ADVERTISEMENT

ജീവനി–2

അൽപമെങ്കിലും രാസവളമിടാതെ കൃഷി ചെയ്യാൻ പറ്റുമോ?

അടുക്കളത്തോട്ടമൊരുക്കാൻ താൽപര്യമുള്ളവരുടെ ക്ലാസിൽ പങ്കെടുക്കുമ്പോൾ ഉയരുന്ന ആദ്യത്തെ ചോദ്യമിതാണ്. രാസവളമിട്ടാൽ മാത്രമേ കൃഷി ചെയ്യാൻ കഴിയുകയുള്ളൂ എന്നൊരു വിശ്വാസം നമുക്കിടയിൽ വളർന്നുകഴിഞ്ഞു. നന്നായി തഴച്ചുവളരുന്ന പച്ചക്കറിത്തോട്ടം കാണുമ്പോൾ ആളുകൾ ആദ്യം ചോദിക്കുക– ‘ഏതു രാസവളമാണ് ഉപയോഗിച്ചത്’ എന്നാണ്. 

വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് രാസവളം ഉണ്ടെങ്കിലേ കൃഷി  ലാഭകരത്തിലാകുകയുള്ളൂ എന്ന കാര്യത്തിൽ സംശയമില്ല. വൻതോതിൽ കൃഷി ചെയ്യുമ്പോൾ ഉൽപാദനം കൂടാനും കീടശല്യമില്ലാതിരിക്കാനുമൊക്കെ രാസവളവും കീടനാശിനികളുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതിൽ പലതും നിരോധിച്ച കീടനാശിനികളോ രാസവളമോ ആയിരിക്കും. നിരോധിച്ച കീടനാശിനികൾ മറ്റൊരു പേരിൽ അടുത്തദിവസം തന്നെ വിപണിയിലെത്തുന്നത് പതിവാണ്. ഫ്യൂരിഡാൻ നിരോധിച്ചതറിഞ്ഞ് രാസവളം വിൽക്കുന്ന കടയിൽ ചെന്ന കർഷകനോട് കച്ചവടക്കാരൻ പറഞ്ഞത് ഫ്യൂരിഡാൻ നിരോധിച്ചു, പക്ഷേ, അതേ ഗുണം ചെയ്യുന്ന വേരെ മരുന്ന് തരാമെന്നാണ്. ഹെക്ടർ കണക്കിനു സ്ഥലത്ത് വാഴകൃഷി ചെയ്യുന്നവർ തൈ നടുന്നതിനു മുൻപു തന്നെ ഫ്യൂരിഡാൻ ഉപയോഗിക്കും. ലക്ഷങ്ങൾ മുടക്കുന്ന കർഷകൻ അത് ഇരട്ടിയായി തിരിച്ചുകിട്ടണമെന്നാണു ചിന്തിക്കുക. അപ്പോൾ  രാസവളവും കീടനാശിനിയും ഉപയോഗിക്കുമെന്നു മാത്രമല്ല, അതുണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ചൊന്നും ആലോചിക്കില്ല. കേരളത്തിലെ നേന്ത്രവാഴത്തോട്ടങ്ങളിൽ അടിക്കുന്ന കീടനാശിനികളും രാസവളവും എത്രയുണ്ടെന്നു കണ്ടാൽ ഇവിടെയുള്ള ആരും നേന്ത്രപ്പഴം കഴിക്കില്ല. വാഴക്കന്നു വയ്ക്കുന്നതു മുതൽ കുല വെട്ടുന്നതുവരെ ഇവ രണ്ടും യഥേഷ്ടം  ഉപയോഗിക്കും. മുൻപൊക്കെ വാഴ നട്ട് ആദ്യത്തെ മാസം തന്നെ പച്ചിലവളം ഉപയോഗിക്കുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ കൃഷിക്ക് പച്ചിലവളമൊന്നുമില്ല. വാഴയ്ക്കു ചുറ്റും രാസവളം മാത്രം. വാഴയ്ക്കു വേണ്ട പോഷകങ്ങളെല്ലാം ഈ വളം നൽകും. മണ്ണിന്റെ ഘടന മാറുമെങ്കിലും കർഷകനു നഷ്ടം വരില്ല.

എന്നാൽ, വീട്ടുമുറ്റത്ത് കൃഷിയൊരുക്കാൻ താൽപര്യപ്പെടുന്നവർ ഒരിക്കലും രാസവളത്തെക്കുറിച്ചോ രാസകീടനാശിനിയെക്കുറിച്ചോ ചിന്തിക്കരുത്. സ്വന്തം ആവശ്യത്തിനുപയോഗിക്കാനുള്ളതാണു നാം കൃഷി ചെയ്യാൻ പോകുന്നതെന്നൊരു ചിന്ത ആദ്യമേ വേണം. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന രാസവളമിട്ട ആരോഗ്യം നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിച്ച പച്ചക്കറി മടുത്തിട്ടാണു നാം ജൈവകൃഷിയിലേക്കു തിരിയുന്നത്. കൃഷിയോടൊപ്പം പ്രാധാന്യം കൊടുക്കേണ്ടതാണ് അതു ഭക്ഷിക്കുന്നവരുടെ ആരോഗ്യം. ആരോഗ്യമുള്ളൊരു തലമുറയാണ് ഇനി വളർന്നുവരേണ്ടത്. 

