sections
MORE

കുളമ്പുരോഗം: കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
  • ഒ, എ, ഏഷ്യ1, സി എന്നീ വൈറസ് ഇനങ്ങളാണ് പ്രധാനമായും കുളമ്പുരോഗം ഉണ്ടാക്കുന്നത്
  • എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്.
sore-throat-disease
SHARE

കുളമ്പുരോഗം ഇപ്പോഴും ക്ഷീരകർഷകരെ അലട്ടുന്ന വലിയ പ്രശ്‍നം തന്നെയാണ്. എല്ലാ അതിർത്തി രേഖകളും മറികടന്നു ലോകമാകെ വളർത്തുമൃഗങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ സാംക്രമികരോഗമാണിത്. ലോകത്തിൽ എഴുപതോളം രാജ്യങ്ങളിൽ കുളമ്പുരോഗം നിർമാര്‍ജനം ചെയ്തിട്ടുണ്ട്. എന്നാൽ ആഫ്രിക്ക, ഏഷ്യ, മധ്യകിഴക്കൻ രാജ്യങ്ങൾ, പടിഞ്ഞാറേ യൂറോപ്പ് എന്നിവിടങ്ങളിൽ ഈ രോഗം ഇപ്പോഴും വ്യാപകം. ഇന്ത്യയിൽ കുളമ്പുരോഗം ആദ്യമായി 1868 ലാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധ മൂലം പാലുല്‍പാദനം ഗണ്യമായി (ഏകദേശം 80 ശതമാനം)കുറയുക, ഭ്രൂണഹത്യ, കന്നു കുട്ടികളുടെ പെട്ടെന്നുള്ള മരണം എന്നിവ കാരണം കർഷകർക്കു വൻനഷ്ടമാണുണ്ടാകുന്നത്. മാത്രമല്ല, ഈ രോഗം ബാധിച്ച പശുക്കൾക്കു പിന്നീട് ചെന പിടിക്കാൻ ബുദ്ധി മുട്ടാണ്. അകിടുവീക്കം, കിതപ്പ് എന്നീ രോഗലക്ഷണങ്ങൾ കാണുകയും ചെയ്യുന്നു.

ഒ, എ, ഏഷ്യ1, സി എന്നീ വൈറസ് ഇനങ്ങളാണ് പ്രധാനമായും കുളമ്പുരോഗം ഉണ്ടാക്കുന്നത്. സി– ഇനം മൂലമുള്ള രോഗം 1995 മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാല്‍ രോഗപ്രതിരോധമരുന്നിൽ ഈ ഇനത്തെ 2005 മുതൽ ഉൾപ്പെടുത്തിയിട്ടില്ല. 2016- ’17കാലയളവിൽ ഇന്ത്യയിൽ ഉണ്ടായ എല്ലാ കുളമ്പുരോഗബാധയും ‘ഒ’ ഇനം മൂലമാണ്. 2017-’18 ല്‍ 98 ശതമാനം രോഗവും ഈ ഇനം മൂലമായിരുന്നു. നാലു വർഷമായി കേരളത്തിൽ കാണപ്പെടാതിരുന്ന ഏഷ്യ 1 എന്ന ഇനം 2017-’18 ല്‍ ഒരു പശുവിൽനിന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഒരു പക്ഷേ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽനിന്നു കന്നുകാലികളെ കൊണ്ടുവന്നതിലൂടെ പടർ ന്നതാകാം.

പ്രധാനമായും വായുവിലൂടെയും, തീറ്റ, വെള്ളം, പുല്ല് എന്നിവയിലൂടെയുമാണ് ശരീരത്തിൽ രോഗാണു പ്രവേശിക്കുന്നത്. രോഗാണു പ്രവേശിച്ച് 2-7 ദിവസത്തിനകം രോഗലക്ഷണം കാണാം. ശക്തമായ പനി, വായയിൽനിന്ന് ഉമിനീർ തുള്ളിതുള്ളിയായി ഇറ്റിക്കൊണ്ടിരിക്കുക, തീറ്റ തിന്നാതിരിക്കുക, അയവെട്ടാതിരിക്കുക, പാലുൽ പാദനം പെട്ടെന്നു കുറയുക എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. ഒന്നു രണ്ടു ദിവസത്തിനകം വായയിലും കുളമ്പുകൾക്കിടയിലും, അകിടിലും, ചെറിയ കുമിളകൾ കാണുകയും അവ പിന്നീട് പൊട്ടി വ്രണങ്ങളാവുകയും ചെയ്യുന്നു. ഈ വ്രണങ്ങളിൽ പുഴുവരിക്കുന്നതും സാധാരണമാണ്. ഇടയ്ക്കിടെ കൈകാലുകൾ കുടയുന്നതു കാണാം. ചെനയുള്ള മൃഗങ്ങളിൽ ഗർഭമലസാനുള്ള സാധ്യതയുമുണ്ട്. അകിടിലെ വ്രണങ്ങൾ അകിടുവീക്കത്തിന് ഇടയാക്കുന്നു. രോഗം തീവ്രമാകുന്ന അവസരങ്ങളിൽ കാലികൾ ചത്തുപോകാറുണ്ട്. കന്നു കുട്ടികളിൽ രോഗാണുക്കൾ ഹൃദയപേശിയെ ബാധിക്കുകയും പെട്ടെന്നു മരണപ്പെടുകയും ചെയ്യാറുണ്ട്. 

മൃഗാരോഗ്യപാലന– രോഗനിയന്ത്രണ പരിപാടികൾക്ക് പത്താം പഞ്ചവത്സര പദ്ധതി മുതൽ രാജ്യം വലിയ പ്രാധാന്യം നൽകിവരുന്നു. കുളമ്പുരോഗം നിയന്ത്രിക്കുന്നതിനു പത്താം പഞ്ചവത്സരപദ്ധതിയിൽ (2003-2004) എഫ്എംഡിസിപി എന്ന പദ്ധതി ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലെ 54 ജില്ല കളിലും 6 കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പാക്കി. പിന്നീട് 2010-’11 കാലഘട്ടത്തിൽ 167 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. 2017-’18 കാലയളവിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പദ്ധതിയില്‍ ഭാഗഭാക്കായി. കുളമ്പുരോഗനിയന്ത്രണം ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ ദേശീയ ക്ഷീരവികസന ബോർഡുമായി സഹകരിച്ച് 2004 ൽ ഗോരക്ഷാ പദ്ധതിക്കു തുടക്കമിട്ടു. അഞ്ചു വർഷം അതു നീണ്ടുനിന്നു. കേരളത്തിൽ എഫ്എം ഡിസിപി രണ്ടു ഘട്ടമായാണ് നടപ്പാക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തിയായിരുന്നു ഒന്നാം ഘട്ടം. 2011 ൽ തുടങ്ങിയ രണ്ടാം ഘട്ടത്തില്‍ 11 ജില്ലകളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു. പദ്ധതിയുടെ തുടക്കത്തില്‍ ഇന്ത്യയിൽ രോഗബാധാനിരക്ക് രണ്ടായിരത്തോളം ആയിരുന്നത് 2017–18ല്‍ 149 ആയി കുറഞ്ഞുെവന്നത് ഈ പദ്ധതി വലിയ വിജയമായെന്നതിന്റെ തെളിവാണ്. രോഗ നിർമാര്‍ജനത്തിനായി വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് നടപ്പാക്കുന്ന പ്രോഗ്രസീവ് കണ്‍ട്രോള്‍ പാത്് വേ എന്ന വന്‍പദ്ധതിയിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിക്ക് 5 ഘട്ടമാണുള്ളത്. ഇന്ത്യ മൂന്നാം ഘട്ടത്തിലാണ്. രോഗനിര്‍മാര്‍ജന പദ്ധതിയുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരി ക്കുന്നു.

കൂട്ട പ്രതിരോധശേഷി

കുളമ്പുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയ മൃഗങ്ങള്‍ക്കു വേണ്ടത്ര പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് ഇവയുടെ രക്തരസം കുത്തിവയ്പിനു ശേഷം 21 ദിവസം കഴിഞ്ഞ് ശേഖരിക്കുകയും ഇവ ലാബില്‍ പരിശോധിക്കുകയും ചെയ്യുന്നു. 80 ശതമാനം കൂട്ടുപ്രതിരോധ ശേഷി ഉണ്ടായാൽ രോഗാണുവ്യാപനവും രോഗബാധയും കുറയ്ക്കാൻ സാധിക്കും. ഇതു സാധ്യമാക്കണമെങ്കില്‍ 85 ശതമാനം മൃഗങ്ങള്‍ക്ക് എങ്കിലും പ്രതിരോധ കുത്തിവയ്പ് നല്‍കണം. ഈ പദ്ധതി വിജയ കരമായി നടപ്പാക്കിയ ഡൽഹി, തെലങ്കാന എന്നിവിടങ്ങളിൽ കൂട്ടുപ്രതിരോധശേഷി 89 ശതമാനം കൈവരിച്ചിട്ടുണ്ട്. കേരളത്തിൽ കൂട്ടുപ്രതിരോധശേഷി തൃപ്തികരമായ രീതിയിൽ എത്തിയിട്ടില്ലാത്തതു കൊ‌ണ്ടാണ് രോഗബാധ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ വർഷം മിക്ക ജില്ലകളിലും രോഗബാധയുണ്ടായി. ചിലയിടങ്ങളില്‍യിടെയും കണ്ടു. ശരിയായ രീതിയിലോ, ശരിയായ അളവിലോ രോഗപ്രതിരോധ കുത്തിവയ്പ് നടത്താത്തതോ അല്ലെങ്കിൽ അതിനു കാലതാമസമുണ്ടായതോ ആകാം കാരണം. 

മരുന്നിന്റെ ഗുണമേന്മ

നിർവീര്യമാക്കിയ പ്രതിരോധമരുന്നാണ് പ്രതിരോധ കുത്തിവയ്പിന് ഉപയോഗിക്കുന്നത്. ഈ മരുന്നിനു 4-6 മാസം വരെ രോഗപ്രതിരോധശേഷി നൽകാനേ കഴിയുകയുള്ളൂ. പ്രതിരോധ കുത്തിവയ്പു നടത്തിയ മൃഗങ്ങളിൽ വീണ്ടും രോഗാണു ആക്രമണം ഉണ്ടാകുമ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെങ്കിലും ഇവ രോഗാണുവാഹകരായി മാറാനിടയുണ്ട്. കുത്തിവയ്പ് എടുത്തതിനു ശേഷമുള്ള 5-6 മാസങ്ങളിൽ രോഗമുള്ള മൃഗങ്ങളുമായി സമ്പർക്കമുണ്ടായാൽ രോഗം വരാന്‍ സാധ്യതയേറും. അതിനാല്‍ പുറത്തുനിന്നു കൊണ്ടുവരുന്ന മൃഗങ്ങളുമായി ഇക്കാലത്തു സമ്പർക്കം ഒഴിവാക്കണം. പുറത്തുനിന്നു കൊണ്ടുവരുന്ന മൃഗങ്ങളെ ഒരു മാസത്തേക്ക് മാറ്റിപ്പാർപ്പിക്കുക. രോഗപ്രതിരോധ കുത്തിവയ്പു നൽകിയതിനു ശേഷം മാത്രമേ അവയെ മറ്റു മൃഗങ്ങളുടെ കൂടെ പാർപ്പിക്കാവൂ.

ആവര്‍ത്തന കുത്തിവയ്പ് 

എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറു മാസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കുന്ന പശുക്കള്‍ക്കു തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയിൽ തീവ്രത കുറഞ്ഞ രീതിയിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്. കിടാരികള്‍ക്കു പശുക്കളെക്കാൾ രോഗ സാധ്യതയുണ്ട്. 

മരുന്നു സൂക്ഷിപ്പ് 

രോഗപ്രതിരോധ മരുന്ന് ശീതീകരണിയില്‍ സൂക്ഷിക്കുക എന്നതും വളരെ പ്രധാനം. ഇന്ത്യൻ ഇമ്യൂണോളജിക്കൽസ്, ഐവി ആർഐ, ബയോവേറ്റ്‌, ബ്രില്യന്റ് ബയോ ഫർമാ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ വാക്സിൻ ഉല്‍പാദിപ്പിക്കുന്നത്. 2003 നു ശേഷം കേന്ദ്ര സര്‍ക്കാരിന്റെ നിർദേശപ്രകാരം ഒരേ വാക്‌സിൻ സ്‌ട്രെയിൻ ആണ് എല്ലാ കമ്പനികളും ഉപയോഗിക്കുന്നത്. രോഗാണുക്കൾക്ക് പെട്ടെന്നു രൂപമാറ്റം സംഭവിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. രൂപ മാറ്റം സംഭവിച്ച രോഗാണുക്കൾക്ക് രോഗപ്രതിരോധ കുത്തിവയ്പ് എടുത്താലും ശരിയായ രീതിയിൽ പ്രതിരോധം ലഭിക്കണമെന്നില്ല. 

അയൽസംസ്ഥാനങ്ങളിൽനിന്ന് കന്നു‌കാലികളെ ഒരു പരിശോധനയും ഇല്ലാതെ കൊണ്ടുവരിക, അസുഖമുള്ള പശുക്കളെ അറവുശാലകളിലേക്കു കൊണ്ടു വരിക, ഇവയുടെ ക്രയവിക്രയം എന്നിവയാണ് രോഗം പടരാനുള്ള പ്രധാന കാരണങ്ങള്‍. 

രോഗനിയന്ത്രണ പദ്ധതി ഏറ്റവും വിജയകരമായതു ഡൽഹിയിലും തെലങ്കായിലുമാണ്. ഈ സ്ഥലങ്ങളിൽ കുളമ്പുരോഗ നിര്‍ണയ പരിശോധനയുടെ ഫലം പോസിറ്റീവ് എന്നു കാണുന്ന കേസുകള്‍ 2 ശതമാനത്തിൽ കുറവാണ്. എന്നാല്‍ കേരളത്തിൽ ഇത് 17.5 ശതമാനമാണ്. ഈ ഫലം നമ്മുടെ രാജ്യത്തിന്റെ ശരാശരി ഫല (21 ശതമാനം)ത്തെക്കാൾ കുറവാണെന്ന് ആശ്വസിക്കാം. 

പശു, എരുമ എന്നിവയെയാണ് രോഗം സാരമായി ബാധിക്കുന്നത്. കുളമ്പുരോഗ നിയന്ത്രണപദ്ധതിയില്‍ പശു, എരുമ, പന്നി എന്നിവയെയാണ് കുത്തിവയ്പു നടത്തുന്നത്. ആട്, ചെമ്മരിയാട് എന്നിവയെ ബാധിക്കുമെങ്കിലും ഇവയിൽ പൊതുവെ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതു കുറവാണ്. എന്നാല്‍ പന്നികളിൽ രോഗാണുക്കൾ പെട്ടെന്ന് ഇരട്ടിക്കുകയും വളരെയധികം മടങ്ങ് വൈറസുകൾ ശ്വാസത്തിലൂടെ പുറത്തേക്കുപോകുകയും ചെയ്യുന്നു. അതുകൊണ്ടാണ് പന്നികള്‍ “ആംപ്ലിഫൈർ ഹോസ്റ്റ്” എന്ന പേരിൽ അറിയപ്പെടുന്നത്. ആടുകള്‍ക്ക് പ്രകടമായ ലക്ഷണമില്ലാത്ത അസുഖം വരികയും ഇവയുടെ സ്രവങ്ങളിലൂടെ രോഗാണുക്കൾ പുറംതള്ളപ്പെടുകയും അങ്ങനെ പശുക്കൾക്ക് രോഗബാധ ഉണ്ടാകുകയും ചെയ്യുന്നു. അതിനാല്‍ ആടുകള്‍ക്കു രോഗപ്രതിരോധ കുത്തിവയ്പു നല്‍കുന്നില്ലെങ്കിലും അവയുടെ രക്തരസം പരിശോധിച്ചു രോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

രോഗപ്രതിരോധ കുത്തിവയ്പ് എടുത്താല്‍ മാത്രം പോരാ. രോഗാണുവിനെ നശിപ്പിക്കാനുള്ള കരുതലുകളുമെടുക്കണം. തൊഴുത്തും പരിസരവും അണുനാശിനികളായ 4 ശതമാനം അലക്കുകാരം, 3 ശതമാനം ബ്ലീച്ചിങ് പൗഡർ, 2 ശതമാനം സോഡിയം ഹൈഡ്രോക്െസെഡ് എന്നിവ ഉപയോഗിച്ചു ശുചിയാക്കണം. 

രോഗബാധ ഉണ്ടായാൽ

∙കന്നുകാലികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള മൃഗാ ശുപത്രിയിലെ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടുക.

∙ രോഗം വന്നവയെ മാറ്റി പാർപ്പിക്കുക. അവയെ പുറത്തേക്കു തീറ്റാൻ കൊണ്ടു പോകരുത്.

∙ രോഗമുള്ള സ്ഥലങ്ങളിൽനിന്നു പുല്ലും, വൈക്കോലും മറ്റും കൊണ്ടുവന്നുകൊടു ക്കുന്നതു മൂലം രോഗസംക്രമണം നടക്കു ന്നതിനാൽ അത് ഒഴിവാക്കേണ്ടതാണ്.

∙ രോഗമില്ലാത്തവയെ ശുശ്രൂഷിച്ചതിനു ശേഷം മാത്രമേ രോഗമുള്ളവയെ നോക്കാൻ പാടുള്ളൂ.

∙തൊഴുത്തിൽ പോകുന്നതിനു മുമ്പ് കൈകാലുകൾ അണുനാശിനിയിൽ മുക്കി അണുവിമുക്തമാക്കണം. വലിയ ഫാമുകളിൽ ഗേറ്റിൽ അണുനാശിനികൾ ഒഴിച്ച ചാലുകൾ ഉണ്ടാക്കാറുണ്ട്. വാഹനങ്ങളായാലും മനുഷ്യനായാലും ഇതിലൂടെ നനഞ്ഞു മാത്രമേ അകത്തു കടക്കാവൂ.

∙ രോഗമുള്ള പശുക്കളുടെ പാൽ തിളപ്പിച്ചതിനുശേഷം മാത്രമേ പുറത്തേക്കു കൊണ്ടുപോകാൻ പാടുള്ളൂ. കഴിയുന്നതും പാൽ പുറത്തേക്കു കൊണ്ടുപോകാതെ നോക്കേണ്ടതാണ്.

∙ പന്നികൾക്ക് അറവുശാലയിലെയും ഹോട്ടലുകളിലെയും വേസ്റ്റ് നന്നായി വേവിച്ച തിനുശേഷം മാത്രമേ കൊടുക്കാവൂ.

∙ രോഗം പടർന്നു പിടിക്കുന്ന സമയത്ത് കാലികളെ പുറമേക്കു വില്‍ക്കാനോ, പുറമെനിന്നു വാങ്ങിച്ചു കൊണ്ടുവരാനോ പാടില്ല. 

∙ അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന കാലികൾക്ക് ഒരു മാസം മുമ്പ് പ്രതിരോധ കുത്തിവയ്പു കൊടുക്കേണ്ടത് അത്യാവശ്യമാണ്. 

∙ നാട്ടിൽ രോഗം പടർന്നു പിടിക്കുന്ന അവസ്ഥയിൽ, 20-25 കി.മീറ്റര്‍ ചുറ്റളവിൽ എല്ലാ മൃഗങ്ങള്‍ക്കും രോഗപ്രതിരോധ കുത്തിവയ്പു നല്‍കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA