ADVERTISEMENT

‘അസ്സൽ രാവണൻ, ഇരുപത് കൈയാണവന്’എന്ന് പറയിപ്പിക്കുന്ന കൈയടക്കവും വേഗതയുമാണ് അനീഷിന് ചെടികൾ ബഡിങ്ങില്‍.  അതുകൊണ്ടുതന്നെ ഒരു ദിവസം ചെയ്യേണ്ട ജോലി ഒരു മണിക്കൂർ കൊണ്ടുപൂർത്തിയാക്കാമെന്ന ആത്മവിശ്വാസവുമുണ്ട്. കൈപ്പുണ്യമുള്ളവർ ചെയ്താൽ കൂടുതൽ മെച്ചപ്പെടുമെന്ന വിശ്വാസം പാചകത്തിനു മാത്രമല്ല, ബഡിങ്ങിലും ബാധകമാണെന്നു കാണിച്ചുതരികയാണ് ഈ യുവാവ്.  കേരള കാർഷികസർവകലാശാലയിലെ ബഡിങ്–ഗ്രാഫ്റ്റിങ് ജോലിക്കാരനായ അനീഷിന് വീട്ടിലെത്തിയാലും വിശ്രമമില്ല. അച്ഛന്റെ നഴ്സറിയിലേക്കുവേണ്ട ഫലവൃക്ഷത്തൈകൾ ഒട്ടിച്ചെടുക്കണം. പത്തിനങ്ങൾ ഒട്ടിച്ചുചേർത്ത മാവും പ്ലാവുമൊക്കെയാണ് ഈ നഴ്സറിയിലെ സ്പെഷൽറ്റി. രാവണൻ എന്നു പേരിട്ട ഈയിനങ്ങൾ നഴ്സറിയുടെ പേരിനും നിമിത്തമായി. 

ശരിയായി പരിശീലിച്ചാൽ ആർക്കും ചെയ്യാം ബഡിങ്ങും ഗ്രാഫ്റ്റിങ്ങുമെന്ന് അനീഷ്. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വിജയശതമാനം വർധിപ്പിക്കാം. കിളിർത്തു നിൽക്കുന്ന മാവ്–പ്ലാവ് തൈകളിൽനിന്ന് 250–300 രൂപ ആദായം നേടാൻ ഈ രണ്ടു ജോലികളിലും പ്രാവീണ്യം നേടുകയേ വേണ്ടൂ. മികച്ച ഇനങ്ങളുടെ മാതൃവൃക്ഷം സ്വന്തമായില്ലെങ്കിൽ അത്തരം ഇനങ്ങളിൽനിന്ന് ബഡ് എടുക്കാനുള്ള അനുവാദം നേടിയാലും മതി. മുന്തിയ ഒരിനം ഒട്ടിച്ചുചേർക്കുന്നതിന് 700 രൂപയാണ് ഈടാക്കുക. 100 തൈകൾ ബഡ‍് ചെയ്യാൻ ഒരു മണിക്കൂർ മതിയെന്നു പറയുന്ന ഈ യുവാവിന്റെ ഒരു ദിവസത്തെ വരുമാനസാധ്യത കണക്കുകൂട്ടിക്കൊളൂ. പത്താം ക്ലാസ് വരെ മാത്രം പഠിച്ചവർക്കുപോലും യൂറോപ്യൻ നിലവാരത്തിൽ വരുമാനം നേടാൻ ഈ പണി പഠിച്ചാൽ മതിയെന്നാണ് അനീഷിന്റെ അഭിപ്രായം. ചെറുപ്പത്തിലേ പകർന്നുകിട്ടിയ കാർഷകപാരമ്പര്യം മൂലമാണ് പത്താം ക്ലാസ് കഴിഞ്ഞ് കൃഷി മുഖ്യവിഷയമായ വൊക്കേഷനൽ ഹയർ സെക്കൻഡറി കോഴ്സിനു ചേർന്നത്. തുടർന്ന് കാർഷിക സർവകലാശാലയുടെ അബാഡ് പദ്ധതി പ്രകാരം ബഡിങ്ങും ഗ്രാഫ്റ്റിങ്ങുമൊക്കെ ചെയ്തുതുടങ്ങി. 

ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലയറിങ് 

കാർഷികമേഖലയിലെ പരമ്പരാഗത വൈദഗ്ധ്യങ്ങളിൽ മുഖ്യം. കായികപ്രവർധനത്തിലൂടെ മികവേറിയ ഇനം തൈകൾ ഉൽപാദപ്പിക്കുന്നതിന് ഇന്നും ഏറെപ്പേരും ആശ്രയിക്കുന്നത് ബഡിങ്,  ഗ്രാഫ്റ്റിങ്, ലെയറിങ്  ടെക്നിക്കുകളാണ്. നഴ്സറികളിൽ ഇവ പരിശീലിച്ചവരുടെ സേവനം അനിവാര്യം. മികച്ച ഇനം ചെടികളിലെ പുതു മുകുളങ്ങൾ തൊലിയോടുകൂടി മുറിച്ചെടുത്ത് മറ്റ് ചെടികളിൽ ഒട്ടിച്ചുചേർക്കുകയാണ് ബഡിങ്ങിൽ ചെയ്യുന്നത്. ഇതുവഴി മികച്ച ഇനത്തിന്റെ ഗുണങ്ങൾ മറ്റു തൈകളിലേക്കു കൈമാറാൻ സാധിക്കുന്നു. ഗ്രാഫ്റ്റങ്ങിലാവട്ടെ, മികച്ച ഇനത്തിന്റെ കമ്പുകൾ മറ്റു ചെടുകളുടെ കമ്പുമായി കൂട്ടിക്കെട്ടി യോജിപ്പിക്കുകയാണ് ചെയ്യുക. ലെയറിങ്ങിൽ മെച്ചപ്പെട്ട ഇനങ്ങളുടെ ശിഖരങ്ങളിൽനിന്ന് അതേ സ്വഭാവത്തോടുകൂടിയ കൂടുതൽ തൈകൾ ഉൽപാദിപ്പിക്കുന്നു. കേരള കാർഷികസർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ ഈ നഴ്സറി ടെക്നിക്കുകളില്‍ വിദഗ്ധ പരിശീലനം നൽകുന്നുണ്ട്. 

ഫോൺ: 9605965918

English summary: Propagating Fruit Trees by Budding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com