ADVERTISEMENT

ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി നിലനിൽക്കുമ്പോൾ ചെലവ് കുറഞ്ഞ്, പോഷകമൂല്യമേറിയ കോഴി മുട്ടയുടെയും ഇറച്ചിയുടെയും ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ട്. ഒപ്പം സുരക്ഷിത ഭക്ഷണമാണ് ഇവയെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. എന്നാൽ ഇറച്ചിക്കോഴി വളർത്തലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വിവാദങ്ങളും ആരോപണങ്ങളും ഈ മേഖലയെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു. ഇത് സംരംഭകരുടെയും തൊഴിലാളികളുടെയും നിലനിൽപുതന്നെ അപകടത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിവാദങ്ങളുടെ ശരി തെറ്റുകളൊന്നു പരിശോധിക്കാം.

 

മാംസോൽപാദനത്തിനായി മാത്രം ജനിതക, പ്രജനന പ്രക്രിയയിലൂടെ ഉരുത്തിരിച്ചെടുത്തവയാണ് ബ്രോയിലർ കോഴികൾ. കേവലം ആറാഴ്ചകൊണ്ട് രണ്ടു കിലോ തൂക്കമെത്തുന്ന മൃദുമാംസമാണ് ഇവയുടേത്. കൂടിയ വളർച്ചനിരക്ക്, മികച്ച തീറ്റപരിവർത്തനശേഷി, ഉയർന്ന ജീവന ക്ഷമത എന്നിവയാണ് അനുബന്ധ ഗുണങ്ങൾ. വിദേശരാജ്യങ്ങളിൽനിന്നുള്ള അടിസ്ഥാന ശുദ്ധ ഇനങ്ങളിൽ (പ്യൂ‍ർ, ലൈൻ) നിന്നു മുതുമുത്തച്ഛൻമാരുടെയും (ഗ്രേറ്റ് ഗ്രാൻഡ് പാരന്റ്), മുത്തച്ഛന്മാരുടെയും (ഗ്രാൻഡ് പാരന്റ്), അച്ഛനമ്മമാരുടെയും (പാരന്റ് സ്റ്റോക്ക്) ശേഖരം ഇന്ത്യയിൽ കൊണ്ടുവന്നാണ് കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്. ഇത്തരം മാതൃശേഖരങ്ങൾ സംരക്ഷിച്ച് കുഞ്ഞുങ്ങളെ വിൽപനയ്ക്കു തയാറാക്കുന്നത് ചുരുക്കം കുത്തക കമ്പനികൾ മാത്രമാണ്.

 

ആന്റിബയോട്ടിക് ഉപയോഗം 

 

ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ചിലപ്പോൾ ദുരുപയോഗവും ഇറച്ചിക്കോഴി വളർത്തൽ മേഖലയിലുണ്ടെന്നത് അനിഷേധ്യം. എന്നാൽ വളർച്ചനിരക്ക് കൂട്ടാൻ ആന്റിബോയോട്ടിക്കുകൾ ഉപയോഗിക്കുന്നുവെന്നു പറയുന്നത് വസ്തുതയല്ല. ആദ്യത്തെ ആഴ്ചയിൽ നൽകുന്ന പ്രീസ്റ്റാർട്ടർ തീറ്റയിൽ ചേര്‍ത്ത് വീര്യം കുറഞ്ഞ ചില ആന്റിബയോട്ടിക് സംയുക്തങ്ങൾ (ബേസിട്രേസിൻ, ക്ലോർടെട്രാസൈക്ലിൻ) ഉപയോഗിക്കാറുണ്ട്. ഇത് കുഞ്ഞുങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ വരാനിടയുള്ള കോളിഫോം ബാധ, വയറിളക്കം എന്നീ രോഗങ്ങളിൽനിന്നു രക്ഷ നൽകാനാണ്. മൂന്നു നാല് ദിവസത്തിനുള്ളിൽ ഇത്തരം സംയുക്തങ്ങളുടെ ശേഷിപ്പുകൾ ശരീരം തന്നെ പുറന്തള്ളുന്നതിനാൽ ഇത് മനുഷ്യർക്ക് ഒരുതരത്തിലും ഹാനികരമല്ല. രണ്ടാഴ്ച തൊട്ടു നൽകുന്ന സ്റ്റാർട്ടർ, നാലാഴ്ച തൊട്ടു നൽകുന്ന ഫിനിഷർ തീറ്റകളിൽ ആന്റിബയോട്ടിക് സംയുക്തങ്ങൾ ചേർക്കാറില്ല. വളർച്ചയുടെ മറ്റൊരു ഘട്ടത്തിലും രോഗചികിത്സയ്ക്കല്ലാതെ ആന്റിബയോട്ടിക് നൽകേണ്ട കാര്യവുമില്ല. രോഗം ബാധിക്കുമ്പോൾ വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ഉചിതമായ ആന്റി ബയോട്ടിക്കുകൾ നിശ്ചിത അളവിൽ നിശ്ചിത ദിവസത്തേക്കാണു നൽകേണ്ടത്. ചികിത്സ കഴിഞ്ഞ് ഒരാഴ്ചയ്ക്കു േശഷം വിപണനം നടത്തിയാൽ മാംസത്തിൽ ഇവയുടെ അംശമുണ്ടാവില്ല.

 

കരാറടിസ്ഥാനത്തിൽ വളർത്തുമ്പോൾ നഷ്ടം ഒഴിവാക്കാനായി പല കർഷകരും കമ്പനി നിർദേശാനുസരണമോ അല്ലാതെയോ ചെറിയ അണുബാധയ്ക്കുപോലും ആന്റിബയോട്ടിക് നൽകുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പലപ്പോഴും ഇത് നിശ്ചിത അളവിലോ അനുവദനീയമായ ദിവസങ്ങളിലേക്കോ ആയിരിക്കില്ല. ഡോക്ടറുടെ കുറിപ്പടി കൂടാതെ ആന്റിബയോട്ടിക്കുകൾ ലഭിക്കില്ല എന്നു വന്നാൽ ഈ പ്രവണത തടയാം. ചികിത്സയ്ക്കല്ലാതെ, അളവും കാലവും നോക്കാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നത് സൂക്ഷ്മാണുക്കൾ അവയ്ക്കെതിരെ പ്രതിരോധം നേടാൻ ഇടയാക്കും. ചെറിയ അണുബാധകൾക്ക് ആന്റിബയോട്ടിക്കിനു പകരം ഓർഗാനിക് ആസിഡുകൾ, പ്രീബയോട്ടിക്, പ്രോബയോട്ടിക് എന്നിവ ഉപയോഗിക്കാൻ കരാർ കമ്പനികൾ കർഷകരെ ബോധവൽക്കരിക്കണം. ബിസിനസ് നടത്തുന്നവർ നഷ്ടം വരാതിരിക്കാൻ കുറുക്കുവഴി തേടിയേക്കുമെന്നതിനാൽ പൊതുജനാരോഗ്യം കണക്കിലെടുത്ത് സർക്കാർ ഈ മേഖലയിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരികയും വേണം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികൾക്കു സർക്കാർ തുടക്കമിട്ടത് ആശാവഹമാണ്. കൂടാതെ, കൊളിസ്റ്റിൻ പോലുള്ള ആന്റിബയോട്ടിക് ഉപയോഗം ഫാമുകളിൽ പൂർണമായും നിരോധിച്ചു നിർദേശവും വന്നുകഴിഞ്ഞു. 

 

ഹോര്‍മോണ്‍ പ്രയോഗം 

 

കോഴികളിൽ വളർച്ചയ്ക്കായി ഹോർമോൺ കുത്തിവയ്ക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. കോഴികളിൽ ഹോർമോൺ പ്രയോഗം നിയമംമൂലം നിരോധിച്ചതാണ്. വളർച്ചയ്ക്കാവശ്യമായ ‘ഗ്രോത്ത്’ ഹോർമോൺ ‘പ്രോട്ടീൻ’ ഹോർമോണാണ്. തീറ്റയിലോ, കുടിവെള്ളത്തിലോ നൽകിയാൽ ഏതൊരു പ്രോട്ടീൻ സംയുക്തം പോലെയും ദഹനക്രിയ മൂലം അവ അതിവേഗം വിഘടിക്കപ്പെടും. ഇത്തരം ഹോർമോണുകൾ കോഴിയുടെ തൂക്കം വർധിപ്പിക്കാൻ‌ സഹായിക്കുമെങ്കിൽത്തന്നെ അത് നിരന്തരം കുത്തിവയ്പായി നൽകണം. എന്നാൽ പതിനായിരക്കണക്കിനു കോഴികളെ ഒരുമിച്ചു വളർത്തുന്ന ഫാമുകളിൽ ഇത് പ്രായോഗികമല്ല. പ്രായോഗികമായാൽത്തന്നെ നിരന്തരമായി ഓടിച്ചിട്ട് പിടിച്ച് കുത്തിവയ്ക്കുന്നതിന്റെ സമ്മർദം മൂലം തൂക്കം കുറയാനേ സാധ്യതയുള്ളൂ. 

 

ഹോർമോണുകളിൽ മറ്റൊരു വിഭാഗം കായികതാരങ്ങളും മറ്റും അനധിക‍ൃതമായി ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്ന സ്റ്റിറോയിഡുകളാണ്. ഇവ മസിൽ വളർച്ചയെ സഹായിക്കുമെങ്കിലും അതിന് തുടർച്ചയായ വ്യായാമവും കായികാധ്വാനവും ആവശ്യമാണ്. എന്നാൽ കേവലം ഒരു ചതുരശ്രയടി മാത്രം സ്ഥലം നൽകി വളർത്തുന്ന ഇറച്ചിക്കോഴികൾക്ക് ഓടി നടക്കാനോ, വ്യായാമത്തിനോ സാധ്യതകളില്ല. അതിനാൽ സ്റ്റിറോയി‍ഡ് നൽകി അതിന്റെ മെച്ചം കോഴികളിൽ നേടാൻ പറ്റില്ല. ഹോർമോണുകൾക്ക് ഉയർന്ന വിലയാണെന്നത് മറ്റൊരു പ്രധാന വസ്തുത. കടുത്ത മത്സരമുള്ള വിപണിയിൽ സംരംഭം ലാഭത്തിലാക്കാൻ കഷ്ടപ്പെടുന്ന കർഷകർക്കു വിലകൂടിയ ഹോർമോൺ സംയുക്തങ്ങൾ പ്രയോഗിക്കാൻ സാധിക്കുമോ എന്ന് സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിക്കാം. ഈസ്ട്രജൻ കുത്തിവച്ച് വളർത്തുന്ന ബ്രോയിലർ കോഴികൾ സ്ഥിരമായി കഴിക്കുന്നതിനാലാണ് പെൺകുട്ടികൾ പത്തു വയസ്സിനു മുൻപ് വയസ്സറിയിക്കുന്ന തെന്നാണ് മറ്റൊരു വാദം. എന്നാൽ ഈസ്ട്രജൻ, മനുഷ്യരിലും മൃഗങ്ങളിലും സ്ത്രൈണത പ്രദാനം ചെയ്യുന്ന ഹോർമോൺ മാത്രമാണ്. ഇവയ്ക്കു വളർച്ച ത്വരിതപ്പെടുത്താനോ, തൂക്കം കൂട്ടാനോ കഴിയില്ല. 

 

സുരക്ഷിത ഇറച്ചി 

 

മെച്ചപ്പെട്ട തീറ്റ, തീറ്റക്രമം, അനുയോജ്യമായ വളർത്തൽ രീതി, രോഗനിയന്ത്രണം എന്നിവ പാലിക്കുന്നതു വഴിയാണ് ഇറച്ചി ക്കോഴി ആറാഴ്ചകൊണ്ട് രണ്ട് കിലോയ്ക്കുമേൽ തൂക്കമെത്തുന്നത്. ഒരു ദിവസം പ്രായമുള്ള ബ്രോയിലർ കുഞ്ഞുങ്ങൾക്ക് 55 ഗ്രാമാണ് ശരാശരി ഭാരം. വളർച്ചയുടെ ആദ്യനാളുകളിൽ ഗ്ലൂക്കോസ്, ജീവകങ്ങൾ എന്നിവ ശുദ്ധമായ വെള്ളത്തിൽ ചേർത്ത് നൽകണം. ഈ പ്രായത്തിൽ രോഗാണു ബാധയ്ക്കുള്ള സാധ്യത കണക്കിലെടു ത്ത് ആദ്യ മൂന്നു ദിവസം രോഗം വരാതിരി ക്കാൻ വീര്യം കുറഞ്ഞ ആന്റിബയോട്ടിക്കുകള്‍ നൽകാം. ഒന്ന്, രണ്ട്, മൂന്ന്, നാല് ആഴ്ചകളിൽ നൽകേണ്ട ലസോട്ട, ഐബിഡി വാക്സിനുകളാണ് പലപ്പോഴും ഹോർമോണുകൾ എന്ന് തെറ്റിദ്ധരിക്കപ്പെടുന്നത്. മനുഷ്യരിലെന്നപോലെ, രോഗപ്രതിരോധത്തിനായി ഇറച്ചിക്കോഴികൾക്കും വാക്സിനുകൾ നൽ കേണ്ടതുണ്ട്. വൈറൽ രോഗങ്ങളുടെ ചികിത്സ ലഭ്യമല്ലാത്ത തിനാൽ വാക്സിൻ പ്രതിരോധമാണ് ഏക ആശ്രയം. കുടിക്കാൻ ശുദ്ധജലം, സമീകൃതതീറ്റ, അനുയോജ്യമായ കാലാവസ്ഥ, മെച്ചപ്പെട്ട പാർപ്പിട സൗകര്യം, വെന്റിലേഷൻ സൗകര്യം എന്നിവയുണ്ടെങ്കിൽ രോഗങ്ങളെ അകറ്റിനിർത്താം. അങ്ങനെ ആന്റിബയോട്ടിക് ഉപയോഗം ഒഴിവാക്കാം. പെട്ടെന്നുണ്ടാകുന്ന അസുഖ ങ്ങൾക്ക് വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത അളവിൽ നിശ്ചിത ദിവസത്തേക്കു മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ കോഴിയിറച്ചി സുരക്ഷിത ഭക്ഷണമെന്ന് ഉറപ്പിക്കാം. 

 

വിലാസം: ● ഡീൻ, ● അസി. പ്രഫസർ, പൗള്‍ട്രി സയൻസസ് ഡിപ്പാർട്മെന്റ്, വെറ്ററിനറി കോളജ്, മണ്ണുത്തി. ഫോണ്‍: 9846988211 (ഡോ. എസ്. ഹരികൃഷ്ണന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com