വൃക്ഷായുർവേദ പാരമ്പര്യത്തില്‍ വിളകൾക്കൊരു ജൈവവളം; അര്‍ബന്‍ കുനാപജല

HIGHLIGHTS
  • പച്ചക്കറികൃഷിയില്‍ വളരെ ശ്രദ്ധ കൊടുക്കേണ്ടതാണ് വളപ്രയോഗം
  • നീരൂറ്റിക്കുടിക്കുന്ന പ്രാണിശല്യം കുറയ്ക്കാനുള്ള കഴിവുമുണ്ട്
manure
SHARE

പച്ചക്കറികൃഷിയില്‍ വളരെ ശ്രദ്ധ കൊടുക്കേണ്ടതാണ് വളപ്രയോഗം. ചെടികള്‍ക്ക് വേഗത്തില്‍ വലിച്ചെടുത്ത് വളരാന്‍ പറ്റുന്ന ഒരു ദ്രാവക ജൈവവളമാണ് വൃക്ഷായുർവേദത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കുനാപജല. ഏഷ്യന്‍ അഗ്രി-ഹിസ്റ്ററി ഫൗണ്ടേഷന്‍ കേരളയുടെ സ്ഥാപക സെക്രട്ടറിയായ ജിദേഷ് കുമാര്‍ (കൃഷി ഓഫീസര്‍, എംഎസ്‌ടിഎൽ, കണ്ണൂര്‍) നഗരവാസികള്‍ക്ക് വീട്ടുവളപ്പിലെ കൃഷിക്കുവേണ്ടി എളുപ്പത്തില്‍ തയാറാക്കാനായി രൂപപ്പെടുത്തിയ ദ്രാവകജൈവവളമാണ് അര്‍ബന്‍ കുനാപജല അഥവാ അര്‍ബന്‍ ഹരിതകഷായം. ഇതിന് നീരൂറ്റിക്കുടിക്കുന്ന പ്രാണിശല്യം കുറയ്ക്കാനുള്ള കഴിവുമുണ്ട്. വഴിവക്കിലും മറ്റും ലഭിക്കുന്ന കളസസ്യങ്ങള്‍കൊണ്ട് തയാറാക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. 

ആവശ്യമായ സാധനങ്ങള്‍

  • കളസസ്യങ്ങളുടെ ഇലകള്‍ (വളരെ ചെറുതായി കൊത്തിയരിഞ്ഞത്. ശീമക്കൊന്ന, കണിക്കൊന്ന, ആര്യവേപ്പ്, കമ്മ്യൂണിസ്റ്റ് പച്ച, തൊട്ടാവാടി, കുറുന്തോട്ടി, തഴുതാമ, പെരുവലം, കിരിയാത്ത്, അരിപ്പൂച്ചെടി-200 ഗ്രാം വീതം) - 2 കിലോ
  • ചാണകം - 1 കിലോ
  • ഉഴുന്ന് പൊടിച്ചത് - 200 ഗ്രാം
  • ശര്‍ക്കര/വല്ലം - 300 ഗ്രാം
  • വെള്ളം - 10 ലീറ്റര്‍

കൊത്തിനുറുക്കിയ ഇലകള്‍ 20 ലീറ്റര്‍ കൊള്ളുന്ന അടപ്പുള്ള ബക്കറ്റിലോ/പ്ലാസ്റ്റിക് ബാരലിലോ ഇടുക. ഇതിനു മുകളില്‍ മറ്റു ചേരുവകള്‍ വിതറിയശേഷം വെള്ളം ഒഴിക്കണം. ഒരു വടികൊണ്ട് ഇളക്കിച്ചേര്‍ത്തു കഴിഞ്ഞാല്‍ അടച്ചുവയ്ക്കാം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും 5 തവണ വീതം വലത്തോട്ടും ഇടത്തോട്ടും ഇളക്കണം. 15 ദിവസം കഴിഞ്ഞാല്‍ ഹരിത കഷായം ഉപയോഗത്തിനായി എടുക്കാം. ആദ്യം ഒരു നെറ്റ് കൊണ്ടും ശേഷം തുണികൊണ്ടും അരിച്ച് പ്രകാശം കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കാം. ആദ്യ വളര്‍ച്ചാഘട്ടത്തില്‍ രണ്ടു പ്രാവശ്യവും, പൂക്കുന്ന സമയത്ത് തടത്തിലൊഴിച്ചു കൊടുക്കുകയോ ഇലകളില്‍ സ്പ്രേ ചെയ്യുകയോ ആവാം.

വിളകളേക്കാള്‍ കരുത്തോടെ പോഷകങ്ങള്‍ വലിച്ചെടുത്ത് വളരുന്ന കളകളുടെ ഇലകള്‍ പച്ചച്ചാണകത്തിലെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തില്‍ വേഗം ദ്രവിക്കുകയും അവയിലെ സസ്യവളര്‍ച്ചയ്ക്കാവശ്യമായ വിവിധ ഘടകങ്ങള്‍ വിളകള്‍ക്ക്  ലഭ്യമാക്കുകയും ചെയ്യുന്നതിനാലാണ് ഹരിത കഷായം ഒരു നല്ല ദ്രാവകവളമാകുന്നത്. ഇലകളുടെ അടിഭാഗത്ത് സ്പ്രേ ചെയ്താല്‍ നീരൂറ്റിക്കുടിക്കുന്ന ചെറുപ്രാണികളേയും നശിപ്പിച്ച് ഒരു ജൈവകീടനാശിനിയായും പ്രവര്‍ത്തിക്കുന്നു.

English summary: Special Ayurvedic Fertilizer for Crops

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA