ADVERTISEMENT

ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് സെപ്റ്റംബർ 2–ാം തീയതി ലോകനാളികേരദിനമായി ആചരിക്കുന്നു. മനുഷ്യന് ഏറ്റവും ഉപയോഗപ്രദമായ തെങ്ങിന്റെ നന്മകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, അതുവഴി ഈ വിളയെ നട്ടുവളർത്താനും, സംരക്ഷിക്കാനും അവരെ പ്രേരിപ്പിക്കുക, അങ്ങനെ ഈ വിളയുടെ സമഗ്രവികസനം സാധ്യമാക്കുക എന്നതാണ് നാളികേരദിനാചരണത്തിന്റെ ലക്ഷ്യം. 

ഒരു മുഖ്യ വിളയായി കൃഷി ചെയ്യുന്ന ഇന്ത്യ ഉൾപ്പെടെയുള്ള 20 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റി (ICC) എന്ന സംഘടനയുടെ നിർദേശപ്രകാരമാണ് നാളികേരദിനം ആചരിക്കുന്നത്. 24 വർഷങ്ങൾക്കു മുമ്പ്, 1988ൽ തേങ്ങയ്ക്കുണ്ടായ വന്‍ വിലയിടിവു കാരണം കർഷകർക്ക് വരുമാനം തീരെ കുറഞ്ഞ അവസ്ഥ സംജാതമായി. അതോടെ കർഷകർക്ക് തെങ്ങുകൃഷിയിൽ താൽപര്യം ഇല്ലാതായി. ഇങ്ങനെ തെങ്ങുകൃഷിയും, അതിനോടു അനുബന്ധപ്പെട്ട വ്യവസായവും ഒരു പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ്, ഈ വിളയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി അന്താരാഷ്ട്ര നാളികേരസമൂഹത്തിന്റെ സ്ഥാപകദിനമായ സെപ്റ്റംബർ രണ്ടിന് ലോകനാളികേര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. അതുപ്രകാരം കഴിഞ്ഞ 23 വർഷമായി നാളികേര ദിനമായി ആചരിക്കുന്നു. പ്രസ്തുത ദിനത്തിൽ നാളികേരവുമായി ബന്ധപ്പെട്ട ഒരു കാലിക വിഷയം തിരഞ്ഞെടുത്ത് അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള നാളികേര സമൂഹം ചർച്ച ചെയ്യുന്നു.

coconut-2

1999ൽ ഒന്നാം നാളികേരദിനമാചരിച്ചപ്പോൾ ഐസിസി നൽകിയ സന്ദേശം ‘തെങ്ങു കൃഷി ചെയ്യണം, തേങ്ങാ ഭക്ഷിക്കണം, ഇളനീർ കുടിക്കണം, തെങ്ങിനെ പരമാവധി ഉപയോഗിക്കണം’(Plant Coconut, Drink Coconut, Use Coconut) എന്നായിരുന്നു. 24–ാം നാളികേര ദിനത്തിൽ ചർച്ച ചെയ്യാൻ ഐസിസി നൽകിയ സന്ദേശം  ‘ശോഭനമായ ഭാവിക്കും ജീവിതത്തിനും വേണ്ടി തെങ്ങു കൃഷി’ എന്നാണ്. നമ്മുടെ നാട്ടിലെ നാളികേരക്കൃഷിയെ സംബന്ധിച്ചിടത്തോളം ഈ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. കാരണം കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഉല്‍കണ്ഠ ഉളവാക്കുന്ന പ്രധാന പ്രശ്നം അനുദിനമെന്നോണം കുറഞ്ഞു വരുന്ന തെങ്ങുകളുടെ എണ്ണവും, തെങ്ങിൻ തോട്ടത്തിന്റെ വിസ്തൃതിയുമാണ്. കഴിഞ്ഞ 10 വർഷത്തെ കണക്കു പരിശോധിച്ചാൽ വിസ്തൃതിയിൽ ഏകദേശം ഒരു ലക്ഷം ഹെക്ടറിന്റെ കുറവു വരുന്നതായി കാണാം. ഒരു ഹെക്ടറിൽ ശരാശരി 175 തെങ്ങുകളെന്ന് കണക്കാക്കിയാൽ തന്നെ 175 ലക്ഷം തെങ്ങുകൾ വീട്ടു വളപ്പുകളിൽ നിന്ന് നശിച്ചുപോയിരിക്കുന്നു. പ്രായാധിക്യം കൊണ്ടും, രോഗംബാധിച്ചും നശിച്ചു പോയ തെങ്ങുകൾക്ക് പകരം നല്ല തൈകൾ നട്ടു വളർത്താൻ നാം വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. 

ഈ പ്രവണത തുടരാൻ പാടില്ല. നമ്മുടെ പൂർവികർ നമുക്ക് കൈമാറിയ കേരസമൃദ്ധവും സുന്ദരവുമായ പ്രകൃതിയെ അതുപോലെ വരും തലമുറയ്ക്ക് കൈമാറണമെങ്കിൽ നശിച്ച തെങ്ങുകൾക്കു പകരം പുതിയ തെങ്ങു നട്ടുവളർത്തിയേ മതിയാകൂ. കേരവൃക്ഷങ്ങളാൽ സുന്ദരമായിരുന്ന നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പോലും ഇന്ന് അനുഭവപ്പെടുന്ന കൊടും ചൂടിന്റെ കാരണം വീട്ടുവളപ്പിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തെങ്ങുകളാണ്. നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിൽ കുടകൾ പോലെ നിന്ന് സൂര്യപ്രകാശവും അന്തരീക്ഷത്തിൽ കൂടുതലുള്ള കാര്‍ബൺഡൈഓക്സൈഡും ആവാഹിച്ച് തെങ്ങു വളരുമ്പോൾ വീട്ടു വളപ്പിലെ ചൂട് നിയന്ത്രിക്കപ്പെടുന്ന കാര്യം നാം അറിയുന്നില്ല. കൂടാതെ ചൂട് കുറയുന്നതിനൊപ്പം ഈ വൃക്ഷങ്ങൾ നമുക്ക് ആവശ്യമായ പ്രാണവായു, ഓക്സിജൻ അന്തരീക്ഷത്തിൽ തിരികെ നൽകുകയും ചെയ്യുന്നു. അതായത് പ്രകൃതിയെ ശുദ്ധീകരിച്ച്  നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻസാഹചര്യമൊരുക്കുന്ന ജോലിയും തെങ്ങു ചെയ്യുന്നു എന്ന് നാം അറിയുന്നില്ല. 

coconut-3

നമ്മുടെ പൂർവികർ തെങ്ങിൻ തൈ നട്ടു വളർത്തുന്നതിൽ കാണിച്ചിരുന്ന ഉത്സാഹം ഇന്നു കാണുന്നില്ല. ഓരോ പ്രദേശത്തേക്കും ആവശ്യമായ ഗുണമേന്മയുള്ള തെങ്ങിൻ തൈയുടെ അഭാവമാണ് തെങ്ങു നട്ടുവളർത്തുന്നതിൽ കർഷകർ നേരിടുന്ന പ്രശ്നം. അത്യുൽപാദനശേഷിയുള്ള പല ഇനങ്ങളും ഗവേഷണസ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയുടെ സുലഭമായ ലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഏതാണ്ട് 36ലേറെ നെടിയതും കുറിയതും സങ്കര ഇനത്തിൽപ്പെട്ടതുമായ തെങ്ങിൻ തൈകൾ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇവയുടെ ലഭ്യത വളരെ പരിമിതമാണ്. 

ഓരോ പ്രദേശത്തേക്കും ആവശ്യമായ തെങ്ങിൻ തൈകൾ അതാത് പ്രദേശത്തു തന്നെ ഉൽപാദിപ്പിച്ചു വിതരണം ചെയ്യാൻ കർഷക പങ്കാളിത്തത്തോടൊപ്പം കമ്മ്യൂണിറ്റി നേഴ്സറികൾ നിലവിൽ വരണം. കൂടാതെ വിവിധ സർക്കാർ ഏജൻസികൾ ഉൽപാദിപ്പിക്കുന്ന തൈയുടെ എണ്ണം പരമാവധി വർധിപ്പിക്കണം. കൂടാതെ തൈ വയ്ക്കുന്നതിന് സർക്കാർ നൽകി വരുന്ന സാമ്പത്തിക സഹായം വേഗത്തിൽ ലഭ്യമാക്കുകയും വേണം. അത്യുൽപാദന ശേഷിയുള്ള സങ്കരയിനങ്ങൾ കർഷകർക്ക് ആവശ്യത്തിന് ലഭ്യമാക്കാൻ പരിമിതികൾ ഉള്ളതിനാൽ നടാനായി ഓരോ പ്രദേശത്തെയും പാരമ്പര്യഗുണമുള്ള നാടൻ നെടിയ ഇനങ്ങളുടെ തൈകള്‍ നടാനായി ഉപയോഗിക്കാം. ശരിയായ പരിചരണം നൽകിയാൽ ഇവ 5 വർഷം കൊണ്ട് കായ്ക്കുന്നതായും കൂടുതൽ വിളവ് തരുന്നതായും കാണുന്നുണ്ട്. 

24–ാം നാളികേരദിനമാചരിക്കുന്ന ഈ വേളയിൽ നമുക്ക് സന്തോഷത്തിന് വക നൽകുന്ന ഒരു കാര്യം ഉൽപാദനക്ഷമതയിൽ ഈ അടുത്തകാലത്തുണ്ടായ ഗണ്യമായ വർധനയാണ്. കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഉൽപാദനക്ഷമത മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായവർധനയുണ്ടായിട്ടുണ്ട്. 2002–03ൽ ഒരു ഹെക്ടറിൽ നിന്ന് 5866 തേങ്ങ കിട്ടിയിരുന്നത് 2011–12 ആയപ്പോഴേക്കും 7237 തേങ്ങയായി ഉയർന്നു. എന്നാൽ 2020–21 ലെ കണക്കനുസരിച്ച് 9169 തേങ്ങയായി കൂടി. അതായത് തെങ്ങൊന്നിന് 36 നാളികേരത്തിൽനിന്ന് 57 നാളികേരമായി വർധിച്ചു. അതായത് ഒരു ഹെക്ടറിൽ നിന്നുള്ള വർധന 1932 നാളികേരമാണ്. കഴിഞ്ഞ 10 വർഷത്തെ സഞ്ചിത വളർച്ച നിരക്ക് 26.7 ശതമാനമാണ്. ഇത് ആഭ്യന്തര വിപണിയിൽ തേങ്ങയുടെ ലഭ്യത കൂടാൻ ഇടയാക്കി. 

കേരകർഷകർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം തേങ്ങയുടെ വൻ വിലയിടിവാണ്. ഒരുവർഷം മുൻപ്, ഒരു കിലോ പൊതിച്ച തേങ്ങയ്ക്ക് 50 രൂപ വരെ വില ഉയർന്നതാണ്. എന്നാൽ അത് കുറഞ്ഞ് 26 രൂപ വരെയെത്തി. ഏകദേശം 50 ശതമാനത്തോളം കുറവാണ് ആഭ്യന്തര വിപണിയിൽ രേഖപ്പെടുത്തിയത്. ഇതിനു പ്രധാന കാരണം കൊപ്രയുടെയും, വെളിച്ചെണ്ണയുടെയും വിലയിടിവാണ്. ഉല്‍പന്നവൈവിദ്ധീകരണത്തിൽ ചില ചെറിയ മാറ്റങ്ങൾ വന്നെങ്കിലും തേങ്ങയുടെ വില കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയെ ആശ്രയിച്ചു നിൽക്കുന്നു. വെളിച്ചെണ്ണയുടെ വില കിലോയ്ക്ക് 220 രൂപ വരെ ഉയർന്നത് കുറഞ്ഞ് 138 രൂപയിൽ എത്തി നിൽക്കുന്നു. അതുപോലെ തന്നെ കൊപ്രയുടെ വിലയും ഗണ്യമായി കുറഞ്ഞു കിലോയ്ക്ക് 82 രൂപയിൽ എത്തി. ഗവൺമെന്റ് നിശ്ചയിച്ച താങ്ങുവിലയ്ക്ക് (105 രൂപ 50 പൈസ) കൊപ്ര സംഭരിക്കാൻ കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പല സാങ്കേതിക തടസ്സങ്ങൾ മൂലം സംഭരണം ഫലവത്തായി നടക്കുന്നില്ല. ഈ അവസരത്തിൽ കർഷകരിൽ നിന്നും പരമാവധി കൊപ്ര താങ്ങുവിലയ്ക്ക് സംഭരിക്കാൻ ഇതുമായി ബന്ധപ്പെട്ട ഏജൻസികൾ കൂടുതൽ ഊർജിതമാകേണ്ടിയിരിക്കുന്നു. കൂടാതെ തെങ്ങിന്റെ ഉൽപാദനക്ഷമത പരമാവധി കൂട്ടാനും, വിപണനസാധ്യതയുള്ള ഇടവിളകൾ കൃഷി ചെയ്യാനും തയാറാവണം. എങ്കിൽ മാത്രമേ ഭാവിയിൽ തെങ്ങു കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയൂ. 

