sections
MORE

മത്സ്യക്കൃഷി വിജയിക്കണമെങ്കിൽ വേണം കുറഞ്ഞ മുതൽമുടക്ക്

HIGHLIGHTS
  • കൃത്യമായ സമയത്തു വിൽക്കാൻകഴിഞ്ഞെങ്കിൽ മാത്രമേ ലാഭകരമാകൂ
  • തിലാപ്പിയ ആണെങ്കിൽ ഒരു മീനിന് രണ്ട് ചതുരശ്ര അടി വേണം
tilapia
SHARE

ജോമോനും വറീതും പിന്നെ കുറെ വളർത്തുജീവികളും – 8

"നമ്മൾ മലയാളികൾ കൃഷിയോട് ഏറെ അടുത്ത് ജീവിക്കുന്നവരാണ്. വിദേശത്തെ ജോലിയൊക്കെ മതിയാക്കി തിരിച്ചെ‌ത്തുന്നവരിൽ ഏറിയ പങ്കും ശിഷ്ടകാലം എന്തെങ്കിലും കൃഷി ചെയ്ത് ജീവിക്കണമെന്ന് കരുതുന്നവരാണ്. അത്തരത്തിലുള്ളവരെയാണ് മത്സ്യക്കൃഷിയുടെ ലോകത്തേക്ക് വീഴ്ത്താൻ ശ്രമിക്കുന്നത്. കണക്കുകൾ നിരത്തി ലാഭക്കഥകൾ പറയുമ്പോൾ ഇതേക്കുറിച്ച് വ്യക്തമായി ധാരണയില്ലാത്തവർ വിശ്വസിക്കും. അതുതന്നെയാണ് രാജു ചേട്ടനും സംഭവിച്ചത്. ഇപ്പോൾ ഇട്ടിരിക്കുന്ന കുഞ്ഞുങ്ങൾ അൽപ്പമൊന്നു വളർന്നോട്ടെ, രാജു ചേട്ടൻ വിയർക്കുന്നത് കാണാം. പക്ഷേ, അത് കാണാൻ അദ്ദേഹത്തിനു കുഞ്ഞുങ്ങളെ കൊടുത്ത ആൾ ഉണ്ടാവണമെന്നില്ല. അപ്പോളേക്കും മറ്റാരെയെങ്കിലും പ്രലോഭനത്തിൽ വീഴ്ത്തുന്ന തിരക്കിലായിരിക്കും അയാൾ." ജോമോൻ പറഞ്ഞു.

"പക്ഷേ ജോമോനേ, മീൻകൃഷി ചെയ്ത് ജീവിക്കുന്നവർ ഒരുപാടു പേരുണ്ടല്ലോ. അവർ എങ്ങനെ ലാഭമുണ്ടാക്കുന്നു?" വറീത് ചോദിച്ചു.

"നമ്മൾ കാർഷികമേഖലയിൽ നിക്ഷേപം നടത്തുമ്പോൾ കുറഞ്ഞ മുതൽമു‌ടക്കും കൂടുതൽ ലാഭവും എന്ന ചിന്തയിൽവേണം മുന്നോട്ടുപോകാൻ. ഇപ്പോൾ പലരും നഷ്ടത്തിലേക്ക് വീഴുന്നതിനു കാരണം വലിയ മുതൽമുടക്കി മത്സ്യക്കൃഷിയിലേക്ക് ഇറങ്ങുന്നതാണ്. ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്യുമ്പോൾ അതനുസരിച്ച് വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് പ്രയോജനം? ഇപ്പോഴാണെങ്കിൽ വളർത്തുമത്സ്യങ്ങൾ മാർക്കറ്റിൽ സുലഭമാ​ണ്. അതുകൊണ്ടുതന്നെ കൃത്യമായ സമയത്തു വിൽക്കാൻകഴിഞ്ഞെങ്കിൽ മാത്രമേ ലാഭമാണെന്ന് പറയാൻ പറ്റൂ." ജോമോൻ വിശദീകരിച്ചു.

"മത്സ്യകൃഷി ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?"

"നമ്മുടെ സ്ഥലസൗകര്യങ്ങൾ അനുസരിച്ചുവേണം എന്താണ് ചെയ്യേണ്ടതെന്നു തീരുമാനിക്കാൻ. അത്യാവശ്യം സ്ഥലമുണ്ടെങ്കിൽ പടുതക്കുളം നിർമിക്കാം. സ്ഥലമനുസരിച്ച് നീളവും വീതിയും തീരുമാനിക്കാം. ആഴം അഞ്ചടിയിൽ കൂടുതൽ വേണ്ട. മത്സ്യങ്ങൾക്ക് വളരാനുള്ള അനുയോജ്യമായ ആഴം അതാണ്. 400 ജിഎസ്എമ്മിനു മുകളിലുള്ള പടുതയാണ് നല്ലതാണ്. വെള്ളത്തിനു മുകളിൽവരുന്ന പടുതയുടെ ഭാഗം വെയിലേൽക്കാതെ സംരക്ഷിച്ചാൽ കൂടുതൽ കാലം ഈടു നിൽക്കും. കുളത്തന്റെ വലുപ്പം അനുസരിച്ചുവേണം മത്സ്യങ്ങളുടെ എണ്ണം തീരുമാനിക്കാൻ."

"മത്സ്യങ്ങളുടെ എണ്ണത്തിന്റെ കണക്ക് എങ്ങനെയാണ്?"

"തിലാപ്പിയ ആണെങ്കിൽ ഒരു മീനിന് രണ്ട് ചതുരശ്ര അടി എന്ന രീതിയിൽ വേണം നിക്ഷേപിക്കാൻ. അതായത് ഒരു സെന്റിൽ 200 മീൻ. അനാബസ്, വാള തുടങ്ങിയ മത്സ്യങ്ങൾ അന്തരീക്ഷത്തിൽനിന്നു ശ്വസിക്കുന്നവർ ആയതിനാൽ ഒരു സെന്റിൽ 400 എണ്ണം വളർത്താം. റെഡ് ബെല്ലി എന്ന നട്ടർ ആണെങ്കിൽ ഒരു സെന്റിൽ പരമാവധി 150 എണ്ണം മതിയാകും." ജോമോൻ പറഞ്ഞു.

"അപ്പോൾ വലിയ ജലാശയങ്ങളിലോ?"

"അവിടെയും ഈ കണക്കാണ് നല്ലത്. അല്ലെങ്കിൽ നഷ്ടം മാത്രമായിരിക്കും ബാക്കിയാകുക. വലിയ തോതിൽ ഉൽപാദിപ്പിച്ചാൽ മാത്രം പോരാ വിൽക്കാനുള്ള മാർഗവും കണ്ടെത്തണം. എങ്കിലേ മത്സ്യകൃഷി വിജയമാണെന്നു പറയാൻ കഴിയൂ."

തുടരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA