കരൾ, വൃക്കരോഗങ്ങൾക്ക് കാരണമാകും കറുവയുടെ അപരൻ; തിരിച്ചറിയാം അപരനെ
Mail This Article
കറുവാപ്പട്ട എന്ന പേര് പരിചയമില്ലാത്തവർ വിരളം. ഭക്ഷണത്തിൽ രുചിക്കായി ചേർക്കുന്ന കറുവാപ്പട്ടയെ മാത്രമായിരിക്കും പലർക്കും അറിയുക. എന്നാൽ ഒട്ടേറെ ഔഷധഗുണങ്ങൾകൂടിയുള്ള ഉൽപന്നമാണ് കറുവാപ്പട്ട.
- ഔഷധമായും സുഗന്ധദ്രവ്യമായും പുരാതനകാലം മുതൽ ഉപയോഗിച്ചുവരുന്ന കറുവാപ്പട്ടയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
- ടൈപ്പ് 2 പ്രമേഹമുള്ള ഹൃദ്രോഗികളിൽ LDL കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുകയും HDL കൊളസ്ട്രോളിനെ സ്ഥായിയായി നിലനിർത്തുകയും ചെയ്യുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഒപ്പം പ്രമേഹ പ്രതിരോധമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
- നാഡീവ്യൂഹത്തിലെ കോശങ്ങളുടെ പ്രവർത്തനത്തെ ജീർണിപ്പിക്കുന്ന രോഗങ്ങളായ അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നു.
- കറുവാപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിന്നമാൽഡിഹൈഡ് മനുഷ്യരിലുണ്ടാക്കുന്ന പല രോഗങ്ങളെയും ബാക്ടീരിയ–കുമിൾ രോഗങ്ങളെയും പ്രതിരോധിക്കുന്നു.
- പല്ല് ദ്രവിക്കുന്നത് തടയുകയും വായ്നാറ്റം ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒട്ടേറെ ഗുണങ്ങൾ കറുവാപ്പട്ടയ്ക്ക് ഉണ്ടെങ്കിലും കറുവയ്ക്ക് ഒരു അപരനുണ്ട്. സിന്നമോമം സെയ്‌ലാനിക്കം എന്നാണ് കറുവയുടെ ശാസ്ത്രനാമമെങ്കിൽ അപരനായ ചൈന കറുവ അഥവാ കാസിയയുടെ ശാസ്ത്രനാമം സിന്നമോമം കാസിയ എന്നാണ്.
രുചി
കറുവയ്ക്ക് മധുരം കലർന്ന് ചെറിയ എരിവ് ഉണ്ടെങ്കിൽ കാസിയയ്ക്ക് നല്ല എരിവാണ്.
നിറം
കറുവയ്ക്ക് ഇളം തവിട്ടു നിറം. കാസിയയ്ക്ക് ചുവപ്പു കലർന്ന തവിട്ടു നിറമോ കടുപ്പമുള്ള തവിട്ടുനിറമോ ആയിരിക്കും.
രൂപം
യഥാർഥ കറുവ ഉണങ്ങിക്കഴിയുമ്പോൾ ഒരു സിഗരറ്റുപോലെ ആയിരിക്കും. കറുവാപ്പട്ട മാർദ്ദവമുള്ളതായിരിക്കും. ചൈന കറുവ അഥവാ കാസിയയുടെ പട്ട കട്ടിയുള്ളതും ഉണങ്ങിക്കഴിയുമ്പോൾ ഒരു കുഴൽ പോലെയും ആയിരിക്കും. പട്ട പരുപരുത്തതുമാകും.
കാണപ്പെടുന്നത്
കറുവ ഇന്ത്യയിലും ശ്രീലങ്കയിലും. കാസിയ ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലും.
ഉപയോഗം
കറുവ പ്രമേഹം, കൊളസ്ട്രോൾ, അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നു.
കാസിയയുടെ സ്ഥിരമായ ഉപയോഗം കരൾ, വൃക്ക രോഗങ്ങൾക്ക് കാരണമാകുന്നു.