ജൈവകൃഷിയിലേക്കു തിരിയുന്നവർ ആദ്യമേ തന്നെ എല്ലാതരം പച്ചക്കറികളും കൃഷി ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കരുത്. ആദ്യത്തെ അനുഭവം തന്നെ പ്രോത്സാഹനജനകമായിരിക്കണം. അപ്പോൾ നല്ല വിളവു ലഭിക്കുന്ന കൃഷിയിലൂടെയാകണം തുടക്കം. ഉദാഹരണത്തിന് ചീരക്കൃഷിയെടുക്കുക. ഗ്രോ ബാഗിലാണെങ്കിൽ ഒന്നിൽ മൂന്ന് ചീരത്തൈ നടാം. 20 ദിവസമാകുമ്പോഴേക്കും ചീര വിളവെടുക്കാം. തൈ മുളപ്പിച്ച് ഒരാഴ്ച കഴിഞ്ഞേ നടാവൂ. രണ്ടാഴ്ച കൊണ്ട് ചെടി നന്നായി വളരും. ഏറ്റവും താഴെയുള്ള രണ്ടോ മൂന്നോ കമ്പ് അവിടെ നിലനിർത്തി മുറിച്ചെടുക്കാം. നാലോ അഞ്ചോ ഗ്രോ ബാഗിലെ  ചീര മതി ഒരു വീട്ടിലെ ആവശ്യത്തിന്. അതുപോലെ വെണ്ട, പച്ചമുളക്, തക്കാളി, പയർ എന്നിവയൊക്കെ കൃഷി ചെയ്താൽ നല്ല വിളവെടുപ്പ് ലഭിക്കും. ഇങ്ങനെ തുടക്കം മോശമാകാതിരിക്കുന്നത് തുടക്കക്കാരുടെ കാര്യത്തിൽ അത്യാവശ്യമാണ്. 

അതേസമയം, കൃഷി വകുപ്പിൽനിന്നു തൈകൾ ലഭിക്കുന്നതു കൊണ്ട് പലരും ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്ലവർ എന്നിവയൊക്കെ തുടക്കത്തിൽ തന്നെ ചെയ്യാനിറങ്ങും. തണുപ്പുകാലത്ത് (സെപ്റ്റംബർ മുതൽ ജനുവരി വരെ) കൃഷി ചെയ്യേണ്ടവയാണ് ഇവ. എന്നാൽ ഇക്കുറി കേരളത്തിലെ കാലാവസ്ഥയാകെ മാറിയതിനാൽ ശീതകാല പച്ചക്കറി വലിയ വിജയമാകാൻ സാധ്യതയില്ല. നവംബർ, ഡിസംബർ മാസത്തിലാണ് കൃഷിവകുപ്പ് ശീതകാല പച്ചക്കറികളുടെ തൈകൾ വിതരണം ചെയ്തതു തന്നെ. മൂന്നുമാസം വേണം കാബേജും കോളിയും വിളവെടുക്കാൻ. അപ്പോഴേക്കും കേരളത്തിൽ ചൂടു കൂടും. ഉൽപാദനം കുറയും. കൃഷി ചെയ്തവർ നിരാശരാകും. 

ഓരോകൃഷിയും നന്നായി വിളവു തരുന്ന സമയമുണ്ട്. അതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. നല്ല മഴക്കാലത്ത് വെള്ളരി വർഗങ്ങൾ കൃഷി ചെയ്യാൻ സാധിക്കില്ല. വെള്ളം നിന്ന് ചെടികൾ ചീഞ്ഞുപോകും. വെള്ളരി വർഗങ്ങളുടെ കൃഷിക്കാലം വേനലിലാണ്.  കേരളത്തിലെ കാലാവസ്ഥ കണക്കാക്കി ചെയ്യുന്ന കൃഷികളുണ്ട്. അതു കണക്കാക്കിയായിരുന്നു മുൻപുള്ളവർ കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്യാൻ ഇഷ്ടപ്പെടുന്നവർ കൃഷിയുടെ ഇത്തരം വശങ്ങളൊക്കെ അറിഞ്ഞുവയ്ക്കുന്നതു  ഗുണം ചെയ്യും. നൂറുശതമാനം എല്ലാം പഠിച്ച് കൃഷി ചെയ്യാൻ സാധിച്ചെന്നു വരില്ല. എങ്കിലും സാമാന്യജ്ഞാനം എല്ലാ മേഖലയിലും നല്ലതാണ്. പ്രത്യേകിച്ചു കൃഷിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com