ADVERTISEMENT

വേനലിന് വിരാമമിട്ട് തുള്ളിക്കൊരുകുടം കണക്കെ മഴ പെയ്ത്തുമായി സംസ്ഥാനത്ത് കാലവർഷമെത്തി. ഇടമുറിയാതെ മഴ  പെയ്യുന്ന ഈ സമയത്ത്   പശുക്കളടക്കമുള്ള നമ്മുടെ വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യപാലനത്തിലും പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്.  തണുത്തതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷം സാംക്രമിക രോഗാണുക്കള്‍ക്കും രോഗവാഹകർക്കും പെരുകാൻ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. മണ്ണിലുറങ്ങിക്കിടക്കുന്ന ബാക്ടീരിയകളും വൈറസുകളുമെല്ലാം മഴ നനയുമ്പോള്‍ സജീവമാകും , ഇവര്‍ മാത്രമല്ല ബാഹ്യപരാദങ്ങളും ആന്തരികവിരകളുമെല്ലാം മഴക്കാലത്ത്  കൂടുതലായി പെരുകും. ശരീരസമ്മര്‍ദ്ദമേറുന്നത് അത്യുൽപാദനമുള്ള സങ്കരയിനം പശുക്കളുടെ  സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനിടയാക്കും, ഇത് അവയുടെ ശരീരത്തിലേക്കുള്ള രോഗാണുകളുടെ കടന്നുകയറ്റം എളുപ്പമാക്കും. പരിപാലനത്തില്‍ അല്‍പ്പം ശാസ്ത്രീയതയും ശ്രദ്ധയും പുലർത്തിയാൽ  പശുക്കളിലെ  മഴക്കാലരോഗങ്ങള്‍ തടയാം. മാത്രമല്ല സമൃദ്ധമായി ലഭ്യമാവുന്ന തീറ്റപ്പുല്ലും കുടിവെള്ളവും ഒക്കെ പ്രയോജനപ്പെടുത്തി വേനലിനേക്കാള്‍ മികച്ച ഉൽപാദനവും ഉയർന്ന വരുമാനവും നേടുന്ന ആദായകാലമാക്കി  മഴക്കാലത്തെ മാറ്റിത്തീർക്കുകയും ചെയ്യാം.

പശുക്കളിലെ മഴക്കാല രോഗനിയന്ത്രണമാര്‍ഗങ്ങള്‍

മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കണം. മഴചാറ്റലേല്‍ക്കാതെ പശുക്കളെ തൊഴുത്തില്‍ തന്നെ പാര്‍പ്പിക്കണം. ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത മനുഷ്യരേക്കാള്‍ കന്നുകാലികള്‍ക്കാണെന്നതോര്‍ക്കണം. നാല്‍ക്കാലികളായതിനാല്‍ ഇടിമിന്നലിന്‍റെ ആഘാതമേറും. കന്നുകാലികള്‍ക്ക്  ഇടിമിന്നലേറ്റ നിരവധി സംഭവങ്ങള്‍  മുന്‍കാലങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇടിമിന്നലുള്ള സമയങ്ങളില്‍ കന്നുകാലികളെ  സുരക്ഷിതമായി  തൊഴുത്തില്‍ തന്നെ പാർപ്പിക്കണം. ഇടിമിന്നൽ സാധ്യതയുള്ള മേഖലകളാണെങ്കിൽ റബര്‍മാറ്റ്, എര്‍ത്തിങ് എന്നിവ തൊഴുത്തിലൊരുക്കുന്നത്  ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത കുറയ്ക്കും.

തൊഴുത്തില്‍ പൂര്‍ണ ശുചിത്വം പാലിക്കുന്നതിനാവണം മുഖ്യ പരിഗണന. ജൈവ മാലിന്യങ്ങള്‍ നീക്കിയ ശേഷം അണുനാശിനികള്‍ ഉപയോഗിച്ച് തീറ്റത്തൊട്ടിയുൾപ്പെടെ തൊഴുത്ത് നിത്യവും  കഴുകി വൃത്തിയാക്കണം. തൊഴുത്തിന്റെ തറയിലെ വിള്ളലുകളും കുഴികളും സിമന്റ് ചേർത്തടച്ച് നികത്തണം. അതല്ലാത്തപക്ഷം ചാണകവും മൂത്രവും കെട്ടികിടന്ന് രോഗാണുക്കൾ പെരുകുന്നതിനു വഴിയൊരുക്കും. 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും മൂന്ന് ടീസ്പൂണ്‍ അലക്കുകാരവും/ഡിറ്റര്‍ജന്‍റ് പൗഡര്‍   കുഴമ്പുരൂപത്തിലാക്കി പത്തു ലീറ്റര്‍ വെള്ളത്തില്‍ വീതം ചേര്‍ത്ത് തറ വൃത്തിയാക്കാം. പൊട്ടാസ്യം പെര്‍മാംഗനേറ്റും (1:10000) തറ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. അര കിലോഗ്രാം വീതം കുമ്മായം നാലു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തും തൊഴുത്ത് കഴുകി വൃത്തിയാക്കാം. വിപണിയില്‍ ലഭ്യമായ  കൊര്‍സോലിന്‍, ബയോക്ലിന്‍ തുടങ്ങിയ  അണുനാശിനികളും തൊഴുത്ത് വൃത്തിയാക്കാന്‍ ഉപയോഗിക്കാം.

മഴക്കാലത്ത് കാണുന്ന രോഗങ്ങളില്‍ മുഖ്യമാണ് അകിടുവീക്കം. അകിടുവീക്കം നിയന്ത്രിക്കാന്‍ കറവക്കാരന്റെയും കറവ യന്ത്രങ്ങളുടെയുമെല്ലാം  ശുചിത്വം  പരമ പ്രധാനമാണ്.  കറവയ്ക്കു മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി  ടിഷ്യൂ പേപ്പറോ  ടവ്വലോ  ഉപയോഗിച്ച്  നനവ് ഒപ്പിയെടുക്കാൻ മറക്കരുത്. പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണമായും കറന്നെടുക്കണം. പൂര്‍ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്‍റ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. കറവയ്ക്കു ശേഷം മുലക്കണ്ണുകൾ അടയുന്നത് വരെ ചുരുങ്ങിയത് 20 മിനിറ്റ് നേരത്തേക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അൽപം തീറ്റ  നല്‍കാം. അകിടിലെ പോറലുകളും മുറിവുകളും എത്ര ചെറുതാണെങ്കിലും  കൃത്യമായി ചികിത്സ നൽകി ഭേദപ്പെടുത്തണം. കാരണം അകിടിലെ ചെറുപോറലുകൾ പോലും രോഗാണുക്കൾക്ക് പാലുൽപാദനനാളികളിലേക്ക് നുഴഞ്ഞുകയറാനും പെരുകാനും അകിടുവീക്കമുണ്ടാക്കാനും വഴിയൊരുക്കും.  അകിടിലെ ചെറിയ വിണ്ടുകീറലുകളിൽ ബോറിക് ആസിഡ് പൗഡര്‍ അയഡിൻ ലായനിയിൽ  ചാലിച്ച് പുരട്ടാം. 

പരുപരുത്ത കോണ്‍ക്രീറ്റ് തറയില്‍നിന്നും അകിടിന് പോറലുകളേറ്റ് അകിടു വീക്കത്തിന് സാധ്യത ഉയര്‍ന്നതായതിനാല്‍ തറയില്‍ റബര്‍മാറ്റ് വിരിക്കുകയോ വൈക്കോല്‍ വിരിപ്പ് നല്‍കുകയോ വേണം. പാല്‍ തറയില്‍ പരന്നൊഴുകാതെ  ശ്രദ്ധിക്കണം. തറയിൽ കിടക്കുമ്പോൾ പാൽ തനിയെ ചുരത്തുന്ന ചില കറവ പശുക്കളുണ്ടാവാം. ഫോസ്‌ഫറസ്‌  മൂലകത്തിന്റെ അഭാവമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. തനിയെ തറയിൽ പാൽ  ചുരത്തുന്ന അകിടുകൾ രോഗാണുക്കളെ മാടിവിളിക്കും. ഈ ലക്ഷണം കാണിക്കുന്ന  പശുക്കളിൽ മാത്രമല്ല മറ്റു പശുക്കളിലും ഇത് അകിടുവീക്ക സാധ്യത കൂട്ടും.  മതിയായ ചികിത്സ ഉറപ്പാക്കി  ഇത്തരം സാഹചര്യങ്ങൾ തടയാൻ ക്ഷീരകർഷകർ ജാഗ്രത പുലർത്തണം. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ട് മാസങ്ങൾക്കു മുൻപ് കറവ അവസാനിപ്പിച്ച് വറ്റുകാലത്തിലേക്ക് പോവുന്ന പശുക്കൾ ഉണ്ടാവാം. ഈ പശുക്കളിൽ അകിട് വീക്കം തടയുന്നതിനായി വറ്റുകാല ചികിത്സ (Dry cow therapy) ഉറപ്പാക്കണം.

