ADVERTISEMENT

ജലത്തിന്റെ ഉപയോഗം മിതപ്പെടുത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും തയാറാകേണ്ട സമയമാണിത്. കാർഷിക വിളകളിൽ ഇത് എങ്ങനെ പ്രാവർത്തികമാക്കാമെന്നും വിള നഷ്ടവും ഉൽപാദനക്ഷമതയും കുറയാതെ എങ്ങനെ വേനലിനെ അതിജീവിക്കുമെന്നും പരിശോധിക്കാം.

നെല്ല്

  • പറിച്ചുനടുന്ന സമയത്ത് 1.5 സെന്റിമീറ്റർ ഉയരത്തിൽ മാത്രം വെള്ളം കെട്ടിനിർത്തിയാൽ മതിയാകും. ക്രമേണ ജലനിരപ്പുയർത്തി ചിനപ്പ് പൊട്ടുന്ന സമയത്ത് പരമാവധി 5 സെന്റിമീറ്റർ വരെ എത്തിക്കുക. 
  • വിളവെടുക്കുന്നതിന് രണ്ടാഴ്ച മുമ്പ് വെള്ളം ഇറക്കിവിടുക.
  • പഞ്ചപ്പാടങ്ങളിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഇനം മാത്രം കൃഷിയിറക്കുക.
  • വരൾച്ച പ്രതിരോധത്തിന് ഉത്തമ മരുന്നാണ് പിപിഎഫ്എം ജീവാണു ലായനി. ഈ ബാക്ടീരിയൽ ജീവാണുലായനി ഒരു മില്ലിലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിക്കുകയാണ് വേണ്ടത്. രണ്ടാഴ്ചത്തെ ഇടവേളകളിൽ ഇത് ഇലകളിൽ തളിക്കാം.
  • ചാണകസ്ലറി വളരെ നേർപ്പിച്ച് ഇലകളിൽ തളിക്കാം. 48 മണിക്കൂർ പുളിപ്പിച്ചും ഉപയോഗിക്കാറുണ്ട്. 10 ശതമാനം വീര്യത്തിൽ തളിച്ചാൽ മതിയാകും. സ്യൂഡോമൊണാസ് കൂടി ഇതോടൊപ്പം കലർത്തി ഉപയോഗിക്കുന്നത് അത്യുത്തമം.
  • മുഞ്ഞയുടെ ആക്രമണം ശ്രദ്ധിക്കണം. 
  • അമിത നൈട്രജൻ വളപ്രയോഗവും അടുത്തടുത്തുള്ള നടീലും ഒഴിവാക്കണം.

പച്ചക്കറി വിളകൾ

  • ജലസേചനം ആവശ്യത്തിനു മാത്രം. അതും രാവിലെയോ വൈകുന്നേരമോ മാത്രം.
  • ചെടികളിൽ തളിക്കുന്നതിനു പകരം ചുവട്ടിൽ മാത്രം നൽകുന്നത് ജലനഷ്ടം കുറയ്ക്കും.
  • പിപിഎഫ്എം, ചാണകസ്ലറി നേർപ്പിച്ചത് എന്നിവ പച്ചക്കറികൾക്കു നൽകാം.
  • ജൈവ പുതപ്പ്

ജൈവ പുതപ്പ് ബാഷ്പീകരമണം മൂലമുള്ള ജലനഷ്ടം 90 ശതമാനം വരെ കുറയ്ക്കും.

  • കുമിൾ വേരുകൾ

വിത്തിടുന്നതിനു മുമ്പ് ഒരു നുള്ളു വാം കൾച്ചർ കുഴികളിൽ ഇട്ടശേഷം അതിനു മുകളിൽ വിത്ത്/തൈകൾ  നടുകയാണ് ചെയ്യുന്നത്. ആഴത്തിൽ വളരുന്ന കുമിൾവേരുകൾ ഭൂമിക്കടയിൽനിന്ന് ജലം ആഗിരണം ചെയ്ത് ചെടിയെ വരൾച്ചയിൽനിന്ന് ഒരു പരിധിവരെ പ്രതിരോധിച്ച് നിലനിർത്തുന്നു.

  • കീടബാധ

അത്യുഷ്ണമായാൽ പച്ചക്കറികളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ വെള്ളീച്ച, മീലിമൂട്ട, ഇലപ്പേൻ എന്നിവയുടെ ആക്രണം രൂക്ഷമാകും. പച്ചക്കറിത്തോട്ടങ്ങളിൽ മഞ്ഞക്കെണികൾ സ്ഥാപിച്ചും ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ–വെളുത്തുള്ളി എമൽഷൻ തളിച്ചും ഇവയെ നിയന്ത്രിക്കാം.

  • തിരിനന

ചെടിയുടെ ആവശ്യാനുസരണം താഴെയുള്ള ജലസ്രോതസിൽനിന്ന് തിരി വഴി മണ്ണിലേക്ക് വെള്ളം വലിച്ചെടുക്കപ്പെടും.

 തോട്ടവിളകൾ

  • തെങ്ങിനും കമുകിനും തടങ്ങളിൽ പുതയിടീൽ അനിവാര്യം.
  • തെങ്ങിന്റെ ഓല അടക്കമുള്ള അവശിഷ്ടങ്ങൾ, പയർവർഗത്തിൽപ്പെട്ട വിളകളുടെ അവശിഷ്ടങ്ങൾ എന്നിവ പുതയായി ഇടുന്നതിന് യോജിച്ചവയാണ്.
  • തെങ്ങിന്റെ കാര്യത്തിൽ കണിക ജലസേചനം അഭികാമ്യം.
  • പച്ചിലവളച്ചെടികൾ തടങ്ങളിൽ ആവരണവിളയായി വളർത്തുക.
  • ദീർഘകാലം ജലം സംഭരിച്ചുവയ്ക്കാൻ തൊണ്ട് അടുക്കൽ പ്രയോജനകരമായിരിക്കും. തെങ്ങിനു ചുറ്റും ചാലുകൾ കീറി മൂന്നോ നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവച്ച് മണ്ണിട്ടുമൂടുകയും ഏറ്റവും മുകളിലത്തെ അടുക്ക് കമഴ്‍ത്തിവച്ച് പൂർത്തിയാക്കുകയും ചെയ്യാം.
  • വേനൽ അധികമായാൽ പ്രായം കുറഞ്ഞ ചെടികൾക്ക് സംരക്ഷണം നൽകണം.

വാഴ

  • ബാഷ്പീകരണം വഴി ജലനഷ്ടം കുറയ്ക്കുന്നതിനായി പഴുത്തതും കരിഞ്ഞതുമായ ഇലകൾ മുറിച്ചുമാറ്റുക.
  • തടത്തിൽ ജൈവവസ്തുക്കൾക്കൊണ്ട് പുതയിടുക.
  • പയർവർഗവിളകൾ നല്ലൊരു ആവരണമായി ഉപയോഗിക്കാം. പയർവിത്തുകൾ പാകുന്നതിനൊപ്പം കരിയിലകൾ കൊണ്ടുകൂടി പുതയിട്ടുകൊടുത്താൽ നല്ലത്.
  • നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം തടയുന്നതിനായി വേപ്പെണ്ണ വെളുത്തുള്ളി എമൽഷനും ജൈവകീടനാശിനിയായ വെർട്ടിസീലിയവും കീടബാധ കണ്ടാലുടനെ തളിക്കണം.

വരൾച്ചയ്ക്കെതിരേ ഇൻഷുറൻസ് പരിരക്ഷ

വരൾച്ച ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങൾ കാരണം സംഭവിക്കുന്ന കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകുന്നതിനായി സംസ്ഥാന സർക്കാരിന്റെ കാർഷിക വിള ഇൻഷുറൻസ് പദ്ധതി നിലവിലുണ്ട്. കർഷക സമൂഹത്തിന്റെ കുടുംബഭദ്രത ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളായി മുഴുവൻ കാർഷിക വിളകളെയും കർഷകർക്ക് ഇൻഷുർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com