ADVERTISEMENT

വേനലിന്റെ കാഠിന്യമേറിവരുന്നതിനൊപ്പം ജലദൗര്‍ലഭ്യവും ഏറിവരികയാണല്ലോ. ഭൂഗര്‍ഭജലത്തിന്റെയും വേനലിലും വറ്റാത്ത കുളങ്ങളുടെയും തോടുകളുടെയും നീരുറവകളുടെയും എണ്ണം മുന്‍കാലങ്ങളെയപേക്ഷിച്ച് ക്രമാതീതമായി കുറഞ്ഞിരിക്കുന്നതായാണ് കാണുന്നത്. വയല്‍ നികത്തലും, പാരമ്പര്യ ജലസ്രോതസുകളായ കുളങ്ങളും തോടുകളും നികത്തലും അനിയന്ത്രിതമായ മണ്ണെടുപ്പും ഭൂമി നികത്തലുമെല്ലാം വരാനിരിക്കുന്ന വരള്‍ച്ചയ്ക്ക് മതിയായ കാരണങ്ങളാണ്. കേരളത്തില്‍ കൃഷിക്കുപയുക്തമായ ഭൂമേഖലകളില്‍ പലതും വേണ്ടത്ര ജലസേചനസൗകര്യങ്ങളില്ലാത്തതിനാല്‍ തരിശുഭൂമിയായിക്കിടക്കുന്ന കാഴ്ചകളുടെ വ്യാപ്തി ഓരോ വേനലും കഴിയുമ്പോഴും ഏറിവരികയാണല്ലോ. അതുകൊണ്ടുതന്നെ ജലസംരക്ഷണവും, ലഭ്യമായ ജലത്തിന്റെ കാര്യക്ഷമമായ ഉപഭോഗവും കാര്‍ഷികമേഘലയില്‍ കാലികപ്രാധാന്യമര്‍ഹിക്കുന്നു. ദീര്‍ഘകാലവിളകളേക്കാള്‍ ദിവസേന ജലസേചനമാവശ്യമായ പച്ചക്കറിവിളകളെയാണ് ഏറെയും വരള്‍ച്ചയുടെ കെടുതികള്‍ ബാധിക്കുക. ഈ സാഹചര്യത്തില്‍ ലഭ്യമായ ജലത്തിന്റെ ഉപയോഗക്ഷമത കൂട്ടി വിളകളെ സംരക്ഷിക്കുന്നതെങ്ങനെയൊക്കെയെന്ന് നോക്കാം.

പുതയിടല്‍

  • നല്ലൊരു ശതമാനം കര്‍ഷകരും അവഗണിക്കുന്ന ഒരു കാര്‍ഷികപ്രക്രിയയാണ് പുതയിടല്‍. പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ചുള്ള പുതയേക്കാള്‍ മണ്ണിനും സസ്യങ്ങള്‍ക്കും ആവശ്യമായത് വളരുന്ന മണ്ണിനുമേലെയുള്ള ജൈവപുതയാണ്. ജൈവവസ്തുക്കൾ ഏതുതരത്തില്‍പ്പെട്ടതായാലും കത്തിച്ചുകളയാതെ പുതയിടാൻ ഉപയോഗിക്കാം. ജവവസ്തുക്കൾ ഉപയോഗിച്ചുള്ള പുതയിടലിന്റെ വിവിധ ഗുണങ്ങള്‍ വിവരിക്കാം.
  • സൂര്യപ്രകാശമേല്‍ക്കാത്തതിനാല്‍ മണ്ണില്‍നിന്നും ജലാംശം ബാഷ്പീകരിക്കുന്നത് തടയാന്‍ പുതയിടല്‍ സഹായിക്കും. ഇതുമൂലം ജലസേചനത്തിന്റെ അളവും ഒരുപരിധിവരെ കുറയ്ക്കാനാവും.
  • പുതയിടുന്ന ജൈവവസ്തുക്കള്‍ ക്രമേണ വിഘടിച്ച് മണ്ണിലേക്ക് ചേരുകയും മണ്ണിലെ ജൈവാംശം (Organic Carbon Content) വർധിക്കുകയും ചെയ്യും. ഇങ്ങനെ പരുവപ്പെടുന്ന മണ്ണിന് ജലാഗിരണശേഷിയും ജലനിര്‍ഗമനശേഷിയും വായുസഞ്ചാരവും കൂടും. വായുസഞ്ചാരം കൂടുന്നതിനാല്‍ മണ്ണില്‍ വായുവിന്റെ അസാന്നിധ്യത്തില്‍ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവനുഭവപ്പെടും.
  • ജൈവവസ്തുക്കള്‍ പണവും അധ്വാനവും മുടക്കി കമ്പോസ്റ്റ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നതിനുപകരം വിളകള്‍ക്ക് പുതയിട്ടാല്‍ ഈ വസ്തുക്കള്‍ മണ്ണിനെയും ജലത്തെയും സംരക്ഷിക്കുകയും ക്രമമായി മണ്ണിലേക്ക് കമ്പോസ്റ്റായി വിഘടിച്ചുചേരും.
  • മേല്‍മണ്ണ് ചൂടാകാത്തതിനാല്‍ മണ്ണിരകളും, സൂക്ഷ്മജീവികളും മിത്രസൂക്ഷ്മാണുക്കളും മണ്ണിന്റെ മേല്‍പ്പരപ്പില്‍ത്തന്നെ വിരാജിക്കുകയും സസ്യങ്ങള്‍ക്കാവശ്യമായ ജൈവപ്രക്രിയകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യും. പോഷകങ്ങള്‍ ആഗിരണം ചെയ്യാനായി സസ്യങ്ങളുടെ വേരുകളും മേല്‍മണ്ണിലേക്ക് വളര്‍ന്നുകയറും.
  • ജൈവസ്തുക്കളിലെ സൂക്ഷ്മമൂലകങ്ങളെ വിഘടിപ്പിച്ചുതരുന്ന മണ്ണിരകളും സൂക്ഷ്മാണുക്കളും മറ്റും ഈ ജൈവപുതയുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമൂലം സസ്യങ്ങള്‍ക്കാവശ്യമായ വിവിധ സൂക്ഷ്മമൂലകങ്ങള്‍ ക്രമമായി സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു.
  • മണ്ണിലെ കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം (C : N Ratio ) കൃഷിമണ്ണിന് അനുയോജ്യമാംവിധം ക്രമപ്പെടുന്നതുമൂലം സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പോഷകങ്ങള്‍ ആഗിരണം ചെയ്യാനാവുന്ന ലവണരൂപത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു.
  • ഉണങ്ങിയതും പച്ചയുമായ എല്ലാ ജൈവവസ്തുക്കളും പുതയിടാനായി ഉപയോഗിക്കാം. എന്നാല്‍, പയറുവര്‍ഗത്തില്‍പ്പെട്ട ചെടികളില്‍ നന്നായി മാംസ്യം (Protein) അടങ്ങിയിരിക്കുന്നതിനാല്‍ ഇവയുടെ ഇലകളും തണ്ടുകളും പുതയിടാന്‍ ഉപയോഗിക്കുന്നത് മണ്ണിനെ പോഷിപ്പിക്കും. പുതയിടാനായും മണ്ണില്‍ പച്ചിലവളമായും ഉപയോഗിക്കാനായി ശീമക്കൊന്ന വളര്‍ത്തിയാല്‍ മണ്ണില്‍ വളം ചേര്‍ക്കുന്നത് കുറയ്ക്കാവുന്നതാണ്.

തുള്ളിനന (Drip Irrigation)

ജലനഷ്ടം ഒട്ടുമില്ലാത്ത വിവിധ ജലസേചനരീതികളിലൊന്നാണ് തുള്ളിനന. കൃഷിഭൂമിയുടെ ചെരിവും നടീല്‍ അകലവും കണക്കാക്കിവേണം തുള്ളിനന സമ്പ്രദായം നടപ്പിലാക്കേണ്ടത്. പക്ഷേ, ഈ രീതി വ്യാപകമായി പച്ചക്കറിചെയ്യുന്ന മേഖലകളില്‍പ്പോലും ഇന്നും ഫലപ്രദമായി ഉപയോഗത്തില്‍ വന്നിട്ടില്ല. വെള്ളത്തില്‍ ലയിച്ചുചേരുന്ന വളങ്ങള്‍, ഗോമൂത്രം എന്നിവയും തുള്ളിനനയ്ക്കുപയോഗിക്കുന്ന വെള്ളത്തില്‍ ലയിപ്പിച്ചുചേര്‍ക്കാനാവുമെന്ന

സൗകര്യവും ഈ ജലസേചനരീതിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഓരോ വിളകള്‍ക്കും അവ വളരുന്ന മണ്ണിന്റെ സ്വഭാവമനുസരിച്ചും വേണം എത്രമാത്രം വെള്ളം ആവശ്യമെന്ന് കണക്കാക്കി തുള്ളിനന പദ്ധതി ക്രമീകരിക്കേണ്ടത്.

സമയബന്ധിതമായ ജലസേചനം

water-management
തുള്ളിനന

മുന്‍പ് പറഞ്ഞപോലെ പുതയിട്ട കൃഷിയിടങ്ങളില്‍ വിളകള്‍ക്കാവശ്യമായ അളവില്‍ മാത്രമേ ജലസേചനം നടത്തേണ്ടതുള്ളൂ. പലപ്പോഴും ആവശ്യത്തില്‍ക്കൂടുതലുള്ള ജലസേചനം സസ്യങ്ങള്‍ക്ക് ഉപകരിക്കില്ല. പകരം ജലനഷ്ടവും മണ്ണില്‍ച്ചേര്‍ത്ത വളങ്ങളുടെ ഒലിച്ചുപോകലിനും വഴിവയ്ക്കുന്നു. വൈകുന്നേരങ്ങളിൽ ജലസേചനം നടത്തുന്നതാണ് പകല്‍ സമയത്തെ ബാഷ്പീകരണനഷ്ടം തടയാന്‍ നല്ലത്.

കളനിയന്ത്രണം

മണ്ണിലെ വളം വലിച്ചെടുക്കുന്നപോലെത്തന്നെ മണ്ണിലെ ജലാംശത്തിലെ നല്ലൊരുഭാഗവും കളകളെടുക്കുന്നു. ആയതിനാല്‍ വേനല്‍ക്കാലം തുടങ്ങുംമുമ്പുതന്നെ കളകള്‍ പറിച്ചോ മുറിച്ചുമാറ്റിയോ നിയന്ത്രിക്കണം. ഈ കളകൾതന്നെ പുതയിടാൻ ഉപയോഗിക്കാം.

വിളകളുടെ തെരഞ്ഞെടുപ്പ്

വെള്ളത്തിന്റെ ആവശ്യകത വിവിധ വിളകള്‍ക്ക് വ്യത്യസ്തമായ അളവിലാണ്. ഉദാഹരണത്തിന് പൈനാപ്പിള്‍ കൃഷിയില്‍ വാഴക്കൃഷിയെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ ജലസേചനം മതിയാവും. പയര്‍ കൃഷിയില്‍ കോവല്‍ കൃഷിയേക്കാള്‍ അല്‍പ്പം കുറഞ്ഞ അളവില്‍ ജലസേചനമേ വേണ്ടൂ. ആയതിനാല്‍ വേനലിന്റെ കാഠിന്യം കൂടുതലുള്ള പ്രദേശങ്ങളില്‍ യുക്തിപൂർവം വേണം യോജിച്ച വിളകള്‍ തെരഞ്ഞെടുക്കാന്‍. ചീര, ഇലക്കറികള്‍, തക്കാളി, ചിലയിനം മുളകുകള്‍ എന്നിവയ്ക്ക് സൂര്യപ്രകാശം താരതമ്യേന കുറഞ്ഞയളവില്‍ മാത്രം മതിയെന്നതിനാല്‍ ഇവ ഇടവിളയായി കൃഷിചെയ്തും ജലം ലാഭിക്കാം.

ജൈവവസ്തുക്കള്‍ മണ്ണില്‍ ചേര്‍ക്കല്‍

മണ്ണിന്റെ ജൈവഘടന മണ്ണിലെ ജലാഗിരണശേഷിയിലും ജലനിര്‍ഗമനശേഷിയിലും പ്രധാന പങ്കുവഹിക്കുന്നു. കരിയിലകള്‍ മാത്രമല്ല, ലഭ്യമായ ജൈവാവശിഷ്ടങ്ങളെല്ലാം ഏതുസമയത്തും മണ്ണിലേക്ക് ചേര്‍ക്കാം. പ്രത്യേകിച്ച് ഉണങ്ങിയ ചകിരിച്ചോര്‍, ചകിരിത്തൊണ്ട്, അടയ്ക്കാത്തൊണ്ട് എന്നിവ വെള്ളം ആഗിരണം ചെയ്ത് സാവധാനം മണ്ണിലേക്ക് പ്രവഹിപ്പിക്കുന്നവയാണ്. വരിയായി നട്ട വിളകളുടെയിടയില്‍ വേനലിന് മുന്നോടിയായി ചാലുകള്‍ കീറി ജൈവവസ്തുക്കള്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും. കൂടാതെ കൃഷിയിടത്തിനോരത്തെ തോടുകള്‍, ചാലുകള്‍ എന്നിവയിലെ വെള്ളത്തിന്റെ ഒഴുക്കിന് തടസം നില്‍ക്കുന്ന ചണ്ടി, കുളവാഴ എന്നിവ കോരിയെടുത്ത് വിളകളുടെ തടങ്ങളില്‍ നിക്ഷേപിക്കുന്നതും വിളകള്‍ക്ക് ജലാംശം പകരും.

പ്രൂണിംഗ്, പഴുത്ത ഇലകള്‍ നീക്കം ചെയ്യല്‍

സസ്യത്തിലെക്ക് ആഗിരണം ചെയ്ത ജലത്തിന്റെ സൂര്യതാപത്തിനാലും കാറ്റിനാലുമുള്ള ബാഷ്പീകരണനഷ്ടം സംഭവിക്കുന്നത് ഇലകളിലൂടെയാണ്. ആയതിനാല്‍ സസ്യങ്ങളിലെ വെയിലേല്‍ക്കാത്ത ഭാഗങ്ങളിലുള്ള ശാഖകള്‍, മഞ്ഞയായതും, മഞ്ഞയായിത്തുടങ്ങുന്നതുമായ ഇലകള്‍ എന്നിവ നീക്കം ചെയ്യുന്നത് ബാഷ്പീകരണത്തോത് കുറയ്ക്കാന്‍ സഹായിക്കും.

തണലേകല്‍

വിത്ത്‌ മുളച്ചതും പറിച്ചുനട്ടതുമായ ചെറുപ്രായത്തിലുള്ള തൈകള്‍ക്ക് പുതിയ തളിരിലകള്‍ വരുംവരെ മിതമായ തണല്‍ നല്‍കി അമിതമായ ചൂടില്‍നിന്നും അതുമൂലം അധികമായി വേണ്ടിവരുന്ന വെള്ളത്തിന്റെ ആവശ്യകതയില്‍ കുറവ് വരുത്താനാകും.

ഇതിനെല്ലാം പുറമേ, വരും മഴക്കാലങ്ങളില്‍ ഭൂമിയില്‍ മഴവെള്ളം സംഭരിക്കാനുള്ള നടപടികള്‍ക്ക് എല്ലാ കര്‍ഷകരും ദീര്‍ഖവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് വേനല്‍ക്കലത്തെക്കുള്ള മുന്‍കരുതലാണ്. ഇപ്പോഴുള്ള കുളങ്ങള്‍, മഴക്കുഴികള്‍, തോടുകള്‍ എന്നിവ സംരക്ഷിക്കുകയും, സമയാനുസൃതമായി അറ്റകുറ്റപ്പണികള്‍ നടത്തി നിലനിറുത്തേണ്ടതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com