിടങ്ങളിൽ സ്ഥിരസാന്നിധ്യമാകാതെ മറയുകയാണ് അവയിലേറെയും.  എന്നാൽ വിദേശവിളയായ ഗാക് ഫ്രൂട്ടിനെ  വരുമാനമാക്കി മാറ്റുകയാണ് അങ്കമാലി മഞ്ഞപ്രയ്ക്കു സമീപം അമലാപുരത്തെ ജോജോ. 4 വർഷം മുന്‍പ് 2018ലാണ്  വൈക്കത്തെ ഒരു സുഹൃത്തു വഴി ഗാക് തൈകൾ ജോജോയ്ക്കു കിട്ടിയത്. പുരയിടത്തിലെ ഒരു മരത്തിന്റെ ചുവട്ടിൽ നട്ട് അതിലേക്കു പടർത്തുകയും ചെയ്തു. 

തഴച്ചുവളർന്ന ഈ വള്ളിച്ചെടിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിച്ചതോടെയാണ് ജോജോ മറ്റു കർഷകരിൽനിന്നു വ്യത്യസ്തനായത്. തെക്കുകിഴക്കൻ ഏഷ്യയിൽ സ്വർഗീയഫലം എന്നറിയപ്പെടുന്ന വിശിഷ്ടഭോജ്യമാണിതെന്നും അവിടെ ഗാക് ഫ്രൂട്ടിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തുന്നുണ്ടെന്നും ജോജോ മനസ്സിലാക്കി.  അതോടെ ഇന്റർനെറ്റിലൂടെ കൃഷിരീതിയും മറ്റും കണ്ടെത്താനുള്ള ശ്രമമായി. വെള്ളാനിക്കര നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്സ് മേധാവിയായിരുന്ന ഡോ. ജോസഫ് ജോണും മറ്റും ഒട്ടേറെ വിവരങ്ങൾ നൽകി സഹായിച്ചു.

gac-fruit-2

പോഷകപരമായി  മറ്റേതൊരു ഫലത്തെക്കാളും മെച്ചമെന്നു കൂടി മനസ്സിലായതോടെ ഗാക് കൃഷിയിലൂടെ വരുമാനം കണ്ടെത്താന്‍  ആലോചനയായി. ഗാക്കിന്റെ വിത്ത് മുളപ്പിക്കുന്ന വിധവും വാണിജ്യക്കൃഷിരീ തിയുമൊക്കെ നെറ്റിൽനിന്നാണ് പഠിച്ചത് . ഗാക് ഫ്രൂട്ട് പച്ചയ്ക്കും പഴമായും ചേർത്ത് വിവിധ ഭക്ഷ്യവിഭവങ്ങൾ പരീക്ഷിക്കുക കൂടി ചെയ്തതോടെ ആത്മവിശ്വാസമായി.  

ഇപ്പോൾ മുറ്റത്തെ പന്തലിനു പുറമെ, പുരയിടത്തിലെ 60 സെന്റിലും ജോജോ ഗാക് ഫ്രൂട്ടിന്റെ വാണിജ്യ ക്കൃഷി നടത്തുന്നു.  സഹകരിക്കാൻ താൽപര്യമുള്ളവർക്ക് വിത്ത് നൽകി  പഴങ്ങൾ തിരികെ വാങ്ങുന്ന പദ്ധതിയും ആലോചനയിലുണ്ട്.  തന്റെ പക്കൽനിന്നു വിത്ത് വാങ്ങിയവരിൽ മുന്നൂറിലധികം പേർ  വിളവെടുത്തു തുടങ്ങിയതായി ജോജോ പറഞ്ഞു. ഇവരിൽനിന്നു കൂടുതൽ താൽപര്യമുള്ള 50 പേരെ  കൃഷി യിൽ പങ്കാളികളാക്കാനാണ് ഉദ്ദേശിക്കുന്നത്. 

gac-fruit-1

കൃഷിരീതി

ഗാക് ചെടിയിൽ ഫലങ്ങളുണ്ടാകുന്നതിന് പരാഗണം ഫലപ്രദമാകേണ്ടതുണ്ട്. ആൺചെടികളും പെൺചെടികളുമുള്ളതിനാൽ പരാഗണം നടക്കാൻ രണ്ടും വളർത്തേണ്ടതുണ്ട്. എന്നാൽ പൂവിട്ടശേഷം മാത്രമേ ആ ൺ– പെൺചെടികൾ വേർതിരിച്ചറിയാനാകൂ. പെൺപൂവിന്റെ അടിയിലായുള്ള അണ്ഡാശയമാണ് അവയെ തിരിച്ചറിയാനുള്ള അടയാളം. ആൺ– പെൺ ചെടികളുണ്ടാവാനുള്ള സാധ്യത വർധിക്കുന്നതിന്  3 ചെടികളെങ്കിലും നടേണ്ടതുണ്ടെന്ന് ജോജോ പറഞ്ഞു. സ്വാഭാവിക പരാഗണം നടക്കുമെങ്കിലും കൃത്രിമ പരാഗണത്തിലൂടെ കായ്പിടിത്തം വർധിപ്പിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആദായകരമാകൂ.

ഗാക്  വിത്തുകൾക്ക് അങ്കുരണശേഷി കുറവാണ്. 12 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത ശേഷമേ അവ നടാവൂ– ജോജോ പറഞ്ഞു. കൂടകളിലോ ഗ്രോബാഗിലോ  നട്ടശേഷം 1.5–2 മാസമെങ്കിലും കാത്തിരുന്നാലേ അവ മുളയ്ക്കൂ. ഒരുമിച്ചു നടുന്ന വിത്തുകൾ മുളയ്ക്കുന്നത് ഒരുമിച്ചാവണമെന്നില്ല. മുളച്ച് രണ്ടാഴ്ച കഴിയുമ്പോൾ അവ നിലത്തേക്കു പറിച്ചുനടാൻ മടിക്കരുത്. സമൃദ്ധമായ ഇലച്ചാർത്തോടെ തഴച്ചുവളരുന്ന ചെടിയായതിനാൽ ഗ്രോബാഗുകളിലും മറ്റും വളർത്തിയാൽ പോഷകദാരിദ്ര്യമുണ്ടായേക്കാം. ആൺ– പെൺ ചെടികളുണ്ടെന്നുറപ്പാക്കാനും സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കുന്ന നിലത്തു നടാനും പന്തലിൽ പടർത്താനും ശ്രദ്ധിക്കേണ്ടത് ഗാക് കൃഷിയുടെ വിജയത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്തലിൽ പടർത്താതെ മരങ്ങളിൽ പടർത്തിയാൽ ഉൽപാദനം കുറയുമെന്നു മാത്രമല്ല,  തഴച്ചുവളർന്ന് പുരയിടത്തിലെ വിളകളെയും വൃക്ഷങ്ങളെയും ഞെരുക്കും. പന്തലിൽ വളരുമ്പോൾ കൂമ്പ് നുള്ളി വളർച്ച നിയന്ത്രിക്കാനാകും. വർഷത്തിൽ രണ്ടു തവണയായി ജൈവവളം മാത്രമാണ് ഗാക് ഫ്രൂട്ടിനു നൽകുന്നത്.  ഗാക്കിന്റെ ഇലകളും പച്ചക്കായ്കളും ജോജോ വീട്ടിൽ കറി വയ്ക്കാൻ ഉപയോഗിക്കുന്നു. പഴങ്ങളിൽനിന്ന് ജ്യൂസ് എടുക്കുകയാണ് പതിവ്. പച്ചയ്ക്ക് കറിവയ്ക്കുമ്പോൾ പാവയ്ക്കയുടെ രുചിയാണെന്ന് ജോജോ. എന്നാൽ അത്രയും കയ്പില്ല. 

ഫോൺ: 8606856474

English summary: Gac: A colorful and health-promoting fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT