sections
MORE

സമയം പാഴാക്കാതെ ഒരുക്കാം വീട്ടിലൊരു പച്ചക്കറിത്തോട്ടം

HIGHLIGHTS
  • പച്ചക്കറി സ്വയംപര്യാപ്തം സുരേഷ്ബാബുവിന്റെ വീട്
  • എന്തെല്ലാം കൃഷി ചെയ്യാം?
home-garden
SHARE

ലോക് ഡൗണിനെത്തുടർന്നു വീട്ടിലിരിക്കുന്ന നാളുകൾ കൃഷിക്കായി മാറ്റിവച്ച് നാട്. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ഒട്ടേറെപ്പേർ കഴിഞ്ഞ ദിവസം മണ്ണിലിറങ്ങിയിരുന്നു. തമിഴ്നാടും കർണാടകയും അതിർത്തികൾ നിർദയം അടയ്ക്കുക കൂടി ചെയ്തതോടെ ഇന്നലെ വിപണിയിൽ പല ഇനം പച്ചക്കറികളും ലഭ്യമല്ലായിരുന്നു. 

പച്ചക്കറി വേണമെങ്കിൽ കൃഷി ചെയ്തേ പറ്റൂ എന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.  വീടിനുള്ളിൽ ചടഞ്ഞുകൂടി ഇരിക്കുന്നതിനേക്കാൾ ആഹ്ളാദകരമാണ് കൃഷിയെന്നു കൃഷി തുടങ്ങിയ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. വിശാലമായ പറമ്പൊന്നും കൃഷിക്ക് ആവശ്യമില്ലെന്നും ഇവർ അനുഭവങ്ങളിലൂടെ തെളിയിക്കുന്നു. ഗ്രോ ബാഗിലോ ടെറസിലോ എവിടെയും കൃഷി ചെയ്യാം.

home-garden-1
ഗ്രോബാഗുകൾ ഒരുക്കുന്ന തോട്ട‍ട കിഴുന്നപ്പാറയിലെ ഷിനോജ്

ഒഴിവുസമയം മുഴുവനും കൃഷി

ചൊവ്വ സ്പിന്നിങ് മിൽ ജീവനക്കാരനായ ടി.യു. ഷിനോജിനു പല ഷിഫ്റ്റുകളിലായി മാറിമാറിയാണു ജോലി. രാത്രി ഷിഫ്റ്റാണെങ്കിൽ പകൽ ഇഷ്ടംപോലെ സമയം ബാക്കിയുണ്ടാവും. ഉണ്ടും ഉറങ്ങിയും കളയാനുള്ളതല്ല ഈ സമയമെന്നു ഷിനോജ് പറയുന്നു. തോട്ടട കിഴുന്നപ്പാറ ഭഗവതിമുക്കിലെ എട്ടര സെന്റ് പറമ്പിലെ വീടിനു ചുറ്റും ടെറസിലും കൃഷി ചെയ്യുന്നുണ്ട് ഷിനോജ്. തക്കാളി, കയ്പ, പച്ചമുളക്, കപ്പ, വഴുതന അങ്ങനെ പറ്റാവുന്ന വിത്തുകളെല്ലാം വേരുപിടിപ്പിക്കുന്നു. ഭാര്യ ധന്യയും മകൾ ആൻവിയയും അച്ഛനും അമ്മയും കൂട്ടിനുണ്ട്.

home-garden-3
കൃഷികൾക്കൊപ്പം പള്ളിക്കുന്ന് അംബിക റോഡിലെ എ.വി.സുരേഷ് ബാബുവും ഭാര്യ ഭാഗ്യവും

പച്ചക്കറി സ്വയംപര്യാപ്തം സുരേഷ്ബാബുവിന്റെ വീട്

പള്ളിക്കുന്ന് അംബികാ റോഡിനു സമീപം 15 സെന്റ് സ്ഥലത്താണു സൗഭാഗ്യം എന്ന വീട്. എസ്ബിടി റീജനൽ മാനേജരായി വിരമിച്ച എ.വി. സുരേഷ് ബാബുവും ഭാര്യ ഭാഗ്യവും വീടിന്റെ പരിസരമാകെ കൃഷികൾ കൊണ്ടു നിറച്ചു കഴിഞ്ഞു. ചെന്നൈയിലുള്ള മകനെ സന്ദർശിച്ചു വന്നതിനാൽ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ഇന്നലെ വരെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇവർ.

ഗേറ്റ് തുറന്നു പുറത്തു കടക്കാതെ തന്നെ ഇത്രയും ദിവസം സുഭിക്ഷമായി കഴിയാനുള്ളതെല്ലാം പറമ്പിൽ നിന്നു തന്നെ കിട്ടിയെന്നു സുരേഷ് ബാബു പറയുന്നു. ചീരയും വെണ്ടയും വഴുതനയും പച്ചമുളകും പപ്പായയും കൂവയും ചാമ്പയും കാച്ചിലും വാഴയും മുരിങ്ങയും കോവലും ചായമൻസയും മാവും പ്ലാവുമെല്ലാം ഈ പറമ്പിലുണ്ട്. ധാന്യങ്ങൾ മുളപ്പിച്ചു മൈക്രോ ഗ്രീനാക്കി മാറ്റിയും ഭക്ഷിച്ചു.

home-garden-4
ഗ്രോ ബാഗുകൾ ഒരുക്കുന്ന കൂത്തുപറമ്പ് കൈതേരിപ്പാലത്തെ സന്തോഷ്

ഇതു കൃഷിദിനങ്ങൾ

കൂത്തുപറമ്പ് കൈതേരിപ്പാലത്തിനു സമീപം സദ്ഗമയുടെ മുറ്റത്ത് ഗ്രോബാഗ് നിറയ്ക്കുന്ന തിരക്കിലാണു സന്തോഷ്. വീട്ടിലിരിക്കാൻ ലഭിച്ച അവസരം കൃഷിക്കായാണു നീക്കിവച്ചിരിക്കുന്നതെന്നു ലോറി ഡ്രൈവറായ സന്തോഷ് പറയുന്നു. ഒൻപതര സെന്റ് സ്ഥലമേയുള്ളു. അതുകൊണ്ടുതന്നെ ടെറസാണു പ്രധാന കൃഷിയിടം. മുന്നൂറോളം ഗ്രോ ബാഗുകളാണ് ഒരുക്കിയിരിക്കുന്നത്. പയറും വെണ്ടയും ചീരയുമെല്ലാമുണ്ട്. ഭാര്യ സജ്നയും മക്കളായ അനുഹൃദ്യയും ആരാധ്യയും അച്ഛനും അമ്മയുമെല്ലാം സഹായവുമായി കൂടെയുണ്ട്.

എന്തെല്ലാം കൃഷി ചെയ്യാം ?

21 ദിവസം കൊണ്ട് വിളവെടുക്കാൻ പറ്റുന്ന ഏക കൃഷി ചീരയാണ്. കൃത്യമായി നനയ്ക്കണമെന്നു മാത്രം. വിത്ത് നേരിട്ടു വിതയ്ക്കുകയോ മുളപ്പിച്ച ശേഷം പറിച്ചു നടുകയോ ചെയ്യാം. ഉറുമ്പിന്റെ ഉപദ്രവം ഒഴിവാക്കാൻ മഞ്ഞൾപ്പൊടിയോ ചാരമോ വിതറണം. വളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ മതിയാവും ‌.

ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയൊഴികെ പയർ, വെണ്ട, പാവൽ, തക്കാളി, വഴുതന തുടങ്ങി ഏതു പച്ചക്കറിയും ഈ കാലാവസ്ഥയിൽ കൃഷി ചെയ്യാം. ഗ്രോബാഗ് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, പ്ലാസ്റ്റിക് കവറിലോ പാത്രത്തിലോ പഴയ ടയറിലോ വരെ മണ്ണുനിറയ്ക്കാം. വിത്തു മുളപ്പിക്കാൻ സീഡിങ് ട്രേയും നിർബന്ധമില്ല. മുട്ടത്തോടിൽ ചകിരിച്ചോറു നിറച്ചോ, ഇല കൊണ്ടു കുമ്പിളുണ്ടാക്കിയോ വിത്തിടാം. മുളപൊട്ടിയാൽ മുട്ടത്തോടോ ഇലയോ പൊളിക്കാതെ നേരെ മണ്ണിൽ നടുകയും ചെയ്യാം.

home-garden
മുട്ടത്തോടിൽ മുളപ്പിച്ച വിത്ത്

ആഹ്വാനവുമായി കൂട്ടായ്മകൾ

കൃഷി ചെയ്യണമെന്ന ആഹ്വാനവുമായി റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തുണ്ട്. കൂട്ടായി കൃഷി ചെയ്യുന്നതു പ്രായോഗികമല്ലാത്തതിനാൽ വീടുകളിലും ഫ്ലാറ്റുകളിലും ലഭ്യമായ സ്ഥലങ്ങളിൽ കൃഷി ചെയ്യാനാണു നിർദേശിച്ചിരിക്കുന്നതെന്നു റസിഡന്റ്സ് അസോസിയേഷൻ ജില്ലാ കൂട്ടായ്മയായ ഫെറയുടെ പ്രസിഡന്റ് ആർ.അനിൽകുമാറും സെക്രട്ടറി ജോയി പോങ്ങാടനും അറിയിച്ചു.

കൃഷിക്കാരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും കൂട്ടായ്മയായ കൃഷിത്തോട്ടം (കെടിജി) ഫെയ്സ്ബുക്ക് ഗ്രൂപ്പ് അംഗങ്ങൾക്കായി 21 ദിവസത്തെ കൃഷി ചാലഞ്ച് തുടങ്ങിയിട്ടുണ്ട്. 21 ദിവസംകൊണ്ട് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യവുമായാണ് ഗ്രൂപ്പ് അംഗങ്ങൾ കൃഷി ചെയ്യുന്നത്. ഗ്രൂപ്പിലെ ജൈവകർഷകർ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയും തേനും പാഷൻഫ്രൂട്ട് സ്ക്വാഷുമെല്ലാം മികച്ച കർഷകർക്കു സമ്മാനമായി നൽകുമെന്നു അഡ്മിൻ പാനൽ അംഗങ്ങളായ ലിജോ ജോസഫ്, റിജോഷ് മരോക്കി, സൽവ ഹസ്കർ തുടങ്ങിയവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA