ലജ്ജാലുവായ ഔഷധച്ചെടി അഥവാ തൊട്ടാവാടി: നൈട്രജൻ ഏറ്റവും കൂടുതൽ മണ്ണിലെത്തിക്കുന്ന സസ്യം
Mail This Article
നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന ഔഷധച്ചെടിയാണ് ലജ്ജാലു അഥവാ തൊട്ടാവാടി. തൊട്ടാലുടന്‍ ഇലകൾ കൂമ്പുന്നതിനാലാണ് ഈ പേരുകള്‍ വന്നത്. നിലത്തു പടർന്നു കിടക്കുന്ന തൊട്ടാവാടി രണ്ടു തരമുണ്ട്. വെള്ള പൂവുള്ളതും റോസ് പൂവുള്ളതും. ഇല കൂമ്പിയാൽ കുറച്ചുസമയം കഴിഞ്ഞാൽ മാത്രമേ ഉണർന്നുവരികയുള്ളൂ. വിത്തുകൾ വഴിയാണ് വംശവർധന. നൈട്രജൻ ഏറ്റവും കൂടുതൽ മണ്ണിലെത്തിക്കുന്ന സസ്യമാണിത്.
വേരും ഇലയും തണ്ടും സമൂലം ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. ഗാലക്ടോസ്, മാന്നോസ്, ടാനിൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. മുറിവുണങ്ങാൻ ഇലകൾ ചതച്ചുവച്ചാൽ മതി. ഈ ഘടകങ്ങൾ ശ്വാസവൈഷമ്യം, വ്രണം, രക്തശുദ്ധി എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ ചേർക്കുന്നു. സമൂലമാണ് ഔഷധ പ്രയോഗം. കുട്ടികളുടെ ശ്വാസവൈഷമ്യം, ആസ്മ, ബാഹ്യവസ്തുക്കളുടെ സാമീപ്യം മൂലമുള്ള ചൊറിച്ചി ൽ, ചർമരോഗങ്ങൾ, പ്രമേഹം എന്നിവയ്ക്ക് ഇതിന്റെ നീര് സ്ഥിരമായി കഴിച്ചാൽ കുറവുണ്ടാകും. ശരീരത്തിൽ മുറിവു പറ്റിയാൽ ഇലകൾ ചതച്ച് നീരോടെ തേച്ചു കൊടുക്കുന്നു. രക്താർശസിനും ശുഭഭ്രംഗമുള്ള അർശസിനും ഔഷധമാണ്. സ്തനവളർച്ചയ്ക്ക് സമൂലം അരച്ചെടുത്ത് എണ്ണയിൽ കാച്ചിയെടുത്ത് ഉപയോഗിക്കുന്നതു ഫലപ്രദമെന്ന് പഴമക്കാർ പറയുന്നു. നടുവേദനയ്ക്കുള്ള കുഴമ്പുകളില്‍ ചേരുവയാണ്. ഇളംചെടികൾകൊണ്ട് ചിലർ തോരനും ചമ്മന്തിയുമുണ്ടാക്കും.
ആടുകളുടെ പ്രധാന തീറ്റയാണ്. കന്നുകാലികളും തിന്നുന്നു. ഞരമ്പുകൾക്കും എല്ലുകൾക്കും ശക്തി കൂട്ടാന്‍ ഇത് കുത്തരിക്കൊപ്പം ചേര്‍ത്തു കഞ്ഞിവച്ചു കുടിച്ചാൽ മതിയെന്നാണ് മറ്റൊരു നാട്ടറിവ്. വിഷജന്തുക്കളു ടെ കടിക്കും ആർത്തവസമയത്തെ അതിരക്തസ്രാവത്തിനും മറുമരുന്നാണെന്ന് ആയുർവേദം. ശാസ്ത്രനാമം മൈമോസപുഡിക്കാ.
ഫോണ്‍: 9745770221