sections
MORE

160 കിലോയിൽനിന്ന് 1260 കിലോ ഇഞ്ചി, ഇത് ബൈജുവിന്റെ വേറിട്ട കൃഷിരീതി

HIGHLIGHTS
  • വിത്തു തിരഞ്ഞെടുപ്പിലും പരിചരണത്തിലും തനതു രീതി
  • ഇഞ്ചിക്കു കൂട്ടായി സൂക്ഷ്മ മൂലകങ്ങളും
baiju
ബൈജു
SHARE

ഖത്തർ എയർവേസിൽ റഫ്രിജറേഷൻ ടെക്നീഷ്യനായി ഒന്നര വർഷത്തെ ജോലിക്കു ശേഷം ബൈജു നാട്ടിൽ തിരിച്ചെത്തിയത് കൃഷിയോടുള്ള കമ്പം മൂത്താണ്. സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറിയും വാഴയും കൃഷിയിറക്കി. പൂർണമായും ജൈവകൃഷി ആയിരുന്നതിനാൽ വിപണിവിലയെക്കാൾ വില ലഭിച്ചത് കോഴിക്കോട്  കോടഞ്ചേരി മൈക്കാവ് കിഴക്കേടത്തു വീട്ടിൽ ബൈജുവിനു കൃഷി തുടരാന്‍ പ്രേരണയായി.

ഇഞ്ചിക്കൃഷിയാണ് ഇത്തവണ തിരഞ്ഞെടുത്തത്.  സ്വന്തമായി സ്ഥലം ഇല്ലാത്തതുകൊണ്ട് ഒന്നര ഏക്കർ തെങ്ങിൻതോപ്പ് പാട്ടത്തിനെടുത്തു. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ച, ഉയർന്ന വിളവും മികച്ച രോഗപ്രതിരോധശേഷിയുള്ളതുമായ വരദ ഇനമാണ് കൃഷിയിറക്കിയത്. 160 കിലോ ഇഞ്ചിവിത്ത് കൃഷിക്ക് ഉപയോഗിച്ചു. വിളവെടുത്തപ്പോൾ ലഭിച്ചത് 1260 കിലോഗ്രാം. തീർത്തും ജൈവരീതിയിലുള്ള കൃഷിയിലൂടെ ഇത്രയും മികച്ച വിളവ് ലഭിച്ചത് ഏറെ സന്തോഷം നൽകുന്നുവെന്നു ബൈജു. 

വിത്തു സൂക്ഷിപ്പ്

ഡിസംബർ മാസം വിളവെടുത്ത ഇഞ്ചി നടുന്ന മേയ് മാസം വരെ ബാസില്ലിക് (Bacillic/Bacillus licheniformis) എന്ന ജൈവ രോഗനാശിനിയിൽ ഒരു മണിക്കൂറോളം നന്നായി മുക്കി വെള്ളം വാർത്തുകളഞ്ഞ്  തണലിൽ ഉണക്കി അറക്കപ്പൊടി പരത്തിയിട്ട് അതിനു മുകളിൽ ഇഞ്ചിവിത്ത് നന്നായി അടുക്കിവച്ചു. ഓരോ അടുക്കിനിടയിലും പാണലിന്റെയും വെട്ടിമരത്തിന്റെയും ഇലകൾ വച്ചതിനാല്‍ രോഗ, കീടബാധ സാധ്യത കുറയുകയും ചെയ്തു.  ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ എസ്. സുശീലഭായിയും കെ. പ്രസാദും വഴികാട്ടികളായി. കോടഞ്ചേരി കൃഷി ഓഫിസറായ ലേഖകനും സഹായിച്ചു. 

ബാസിലിക്: ജൈവ രോഗനാശിനി

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം സീനിയർ ശാസ്ത്രജ്ഞയായ എസ്. സുശീലാഭായി വികസിപ്പിച്ചെടുത്തതാണ് ബാസിലിക്. ഇതൊരു ബാക്ടീരിയനാശിനിയും വളർച്ചാത്വരകവുമാണ്. വിത്തുപചാരത്തിന് 2 ശതമാന( 2 കിലോ 100 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് )ത്തിൽ ഉപയോഗിക്കുന്നു. മണ്ണ് കുതിർക്കുന്നതിന് ഒരു ശതമാന(ഒരു  കിലോ 100 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്)ത്തിലും.  

കൃഷിരീതി: നല്ല വളക്കൂറും നീർവാർച്ചയുമുള്ളതും നന്നായി സൂര്യപ്രകാശമേൽക്കുന്നതുമാണ് പാട്ടത്തിനെടുത്ത തെങ്ങിൻതോട്ടം.  ഫെബ്രുവരി മാസം പകുതിയോടെ ട്രാക്ടർ ഉപയോഗിച്ച് നന്നായി ഉഴുതു മറിച്ച് കൃഷിയിടം ഒരുക്കി. ഈ സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്തവിധം 3 അടി വീതിയും 8 അടി നീളവും ഒരു അടി ഉയരവുമുള്ള തടങ്ങൾ എടുത്തു. തടങ്ങൾക്കു ചുറ്റും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോ കുന്നതിനു ചാലുകളും തീർത്തു. തടങ്ങൾ നന്നായി  കുതിർത്ത ഉടനെതന്നെ 100 ജിഎസ്എം കനത്തി ലുള്ള സുതാര്യമായ പോളിത്തീൻ ഷീറ്റ് വായു കടക്കാത്ത വിധത്തിൽ തടത്തിനു മേല്‍ വിരിച്ചു.  ഒന്നര മാസത്തോളം ഇങ്ങനെ വെയിൽ കൊള്ളിച്ച(സൂര്യതാപീകരണം)തിനാൽ മണ്ണിൽ കൂടിയുള്ള രോഗ, കീട ബാധ കുറയ്ക്കാനായി. കളകൾ വളരാനുള്ള സാഹചര്യവും ഒഴിവായി.  

baiju-1
ഇഞ്ചിവിത്ത് നടുന്നു

നടീൽ:  പോളിത്തീൻ ഷീറ്റ് എടുത്തുമാറ്റിയ ശേഷം 25 സെന്റിമീറ്റർ അകലത്തിൽ ചെറിയ കുഴികൾ എടുത്ത്  ബാസിലിക് ലായനി തളിച്ച് നന്നായി കുതിർത്തു. അതിൽ നേരത്തേ തയാറാക്കിവച്ച ബയോ കമ്പോസ്റ്റ്, ട്രൈക്കോഡെർമ സമ്പുഷ്ടമാക്കി അടിവളമായി ചേർത്ത് ഒരുപിടി മണ്ണിട്ടതിനു ശേഷം വിത്തിഞ്ചി നട്ടു. ഒരു മണിക്കൂറോളം ബാസിലിക് ലായനിയിൽ കുതിർത്ത, 25 മുതൽ 30 ഗ്രാം വരെ തൂക്കം ഉള്ളതും ഒന്നോ രണ്ടോ മുളകൾ ഉള്ളതുമായ വിത്ത് ഇഞ്ചിക്കഷണങ്ങൾ ആണ് നട്ടത്. നട്ടതിനു ശേഷം തടത്തിനു മുകളിലായി അധികം വെയിൽ ഏൽക്കാതിരിക്കാനും ഈർപ്പം നിലനിർത്താനും കനത്ത മഴയിൽ തടം സംരക്ഷിക്കാനും തെങ്ങോലയും  പച്ചിലകളുംകൊണ്ടും പുതയിട്ടു.  

വേസ്റ്റ് ഡീ കമ്പോസർ

കേന്ദ്ര കൃഷിമന്ത്രാലയത്തിലെ നാഷനൽ സെൻറർ ഫോർ ഓർഗാനിക് ഫാമിങ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത മികച്ച ഉൽപന്നമാണിത്. എല്ലാത്തരം ജൈവാവശിഷ്ടങ്ങളും എത്രയും പെട്ടെന്ന് കമ്പോസ്റ്റായി മാറി ചെടികൾക്ക് ആഗിരണം ചെയ്യാനാകുന്ന രീതിയിൽ വളമായി മാറുന്നു. സാധാരണ ഗതിയിൽ കമ്പോസ്റ്റ് തയാറാക്കുമ്പോൾ ധാരാളം താപം പുറത്തുവരുന്നു. എന്നാൽ വേസ്റ്റ് ഡീ കമ്പോസർ ലായനി ഉപയോഗിച്ചുള്ള കമ്പോസ്റ്റിങ്ങിൽ താപം ഒട്ടുംതന്നെയില്ല.

തയാറാക്കുന്ന രീതി: ഇരുനൂറു ലീറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് വീപ്പയിൽ വെള്ളം നിറച്ച് അതിൽ രണ്ട് കിലോ  ശർക്കരയും വേസ്റ്റ് ഡീ കമ്പോസർ കൾച്ചറും ചേർക്കുക.  ദിവസവും രണ്ടു നേരം  കമ്പുകൊണ്ട്  ഘടികാരദിശയിൽ ഇളക്കി കൊടുക്കണം. ഒരാഴ്ച കഴിയുമ്പോൾ പാകമായി കമ്പോസ്റ്റ് നിർമാണത്തിന് ഉപയോഗിക്കാം. കേവലം 20 രൂപ വിലയുള്ള ഈ കള്‍ച്ചര്‍ തപാലിലും ഓൺലൈൻ വഴിയും ലഭ്യമാണ്. 

വളം നിർമാണം

ഇഞ്ചിക്കും മറ്റു വിളകൾക്കും ആവശ്യമായ വളം ബൈജു സ്വന്തമായാണ് തയാറാക്കുന്നത്. ഇതിനായി എ‍ളുപ്പത്തിൽ ലഭിക്കുന്നതും വലിയ മുതൽമുടക്കില്ലാത്തതുമായ എല്ലാ ജൈവവസ്തുക്കളും ഉപയോഗപ്പെടുത്തുന്നു. ചാണകം, ആട്ടിൻകാഷ്ഠം, ചാരം, കോഴിക്കാഷ്ഠം, പച്ചക്കറി അവശിഷ്ടങ്ങൾ, ചായപ്പൊടിച്ചണ്ടി, മുട്ടത്തോട്, കരിയിലകൾ, മാംസാവശിഷ്ടങ്ങൾ തുടങ്ങിയവ ഒന്നിനു മുകളിൽ ഒന്നായി വിതറിച്ചേർത്ത് ഏകദേശം 30 ദിവസം സൂക്ഷിക്കുന്നു.  ഓരോ ആഴ്ചയിലും നന്നായി ഇളക്കി മറിക്കുന്നു. ഇങ്ങനെ കമ്പോസ്റ്റ് തയാറാക്കുമ്പോൾ അതിൽ 60 ശതമാനത്തോളം ഈർപ്പം നിലനിർത്താനും നല്ല വായുസഞ്ചാരം ഉറപ്പുവരുത്താനും ശ്രദ്ധിക്കണം.

വളപ്രയോഗം

ഇഞ്ചി നട്ട്  15 മുതൽ 30 ദിവസത്തിനുശേഷം മുളകൾ നന്നായി വളർന്നു വരുമ്പോൾ തടങ്ങളിലേക്ക് മണ്ണ് കയറ്റി സ്യൂഡോമോണാസ് ചേർത്ത് പച്ചിലകൾകൊണ്ടു പുതയിട്ടു. ഇലകൾ വളമായി മാറുകയും ഒപ്പം കനത്ത മഴയിൽനിന്നു വിളയ്ക്കു സംരക്ഷണം ലഭിക്കുകയും ചെയ്തു. ചെറിയ കളകൾ കണ്ടുതുടങ്ങിയ പ്പോൾ തുടക്കത്തിലേ പറിച്ചു മാറ്റി. നട്ട് 45 ,60 ,90 ദിവസങ്ങളിൽ ഒരു കിലോ ബാസിലിക് 100 ലീറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ തളിച്ചു കൊടുത്തു.

60 ദിവസം മുതൽ 90 ദിവസങ്ങൾക്കുള്ളിൽ 30 കിലോ  പച്ചച്ചാണകം, 50 ലീറ്റർ വേസ്റ്റ് ഡീ കമ്പോ സർ ലായനി, 100 ലീറ്റർ വെള്ളം എന്നിവ നന്നായി ലയിപ്പിച്ച് തടങ്ങളിൽ ഒഴിച്ചുകൊടുത്തു. ധാരാളം ചിനപ്പുകൾ പൊട്ടിവരുന്നതിനും ഇഞ്ചിക്ക് നല്ല പച്ചപ്പ് ഉണ്ടാകുന്നതിനും ചെടി തഴച്ചു വളരുന്നതിനും സഹായിച്ചു.

ഇഞ്ചിക്കു കൂട്ടായി സൂക്ഷ്മ മൂലകങ്ങളും 

സൂക്ഷ്മ മൂലകത്തിന്റെ കുറവ് പരിഹരിക്കുന്നതിനുവേണ്ടി ഇഞ്ചിയുടെ വളർച്ചയുടെ തൊണ്ണൂറാം ദിവസം ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽനിന്നുള്ള ആർഎൽകോ ഇന്നവേറ്റീവ്സിന്റെ ‘അഗ്രി ബ്ലോസം’ എന്ന പേരിലുള്ള സൂക്ഷ്മ മൂലകക്കൂട്ട് ഏറെ ഉപകരിച്ചു. 

‌ചെലവു കുറയ്ക്കല്‍

വർധിച്ച കൂലിച്ചെലവും തൊഴിലാളിക്ഷാമവുമാണ്  കര്‍ഷകരുടെ പ്രധാന പ്രശ്നങ്ങള്‍. ഇവയ്ക്കു പരിഹാരമായും  ബൈജുവിനു തനതുവഴികളുണ്ട്.  ദ്രവരൂപത്തിലാണ് വളപ്രയോഗം അധികവും. അതുകൊണ്ടു തന്നെ കൂലിച്ചെലവ് പകുതിയായി കുറഞ്ഞു. സ്വന്തമായി തയാറാക്കുന്ന ജൈവ കീടനാശിനികളും ജൈവ വളങ്ങളുമായതിനാൽ അങ്ങനെയും ചെലവു നന്നേ കുറഞ്ഞു.

ഫോണ്‍ (ബൈജു):  9446231456

കൃഷി ഓഫിസര്‍, കോടഞ്ചേരി, ഫോണ്‍: 9447415609

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA