സ്യൂഡോമോണാസ്: എങ്ങനെ തയാറാക്കാം? എപ്പോൾ ഉപയോഗിക്കാം?

HIGHLIGHTS
 • പൊടിരൂപത്തിലും ദ്രാവകരൂപത്തിലുമാണ് സ്യൂഡോമോണാസ് ലഭ്യമാവുക
 • സൂക്ഷിപ്പുകാലാവധി തീയതി നോക്കി വേണം വാങ്ങാൻ
pseudomonas
SHARE

സസ്യങ്ങൾക്ക് പുഷ്ടിയോടെ വളരാനും കൂടുതൽ ശിഖരങ്ങളുണ്ടാവാനും പൂവിടാനുമായി മണ്ണിലെ ജൈവാംശത്തിന്റെ സാമീപ്യത്തിൽ നിരന്തരം പ്രവർത്തിക്കുന്ന നിരവധി ജീവാണുക്കളിൽ ഒന്നാണ് സ്യൂഡോമോണാസ് എന്ന മിത്ര ബാക്റ്റീരിയ. ഇവ എല്ലാ തരം മണ്ണിലും ഒരു നിശ്ചിത അളവിൽ സ്വാഭാവികമായിത്തന്നെ ഉണ്ട്. കൃഷിയിൽ സ്യൂഡോമോണാസിന്റെ പ്രവർത്തനങ്ങൾ കാർഷികശാസ്ത്രജ്ഞർ മനസിലാക്കിയിട്ടും വിജയകരമായി പ്രയോഗത്തിൽ വരുത്തിയിട്ടും ദശാബ്ദങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ബഹുഭൂരിപക്ഷം കർഷകർക്കും ഇതിന്റെ ഉപയോഗക്രമങ്ങളും ഗുണഗണങ്ങളും മുഴുവനായും മനസിലായിട്ടില്ലെന്നതാണ് സത്യം. മണ്ണിൽ നിന്നുതന്നെ വേർതിരിച്ചു ശുദ്ധീകരിച്ചെടുത്ത സ്യൂഡോമോണാസ് ബാക്റ്റീരിയയെ പ്രവർധന ചെയ്ത ശേഷമാണ് നമുക്ക് വിപണിയിൽ ലഭ്യമാകുന്നത്. കർഷകർക്ക് പ്രയോഗികതലത്തിൽ കാര്യക്ഷമമായി എങ്ങനെ സ്യൂഡോമോണാസ് ബാക്റ്റീരിയയെ ഉപയോഗിക്കാമെന്ന് വിവരിക്കാം.

സസ്യവളർച്ചയെ പരിപോഷിക്കുന്ന - Plant Growth Promoting Rhizobacteria (PGPR) - ജീവാണുക്കളുടെ കൂട്ടത്തിലാണ്‌ കാർഷികശാസ്ത്രലോകം സ്യൂഡോമോണാസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് രണ്ടു വിധത്തിലാണ് സസ്യങ്ങൾക്ക് അനുഭവമാകുന്നത്. ഒന്നാമതായി, ഇവ ഉൽപാദിപ്പിക്കുന്ന ഓക്സിൻ, സൈറ്റോകൈനിൻ എന്നീ ഹോർമോണുകൾ വിത്തുകൾ മുതൽ സസ്യങ്ങളുടെ എല്ലാ വളർച്ചാഘട്ടത്തിലും വളർച്ചയെ പരിപോഷിപ്പിക്കുന്നു . രണ്ടാമതായി, ഇവ ഉല്‍പാദിപ്പിക്കുന്ന കുമിൾനാശക സംയുക്തങ്ങൾ സസ്യങ്ങൾക്ക് രോഗകാരണമായ കുമിളുകളുടെ വളർച്ചയെ അടിച്ചമർത്തുന്നു.

തയാറാക്കേണ്ട വിധം

സാധാരണയായി പൊടിരൂപത്തിലും ദ്രാവകരൂപത്തിലുമാണ് സ്യൂഡോമോണാസ് വിപണിയിൽ ലഭ്യമാവുക. പൊടിരൂപത്തിലുള്ളവ രണ്ടു തരത്തിലുണ്ട്, നാലു മുതൽ ആറു മാസം വരെ സൂക്ഷിപ്പു കാലാവധിയുള്ളതും ഒരു വർഷം വരെ കാലാവധിയുള്ളതും. ഇവ യഥാക്രമം 20 ഗ്രാം, 10 ഗ്രാം എന്ന അളവിലാവണം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ലായനി തയാറാക്കാൻ. ദ്രാവകരൂപത്തിലുള്ള സ്യൂഡോമോണാസ് 5 മില്ലി മതി ഒരു ലീറ്റർ വെള്ളത്തിലേക്ക്.

ഉപയോഗക്രമങ്ങൾ

 • നടാനുള്ള വിത്തുകൾ അവ കുതിരാനാവശ്യമായ സമയത്തോളം സ്യൂഡോമോണാസ് ലായനിയിൽ മുക്കിവയ്ക്കുക.
 • വേരുപിടിപ്പിക്കാനുള്ള കമ്പുകൾ, പറിച്ചുനടാനുള്ള തൈകൾ എന്നിവ ഒരു മണിക്കൂറോളം മുക്കിവയ്ക്കാം.
 • സസ്യങ്ങളുടെ വേരുപടലം നിറയുന്ന ഭാഗമത്രയും നനയാൻ തക്ക അളവിൽ മാത്രം വേണ്ട സ്യൂഡോമോണാസ് ലായനി മേൽമണ്ണിൽ ഒഴിച്ചുകൊടുക്കാം. അതിനുശേഷം പുതയിടുകയും വേണം.
 • ലായനി ചെടികളിൽ സമൂലം സ്പ്രേ ചെയ്യാം.

വിളയുടെ വളർച്ചാസ്വഭാവമനുസരിച്ച് മണ്ണിലും ചെടിയിൽ സ്‌പ്രേയായും സ്യൂഡോമോണാസ് പ്രയോഗം മാസത്തിൽ ഒന്നോ രണ്ടോ തവണ ചെയ്യാവുന്നതാണ്. ബഹുവർഷ വിളകളിൽ കുമിൾരോഗങ്ങളെ ചെറുക്കാനായുള്ള സ്പ്രേ മഴക്കാലാരംഭത്തിലും മഴക്കാലത്തിന്റെ അവസാനദിവസങ്ങളിലും പ്രയോഗിക്കാം.

സ്യൂഡോമോണാസ് പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • സ്യൂഡോമോണാസ് വാങ്ങുമ്പോൾ സൂക്ഷിപ്പുകാലാവധി തീയതി നോക്കി വേണം വാങ്ങാൻ. അടക്കം ചെയ്ത കവചം വായുനിബദ്ധമാണെന്നും ഉറപ്പു വരുത്തുക.
 • ഒരിക്കൽ തുറന്നാൽ മുഴുവനായും അപ്പോൾത്തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം. അതിനു സാധ്യമല്ലെങ്കിൽ കവചത്തിൽ വളരെ ചെറിയ ദ്വാരമുണ്ടാക്കി ആവശ്യത്തിനുള്ള സ്യൂഡോമോണാസ് എടുത്തശേഷം ഉടൻ വായുനിബദ്ധമായി അടച്ച് അണുവിമുക്തമായ, വൃത്തിയുള്ള ഒരിടത്തു സൂക്ഷിക്കുക.
 • ലായനി തയാറാക്കാൻ ക്ലോറിൻ ചേർന്നതോ ലവണാംശം കൂടുതലുള്ളതോ ആയ ജലം ഉപയോഗിക്കരുത്.
 • തയാറാക്കിയ ലായനി രണ്ടു മണിക്കൂറിലേറെ കാത്തുവയ്ക്കരുത്.
 • മണ്ണിലെ അമ്ലാംശം കൂടിയിരുന്നാൽ മണ്ണിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലായിരിക്കും.
 • രാസവളങ്ങൾ, കുമ്മായം എന്നിവ മണ്ണിൽ ചേർത്ത് ഒരാഴ്ച കഴിഞ്ഞ ശേഷമേ മണ്ണിൽ സ്യൂഡോമോണാസ് ചേർക്കാൻ പാടുള്ളൂ. കുമ്മായത്തിനു പകരം ഡോളോമൈറ്റ് ചേർക്കുകയാണെങ്കിൽ ഈ നിബന്ധന ബാധകമല്ല.
 • സ്യൂഡോമോണാസ് സ്പ്രേ ചെടികളിൽ പകൽ സമയം കൊടുത്താൽ വെയിലിന്റെ ചൂടിൽ ഇവയുടെ പ്രഥമ വ്യാപനപ്രവർത്തനം തടസപ്പെടുത്തുന്നതിനാലാൽ ചെടികളിൽ സ്‌പ്രേയായി കൊടുക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം വെയിലാറിയ ശേഷമാണ്.
 • സ്യൂഡോമോണാസ് പ്രയോഗിക്കുമ്പോൾ ട്രൈക്കോഡെർമ, ജീവാണുകീടനാശിനികൾ എന്നിവയുടെ പ്രയോഗങ്ങൾ തമ്മിൽ പത്തു ദിവസങ്ങളുടെ ഇടവേള പാലിക്കണം.
 • മറ്റു സസ്യസംരക്ഷണ ഉപാധികളുടെ കൂടെ കലർത്തി സ്യൂഡോമോണാസ് പ്രയോഗിക്കുന്നത് അഭിലഷണീയമല്ല.

English summary: How to use Pseudomonas Fluorescens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA