ആട് ഫാമില്‍ വേണം ഒരു ഫസ്റ്റ് എയ്‌ഡ്‌ ബോക്സ്

HIGHLIGHTS
  • ആടുകളിലെ പനിയും ശ്വസനപ്രശ്നങ്ങളും
  • ഫസ്റ്റ് എയ്‌ഡ്‌ ബോക്സ് ഒരുക്കിവച്ചതുകൊണ്ട് മാത്രമായില്ല
goat
SHARE

ഭാഗം 7 

ആടുകളെ ബാധിക്കാൻ ഇടയുള്ള അടിയന്തര ആരോഗ്യപ്രശ്നങ്ങൾക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിനായി    ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടുത്തി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്  ഫാമില്‍ ഒരുക്കിവയ്ക്കാം. ആടുകളുടെ ശരീരത്തിലേൽക്കുന്ന മുറിവുകള്‍ കഴുകി അണുവിമുക്തമാക്കുന്നതിനായി പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ടിങ്ചര്‍ അയഡിന്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് സൂക്ഷിച്ചുവയ്ക്കണം. മുറിവുകളുടെ പ്രഥമ ശുശ്രൂഷകള്‍ക്കായി മെഡിക്കൽ  കോട്ടണും വീതി കൂടിയ  വൈറ്റ് കോട്ടൺ  ബാന്‍ഡേജ് തുണിയും പോവിഡോൺ അയഡിന്‍  ഓയിൻമെന്റും (ബീറ്റാഡിൻ)/ ലായനിയും എപ്പോഴും കരുതണം. മുറിവുകള്‍ അണുവിമുക്തമാക്കിയ ശേഷം മുറിവില്‍ വിതറുന്നതിനായി ആന്‍റിബയോട്ടിക് പൊടികളോ ആന്റിബയോട്ടിക് ഓയിൻമെന്റുകളോ (വെറ്റ്ബേസിൻ, ടെറാമൈസിൻ പോലുള്ളവ)   സൂക്ഷിച്ചുവയ്ക്കാം.  പഴകിയ വ്രണങ്ങള്‍ വൃത്തിയാക്കുന്നതിനായി അക്രിഫ്ളാവിന്‍ പൊടിയുടെ തീരെ നേർപ്പിച്ച ലായനി ഉത്തമമാണ്. ആഴമുള്ള മുറിവുകളാണെങ്കിൽ  അണുവിമുക്തമാക്കിയ ശേഷം  മഗ്നീഷ്യം സള്‍ഫേറ്റും (ഭേദിഉപ്പ്) ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം നിറച്ച് പൊതിഞ്ഞാല്‍ മുറിവുണക്കം വേഗത്തിലാവും. ഈ മിശ്രിതത്തില്‍ മുക്കിയ തിരി മുറിവില്‍ നിറച്ച് കെട്ടിയാലും മതിയാവും.  ശരീരഭാഗങ്ങളില്‍ നീരുവച്ച് വീര്‍ത്താല്‍ നീര് വലിയുന്നതിനായ് മഗ്നീഷ്യം സള്‍ഫേറ്റ്  ഗ്ലിസറിനിലോ വെളിച്ചെണ്ണയിലോ ചാലിച്ച് പുരട്ടാവുന്നതുമാണ്. 

ചെറുപോറലുകളിലും മുറിവുകളിലും  ഈച്ചകള്‍ വന്നിരുന്ന്  മുട്ടയിട്ട് പിന്നീട് ലാർവകളായി പെരുകി ഒടുവിൽ വലിയ വ്രണമായി ( Wound myiasis)തീരാം. ഇത് തടയാന്‍ മുറിവുകളിൽനിന്നും  ഈച്ചകളെ അകറ്റുന്ന  ലേപനങ്ങള്‍ ഫസ്റ്റ് എയ്ഡ് ബോക്സില്‍ സൂക്ഷിക്കണം. വിപണിയിൽ ലഭ്യമായ ലോറേക്സെയ്ന്‍ (Lorexane ointment), ഹൈമാക്സ് (Himax), ഡിമാഗ് (D.mag), ടോപ്പിക്യൂയർ പ്ലസ്  (Topicure plus), സ്കാവോണ്‍ (Scavon Vet Cream), ചാർമിൽ (Charmil), ഫ്ലെമാറ്റിക്  ( Flematic WS spray), എക്‌സോഹീൽ, വെറ്റ് -ഒ- മാക്സ് തുടങ്ങിയ  മരുന്നുകള്‍ മുറിവുകളിൽനിന്നും ഈച്ചകളെ  അകറ്റുകയും ബാക്ടീരിയ അണുബാധ തടയുകയും  മുറിവുണക്കം വേഗത്തിലാക്കുകയും ചെയ്യും. ഇതിനായി  വേപ്പെണ്ണയും  ഉപയോഗിക്കാം. മുറിവുകളിൽ ഈച്ചയുടെ ലാർവകൾ നിറഞ്ഞാൽ  അവയെ എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള യൂക്കാലിപ്റ്റസ്  തൈലമോ ടർപ്പന്റൈൻ  തൈലമോ അല്‍പ്പം എപ്പോഴും കരുതണം.  ഒരു ചെറിയ കോട്ടണിൽ  ഇവയിലേതിലെങ്കിലും ചാലിച്ച്  മുറിവിൽ കുറച്ചുസമയം നിറച്ചുവച്ചാൽ ഈച്ചയുടെ ലാർവകളെല്ലാം പുകഞ്ഞുപുറത്തു ചാടും. ശേഷം മേൽ പറഞ്ഞ ലേപനങ്ങളിൽ ഏതെങ്കിലും മുറിവിൽ പ്രയോഗിക്കുന്നത് മുറിവുണക്കം വേഗത്തിലാക്കും . 

ശരീരത്തിൽനിന്നുള്ള രക്തസ്രാവം നിയന്ത്രിക്കാന്‍ ടിങ്ചര്‍ ബെന്‍സോയിന്‍ ലായനി ഏറെ  പ്രയോജനകരമാണ്. കൊമ്പിന്‍റെ കുരുന്ന് ഒടിഞ്ഞുപോയും കൂര്‍ത്ത വസ്തുക്കളില്‍ തട്ടിയും മുറിഞ്ഞും ഒക്കെയുണ്ടാകുന്ന  മുറിവുകള്‍ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കി  ടിഞ്ചര്‍ ബെന്‍സോയിനിൽ മുക്കിയ പഞ്ഞികൊണ്ട് പൊതിഞ്ഞുവച്ചാൽ  രക്തസ്രാവം കുറയും. ശ്വാസതടസവും, മൂക്കൊലിപ്പും ഒക്കെയുള്ള സമയങ്ങളില്‍ ടിങ്ചര്‍ ബെന്‍സോയിന്‍ 5-8 തുള്ളി വീതം അരലിറ്റര്‍ തിളപ്പിച്ച ജലത്തില്‍ ചേര്‍ത്ത് ആടിനെ ആവി പിടിപ്പിക്കുകയും ചെയ്യാം. മുറിവുകളില്‍ അണുനാശിനിയായും ടിങ്ചര്‍ ബെന്‍സോയിന്‍ പ്രയോജനപ്പെടുത്താം.

അകിടിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അയഡിന്‍ അടങ്ങിയ ടീറ്റ് ഡിപ്പിംങ് ലായനി, അകിടിലെ ചെറു പോറലിലും മുറിവിലും പുരട്ടാന്‍ ബോറിക് ആസിഡ്  പൊടിയും ഗ്ലിസറിന്‍ ദ്രാവകവും,  വിസ്‌പ്രെക്ക് ക്രീം  (Wisprec Advanced Cream) പോലുള്ള ലേപനങ്ങൾ  എന്നിവയും കരുതിവയ്ക്കണം. മുറിവുകളും, അകിടും കഴുകി വൃത്തിയാക്കാന്‍  സഹായിക്കുന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് തരികള്‍ ചുരുങ്ങിയത് 100 ഗ്രാം എങ്കിലും നിര്‍ബന്ധമായും ഫാമിൽ  സൂക്ഷിക്കണം. 

പേൻ, ചെള്ള്, പട്ടുണ്ണി തുടങ്ങിയ ബാഹ്യ പരാദങ്ങൾക്കെതിരെ പ്രയോഗിക്കുന്നതിനായുള്ള ബാഹ്യപരാദനാശിനി മരുന്നുകളും ഫസ്റ്റ് എയ്‌ഡ്‌ ബോക്സിൽ ഉൾപ്പെടുത്താം. ഡെൽറ്റാമെത്രിൻ, ഫ്ലുമെത്രിൻ, സൈപെർമെത്രിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ സിന്തറ്റിക് പൈറേന്ത്രോയിഡ് മരുന്നുകളാണ് ഇതിന് അനിയോജ്യം. വിപണിയിൽ ലഭ്യമായ   ഡെൽറ്റാമെത്രിൻ അടങ്ങിയ ലൈസിടിക്ക്  ( Lysetik), ടിനിക്സ് (Tinix vet ), സൈപെർമെത്രിൻ അടങ്ങിയ  ക്ലിനാർ  (CLINAR Liquid) തുടങ്ങിയ  ലേപനങ്ങൾ ഉദാഹരണങ്ങളാണ്.  ഇവ ഓരോന്നും നിർദേശിക്കപ്പെട്ട അളവിലും രീതിയിലും  ആടുകളുടെ മേനിയിൽ പ്രയോഗിക്കാം.

goat-2

ദഹനപ്രശ്നങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍

ആടുകളില്‍ അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം തന്നെ സംഭവിക്കാനിടയുള്ള പ്രധാന രോഗാവസ്ഥകളില്‍ ഒന്നാണ് ബ്ലോട്ട്  അഥവാ വയര്‍പെരുപ്പം ( Ruminal tympany). പയറുവര്‍ഗച്ചെടികള്‍,  പഴങ്ങള്‍, പച്ചക്കറികള്‍, കപ്പയില തുടങ്ങിയ മാംസ്യം കൂടുതല്‍ അടങ്ങിയ തീറ്റകള്‍ അമിതമായി നല്‍കിയാല്‍ വയര്‍പെരിപ്പത്തിന് സാധ്യതയേറെയാണ്. ആഹാരക്രമത്തിലെ മറ്റ് അപാകതകളും നാരുകുറഞ്ഞതും ജലാംശം കൂടിയതുമായ ഇളം പുല്ല് ധാരാളമായി നൽകുന്നതും  വയർപെരുപ്പത്തിനിടയാക്കും.   ദഹനവ്യൂഹത്തിൽവച്ച്   പെട്ടെന്ന് ദഹിക്കുന്ന  തീറ്റകള്‍ അധിക അളവില്‍ വാതകങ്ങള്‍ ഉൽപാദിപ്പിക്കുന്നതും അവയുടെ പുറന്തള്ളല്‍ പ്രയാസകരമായി തീരുന്നതുമാണ്  വയര്‍പെരുപ്പത്തിന്  വഴിയൊരുക്കുന്നത്. ചിലപ്പോള്‍ വാതകങ്ങള്‍ ആമാശയ അറയായ റൂമനിലെ വാതകങ്ങളുമായി ചേര്‍ന്ന് പതഞ്ഞും  വയര്‍പെരുപ്പം (ഫ്രോത്തി ബ്ലോട്ട്)  ഉണ്ടാവാറുണ്ട്. പയര്‍ ചെടികളിലെ സാപോണിന്‍ എന്ന വിഷവസ്തുവാണ് ഇതിന് കാരണമാവുന്നത്. അന്നനാളത്തിലുണ്ടാവുന്ന തടസവും ബ്ലോട്ടിന് കാരണമാവാറുണ്ട്. വയറിന്റെ ഇടതുവശം ക്രമാതീതമായി വീർത്തുവരൽ, ശ്വാസമെടുക്കാൻ പ്രയാസം, മൂക്കിലൂടെയും വായിലൂടെയും വെള്ളമൊലിക്കൽ, ഇടയ്ക്കിടെ എഴുന്നേൽക്കുകയും കിടക്കുകയും ചെയ്യൽ എന്നിവയെല്ലാമാണ് ബ്ലോട്ട് ലക്ഷണങ്ങൾ. ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ ശ്വസന തടസം നേരിട്ട്  ആട് മരണപ്പെടും. 

ഈയൊരു സാഹചര്യമൊഴിവാക്കാന്‍ അധിക വാതകോത്സർജനത്തെ തടഞ്ഞ് ബ്ലോട്ടിനെ ഒഴിവാക്കുന്ന   വാതകഹാരികളായ  ആന്‍റിബ്ലോട്ട് മിശ്രിതങ്ങള്‍ ഏതെങ്കിലും ഒന്നോ രണ്ടോ കുപ്പി എപ്പോഴും   കരുതിവയ്ക്കണം.  ബ്ലോട്ടോസില്‍ (BLOATOSIL), ബ്ലോട്ടോറിഡ്  (BLOTORID ), തൈറല്‍ ( TYREL) , അഫാനില്‍ (AFANIL), ഗാസ്റ്റിന (  Gastina), ടിം ഫ്രീ (Tymfree), ബ്ലോട്ടോ  സേഫ് (Bloatosafe Liquid)  തുടങ്ങിയ വിവിധ പേരുകളില്‍ ആന്‍റിബ്ലോട്ട് മിശ്രിതങ്ങള്‍ വിപണിയില്‍ ലഭിക്കും. ബ്ലോട്ട് ഉണ്ടാവുന്ന സാഹചര്യങ്ങളിൽ  പ്രഥമ ശുശ്രൂഷ എന്ന നിലയിൽ വാതകഹാരികളായ മരുന്നുകൾ 30-50 മില്ലി ലീറ്റർ  വീതം ആടുകളെ കുടിപ്പിക്കാം. വെളിച്ചെണ്ണ 30 -50 മില്ലി അളവിൽ ആടുകളെ കുടിപ്പിക്കുന്നതും ഫലപ്രദമാണ്.  ടര്‍പെന്റയിന്‍ തൈലം  ഒരു ഔണ്‍സ് വീതം അതേ അളവ് വെളിച്ചെണ്ണയില്‍ ചേര്‍ത്തും നല്‍കാം. ഒപ്പം മുൻകാലുകൾ ഉയർന്ന് നിൽക്കത്തക്ക വിധം ആടിനെ തറയിൽ നിർത്താൻ ശ്രദ്ധിക്കണം .  തുടർന്നും ആട് അസ്വസ്ഥതകൾ കാണിക്കുകയാണെങ്കിൽ ഡോക്ടറുടെ സേവനം തേടണം. വയറുപെരുപ്പത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ഇളം പുല്ലും പയർ ചെടികളും നൽകുമ്പോൾ ഉണക്കപ്പുല്ലിനൊപ്പം ചേർത്ത് നൽകാൻ ശ്രദ്ധിക്കണം.

അന്നജം ധാരാളമടങ്ങിയ തീറ്റകളായ ധാന്യക്കഞ്ഞിയും, ധാന്യപ്പൊടിയും  പച്ചക്കറി, ഭക്ഷണ അവശിഷ്ടങ്ങളും, അമിതമായി ആടുകള്‍ക്ക് നല്‍കിയാല്‍ വയറ്റില്‍ ധാരാളമായി ലാക്ടിക് അമ്ലം ഉൽപാദിപ്പിക്കപ്പെടും. ആമാശയ അമ്ലത ഉയരുന്നതിനും ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ വയറിൽനിന്നും  അമ്ലാംശം രക്തത്തില്‍ കലരുന്നതിനും, നിര്‍ജലീകരണത്തിനും ഇത് വഴിയൊരുക്കും. ലാക്റ്റിക് അസിഡോസിസ്  എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.  സത്വരചികിത്സ ആവശ്യമുള്ള  ഇത്തരം അടിയന്തിര  സാഹചര്യങ്ങളിൽ നൽകുന്നതിനായി  അധിക ആമാശയ അമ്ലത്വം കുറയ്ക്കാൻ    സഹായിക്കുന്ന അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ് /  Baking Soda), അധിക അമ്ലാംശത്തെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന  വിപണിയില്‍ ലഭ്യമായ റുമന്‍ ബഫര്‍ പൊടികള്‍ എന്നിവ ഒരു പാക്കറ്റ്  എങ്കിലും ഫാമിൽ കരുതിവയ്ക്കണം. ബുഫ്സോണ്‍, എച്ച്ബി സ്ട്രോങ്ങ്, റുമി പ്രൊ, അസിബഫ് (കാത്സ്യം ചേര്‍ന്ന  കടല്‍പ്പായലും യീസ്റ്റും അടങ്ങിയത്) തുടങ്ങിയ പേരുകളില്‍ റൂമന്‍ ബഫറുകള്‍ ലഭ്യമാണ്. ഡോക്ടറുടെ നിർദേശമനുസരിച്ച് ഇവയിൽ ഏതെങ്കിലും വാങ്ങി സൂക്ഷിക്കാം. കൈകാലുകൾ നിലത്തുറക്കാതെയുള്ള  നടത്തം, വയര്‍ പെരുപ്പം, മൂക്കിലൂടെ പച്ച നിറത്തില്‍ ദ്രാവകം പുറത്തുവരല്‍, രൂക്ഷഗന്ധത്തോടെ പച്ചകലര്‍ന്ന വയറിളക്കം, തീറ്റമടുപ്പ്, എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം തറയില്‍ കിടക്കല്‍ തുടങ്ങിയ ലാക്റ്റിക് അസിഡോസിസിന്‍റെ  ആദ്യ ലക്ഷണങ്ങള്‍ കണ്ടാല്‍ 30-50 ഗ്രാം വീതം സോഡിയം ബൈ കാര്‍ബണേറ്റ്/അപ്പക്കാരം, മഗ്നീഷ്യം ഓക്സൈഡ്   എന്നിവ ഒറ്റക്കോ മിശ്രിതമായോ  മറ്റ്  റുമന്‍ ബഫറുകളോ ആദ്യഘട്ടത്തിൽ നല്‍കാം.  ഒപ്പം ഉടന്‍ ഡോക്ടറുടെ സേവനം  തേടുകയും വേണം.  

ആഹാരത്തിലെ പെട്ടന്നുള്ള മാറ്റം, ധാന്യതീറ്റകൾ, കഞ്ഞി, പഴുത്ത ചക്ക പോലുള്ള അമ്ലാംശം കൂടിയ തീറ്റകൾ നൽകൽ, പയർചെടികൾ, പുളിങ്കുരുപ്പൊടി പോലുള്ള ക്ഷാരാംശം കൂടിയ തീറ്റകൾ നൽകൽ, അമിത അളവിൽ ആഹാരം നൽകൽ, പൂപ്പൽ വിഷബാധ  എന്നിവയെല്ലാമാണ് ആടുകളിൽ  ദഹനക്കേടിന് കാരണമാവുന്നത് . തീറ്റയിലെ പ്രശ്നങ്ങൾ കാരണം പെട്ടെന്നുണ്ടാവുന്ന  ദഹനക്കേടും  വയറിളക്കവും തീറ്റമടുപ്പും വന്നാല്‍  ആടുകൾക്ക് നല്‍കുന്നതിനായി ആമാശയ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതും  വയറിളക്കം തടയുന്നതുമായ  മരുന്നുകളും കരുതണം. എക്കോട്ടാസ്,  പി - ബയോട്ടിക്‌സ്, റുമന്റാസ്,  റുമിലാക്, റുമന്‍റോണ്‍ , പാച്ചോപ്ലസ് ( Pachoplus), വൊക്കാജസ്റ്റ്  (Bolus Wokagest), കീറ്റോനെക്സ് (Bolus Ketonex), അപ്പേവെറ്റ് (Appevet Bolus) തുടങ്ങിയ വിവിധ ഗുളികകളും ഫീഡ് അപ്പ് യീസ്റ്റ്,  ഹിമാലയന്‍ ബാറ്റിസ്റ്റ, റുചാമാക്സ്, റുമിജെസ്റ്റ്,  നാച്ചുറൽ ബാറ്റിസ്റ്റ , അപ്പറ്റോണിക്  ഫോർട്ടി (Appetonic forte),  റുമിക്ക്  (Rumec ES) തുടങ്ങിയ വിവിധ പൊടികളും  ആടുകളുടെ  ആമാശയാരോഗ്യത്തെ മെച്ചപ്പെടുത്താനും ദഹനക്കേട് ഒഴിവാക്കാനും  ഫലപ്രദമാണ്. ഡയാർക്യൂയർ  (Diar cure bolus), ഡയറക്സ്  ( Diarex vet) , ഡയറോണില്‍ (Diaronil), ഡയാറോക്ക്   (Diaroak), നെബുലോൺ (Nebulon powder) തുടങ്ങിയവ വയറിളക്കം തടയാനായി  നൽകുന്നത് ഫലപ്രദമാണ് .  ഇവയിൽ ഏതെങ്കിലും ഡോക്ടറുടെ ഉപദേശപ്രകാരം വാങ്ങി പ്രഥമ ശുശ്രുഷാ പെട്ടിയിൽ സൂക്ഷിക്കാം. അജോവാൻ അഥവാ അയമോദകപ്പൊടി ആടുകളിലെ ദഹനക്കേടിന് നൽകാൻ ഉത്തമമാണ്.  ദഹനക്കേട് ഒഴിവാക്കുന്നതിനായി തീറ്റക്രമത്തിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്താതെ ശ്രദ്ധിക്കണം  മാറ്റം വരുത്തുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി മാത്രമെ  തീറ്റക്രമത്തിൽ മാറ്റം പാടുള്ളൂ.

വയറിളക്കം കാരണമുണ്ടാവാനിടയുള്ള നിർജലീകരണം തടയാൻ പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ പ്രത്യേക ലവണലായനി തയാറാക്കി ആടിനെ കുടിപ്പിക്കുകയും ചെയ്യാം. ഒരു ലീറ്റര്‍ ഇളംചൂട് വെള്ളത്തില്‍ 5 ടീസ്പൂണ്‍ ഗ്ലൂക്കോസ് പൊടിയും ഒരു ടീസ്പൂണ്‍ അപ്പക്കാരവും (സോഡിയം ബൈകാര്‍ബണേറ്റ്), ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് ലവണലായനി തയാറാക്കാം. ഒരു ടീസ്പൂണ്‍ ഏകദേശം അഞ്ച് ഗ്രാം വരും. ഇത് 1  മുതല്‍ 2 ലിറ്റര്‍ വീതം പ്രതിദിനം ആടിന്  നല്‍കാം. ആട്ടിൻകുഞ്ഞുങ്ങളുടെ തുടർച്ചയായ വയറിളക്കത്തിന് ഒആർഎസ് ലായനി നൽകാം. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനൊപ്പം വയറിളക്കത്തിന്‍റെ അടിസ്ഥാനകാരണത്തിന് ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ തേടണം. 

മേയുന്നതിനിടെ ആടുകൾ റബറിലയും പച്ചമുളയും മരച്ചീനിയിലയും കഴിച്ചുണ്ടാകുന്ന വിഷബാധ ഗ്രാമപ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലയില്‍ സാധാരണയാണ്.  ഈ ചെടികളിലടങ്ങിയ ഹൈഡ്രോസയനിക്ക് അമ്ലമാണ് വില്ലന്‍. ശ്വാസതടസം, വയറുസ്തംഭനം, വിറയല്‍, വയറുപെരുപ്പം, കൈകാലുകളുടെ തളര്‍ച്ച, കൈകാലുകള്‍ തറയിലിട്ടടിച്ച് മിറഞ്ഞ് വീഴല്‍  എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തീവ്രവിഷബാധയില്‍ 15 മിനിറ്റിനുള്ളില്‍ മരണം സംഭവിക്കും. പ്രഥമ ശുശ്രൂഷയായി  10 ഗ്രാം     സോഡിയം തയോസള്‍ഫേറ്റ് (ഹൈപ്പോ)  പൊടി  100 മില്ലിലീറ്റർ  വെള്ളത്തില്‍ കലക്കിയ 10   ശതമാനം  ലായനി  ആടുകളെ  കുടിപ്പിക്കാം. ഒപ്പം ഡോക്ടറുടെ  സേവനം തേടണം. റബര്‍കൃഷിയുള്ള പ്രദേശങ്ങളില്‍ ആടുകള്‍ റബര്‍ പാല്‍ അകത്താക്കാനുള്ള  സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രഥമ ശുശ്രൂഷയായി  25-30 ഗ്രാം  സോഡിയം ബൈ കാർബണേറ്റ് ( അപ്പക്കാരം ) കലക്കി  ആടിന് നല്‍കാം. റബര്‍ പാലിലും ഹൈഡ്രോസയനിക് വിഷാംശം ഉള്ളതിനാല്‍  ഹൈപ്പോ ലായനിയും  നല്‍കേണ്ടി വരും. ആനത്തൊട്ടാവാടി കഴിച്ചുള്ള വിഷബാധയിലും ഹൈപ്പോ പൊടി നല്‍കാം. വ്യാപകമായി  റബര്‍, മരച്ചീനി കൃഷിയുള്ള പ്രദേശങ്ങളാണെങ്കിൽ  ആട് കര്‍ഷകര്‍  ഈ ജീവന്‍രക്ഷാ പൊടികള്‍ ചുരുങ്ങിയത് 250 ഗ്രാം എങ്കിലും  ഈര്‍പ്പം കടക്കാതെ അടച്ച് ഫാമിൽ സൂക്ഷിക്കണം.

ആടുകളുടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായും സ്വാഭാവിക പ്രതിരോധശേഷി  വർധിപ്പിക്കുന്നതിനായും  കരൾ സംരക്ഷണ ഉത്തേജന മരുന്നുകൾ തീറ്റയിൽ ഉൾപ്പെടുത്താവുന്നതാണ് . ടെഫ്‌റോളി, ലിവർ അപ്പ് , ലിവ്  52, കെ - ലിവ് , സിഗ്‌ബോ ( Zigbo), ബെക്‌സോലിവ്, ലിവോറക്ക്  ( Livorak Tablet) തുടങ്ങിയ വിവിധ പേരുകളിൽ  വിപണിയിൽ അനേകം  കരൾ സംരക്ഷണ ഉത്തേജന മരുന്നുകൾ ലഭ്യമാണ്. ഇതിൽ ഏതെങ്കിലും വാങ്ങി ഫാമിൽ സൂക്ഷിക്കുകയും ആവശ്യാനുസരണം ആടുകൾക്ക് നൽകുകയും ചെയ്യാം.  ദഹനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടക്കുന്നതിനും കരൾ ഉത്തേജന മരുന്നുകൾ നൽകുന്നത് സഹായിക്കും.  ലായനി രൂപത്തിലുള്ള  കരൾ ഉത്തേജനമരുന്നുകൾ  മുതിർന്ന ഒരു ആടിന് ദിവസം 10 മില്ലിലീറ്റർ എന്ന അളവിൽ നൽകാം .

goat-1

ആടുകളിലെ പനിയും ശ്വസനപ്രശ്നങ്ങളും 

ആടുകളിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഏറ്റവും മുഖ്യമാണ് വിട്ടുമാറാത്ത ചുമയും മൂക്കൊലിപ്പും ശ്വസനതടസ്സവുമെല്ലാം . ഗുരുതരമായി തീർന്നാൽ ന്യുമോണിയക്കും സാധ്യതയേറെ.   കൂട്ടിനടിയിൽ കെട്ടിക്കിടക്കുന്ന കാഷ്ടത്തിൽ നിന്നും പുറത്തുവന്ന് കൂട്ടിൽ തന്നെ  തങ്ങി നിൽക്കുന്ന അമോണിയ വാതകവും കൂട്ടിലെ മതിയായ വായുസഞ്ചാരത്തിന്റെ കുറവും ഉയർന്ന ഈർപ്പമുള്ള അന്തരീക്ഷവുമെല്ലാം ആടുകളിലെ ശ്വസന സംബന്ധമായ പ്രശ്നങ്ങളുടെ കാരണങ്ങളാണ്. അതിശൈത്യവും മഴനനയുന്നതും ശ്വാസകോശരോഗങ്ങൾക്ക് സാധ്യത കൂട്ടും. കുരലടപ്പൻ, സാംക്രമിക പ്ലൂറോ ന്യുമോണിയ, ആടുവസന്ത പോലുള്ള രോഗങ്ങളുടെയും പ്രധാന ലക്ഷണം കടുത്ത ചുമയും വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള നീരൊലിപ്പും ശ്വസനപ്രയാസവും തന്നെയാണ്. ശ്വസനനിരക്ക് സാധാരണനിലയിൽ മിനിറ്റിൽ 10 മുതൽ 15 വരെയാണെങ്കിൽ  ഇത്തരം രോഗവേളകളിൽ  ശ്വസനനിരക്കും ഉയരും.  ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകൾക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനായി വിപണിയിൽ ലഭ്യമായ നാറ്റ് കോഫ് ( Natcof) ലായനി ,  കഫ്‌ലോൺ പൗഡർ (Caflon) തുടങ്ങിയവയിൽ ഏതെങ്കിലും ഫസ്റ്റ് എയ്‌ഡ്‌ ബോക്സിൽ കരുതിവയ്ക്കാം. മുതിർന്ന ഒരാടിന് നാറ്റ് കോഫ് ലായനി 10  മില്ലി വീതം ദിവസം രണ്ട് തവണകളിൽ നൽകാം. കഫ്‌ലോൺ പൗഡർ മുതിർന്ന ഒരാടിന് 10-12 ഗ്രാം വരെ ദിവസം നൽകാം. ശ്വാസതടസവും, മൂക്കൊലിപ്പും ഒക്കെയുള്ള സമയങ്ങളില്‍ ശ്വസനം സുഗമമാക്കുന്നതിനായി യൂക്കാലിപ്റ്റസ് തൈലം അല്ലെങ്കിൽ ടിങ്ചര്‍ ബെന്‍സോയിന്‍   5-8 തുള്ളി വീതം അരലിറ്റര്‍ തിളപ്പിച്ച ജലത്തില്‍ ചേര്‍ത്ത് ആടിനെ  ആവിപിടിപ്പിക്കുകയും ചെയ്യാം.   തുടർന്നും ഭേദമായില്ലെങ്കിൽ രോഗനിർണയത്തിനും ആന്റിബയോട്ടിക് അടക്കമുള്ള തുടർ ചികിത്സകൾക്കുമായി ഡോക്ടറുടെ സേവനം തേടണം.

ആടുകളുടെ സാധാരണ  ശരീരതാപനില 103  മുതൽ 104 ഡിഗ്രി ഫാരെൻ ഹീറ്റ് ( 39-40  ഡിഗ്രി സെന്റീഗ്രേഡ് ) വരെയാണ്  . ഈ  താപനിലയിൽ  വരുന്ന ഏറ്റക്കുറച്ചിലുകൾ അനാരോഗ്യത്തിന്റെ സൂചനകളാണ് . ആടുകളിൽ അനാരോഗ്യത്തിന്റെ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ താപനില പരിശോധിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടാം. ആടുകളുടെ  ശരീര താപനിലയളക്കുന്നതിനായി ഒരു തെര്‍മോ മീറ്റര്‍ ഫാമിൽ സൂക്ഷിക്കണം. തെർമോമീറ്ററിന്റെ അറ്റം  മലദ്വാരത്തിൽ കടത്തി താപനില നിർണയിക്കുന്ന രീതി കർഷകർ അറിഞ്ഞിരിക്കണം .  

ഫസ്റ്റ് എയ്‌ഡ്‌ ബോക്സ് ഒരുക്കിവച്ചതുകൊണ്ട് മാത്രമായില്ല

ആടുകളുടെ  ആരോഗ്യത്തെയും അനാരോഗ്യത്തെയും വേർതിരിച്ചറിയണമെങ്കിൽ കൃത്യമായ നിരീക്ഷണവും മേൽനോട്ടവും  കൂടിയേ തീരു. ആട്ടിൻ കൂട്ടത്തിൽനിന്ന് മാറി ഒറ്റയായി  നിൽക്കൽ , തീറ്റയോടുള്ള മടുപ്പ് , അയവെട്ടാതിരിക്കൽ, വയർ സ്‌തംഭനം , വയറുപെരുപ്പം അഥവാ ബ്ലോട്ട് , വയറിളക്കം , ചുമ , ശ്വാസതടസം, മൂക്കിൽ നിന്നും കണ്ണിൽ നിന്നും വായിൽ നിന്നുമുള്ള നീരൊലിപ്പ് , ഉയർന്ന ശ്വസനനിരക്ക്, പനി, പേശീവിറയൽ, കണ്ണിന് ചുറ്റും വീക്കം, കണ്ണിന് നിറവ്യത്യാസം, കണ്ണിലെ ശ്ലേഷ്മസ്തരങ്ങളുടെ വിളർച്ച , എപ്പോഴും തറയിൽ  കിടക്കൽ , നടക്കാനുള്ള മടി, മുടന്ത് , എപ്പോഴുമുള്ള കരച്ചിൽ, ശരീരഭാഗങ്ങളിൽ നീർക്കെട്ട് ,മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് , മൂത്രത്തിന്റെ  നിറവ്യത്യസങ്ങൾ,  അകിടിലെ വീക്കം, കല്ലിപ്പ് , പാലിന്റെ ഘടനയിലും നിറത്തിലുമുള്ള വ്യത്യസങ്ങൾ തുടങ്ങിയവയെല്ലാം ആടുകളുടെ അനാരോഗ്യത്തിന്റെ സൂചനകളാണെന്ന് ഒരോ ആട് വളർത്തൽ സംരംഭകനും മനസിലാക്കണം. പ്രഥമ ശുശ്രൂഷകളും  ആവശ്യമെങ്കിൽ വിദഗ്‌ധ ചികിത്സകളും ആടുകൾക്ക് ഉറപ്പാക്കേണ്ടതും ഈ നിരീക്ഷണത്തിന്റെ  അടിസ്ഥാനത്തിൽ തന്നെ. 

ഒരു കർഷകൻ എന്ന നിലയിൽ ആടുകൾക്ക് പ്രഥമ ശുശ്രൂഷകൾ നൽകുന്നതിനപ്പുറം  സ്വയം ചികിത്സകൾക്ക് മുതിരാതിരിക്കുക. കൃത്യമായ രോഗനിർണയത്തിന്റെ അഭാവവും  അവിദഗ്‌ധവും അശാസ്ത്രീയവും  അനാവശ്യവുമായ  ചികിത്സകളും  ആടുകളുടെ ജീവൻ അപകടത്തിലാക്കുമെന്നത് മറക്കരുത് . നിങ്ങൾ ആട് വളർത്തൽ മേഖലയിൽ  ഒരു  തുടക്കക്കാരനോ പരിചയസമ്പന്നനായ ഒരു സംരംഭകനോ  ആവട്ടെ , ആടുകളുടെ രോഗനിർണയത്തിനും  ചികിത്സകൾക്കും സംശയദൂരീകരണത്തിനുമായി സ്ഥിരമായി  ഒരു വെറ്ററിനറി  ഡോക്ടറുടെ സേവനം തന്റെ ഫാമിന് ഉറപ്പാക്കാൻ ഒരിക്കലും മടിക്കരുത് .     

നാളെ - ആശങ്കയില്ലാതെ ആട് വളര്‍ത്താം, ആദായമെത്തുന്ന വഴികളുമറിയാം 

English summary: How to Stock a Goat First Aid Kit?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA