sections
MORE

വേനൽക്കാലമായി, വിളകൾക്കു വേണം ഗുണങ്ങളേറെയുള്ള പുതയിടൽ

HIGHLIGHTS
  • ഉണങ്ങിയതും പച്ചയുമായ എല്ലാ ജൈവവസ്തുക്കളും പുതയിടാനായി ഉപയോഗിക്കാം
mulching
SHARE

നല്ലൊരു ശതമാനം കര്‍ഷകരും അവഗണിക്കുന്ന കാര്‍ഷികപ്രക്രിയയാണ് പുതയിടല്‍. മണ്ണിനും സസ്യങ്ങള്‍ക്കും ഒരേപോലെ ആവശ്യമായ ഒന്നാണ് മണ്ണിനുമേലെയുള്ള ജൈവപുത. പ്രഗത്ഭരായ ജൈവകര്‍ഷകര്‍ ഒരിക്കലും സൂര്യപ്രകാശം മണ്ണിൽ നേരിട്ട് പതിക്കാൻ അനുവദിക്കാറില്ല. സൂര്യപ്രകാശമേറ്റ് മണ്ണില്‍നിന്നു ജലാംശം ബാഷ്പീകരിക്കുന്നത് തടയാന്‍ പുതയിടല്‍ സഹായിക്കുന്നതിനാൽ ജലസേചനത്തിന്റെ അളവ് നല്ലൊരു പരിധിവരെ കുറയ്ക്കാനാവുമെന്നാണ് പ്രഥമപ്രയോജനം. മേൽമണ്ണിലെ താപവും ആർദ്രതയും ക്രമപ്പെടുന്നതിനാൽ അതിലെ ജൈവപ്രക്രിയകൾ വേഗത്തിലാവുകയും ചെയ്യും.

ജൈവവസ്തുക്കൾ കത്തിച്ചുകളയുകയോ കൂനയിടുകയോ കമ്പോസ്റ്റാക്കുകയോ ചെയ്യാതെ അവയുപയോഗിച്ചുള്ള പുതയിടലിന്റെ ഗുണഗണങ്ങള്‍ വിവരിക്കാം.

  • പുതയിടുന്ന ജൈവവസ്തുക്കള്‍ ക്രമേണ വിഘടിച്ച് മണ്ണിലേക്ക് ചേരുകയും മണ്ണിലെ ജൈവാംശം (Organic Carbon Content) ഏറുകയും ചെയ്യും. ഇങ്ങനെ പരുവപ്പെടുന്ന മണ്ണിന് ജലാഗിരണശേഷിയും ജലനിര്‍ഗമനശേഷിയും വായുസഞ്ചാരവും കൂടും. വായുസഞ്ചാരവും ജൈവാംശവും കൂടുന്നതിനാല്‍ മണ്ണില്‍ പ്രവർത്തിക്കുന്ന വിവിധ മിത്രസൂക്ഷ്മാണുക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകും. വായുവിന്റെ അസാന്നിധ്യത്തില്‍ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളുടെ (Anaerobic Micro Organisms ) വളർച്ചയും നിയന്ത്രിക്കപ്പെടും.
  • ജൈവവസ്തുക്കള്‍ പണവും അധ്വാനവും മുടക്കി കമ്പോസ്റ്റ് നിർമാണത്തിനായി ഉപയോഗിക്കുന്നതിനുപകരം വിളകള്‍ക്ക് പുതയിട്ടാല്‍ ഈ വസ്തുക്കള്‍ മണ്ണിനെയും ജലത്തെയും സംരക്ഷിക്കുകയും ക്രമമായി മണ്ണിലേക്ക് കമ്പോസ്റ്റായി വിഘടിച്ചുചേരുകയും ചെയ്യും.
  • മേല്‍മണ്ണ് ചൂടാകാത്തതിനാല്‍ മണ്ണിരകളും, സൂക്ഷ്മജീവികളും മിത്രസൂക്ഷ്മാണുക്കളും മണ്ണിന്റെ മേല്‍പ്പരപ്പില്‍ത്തന്നെ വിരാജിക്കുകയും സസ്യങ്ങള്‍ക്കാവശ്യമായ വിവിധ ജൈവപ്രക്രിയകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. പോഷകങ്ങള്‍ ആഗിരണം ചെയ്യാനായി സസ്യങ്ങളുടെ വേരുകളും മേല്‍മണ്ണിലേക്ക് കൂടുതലായി വളര്‍ന്നുകയറും.
  • ജൈവസ്തുക്കളിലെ വിവിധ സസ്യമൂലകങ്ങളെ വിഘടിപ്പിച്ചുതരുന്ന മണ്ണിരകളും സൂക്ഷ്മാണുക്കളും മറ്റും ഈ ജൈവപുതയുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമൂലം സസ്യങ്ങള്‍ക്കാവശ്യമായ വിവിധ മൂലകങ്ങള്‍ ക്രമമായി സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു.
  • മണ്ണിലെ കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം (C : N Ratio ) കൃഷിമണ്ണിന് അനുയോജ്യമാംവിധം ക്രമപ്പെടുന്നതുമൂലം സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പോഷകങ്ങള്‍ ആഗിരണം ചെയ്യാനാവുന്ന ലവണരൂപത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു.
  • ഉണങ്ങിയതും പച്ചയുമായ എല്ലാ ജൈവവസ്തുക്കളും പുതയിടാനായി ഉപയോഗിക്കാം. എന്നാല്‍, പയർവര്‍ഗത്തില്‍പ്പെട്ട ചെടികളില്‍ നന്നായി മാംസ്യം (Protein) അടങ്ങിയിരിക്കുന്നതിനാല്‍ ഇവയുടെ ഇലകളും തണ്ടുകളും പുതയിടാന്‍ ഉപയോഗിക്കുന്നത് മണ്ണിനെ കൂടുതൽ പോഷിപ്പിക്കും. പുതയിടാനായും മണ്ണില്‍ പച്ചിലവളമായും ഉപയോഗിക്കാനായി ശീമക്കൊന്ന വളര്‍ത്തിയാല്‍ മണ്ണില്‍ വളം ചേര്‍ക്കുന്നത് നല്ലൊരുശതമാനം വരെ കുറയ്ക്കാവുന്നതാണ്.
  • വരള്‍ച്ചയിലും വാടാതെ നില്‍ക്കുന്ന ചില കളകള്‍ക്കും മണ്ണിന്റെ ആഴങ്ങളില്‍നിന്നും ജലവും പോഷകങ്ങളും വലിച്ചെടുക്കാൻ കഴിവുണ്ട്. ഇവയുടെ ഇലകളിലും തണ്ടുകളിലും മണ്ണില്‍ പൊതുവേ ദുര്‍ല്ലഭമായ ചില മൂലകങ്ങളുടെ നിക്ഷേപം കൂടുതലായിരിക്കും. ഇത്തരം സസ്യഭാഗങ്ങള്‍ പ്രത്യേകമായി മുറിച്ചെടുത്ത് പുതയിടുന്ന മണ്ണില്‍ സൂക്ഷ്മമൂലകങ്ങളുടെ അപര്യാപ്തത പ്രകടമാകാറില്ല.
  • പല കളകളുടെയും വിത്തുകൾ മുളച്ചുപൊങ്ങുന്നതിനെ ഒരു പരിധിയോളം പുത തടസ്സപ്പെടുത്തും.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA