ADVERTISEMENT

ഇറച്ചിക്കോഴിവളർത്തലിൽ വൈദ്യുതിയുടെ പ്രസക്തിയെന്താണെന്ന് എല്ലാവർക്കുമറിയാം. ഒരു ദിവസം പ്രായത്തിൽ കൃഷിക്കാർക്കു കിട്ടുന്ന കോഴിക്കുഞ്ഞുങ്ങളെ വേണ്ടത്ര ചൂട് നൽകി വളർത്തിയെടുക്കാൻ വൈദ്യുതി ബൾബുകൾ തെളിച്ചേ മതിയാവൂ. അതുകൊണ്ടുതന്നെ എല്ലാ ബ്രോയിലർ ഷെഡുകളിലും അനിവാര്യമായ ഒന്നാണ് ചൂട് നൽകാനുള്ള ബ്രൂഡറുകൾ. പക്ഷേ, കാറ്റും മഴയുമുള്ള ഒരു രാത്രിയിൽ വൈദ്യുതി പോയാൽ എന്തു ചെയ്യും? ചൂടു നൽകേണ്ട ആദ്യത്തെ 12 ദിവസവും ഈ ആധി കൃഷിക്കാരന്റെ മനസ്സിലുണ്ടാവുക സ്വാഭാവികം. മൺകലങ്ങളിൽ കരി കത്തിച്ചു ചൂടുനൽകുകയാണ് പൊതുവെ കൃഷിക്കാർ സ്വീകരിക്കുന്ന പരിഹാരം. എന്നാൽ ചാക്കിന് 1200 രൂപ വിലയുള്ള കരി കത്തിക്കുമ്പോൾ ചോരുന്നത് കൃഷിക്കാരന്റെ വരുമാനമായിരിക്കും.  മാത്രമല്ല, കറന്റ് പോകുന്ന രാത്രികളിൽ കരി കത്തിക്കാനായി കോഴിക്കൂട്ടിലെത്തുന്നതും പ്രായോഗികമല്ലാതെ വരാം. ഇത്തരം തലവേദനകൾക്ക് കാഞ്ഞിരപ്പള്ളിക്കു സമീപം കുറുവാമൂഴി ഇഞ്ചത്താനത്ത് തോമസ് അലക്സ് എന്ന ഷാജി നടപ്പാക്കിയ പരിഹാരം ശ്രദ്ധേയമാണ്. 

 

വൈദ്യുതിയെ അശേഷം ആശ്രയിക്കാതെയും ആദായം കുറയാതെയും  കോഴികളെ വളർത്താനായി വിറക് കത്തിക്കുന്ന വീപ്പ ബ്രൂഡറും എൽഇഡി ബൾബുകളുമാണ് അദ്ദേഹം ഏർപ്പെടുത്തിയിട്ടുള്ളത്. കാലിവീപ്പയും അതിൽനിന്ന് ഷെഡിന്റെ മേൽക്കൂരയിലൂെട മുകളിലേക്ക് ഘടിപ്പിച്ച കുഴലും ചേർന്നാൽ വീപ്പ ബ്രൂഡറായി. സന്ധ്യയാകുമ്പോൾ  വിറകുപയോഗിച്ച് വീപ്പയ്ക്കുള്ളിൽ തീ കത്തിക്കുന്നു. രാത്രി മുഴുവൻ എരിയത്തക്ക വിധത്തിൽ വിറക് നിറച്ചശേഷം അടച്ചുവയ്ക്കണം. വിറക് കത്തി വീപ്പ നന്നായി ചൂടാവുകയും പുക കുഴലിലൂടെ പുറത്തേക്കു പോവുകയും ചെയ്യും. ചുട്ടുപഴുത്ത വീപ്പയ്ക്കു ചുറ്റും കൂടി നിൽക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് വേണ്ടത്ര ചൂട് കിട്ടുമെന്നു ഷാജി ചൂണ്ടിക്കാട്ടി.

 

വീപ്പ അമിതമായി ചൂടായി കോഴിക്കുഞ്ഞുങ്ങൾക്ക് പൊള്ളില്ലേ? എന്നാൽ അങ്ങനെ സംഭവിക്കില്ലെന്നു ഷാജി പറയുന്നു. പാകത്തിനു ചൂടു ലഭിക്കത്തക്ക അകലത്തിലേ കോഴിക്കുഞ്ഞുങ്ങൾ നിൽക്കൂ. വീപ്പയിൽ‌നിന്ന് നാലടി അകലെ വരെ ചൂട്കിട്ടാറുണ്ട്. ആദ്യത്തെ 12 ദിവസം മാത്രം മതിയാവുമെന്നതിനാൽ ഷെഡ് നിറയെ ചൂട് ലഭിക്കേണ്ട കാര്യമില്ല.  എങ്കിലും വെളിച്ചത്തിനു വേണ്ടിയെങ്കിലും വൈദ്യുതിബന്ധം നിലനിറുത്തേണ്ടേ? വേണ്ടെന്നുതന്നെയാണ് ഷാജിയുടെ അഭിപ്രായം. രാത്രിയിൽ തീറ്റയെടുക്കാനാവശ്യമായ വെളിച്ചം കോഴികൾക്കു കിട്ടണം. അതിനായി ചെലവ് കുറഞ്ഞ ബദൽ സംവിധാനമുണ്ട്. ഇരുചക്രവാഹനങ്ങളുെട ബാറ്ററിയും എൽഇഡി ബൾബുകളുമുപയോഗിച്ച് കോഴിക്കൂട്ടിൽ വെളിച്ചമെത്തിക്കുന്ന ഈ സംവിധാനത്തിനു പരമാവധി 3000രൂപയേ ചെലവ് വരികയുള്ളൂ. എൽഇഡി– ബാറ്ററി സംവിധാനവും വീപ്പ ബ്രൂഡറും നൽകിയ ആത്മവിശ്വാസത്തിൽ പുതിയ ബ്രോയിലർ ഷെഡിൽ അദ്ദേഹം വൈദ്യുതിബന്ധം ഏർപ്പെടുത്തിയിട്ടേയില്ല.

 

റബർ വിലയിടിവിന്റെ ആഘാതം താങ്ങാനാവാതെയാണ് ഒരു വർഷം മുമ്പ് ടാപ്പിങ് നിറുത്തി കോഴിവളർത്തൽ ആരംഭിച്ചത്. ബദൽവരുമാനസ്രോതസ്സായി കോഴിവളർത്തൽ തുടങ്ങാനായതിൽ ഷാജി സന്തുഷ്ടനാണ്. തൃപ്തികരമായ ആദായം കിട്ടുന്നതിന് അറുപത്തിമൂന്നാം വയസ്സിൽ ഇതിലും നല്ല മാർഗമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.  ഒരു കിലോ കോഴിക്ക് ഏഴുരൂപ നിരക്കിൽ വളർത്തുകൂലി ലഭിക്കും. മൂന്നു ഷെഡുകളിലായി ആകെ 6,000 കോഴികളെ വളർത്തുന്നുണ്ട്.  നാൽപതാം ദിവസം കോഴികളെ പിടിച്ചു തുടങ്ങുന്ന  കൂടുകൾനാൽപത്തിയഞ്ചാം ദിവസം കാലിയാകും. അടുത്ത 15 ദിവസം കൂട് അണുനശീകരണം നടത്തി കാലിയിടും. വിശ്രമത്തിനും യാത്രകൾക്കുമൊക്കെ ഈ ഇടവേള പ്രയോജനപ്പെടും – ഷാജി ചൂണ്ടിക്കാട്ടി.

 

കേരളത്തിലെ ഇറച്ചിക്കോഴി വളർത്തൽ സംരംഭകരിൽ 90 ശതമാനവും ആളൊഴിഞ്ഞ റബർ തോട്ടങ്ങളിലാണ്, പ്രത്യേകിച്ച് മലയോരങ്ങളിൽ. റബറിനു വില കുറഞ്ഞപ്പോൾ തോട്ടങ്ങളിൽ ഇറച്ചിക്കോഴി വളർത്തുന്ന ഷെഡുകളുെട എണ്ണം കൂടുകയും ചെയ്തു. റബർ കൈവിട്ടപ്പോഴും പല കർഷകരും പിടിച്ചുനിന്നത് ഈ ഷെഡുകളിൽനിന്ന് 40 ദിവസത്തെ ഇടവേളയിൽ വിപണിയിലെത്തുന്ന, കോഴികളിലൂെടയാണ്. എന്നാൽ മഴയും ഒടിഞ്ഞുവീഴുന്ന മരക്കൊമ്പുകളും ഈ മേഖലയിൽ വൈദ്യുതിമുടക്കം പതിവാക്കാറുണ്ട്. പട്ടണപ്രദേശങ്ങളിലേതപരിഹരിക്കണമെന്നുമില്ല.കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് നൽകാൻ ബദൽസംവിധാനങ്ങൾ കരുതുകയേ നിവൃത്തിയുള്ളൂ. വീപ്പ ബ്രൂഡറും എൽഇഡി ബൾബുകളും എത്തിയതോെട പ്രശ്നത്തിനു പരിഹാരമായെന്നു ഷാജി ചൂണ്ടിക്കാട്ടി. താൽക്കാലികമായല്ല സ്ഥിരമായി തന്നെ വൈദ്യുതി വേണ്ടെന്നുവയ്ക്കാൻ ഇതുവഴി സാധിക്കുന്നു.  കോഴികൾക്ക് വെള്ളം കുടിക്കാനായി നിപ്പിൾഡ്രിങ്കറുകളും ഷാജി ഏർപ്പെടുത്തി. ഇതുമൂലം ഒരു തുള്ളി വെള്ളംപോലും കൂടിനുള്ളിൽ വീണ് വൃത്തികേടാക്കുന്നില്ല. വെള്ളപ്പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്ന തലവേദന ഒഴിവാകുകയും ചെയ്യും.

 

ഫോൺ – 9447212738

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com