മൃഗാശുപത്രികളില്‍നിന്നും തുച്ഛമായ നിരക്കിൽ ലഭ്യമായ കാലിഫോർണിയ അകിട് വീക്ക നിര്‍ണയ കിറ്റ് ( California mastitis  test kit /CMT kit) വാങ്ങി ഇടയ്ക്ക് അകിടുവീക്ക നിര്‍ണയ പരിശോധന നടത്താന്‍ ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ഒന്നും പുറമേ പ്രകടമാവാത്ത നിശബ്ദ അകിട് വീക്കത്തെ നിർണയിക്കാൻ ഈ പരിശോധന ക്ഷീര കർഷകരെ സഹായിക്കും. പാലില്‍ തുല്യ അളവില്‍ പരിശോധനാ ലായനി ചേര്‍ത്തിളക്കുമ്പോള്‍ പാല്‍ കുഴമ്പു രൂപത്തില്‍ വ്യത്യാസപ്പെടുകയാണെങ്കില്‍ അത് അകിടുവീക്കത്തെ സൂചിപ്പിക്കുന്നു. രോഗം ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ചികിത്സ തേടണം. 

പരുപരുത്തതും നനഞ്ഞിരിക്കുന്നതും ചെളി നിറഞ്ഞതുമായ തറയില്‍നിന്നും കുളമ്പിന് ക്ഷതമേല്‍ക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും സാധ്യതയുണ്ട്. ചെളി നിറഞ്ഞ പറമ്പില്‍ പശുക്കളെ  മേയാന്‍ വിട്ടാല്‍ കുളമ്പുമായി ബന്ധപ്പെട്ട  രോഗങ്ങള്‍ക്കു സാധ്യത കൂടും. നടക്കാനും കിടക്കാനും ഉള്ള മടി, കുളമ്പിൽനിന്നു രക്തസ്രാവം, ദുർഗന്ധം എന്നിവയെല്ലാം കുളമ്പുചീയലിന്റെ ലക്ഷണങ്ങൾ ആവാം.  കുളമ്പിലെ മുറിവുകള്‍  നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ആന്‍റിബയോട്ടിക് ലേപനങ്ങൾ പുരട്ടണം. കുളമ്പുകള്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും  5% തുരിശു ലായനിയിലോ 2% ഫോര്‍മലിന്‍ ലായനിയിലോ 20 മിനിട്ട് നേരം മുക്കിവയ്ക്കുന്നത്/ഫൂട്ട് ഡിപ്പ് കുളമ്പു ചീയല്‍ തടയാന്‍ ഫലപ്രദമാണ്. അമിതമായി വളർന്ന കുളമ്പിന്റെ ഭാഗങ്ങൾ വിദഗ്‌ധ സഹായത്തോടെ മുറിച്ച് ഹൂഫ് ട്രിമ്മിങ് നൽകാനും കർഷകർ ശ്രദ്ധിക്കണം. സാധ്യമെങ്കിൽ 70- 80  സെന്റി മീറ്റർ വീതിയിലും  1.75 - 1.8  മീറ്റര്‍ നീളത്തിലും 6 മുതല്‍  8 ഇഞ്ച് ആഴത്തിലും തൊഴുത്തില്‍ കോണ്‍ക്രീറ്റ് ഫൂട്ട് ബാത്ത് ടാങ്കുകള്‍ പണികഴിപ്പിക്കാം. ഫൂട്ട് ബാത്ത് ടാങ്കുകളില്‍ കൃത്യമായ അനുപാതത്തില്‍ മേല്‍പറഞ്ഞ രാസഘടകങ്ങള്‍ ചേര്‍ത്ത ലായനി നിറയ്ക്കാനും ഉപയോഗശേഷം പഴയ ലായനി മാറ്റി പുതിയ ലായനി ചേര്‍ക്കാനും, ജൈവമാലിന്യങ്ങള്‍ നീക്കി ശുചിയായി സൂക്ഷിക്കാനും ശ്രദ്ധവേണം.

കുരലടപ്പന്‍, കുളമ്പുരോഗം തുടങ്ങിയ ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍, ബബീസിയോസിസ്, തൈലേറിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ പ്രോട്ടോസോവല്‍, റിക്കറ്റ്സിയല്‍ രോഗങ്ങള്‍ പിടിപെടാന്‍ മഴക്കാലത്ത് സാധ്യതയേറെയാണ്. തീറ്റമടുപ്പ്, പനി, വയറിളക്കം, പാല്‍ ഉല്‍പ്പാദനക്കുറവ്, ശ്വാസതടസവും മൂക്കൊലിപ്പും തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്ക്കു മുതിരാതെ ഉടന്‍ വിദഗ്‌ധ ചികിത്സ ലഭ്യമാക്കണം.

പരാദങ്ങളെ പടിക്കു പുറത്തുനിർത്താൻ 

ആന്തരപരാദങ്ങളെ നിയന്ത്രിക്കുന്നതിനായി മഴ ശക്തമാവുന്നതിനു മുൻപ് തന്നെ  വിരമരുന്നുകള്‍ നല്‍കണം. മഴക്കാലത്തിന്‍റെ തുടക്കത്തില്‍ കണ്ടുവരുന്ന വൈറല്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുടന്തന്‍ പനി. കൈകാലുകളുടെ മുടന്ത്, പനി, പേശിവേദന എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ . വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പശുക്കളിലേക്ക് പകര്‍ത്തുന്നതു ബാഹ്യപരാദങ്ങളായ കൊതുകുകളും കടിയീച്ചകളുമാണ്.  ബാഹ്യപരാദങ്ങൾ വഴി പശുക്കളിലേക്ക് പകരുന്ന രോഗാണുക്കൾ വേറെയുമുണ്ട്.  മഴക്കാലരാത്രികളില്‍ തൊഴുത്തില്‍ സജീവമാകുന്ന  കൊതുകുകളെയും കടിയീച്ചകളെയും നിയന്ത്രിക്കാന്‍  ബാഹ്യപരാദങ്ങളെ അകറ്റുന്ന ലേപനങ്ങള്‍ (ഡെൽറ്റമെത്രിൻ, സൈപെർമെത്രിൻ, ഫ്ലുമെത്രിൻ തുടങ്ങിയവയിൽ ഏതെങ്കിലും) പശുക്കളുടെ മേനിയിലും തൊഴുത്തിലും തളിക്കണം. തൊഴുത്തിന്‍റെ ചുമര്‍ പരാദനാശിനികള്‍ ചേര്‍ത്ത് വെള്ളപൂശുകയുമാവാം. പശുവിന്‍റെ മേനിയില്‍ പൂവ്വത്തെണ്ണയോ കര്‍പ്പൂരം വേപ്പെണ്ണയില്‍ ചാലിച്ചോ പുരട്ടുന്നതും  രാത്രി തൊഴുത്തില്‍ കര്‍പ്പൂരം, കുന്തിരിക്കം, ശീമകൊന്ന എന്നിവയിലൊന്ന് പുകയ്ക്കുന്നതും കടിയീച്ചശല്യം കുറയ്ക്കും. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. തൊഴുത്തിലും പരിസരത്തും മലിനജലം കെട്ടിക്കിടക്കാന്‍ ഇടവരരുത്. ജലസംഭരണികളില്‍ കൊതുകുലാര്‍വയെ നിയന്ത്രിക്കാന്‍ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ അര ബക്കറ്റ് വെള്ളത്തില്‍ കലക്കി തെളിവെള്ളം ശേഖരിച്ച് ടാങ്കിലൊഴിക്കാം.  വളക്കുഴിയിലും മൂത്ര ടാങ്കിലും മഴവെള്ളം വീഴാതെ  മേലാപ്പ് ഒരുക്കണം .

മഴക്കാലത്ത് പശുക്കളുടെ തീറ്റയൊരുക്കുമ്പോള്‍

മഴക്കൊപ്പം തളിർക്കുന്ന ഇളം പുല്ലുകൾ ധാരാളമായി നല്‍കുന്നത് വയറുപെരുപ്പത്തിനും (ബ്ലോട്ട്) വയറിളക്കത്തിനും ദഹനക്കേടിനും ഇടയാക്കും. ഇളം പുല്ല്  ധാരാളമായി നല്‍കുന്നത് പാലിലെ കൊഴുപ്പ് കുറയുന്നതിനും കാരണമാവും.  ഇളംപുല്ലില്‍ നാരിന്‍റെ അളവ് കുറവായതും ഒപ്പം ധാരാളം ജലാംശം അടങ്ങിയതുമാണ് ഇതിനു കാരണം. ഇളംപുല്ല് വെയിലത്ത് 1-2 മണിക്കൂര്‍ ഉണക്കി വാട്ടിയ ശേഷമോ വൈക്കോലിനൊപ്പം കൂട്ടികലര്‍ത്തിയോ നല്‍കാന്‍ ശ്രദ്ധിക്കണം.

ഈര്‍പ്പമേറിയ സാഹചര്യത്തില്‍ തീറ്റസാധനങ്ങളില്‍ കുമിള്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. കുമിളുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്ളാടോക്സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. ക്രമേണയുള്ള തീറ്റമടുപ്പ്, വയറിളക്കം, ശരീരക്ഷീണം, ഉല്‍പ്പാദനക്കുറവ്, വാലിന്‍റെയും ചെവികളുടെയും അറ്റം അഴുകി ദ്രവിക്കല്‍, രോമക്കൊഴിച്ചില്‍ എന്നിവ അഫ്ളാടോക്സിന്‍ വിഷബാധയുടെ ലക്ഷണങ്ങളാണ്. ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭമലസാന്‍ സാധ്യതയുണ്ട്.  കടലപിണ്ണാക്ക്,  പരുത്തിക്കുരുപിണ്ണാക്ക്  തുടങ്ങിയവയില്‍  കുമിള്‍ ബാധയ്ക്ക് സാധ്യത  ഉയര്‍ന്നതായതിനാല്‍  പ്രത്യേക  ശ്രദ്ധവേണം. തീറ്റവസ്തുക്കള്‍ മുന്‍കൂട്ടി വാങ്ങി ഒരാഴ്ചയിലധികം  സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. 

തീറ്റസാധനങ്ങള്‍ തറയില്‍നിന്ന് ഒരടി ഉയരത്തിലും ചുമരില്‍നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെയോ ഇരുമ്പ് പലകയുടെയോ  മുകളില്‍ സൂക്ഷിക്കണം. തണുത്തകാറ്റോ ഈര്‍പ്പമോ മഴചാറ്റലോ ഏല്‍ക്കാതെ നോക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം  ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റ ചാക്കില്‍നിന്നു നിത്യവും നേരിട്ട് എടുക്കുന്നതിനു പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. തൊഴുത്തിലും തീറ്റകള്‍ സംഭരിച്ച മുറികളിലും പരിസരത്തും എലികളെയും പെരുച്ചാഴികളെയും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കാരണം എലിപ്പനി മനുഷ്യര്‍ക്കെന്നപോലെ പശുക്കള്‍ക്കും മാരകമാണ്. തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കുന്നതിനൊപ്പം തീറ്റയവശിഷ്ടങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കുകയും വേണം. ശരീര സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ധാതുലവണ മിശ്രിതങ്ങള്‍ കരള്‍ ഉത്തേജന മരുന്നുകള്‍, പ്രോബയോട്ടിക് ജീവാണുമിശ്രിതങ്ങള്‍  തുടങ്ങിയവയെല്ലാം നിത്യവും പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉചിതമാവും.

മഴക്കാലത്തെ കിടാപരിപാലനം  

മഴക്കാലത്തു മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കിടാക്കളിൽ മരണനിരക്ക് പൊതുവെ കൂടുതലായി കണ്ടുവരുന്നു. സാംക്രമിക രോഗങ്ങൾ, കാലാവസ്ഥയുടെ സമ്മർദ്ദം എന്നിവയെല്ലാമാണ് മരണനിരക്ക് ഉയർത്തുന്ന ഘടകങ്ങൾ. ന്യൂമോണിയ, കോക്സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണു കിടാക്കളിൽ മഴക്കാലത്ത് കാണുന്ന പ്രധാന  രോഗങ്ങൾ. കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണു പാർപ്പിക്കുന്നതെങ്കിൽ അവയെ തിങ്ങി പാർപ്പിക്കാതിരിക്കണം. കിടാക്കൂടുകളിൽ  ഇന്‍കാന്റസന്റ് / ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി കിടാക്കൾക്ക് മതിയായ ചൂട് ഉറപ്പാക്കണം.

പ്രളയമുന്നറിയിപ്പ് മുന്നിലുണ്ട് വിട്ടുകളയരുത് ഈ സുരക്ഷാമാർഗം

എത്ര തന്നെ കരുതലുകൾ സ്വീകരിച്ചാലും അപ്രതീക്ഷിതമായി തൊഴുത്തിന്റെ പടികയറിയെത്തുന്ന അപകടങ്ങളും അത്യാഹിതങ്ങളും ഏറെയാണ് . ഇവ വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടം പലപ്പോഴും കർഷകന്റെ നിത്യവരുമാനം തന്നെ വഴിമുട്ടിക്കും. മാത്രമല്ല മൂന്നാമത് ഒരു പ്രളയം കൂടിയെത്തുമെന്ന കാലാവസ്ഥാ ഏജൻസികളുടെ മുന്നറിയിപ്പും നമുക്കു മുന്നിലുണ്ട് . അയ്യായിരത്തിലധികം കന്നുകാലികളാണ്  കഴിഞ്ഞ പ്രളയ കാലത്തു മാത്രം നമുക്ക് നഷ്ടമായത്. 

ആശങ്കകള്‍ ഒന്നുമില്ലാതെ ക്ഷീരസംരംഭം നടത്താനും. നിനച്ചിരിക്കാത്ത സമയങ്ങളില്‍ വന്നെത്തുന്ന അപകടങ്ങളില്‍പെട്ട് നിത്യജീവനോപാധി തന്നെ നിലയ്ക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാനും അപ്രതീക്ഷമായെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന  സാമ്പത്തിക നഷ്ടം  നികത്താനും കര്‍ഷകര്‍ക്കുള്ള കൈതാങ്ങാണ്  ഇന്‍ഷുറന്‍സ് പോളിസികൾ. ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഉണ്ടെങ്കില്‍ മറ്റൊരു സഹായത്തിനു കാത്തുനില്‍ക്കാതെ സ്വയം അതിജീവനം സാധ്യമാവും എന്നതില്‍ സംശയമില്ല. എങ്കിലു പശുക്കളും ആടുകളും അടക്കമുള്ള നമ്മുടെ വളര്‍ത്തുമൃഗങ്ങളെയും ക്ഷീരസംരംഭങ്ങളെയും ഒക്കെ ഇന്‍ഷുര്‍ ചെയ്തു സാമ്പത്തിക സുരക്ഷിതമാക്കുന്നതില്‍ നമ്മള്‍ ഏറെ പിന്നിലാണ്. കഴിഞ്ഞ പ്രളയദുരന്തത്തില്‍ അകപ്പെട്ട പശുക്കളില്‍ വളരെ ചെറിയ ഒരു ശതമാനം ഉരുക്കള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നുള്ളൂ എന്നത് ഇതിന്‍റെ വ്യക്തമായ തെളിവാണ്. കാലവർഷം കനക്കുന്നതിനു മുന്നേ തന്നെ തങ്ങളുടെ പശുക്കളെയെല്ലാം ഇൻഷുർ ചെയ്ത് സാമ്പത്തിക സുരക്ഷിതമാക്കാൻ കർഷകർ മറക്കരുത്. കാലാവധി കഴിഞ്ഞ പോളിസികൾ ആണെങ്കിൽ പ്രസ്തുത ഇൻഷുറൻസ് കമ്പനിയുമായി ബന്ധപെട്ട  യഥാവിധി പോളിസി പുതുക്കുകയൂം വേണം.

English summary: Dairy Farm Management in Rainy Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com