എന്റെ മുട്ട, എന്റെ വില, എന്റെ ജീവിതം; ഏറ്റവും വലിയ സഹകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യം

HIGHLIGHTS
  • കര്‍ഷകര്‍ക്ക് കിട്ടിയിരുന്ന മുട്ടവില ഉൽപാദനച്ചെലവിനേക്കാള്‍ കുറവ്‌
egg
SHARE

1980കളില്‍ ഇന്ത്യയിലെ അസംഘടിതരായ കോഴിക്കര്‍ഷകരുടെ മനസുകളിലേക്ക് ഉണര്‍ത്തുപാട്ടായി കടന്നു വന്ന വാക്കുകളാണ് തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത്. നാഷണല്‍ എഗ് കോ–ഓര്‍ഡിനേഷന്‍ കമ്മറ്റി (NECC) എന്ന ലോകത്തിലെ കോഴിവളര്‍ത്തല്‍ കര്‍ഷകരുടെ ഏറ്റവും വലിയ സംഘടനയുടെ പിറവിക്ക് ഉദയം കുറിച്ചത്  ഡോ. ബി.വി. റാവുവെന്ന പ്രഗത്ഭമതിയുടെ പ്രേരണയാണ്. 1981 ആയപ്പോൾ ഇന്ത്യയിലെ കോഴി വളര്‍ത്തല്‍ വ്യവസായം മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയില്‍ ആടിയുലഞ്ഞു. നഷ്ടങ്ങളുടെ കണക്കുകള്‍ പെരുകിയപ്പോള്‍ ഏകദേശം 40 ശതമാനത്തോളം കര്‍ഷകര്‍ ഈ മേഖലയില്‍നിന്ന് പലായനം ചെയ്തു. ഇടനിലക്കാരുടെ ഊഹക്കച്ചവടത്തിന്റെ ബലിയാടുകളായ കര്‍ഷകര്‍ക്ക് കിട്ടിയിരുന്ന മുട്ടവില ഉൽപാദനച്ചെലവിനേക്കാള്‍ കുറവ്‌. 

നിലനിന്നിരുന്ന വിപണിയും, വിപണന ശൃംഖലകളും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കെതിരായി നിന്ന സമയം.  5 വര്‍ഷത്തിനിടയ്ക്ക് തീറ്റയുടെ വില 250 ശതമാനം വർധന രേഖപ്പെടുത്തിയപ്പോള്‍ മുട്ടയുടെ വില ശരാശരി 35 പൈസയില്‍ ഒതുങ്ങി നിന്നു. ആപത്ഘട്ടത്തില്‍ സഹായഹസ്തങ്ങള്‍ ഒരിടത്തുനിന്നും നീളാതായതോടെ ആവശ്യം സൃഷ്ടിയുടെ മാതാവായി. വെങ്കിടേശ്വര ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഡോ. ബി.വി. റാവുവിന്റെ പ്രേരണയാല്‍ ഒരു സംഘം കര്‍ഷകര്‍ ഉണര്‍ന്നു. രാജ്യമെങ്ങും യാത്രചെയ്ത ഇവര്‍ കര്‍ഷകര്‍, കച്ചവടക്കാര്‍, കര്‍ഷകസംഘങ്ങള്‍ ഇവരുമായി ഏകദേശം മുന്നൂറോളം സ്ഥലങ്ങളില്‍ കൂടിക്കാഴ്ചകള്‍ നടത്തി. ഡോ. റാവുവിന്റെ ‘എന്റെ മുട്ട, എന്റെ വില, എന്റെ ജീവിതം’ എന്ന പ്രചോദന ചിന്ത കോഴിവളര്‍ത്തല്‍ കര്‍ഷകരെ അവരുടെ ജീവിതത്തിന്റെ നിയന്ത്രണം സ്വന്തം കൈകളിലെത്തിക്കുവാന്‍ പര്യാപ്തമാക്കി.

dr-bv-rao
ഡോ. ബി.വി. റാവു

ജനാധിപത്യ തത്വങ്ങളിലധിഷ്ഠിതമായി കര്‍ഷകര്‍, മുട്ടക്കച്ചവടക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസേറ്റീസ് ആക്ട് പ്രകാരം ഒരു ട്രസ്റ്റായി റജിസ്റ്റര്‍ ചെയ്യപ്പെട്ട NECC 1982 മേയ് 14ന് മുട്ടയുടെ ന്യായവില പ്രഖ്യാപനം ആരംഭിച്ചു. 25,000 വരുന്ന പ്രാഥമികാംഗങ്ങളുള്ള NECC ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോഴിക്കര്‍ഷകരുടെ സഹകരണ പ്രസ്ഥാനമാണ്. ഇന്ത്യയിലെ മുട്ടയുൽപാദനത്തിന്റെ സിംഹഭാഗവും വരുന്നത് NECC അംഗങ്ങളില്‍നിന്നു തന്നെ. സംസ്‌കാരം, ഭാഷ, ദേശം എന്നീ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ഒരേയൊരു ലക്ഷ്യം വയ്ക്കുന്ന NECC മുട്ടയ്ക്ക് ലഭിക്കുന്ന ന്യായവിലയിലൂടെ സ്വന്തം ജീവിതം കരുപിടിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യം നേടിക്കഴിഞ്ഞു. 

ഇന്ന് ആകാശത്തോളം വളരുന്ന പുതിയ ലക്ഷ്യങ്ങളും NECC മുമ്പോട്ടു വയ്ക്കുന്നു. കൃഷിക്കാരനും, വില്‍പനക്കാരനും ഉപഭോക്താവിനും ന്യായം നല്‍കാന്‍ കഴിയുന്ന വിപണി സമ്പ്രദായം നിലനിര്‍ത്തുന്നതോടൊപ്പം മുട്ടയുടെ ശേഖരം, വിപണനം, ലഭ്യത ഇവയിലെ ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിക്കുക, തൊഴില്‍ അവസരങ്ങളുടെ സൃഷ്ടി, നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലെത്തിച്ച് ഉൽപാദന വർധന തുടങ്ങി മുട്ടയുടെ ഉപഭോഗത്തിനെതിരെയുള്ള പ്രചാരണങ്ങളെ മാധ്യമ പ്രചാരത്തിലൂടെ തകര്‍ക്കുക തുടങ്ങി സര്‍വ മേഖലകളിലും ഇടപെടുന്ന പ്രവര്‍ത്തനങ്ങള്‍ NECC നടത്തുന്നു. മേല്‍പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഒന്നു തീര്‍ച്ച. നിസ്വാര്‍ഥമായി കര്‍ഷകര്‍ ഒരു ലക്ഷ്യത്തിനു വേണ്ടി എവിടെയൊക്കെ ഒന്നിച്ചുവോ അവിടെയൊക്കെ സ്വന്തം ജീവിതത്തിന്റെ വിധി നിര്‍ണയിക്കുന്ന കരുത്ത് അവര്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലെ അമൂലും, NECCയും ഉദാഹരണങ്ങള്‍ മാത്രം.

English summary: National Egg Coordination Committee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA