ADVERTISEMENT

ജോമോനും വറീതും പിന്നെ കുറെ വളർത്തുജീവികളും – 7

മുയൽവളർത്തലുമായി ബന്ധപ്പെ‌ട്ട വിവരങ്ങളും വിശേഷങ്ങളും പങ്കുവച്ച് ജോമോനും വറീതും മത്സ്യക്കുളങ്ങളു‌ടെ അടുത്തേക്കു പോയി. 

പാറ പൊട്ടിച്ചതിൽനിന്നു കെട്ടിയെടുത്ത ഒരു കുളം. അതിനനടുത്തായി സിമന്റ് ഉപയോഗിച്ചു നിർമിച്ചിരിക്കുന്ന രണ്ടു ടാങ്കുകൾ. ഇവിടെയാണ് ജോമോന്റെ മത്സ്യങ്ങൾ വിഹരിക്കുന്നത്. പച്ചനിറത്തിലുള്ള വെള്ളത്തിൽ മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു. പാറക്കുളത്തിലാവട്ടെ വലിയ ആറു മീനുകൾ നടക്കുന്നു. മത്സ്യങ്ങളെക്കുറിച്ചും അറിഞ്ഞാൽക്കൊള്ളാമെന്നു വറീതിനു തോന്നി.

വറീത്: ജോമോനേ, ദേ ഈ വലിയ മീനുകൾ ഏതാണ്?

"വറീതേട്ടാ... അതാണ് ജയന്റ് ഗൗരാമി. പേരുപോലെതന്ന ഭീമന്മാരാണ്. ദേ ഈ കിടക്കുന്ന ആറെണ്ണത്തിനും പത്തു വയസിനടുത്ത് പ്രായമുണ്ട്." ജോമോൻ പറഞ്ഞു.

"പത്തു വയസോ! അത്രയും ആയുസൊക്കെ മത്സ്യങ്ങൾക്കുണ്ടോ?" 

"ഗൗരാമികൾക്കുണ്ട്. പത്തല്ല മൂപ്പതു വയസിനു മുകളിൽ പ്രായമുള്ള ഗൗരാമികൾ നമ്മുടെ നാട്ടിലുണ്ട്. അത്രയും പ്രായമുള്ളവ അപൂർവമായിട്ടേ ഉണ്ടാവൂ. എങ്കിലും ശരാശരി 20 വയസോളം ജീവിക്കും." ജോമോൻ പറഞ്ഞു.

"അപ്പോൾ ഇത്രയും വലിയ കുളത്തിൽ ആറെണ്ണത്തിനെ മാത്രമേ വളർത്താൻ കഴിയൂ?"

"അല്ല, ഒരു സെന്റിൽ 200 എ‌ണ്ണം വരെ ആകാം. അതിൽ കൂടിയിട്ട് കാര്യമില്ല. ഇത് പ്രജനനക്കുളമാണ്. അതിനാലാണ് ആറെണ്ണം" എന്നും പറഞ്ഞ് ജോമോൻ അടുത്ത കുളത്തിനു സമീപത്തേക്കു നടന്നു. കയ്യിൽ കരുതിയിരുന്ന പാത്രത്തിൽനിന്ന് തരി പോലെയുള്ള തീറ്റ കുളത്തിലേക്കെറിഞ്ഞു. മത്സ്യങ്ങൾ തീറ്റയെടുക്കാൻ കാണിക്കുന്ന ആവേശം കണ്ട് വറീത് അമ്പരന്നു. 

"ഇത് ഏതിനം മീനാണ്?" വറീത് ചോദിച്ചു.

ഇത് തിലാപ്പിയ. 

"ഗിഫ്റ്റ് തിലാപ്പിയ ആണോ?" ഗിഫ്റ്റിനെക്കുറിച്ച് കേട്ടിട്ടുള്ള വറീത് ചോദിച്ചു.

"ഗിഫ്റ്റ് അല്ല. ഗിഫ്റ്റ് അഥവാ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ സർക്കാർ ഏജൻസികൾ മുഖേന മാത്രമേ വാങ്ങിക്കാൻ കഴിയൂ. കേരളത്തിൽ വല്ലാർപാടത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ ഓഫീസുമായി ബന്ധപ്പെട്ടാൽ ഗിഫ്റ്റ് ലഭിക്കും. എന്നാൽ, 500 എണ്ണത്തിനു മുകളിൽ കുഞ്ഞുങ്ങൾ വേണമെങ്കിൽ ലൈസൻസ് ആവശ്യമാണ്. പിന്നെ ഗിഫ്റ്റിനൊപ്പം മികച്ച തിലാപ്പിയക്കുഞ്ഞുങ്ങളെ നമ്മുടെ നാട്ടിൽ കിട്ടാനുണ്ട്. എംഎസ്‍ടി, തായ്‍ലൻഡ് തിലാപ്പിയ ഒക്കെ ഇതിൽ പെടും" ജോമോൻ പറഞ്ഞു.

"എന്റെ വീടിനടുത്തുള്ള രാജു ഗിഫ്റ്റ് ആണെന്നും പറഞ്ഞ് കുറേ എണ്ണത്തിനെ കൊ​ണ്ടുവന്നിട്ടിട്ടുണ്ട്. ഫേസ്ബുക്കിൽ കണ്ടിട്ട് വിലക്കുറവിൽ എയർപോർട്ടിൽനിന്ന് എടുത്തതാണെന്നാ പറഞ്ഞത്. രണ്ടായിരം കുഞ്ഞുങ്ങളെയാണ് ഇട്ടത്." വറീത് കേട്ട കാര്യം പറഞ്ഞു.

"അപ്പോൾ കുളം ഒരു പത്തു സെന്റ് കാണുമായിരിക്കൂലോ."

"പത്തു സെന്റോ? ഒരു സെന്റു വലുപ്പം പോലുമില്ല രാജുവിന്റെ കുളത്തിന്." വറീത് പറഞ്ഞു.

"എന്നിട്ടാണോ 2000 എണ്ണം ഇട്ടത്?" 

fish
തിലാപ്പിയക്കുഞ്ഞുങ്ങൾ

"കുറഞ്ഞ വിലയിൽ കിട്ടിയപ്പോൾ വാങ്ങിയതാണ്. രണ്ടായിരം കുഞ്ഞുങ്ങൾ വളർന്നാൽ ഒരെണ്ണം അര കിലോഗ്രാം തൂക്കം വരും. അപ്പോൾ 1000 കിലോഗ്രാം വിൽക്കാൻ പറ്റും. ഒരു കിലോഗ്രാമിന് 250 രൂപ വച്ച് നല്ലൊരു വരുമാനം നേടാനാകും എന്നൊക്കെയാ അങ്ങേര് പറയുന്നത്."

"വറീതേട്ടാ ഒരു കാര്യം ഞാൻ ഇപ്പളേ പറയാം. 1000 അല്ല 100 കിലോ പോലും അദ്ദേഹത്തിന് കിട്ടാൻ പോണില്ല. ഏതോ ഒരു മത്സ്യക്കച്ചവടക്കാരൻ പറഞ്ഞു പറ്റിച്ചതാണ്. അടുങ്ങിക്കിടന്നാലും വളരാൻ ഇത് ഇറച്ചിക്കോഴിയൊന്നും അല്ലല്ലോ. വെള്ളത്തിലെ ഓക്സിജൻ ഉപയോഗിച്ചാണല്ലോ മത്സ്യങ്ങൾ ജീവിക്കുന്നത്. എ​ണ്ണം കൂടുമ്പോൾ ഓക്സിജന്റെ അളവ് കുറയും. അപ്പോൾ മത്സ്യങ്ങൾക്ക് നിലിനിൽപ്പില്ലാതെയാകും. വാപൊളിച്ച് നീന്തി അവസാനം ചത്തുപോകും." ജോമോൻ പറഞ്ഞു.

"ഓക്സിജൻ കുറയാതിരിക്കാൻ രാജു എയറേറ്റർ വച്ചിട്ടുണ്ട്."

"അതിനൊക്കെ ഒരു പരിധിയുണ്ട് വറീതേട്ടാ. ഓക്സിജൻ എയറേഷനിലൂടെ നൽകിയാലും മത്സ്യങ്ങളുടെ കാഷ്ഠം മൂലം വെള്ളത്തിൽ അമോണിയ ഉയരും. അത് മറ്റൊരു വില്ലനാണ്. പിന്നെ എണ്ണം കൂടുന്തോറും തീറ്റ കാര്യമായി ലഭിക്കാതെയും വരും. അവസാനം അഞ്ച് അല്ലെങ്കിൽ ആറു മാസംകൊണ്ട് പിടിക്കാൻ നോക്കുമ്പോൾ മീൻ 100 ഗ്രാം പോലും ഉണ്ടായി എന്നുവരില്ല. അവസാനം മീൻ വളർത്തി പോക്കറ്റ് കീറിയ കർഷകനെ കാണേണ്ടിവരും. ഒരു രാജു അല്ല ഇതുപോലെ പറ്റിക്കപ്പെട്ടിട്ടുള്ള നിരവധി രാജുമാർ ഇന്ന് കേരളത്തിലുണ്ട്. എന്റെ അഭിപ്രായത്തിൽ മത്സ്യം വളർത്തി വിറ്റ് ലാഭമുണ്ടാക്കിയ കർഷകരേക്കാൾ കൂടുതൽ ലാഭമുണ്ടാക്കിയിട്ടുള്ളത് കുഞ്ഞുങ്ങളെ വിറ്റവരും തീറ്റ വിറ്റവരും പടുതക്കുളങ്ങൾ ഉണ്ടാക്കാനുള്ള പടുത വിറ്റവരുമായിരിക്കും. എത്ര പറഞ്ഞാലും കച്ചവടക്കാരുടെ പ്രലോഭനത്തിൽ വീഴുന്ന നിരവധിപേരുണ്ട്. പറഞ്ഞുപറഞ്ഞു മടുത്തു." ജോമോന്റെ മുഖഭാവം കണ്ട് വറീത് അമ്പരന്നു.

തുടരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com