coconut

ഈ അവസരത്തിൽ നമുക്ക് സന്തോഷത്തിന് വക നൽകുന്ന മറ്റൊരു ഗുണകരമായ മാറ്റം നാളികേര ഉൽപാദനങ്ങളുടെ കയറ്റുമതിയിൽ രേഖപ്പെടുത്തിയ ഗണ്യമായ വർധനയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2021, 22) കയർ ഉൾപ്പെട്ട നാളികേരഉൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ 7000 കോടി രൂപ വിദേശനാണ്യം നേടി തന്ന് നമ്മുടെ രാജ്യത്തെ സമ്പന്നമാക്കുന്ന വിളയായി കൂടി തെങ്ങ് മാറിയിരിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ വെളിച്ചെണ്ണയ്ക്കും, നാളികേരഉല്‍പന്ന വില വർധനയാണ് ഇതിന് സഹായകമായത്. ആഭ്യന്തരവിപണിയിലും അന്താരാഷ്ട്രവിപണിയിലും ഉണ്ടായിരുന്ന വലിയ വില വ്യത്യാസം വിൽപന ഉയരാൻ കാരണമായി. ഇത് വരും കാലങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും മറ്റു നാളികേര ഉൽപന്നങ്ങളുടെയും കയറ്റുമതി സാധ്യത വർധിപ്പിക്കും. വെളിച്ചെണ്ണയുടെ അന്താരാഷ്ട്രവിലയും, ആഭ്യന്തരവിലയും തമ്മിലുള്ള അന്തരം കുറഞ്ഞു നിൽക്കുന്നതിനാൽ വെളിച്ചെണ്ണയിൽ നിന്നുള്ള മൂല്യവർധിക ഉൽപന്നങ്ങളായ ഒളിയോ കെമിക്കൽസ് വ്യവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. ഇതുവഴി വെളിച്ചെണ്ണയുടെ മൂല്യം ഇരട്ടി ആക്കാവുന്നതാണ്. ലോകത്തെ തെങ്ങുകൃഷി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഫിലിപ്പീൻസും, മലേഷ്യയുമൊക്കെ ഇതിനകം വെളിച്ചെണ്ണയെ അടിസ്ഥാനമാക്കിയുള്ള ഒളിയോ കെമിക്കൽ പ്ലാന്റ് സ്ഥാപിച്ച് വിവിധ മൂല്യവർധിത ഉൽപന്നങ്ങള്‍ നിർമിച്ചു വിതരണം നടത്തിവരുന്നു. വെളിച്ചെണ്ണയിൽനിന്ന് വ്യവസായിക അടിസ്ഥാനത്തിൽ വൻകയറ്റുമതി സാധ്യതയുള്ള ഒളിയോ കെമിക്കൽസ്  നിർമിക്കുന്നതിന് പ്ലാന്റ് ഇന്ത്യ തുടങ്ങാൻ സാധ്യതയുണ്ട്. 

24–ാം നാളികേരദിനമാചരിക്കുന്ന ഈ അവസരത്തിൽ കല്പവൃക്ഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഈ വിളയെ നട്ടുവളർത്താനും, പരിപാലിക്കാനും വ്യവസായ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും നമുക്കു ശ്രദ്ധിക്കാം. കൂടാതെ നമ്മുടെ നാടിന്റെ നന്മയുടെ പ്രതീകമായ തെങ്ങിനെ സ്നേഹിക്കുവാനും, നാളികേര ഉൽപന്നങ്ങൾ ഭക്ഷണത്തിൽ ശീലമാക്കി ശോഭനമായ ഭാവി ജീവിതത്തിന് ലോകജനതയ്ക്ക് പ്രചോദനമാകട്ടെ ഈ ദിനാചരണം. 

വിലാസം: ആർ ജ്ഞാനദേവൻ, ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.), നാളികേര വികസന ബോർഡ്, ഫോൺ: 9446054597

English summary: World Coconut Day 2022: Know Why The Day Is Celebrated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT