ADVERTISEMENT

കരിക്കിൻവെള്ളത്തിനു മധുരത്തോടൊപ്പം നേരിയ സുഗന്ധവുമുണ്ടെങ്കിലോ? നറുംമണമുള്ള ഇളനീരിന് ആവശ്യക്കാരേറുമെന്നതിൽ തർക്കമില്ല. വിനോദസഞ്ചാരകേന്ദ്രങ്ങളിലും മറ്റും ഉയർന്ന വിലയ്ക്ക് വിൽക്കാവുന്ന അപൂർവ ഇനം സുഗന്ധ ഇളനീരിന്റെ തൈകളുണ്ടാക്കി നേട്ടം കൊയ്യുകയാണ് തമിഴ്നാട് പളനി സ്വദേശി ഏഴിൽ കുമരനും അച്ഛൻ ജ്യോതീശ്വരൻ നാച്ചിമുത്തുവും. ഇളനീരിനും കാമ്പിനും രുചിയും മധുരവും കൂടുതലുള്ള  ഈ ഇനം തായ്‌ലൻഡിലും മലേഷ്യയിലുമൊക്കെയാണ് ലഭിച്ചിരുന്നത്. 

aromatic-coconut-3
സുഗന്ധമുള്ള വെള്ളമുള്ള തെങ്ങുകൾ

ഇന്ത്യയിൽ ആദ്യമായി  ഇപ്പോൾ തമിഴ്നാട്ടിലെ പളനിയിലുള്ള ഓംകാര ഫാമിൽ സുഗന്ധ നാളികേരവും അതിന്റെ തൈകളും ഉൽപാദിപ്പിക്കുന്നു. ചലച്ചിത്രതാരം മാധവനും ബിസിനസ് പങ്കാളിയും ചേർന്നാണ് 2015ൽ ഈ തോട്ടത്തിനു തുടക്കം കുറിച്ചത്.  വിത്തുതേങ്ങ മലേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ 3 വർഷം പിന്നിട്ടപ്പോൾതന്നെ തെങ്ങുകൾ ചൊട്ടയിട്ടു. തൊട്ടടുത്ത വർഷം മുതൽ മികച്ച ഉൽപാദനവുമായി. സുഗന്ധനാളികേരത്തിലുള്ള  സവിശേഷ ആന്റി ഓക്സിഡന്റ് ഫീനോളിക് സംയുക്തമാണ് ഇളനീരിനു സുഗന്ധമുണ്ടാക്കുന്നത്. പ്രോജക്ട് വിജയമായതോടെ ആദ്യം നട്ട 180 തെങ്ങിനൊപ്പം 200 തൈ കൂടി ഇപ്പോൾ നട്ടിട്ടുണ്ട്.

aromatic-coconut-omkara-farm-owners
ഏഴിൽ കുമരനും അച്ഛൻ ജ്യോതീശ്വരൻ നാച്ചിമുത്തുവും തോട്ടത്തിൽ

ഓംകാര ഫാമിലെ സുഗന്ധ ഇളനീർ വാങ്ങി കുടിച്ചപ്പോൾ നേരിയ സുഗന്ധം മാത്രമാണ് തോന്നിയതെങ്കിലും രുചിയും  മധുരവും  അളവും ഒന്നാംതരമായിരുന്നു. മഴക്കാലമായതുകൊണ്ടാണ് മണം കുറഞ്ഞതെന്നും വേനൽക്കാലത്ത് സുഗന്ധമേറുമെന്നും ജ്യോതീശ്വരൻ അവകാശപ്പെടുന്നു. ഏതായാലും ഇപ്പോള്‍ ഇളനീരായല്ല ഇവർ വിളവെടുക്കുന്നതും വിൽക്കുന്നതും. തോട്ടത്തിലെ മുഴുവൻ നാളികേരവും തൈ ഉൽപാദനത്തിനെടുക്കുകയാണ്. ഒരു തൈയ്ക്ക് 1200 രൂപയാണ് വില. ശരാശരി 320 രൂപ കൊറിയർ ചാർജ് കൂടി നൽകിയാൽ ഇന്ത്യയിലെവിടെയും എത്തിച്ചുനൽകും. ഒരു പായ്ക്കറ്റിൽ 2 തൈകൾ വീതം അയയ്ക്കാനാകുമെന്ന് കുമരൻ പറഞ്ഞു.  ഗുജറാത്ത് മുതൽ അസമില്‍നിന്നുവരെ ഓര്‍ഡര്‍ വരുന്നുണ്ട്. 

aromatic-coconut-2
തെങ്ങിൻതൈകൾ

കുള്ളൻ ഇനം സുഗന്ധ നാളികേരത്തിൽനിന്ന് ഒരു വർഷം 17 കുലകളിലായി 350 തേങ്ങ പ്രതീക്ഷിക്കാമെന്നു ജ്യോതീശ്വരൻ പറഞ്ഞു. മതിയായ നന നൽകിയാൽ 17 മുതൽ 40 ഡിഗ്രി വരെയുള്ള താപനില സഹിച്ചുവളരാൻ ഇവയ്ക്കു കഴിയുമത്രെ. ഇതിലെ കരിക്കിൻവെള്ളത്തിന്റെ മധുരം 7–10 ബ്രിക്സാണ്. 22 അടി വീതം ഇടയകലം നൽകിയാൽ ഏക്കറിന്  80  സുഗന്ധനാളികേരം  കൃഷി ചെയ്യാം. 

ഫോൺ: 9003422438

സുഗന്ധ നാളികേരം മാത്രമല്ല കൃഷിയിലും വിപണനത്തിനും വ്യത്യസ്ത രീതികൾ സ്വീകരിച്ച കർഷകരുടെ വ്യത്യസ്ത വിളകളെക്കുറിച്ചുള്ള വിശദ റിപ്പോർട്ടുകളുമായി കർഷകശ്രീ സെപ്റ്റംബർ ലക്കം ഓണപ്പതിപ്പ് ഇപ്പോൾ വിപണിയിൽ...

ഓൺലൈനായും കർഷകശ്രീ വരിക്കാരാകാം ഇവിടെ ക്ലിക്ക് ചെയ്യുക

English summary: OmKara Farms - Aromatic Coconuts India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com