sections
MORE

ആരോഗ്യമുള്ള മുയൽക്കുഞ്ഞുങ്ങൾ കുഴഞ്ഞുവീണു ചാകുന്നു

HIGHLIGHTS
  • പിടഞ്ഞുവീണുകഴിഞ്ഞാൽ വൈകാതെതന്നെ മരണം സംഭവിക്കാം
  • യുട്യൂബ് വിഡിയോകൾ കണ്ട് മുയലുകളെ കുളിപ്പിക്കാൻ ശ്രമിക്കരുത്
rabbit
SHARE

ജോമോനും വറീതും പിന്നെ കുറച്ചു വളർത്തുജീവികളും – 6

"മുയലുകളെക്കുറിച്ച് അറിയാൻ ‌ഒരുപാടുണ്ട്. കൂ‌ടൊരുക്കുന്നതും തീറ്റ നൽകുന്നതും എല്ലാം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. പൂർണവളർച്ചയെത്താതെയാണ് മുയൽകുഞ്ഞുങ്ങൾ ജനിക്കുന്നതെന്ന് വറീതേട്ടന് അറിയാമല്ലോ. കണ്ടാൽ മാംസക്കഷ്ണംപോലെയിരിക്കും. പിന്നീട് പാലു ലഭിക്കുന്നതനുസരിച്ച് വളർന്നുതുടങ്ങും. ജനിച്ച് 10–12 ദിവസമാകുമ്പോൾ കണ്ണുതുറക്കുന്ന മുയൽകുഞ്ഞുങ്ങൾ 17–20 ദിവസം പ്രായമാകുമ്പോൾ തള്ളയുടെയൊപ്പം തീറ്റ തിന്നുതുടങ്ങും. 30 ദിവസം ആകുമ്പോൾ തള്ളയുടെ അടുത്തുനിന്നു മാറ്റാം. ഈ പ്രായം അതീവ ശ്രദ്ധേ ആവശ്യമായ സമയമാണ്. ഭക്ഷണത്തിലൂടെയും മറ്റും കുഞ്ഞുങ്ങളുടെ ഉദരത്തിൽ കടന്നുകൂടുന്ന ഐമീരിയ എന്ന പ്രോട്ടോസോവ ഉണ്ടാക്കുന്ന കോക്‌സിഡിയോസിസ് അഥവാ രക്താതിസാരമാണ് മുയൽ കുഞ്ഞുങ്ങളുടെ പ്രധാന ശത്രു. പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ കാണാൻ കഴിയാത്തതിനാൽ ഫലപ്രദമായ ചികിത്സ നടത്താൻ കഴിയില്ല." ജോമോൻ പറഞ്ഞു.

"അപ്പോൾ രോഗം ബാധിച്ചാൽ രക്ഷപ്പെടുത്താൻ കഴിയില്ലേ?" വറീത് ചോദിച്ചു.

"പുറമേനിന്ന് ലക്ഷണങ്ങൾ കാണാനുണ്ടാവില്ല. നല്ല രീതിയിൽ തീറ്റ കഴിച്ച് ചുറുചുറുക്കോടെ ന‌ടക്കുന്ന കുഞ്ഞുങ്ങൾ പെട്ടെന്ന് കുഴഞ്ഞുവീണ് പിടഞ്ഞ് ചാകുന്നതായി കാണാം. പിടഞ്ഞുവീണുകഴിഞ്ഞാൽ വൈകാതെതന്നെ മരണം സംഭവിക്കാം. ഒരു ബാച്ചിൽ ഇതുപോലെ മരണം കണ്ടാൽ കൂടയുള്ള കുഞ്ഞുങ്ങൾക്ക് സൾഫാ കണ്ടന്റ് ഉള്ള ഏതെങ്കിലും മരുന്ന് നൽകിയാൽ മതി. വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ടാൽ മരുന്ന് പറഞ്ഞുതരും. അതല്ല എങ്കിൽ നല്ല മുയൽ കർഷകരോട് ചോദിച്ചാലും മതി."

"രോഗം വരാതിരിക്കാനുള്ള പ്രതിവിധിയുണ്ടോ?"

"കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രാഥമിക മുൻകരുതൽ. കോക്‌സീ‍ഡിയോസിസ് വരാതിരിക്കാനായി കുഞ്ഞുങ്ങളെ തള്ളയിൽനിന്നു മാറ്റുന്നതിന് മുമ്പ് സൾഫാ മരുന്ന് നൽകണം. ഇതൊക്കെയാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്." ജോമോൻ പറഞ്ഞു.

"മറ്റേതൊക്കെ രോഗങ്ങളാണ് മുയലുകൾക്ക് പിടിപെടുക?"

"പാസ്‌ചുറെല്ലോസിസ് എന്ന രോഗമാണ് വലിയ മുയലുകൾ ​ഉൾപ്പെടെയുള്ളവയുടെ മരണത്തിന് കാരണമാകുന്നത്. കന്നുകാലികളിൽ കുരലടപ്പൻ എന്ന രോഗമുണ്ടാക്കുന്ന അണുതന്നെയാണ് ഇതിനു കാരണം. മൂക്കൊലിപ്പ്, ശ്വാസതടസം, ചുമ, ശരീര താപനിലയിലെ ഉയർച്ച എന്നിവയാണ് ലക്ഷണങ്ങൾ. തീറ്റയോടും മടുപ്പുണ്ടാകും. രോഗലക്ഷണങ്ങൾ കാണിക്കാതെയും മരണം സംഭവിക്കാം. ആന്റിബയോട്ടിക് മരുന്നുകൾ രോഗലക്ഷണം കണ്ടാൽ ഉടൻതന്നെ നൽകണണം. മറ്റു മുയലുകളിലേക്ക് പകരുകയും ചെയ്യും." ജോമ‌ോൻ പറഞ്ഞു.

"അപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണനിരക്ക് ഉയരും എന്നു സാരം" വറീതിന് കാര്യം മനസിലായി.

"അതേ.. അതാണ് വാസ്തവം. രോഗലക്ഷണങ്ങൾ കണ്ടാൽ അതിനെ മറ്റുള്ളവയുടെ അടുത്തുനിന്ന് മാറ്റിവേണം ചികിത്സ നൽകാൻ. കൂടും പരിസരവും ഈർപ്പമില്ലാത്ത അവസ്ഥയിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിലർ മുയലുകളെ കുളിപ്പിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാൽ, ശരീരത്തിൽ ഊർപ്പം കൂടിയാൽ രോഗം വേഗം പിടിപെടും. യുട്യൂബിലും മറ്റും കുളിപ്പിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുള്ള വിഡിയോകൾ നിരവധിയുണ്ടാകും. അതിനു പിറകേ പോകാത്തതാണ് നല്ലത്."

"വേറെ ഏത് രോഗമാണ് പ്രശ്നമുണ്ടാക്കുന്നത്?"

rabbit-1
ചർമ്മരോഗം ബാധിച്ച മുയൽ

"ചർമരോഗമാണ് മറ്റൊന്ന്. മൂക്ക്, കണ്ണ്, ചെവി, വിരലുകൾക്കിടയിൽ എന്നിവിടങ്ങളിലാണ് ചർമരോഗം പിടിപെടുക. ചെറിയ പ്രാണികൾ ഉണ്ടാക്കുന്ന രോഗാവസ്ഥയാണിത്. ആരംഭത്തിൽത്തന്നെ ചികിത്സിച്ചാൽ നല്ലത്. മൂക്ക്, ചെവി, കണ്ണ് എന്നിവിടങ്ങളിൽ തടിപ്പ് രൂപപ്പെട്ട് പൊടി പോലെ കാണുന്നതാണ് അവസ്ഥ. കൂടുതലായാൽ രക്തം പൊടിയുന്നതും കാണാം. ആരംഭത്തിൽ ശരീരത്തിൽ പുരട്ടാവുന്ന ദ്രവരൂപത്തിലുള്ള മരുന്നുകൾ ഫലംചെയ്യുമെങ്കിലും മൂർച്ഛിച്ച അവസ്ഥിയിലാണെങ്കിൽ ഇൻജക്ഷൻ വേണ്ടിവരും. ജോമോൻ തുടർന്നു. ഇവയാണ് പ്രധാന രോഗങ്ങൾ. മറ്റു രോഗങ്ങൾ അപൂർവമായേ കാണപ്പെടാറുള്ളൂ. വൃത്തിയാണ് എപ്പോഴും ആവശ്യം."

തുടരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA