ADVERTISEMENT

‘കുടംപുളി ഇട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്’ എന്ന ചലച്ചിത്രഗാനം കേൾക്കുമ്പോൾ നോൺവെജ് മലയാളിയുടെ നാവിൽ കപ്പലോടിക്കാമല്ലോ. മീനിന്റെ ഉളുമ്പുനാറ്റം മാറ്റി ഒന്നാന്തരം രുചി നൽകും നമ്മുടെ കുടംപുളി. വടക്കൻ കേരളത്തിൽ കുടംപുളി ഉപയോഗം കൂടുതലായതു കാരണമാകാം ‘മലബാർ പുളി’ എന്നും കുടംപുളിക്ക് പറയാറുണ്ട്.

കുടംപുളി മരങ്ങൾ സഹ്യാദ്രി മലനിരകളിലാണ് കൂടുതലായി കാണുന്നത്. കേരളത്തിൽ 3 തരം കുടംപുളിയിനങ്ങളുണ്ട്. തമ്മിൽ ചെറിയ വ്യത്യാസങ്ങളേയുള്ളൂ. സാധാരണ കാണുന്ന, ചെറിയ മത്തന്റെ ആകൃതിയിലുള്ള ഇനമാണ് കൂടുതലും പ്രചാരത്തിലുള്ളത് (ശാസ്ത്രനാമം – ഗാർസിനിയ കമ്പോജിയ). അതുകഴിഞ്ഞാൽ മൂന്നാർ, രാജമല, ചിന്നാർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ മാത്രം ഉണ്ടാകുന്ന ഇനമാണ്. ഇവയ്ക്ക് ഉരുളാകൃതി കുറവായിരിക്കും (ഗാർസീനിയ കോണികാർപ്പ). സൈലന്റ്‌വാലിയിലും തമിഴ്നാട്ടിലെ നീലഗിരിയിലും മറ്റും കാണുന്നത് ഗാർസീനിയ പാപ്പില എന്ന ഇനമാണ്. വേനൽക്കാലത്ത് പൂത്ത്, മഴക്കാലത്തു കായ്ക്കുന്ന വിളയാണ് കുടംപുളി. വിളഞ്ഞു കഴിഞ്ഞാൽ പച്ചയിൽനിന്നു മഞ്ഞ നിറത്തിലേക്ക് മാറുന്ന ഇവയുടെ പഴങ്ങൾക്ക് ഏതാണ്ട് 1/2 ഇഞ്ച്  വ്യാസം ഉണ്ടാകും. പുളിപ്പ് കൂടുതലായതിനാല്‍ ഇതു നേരിട്ടു കഴിക്കാൻ ബുദ്ധിമുട്ടാണ്. പഴുത്തു വീഴുന്ന പുളി ചീഞ്ചുപോകാതിരിക്കാൻ മരത്തിന് കീഴെ ഷീറ്റുകൾ വിരിച്ചിടുന്നതു കൊള്ളാം. മരം കുലുക്കിയോ കൊമ്പുകൾ തല്ലിയോ പഴുത്ത കായ്കളെ ഒരുമിച്ചു വീഴ്ത്താം. 

ഉണക്കിയ രൂപത്തിലാണ് കുടംപുളി കമ്പോളത്തിൽ വരുന്നത്. 10–15 ദിവസം വരെ വെയിലത്തോ, പുകയടുപ്പിന്റെ മുകളിലോ ഇട്ട് ഉണക്കുന്നതാണ് പരമ്പരാഗത രീതി. വെയിലിനെ ആശ്രയിക്കാതെ, 10–12 മണിക്കൂർ ഡ്രയറിൽ വയ്ക്കാമെങ്കിൽ കൂടുതൽ വൃത്തിയായി ഉണക്കിയെടുക്കാം. കുടംപുളി പഞ്ചസാര ചേര്‍ത്തു ജാം, കാൻഡി എന്നീ ഉൽപന്നങ്ങളാക്കി സൂക്ഷിച്ചുവച്ച് ഉപയോഗിക്കാം.

കുടംപുളി പാചകാവശ്യത്തിനു മാത്രമല്ല, സ്വർണവും വെള്ളിയും മറ്റും മിനുക്കാനും ഉപയോഗിക്കുന്നു. നിറം പകരുന്ന ‘ഡൈ’യുടെയും  മരുന്നുകൾ, വാർണിഷ് എന്നിവയുടെ ഉൽപാദനത്തില്‍ പുളിമരവുരിയിൽനിന്ന് ഊറി വരുന്ന പശ ഉപയോഗിക്കുന്നു. പുളിങ്കുരുവിൽനിന്നു ഗുണമേന്മയുള്ള കൊഴുപ്പ് വേർതിരിച്ചെടുക്കുന്നുണ്ട്. ഇത് സൗന്ദര്യവർധക, ഉൽപന്നങ്ങളുടെയും വിവിധ മരുന്നുകളുടെയും നിർമാണത്തിനും ഉപയോഗിക്കുന്നു.

kudampuli
ഉണങ്ങിയ കുടംപുളി. Image credit: Shamils/Shutterstock

മലബന്ധം, അർശസ്സ്, വയറുകടി എന്നിവയുടെ ശമനത്തിനു പരമ്പരാഗത ചികിത്സകളിൽ കുടംപുളി സത്ത് ഉപയോഗിച്ചു വരുന്നു.  നീരുവറ്റിക്കാനും വാതശമനത്തിനും ആർത്തവക്രമീകരണത്തിനും ഉപയോഗിക്കുന്നുണ്ട്. കുടംപുളിയിൽ മാംസ്യം, അന്നജം എന്നിവ കൂടാതെ ആൽക്കലോയിഡുകൾ, ഫ്ലേവോനോയിഡുകൾ, ഫീനോളുകൾ, സാപോണിനുകൾ, റ്റാനിൻ എന്നിവ വിവിധ അളവുകളിലുള്ളതായി പഠനങ്ങളുണ്ട്, ഗാർസിനോൾ എന്ന ഘടകം കാൻസർ ചികിത്സയ്ക്കും ജനിതക വ്യതിയാന പരിഹാരത്തിനും സഹായകമാണ്. 

പൊണ്ണത്തടി കുറയ്ക്കാനുതകുമെന്നതാകും ഒരുപക്ഷേ, കുടംപുളിയുടെ ഏറ്റവും വലിയ സവിശേഷത. ഹൈഡ്രോക്സി സിട്രിക് ആസിഡ് എന്ന ജൈവിക അമ്ലമാണ് ഇതിനു സഹായകമാകുന്നത്. ഇവ ശരീരത്തിലെ സീറോട്ടോണിന്റെ പ്രവർത്തനം ക്രമീകരിക്കുന്നതു വഴി വിശപ്പ് കുറയ്ക്കുന്നു. ശരീരത്തിൽ കൊഴുപ്പുണ്ടാകുന്നത് കുറയ്ക്കാനും ഇവയ്ക്കു കഴിവുണ്ട്.

രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും കുടംപുളിസത്തിന് കഴിവുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. കരളിലെ എൻസൈമുകളുടെ സന്തുലിതാവസ്ഥയ്ക്ക് ഇവയുടെ സത്ത് സഹായകമാണ്.  തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ അസറ്റൈൽ കൊളൈൻ എന്ന എൻസൈമിന്റെ പ്രവർത്തനത്തെ കുടംപുളിസത്തിന് ത്വരിതപ്പെടുത്താനാകുമെന്നു റിപ്പോർട്ടുണ്ട്. വന്ധ്യത തടയാൻ കഴിവുള്ളതായി എലികളിൽ നടത്തിയ പഠനങ്ങളും പറയുന്നു.

ആരോഗ്യമുള്ള മനുഷ്യശരീരത്തിൽ ദിവസം 2800 മി.ഗ്രാം വരെ ഹൈഡ്രോക്സി സിട്രിക് ആസിഡ് ദോഷമുണ്ടാക്കില്ല; 100 ഗ്രാം കുടംപുളിയിൽ ഏതാണ്ട് 30 മി. ഗ്രാം ഹൈഡ്രോക്സി സിട്രിക് ആസിഡ് മാത്രമേ അടങ്ങുന്നുള്ളൂ എന്ന് ആശ്വാസകരമാണ്. എന്നാൽ ചിലരിൽ വയറെരിച്ചിൽ, തലവേദന, ചൊറിച്ചിൽ എന്നീ അസ്വാസ്ഥ്യങ്ങൾ നേരിയ തോതിൽ ഉണ്ടാക്കുന്നതായി അറിയുന്നു. വിവിധ രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇതു പതിവായി കഴിക്കാവൂ.

വിലാസം: ഡോ. സുമ ദിവാകർ, പ്രഫസർ, കമ്മ്യൂണിറ്റി സയൻസ് ഡിപ്പാർട്മെന്റ് കാർഷിക കോളജ്, വെള്ളായണി 

English summary: Health Benefits of Garcinia Cambogia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com