ADVERTISEMENT

കോവിഡ് മഹാമാരിയുടെ ആറു മാസത്തെ അനുഭവങ്ങൾ നമുക്ക് നൽകിയത് സാംക്രമിക രോഗപ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട നിരവധി പാഠങ്ങളാണ്. അടിസ്ഥാനപരമായി ഇത്തരത്തിലുള്ള നടപടികൾ തന്നെയാണ് കന്നുകാലി ഫാമുകളിലും നമ്മൾ പിന്തുടരേണ്ടത്. കർഷകർ ഏതു സമയത്തും മനസിലും പ്രവൃത്തിയിലും കൊണ്ടുനടക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നു.

രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക

രോഗബാധയുള്ള മൃഗങ്ങളെ പൂർണ ആരോഗ്യാവസ്ഥയിലുള്ളവയിൽനിന്നു വേർതിരിച്ചറിയാൻ അനുഭവപരിചയം കൊണ്ട് കർഷകർക്ക് കഴിയും. രോഗമേതാണെന്നറിയാൻ കഴിയുന്നില്ലെങ്കിലും രോഗമെന്തോ വരുന്നു എന്നു തിരിച്ചറിയാൻ കർഷകർക്ക് കഴിഞ്ഞാൽ ചികിത്സയും പ്രതിരോധവും നിയന്ത്രണവും എളുപ്പമാകും. കാണുന്ന രോഗലക്ഷണങ്ങൾ കൃത്യമായി പറയാൻ കഴിഞ്ഞാൽ ഡോക്ടർക്കും രോഗനിർണയം എളുപ്പമാകും. രോഗലക്ഷണങ്ങളും ആരോഗ്യ ലക്ഷണങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നത് പ്രധാനമാണ്.

തല കുനിച്ചും, കൂട്ടം തെറ്റിയും നില്‍ക്കുന്ന പശുക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നു വേണം കരുതാന്‍. പശുക്കള്‍ തീറ്റയെടുക്കുന്ന രീതി ശ്രദ്ധിക്കണം. ആരോഗ്യമുളളവ തീറ്റ ആര്‍ത്തിയോടെ തിന്നു തീര്‍ക്കും. വിശപ്പില്ലായ്മ, അയവെട്ടാതിരിക്കുക എന്നിവ പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളാണ്. എന്നാല്‍ ഇതേ പ്രശ്‌നം തീറ്റയുടെ ഗുണമേന്മക്കുറവുകൊണ്ടോ, രുചി വ്യത്യാസം മൂലമോ അല്ലായെന്ന് ഉറപ്പു വരുത്തണം.  

ചര്‍മ്മത്തിന്റെ ആരോഗ്യവും നല്ലൊരു സൂചനയാണ്. ആരോഗ്യമുളള പശുക്കളുടെ ചര്‍മ്മം മൃദുലവും വലിച്ചാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുമായിരിക്കും. കഴുത്തിന്റെ ഭാഗത്തുളള ചര്‍മ്മം പെരുവിരലിനും ചൂണ്ടുവിരലിനുമിടയില്‍ വലിച്ചു പിടിച്ച് ഇത് മനസിലാക്കാം. ഉണങ്ങിയ പരുപരുത്ത ചര്‍മ്മവും, എഴുന്നു നില്‍ക്കുന്ന കൊഴിയുന്ന തിളക്കമില്ലാത്ത രോമവും അനാരോഗ്യ ലക്ഷണമാണ്. ഇത് വിരബാധ, ശരീരക്ഷയം എന്നിവയുടെ ലക്ഷണമാണ്. തൊലിയില്‍ രോമമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടാകുന്നത് ഫംഗസ്, പേന്‍ തുടങ്ങിയ ബാഹ്യപരാദബാധയെ സൂചിപ്പിക്കുന്നു.

ആരോഗ്യമുളള പശുക്കളുടെ കണ്ണുകള്‍ തിളക്കമുളളവയായിരിക്കും. നിറം മാറിയ, കുഴിഞ്ഞു തൂങ്ങിയ കണ്ണുകള്‍ ആരോഗ്യ ലക്ഷണമല്ല. വെള്ളമൊലിക്കുന്ന പഴുപ്പു നിറഞ്ഞ അവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം.  ഒരു കണ്ണില്‍ മാത്രം വരുന്ന ലക്ഷണങ്ങള്‍ കണ്ണിന്റെ പ്രശ്‌നമാകുമ്പോള്‍ ഇരു കണ്ണിലും വരുന്ന പ്രശ്‌നങ്ങള്‍ പൊതുവായ രോഗലക്ഷണമായിരിക്കും. 

ആരോഗ്യമുളള പശുക്കളുടെ മൂക്ക് അഥവാ മുഞ്ഞി നനവുളളതായിരിക്കും. ഈര്‍പ്പരഹിതമായ മൂക്ക് പനിയെ സൂചിപ്പിക്കുന്നു. ശ്വാസ തടസം, ചുമ, അസാധാരണ ശബ്ദം എന്നിവയും ശ്രദ്ധിക്കണം. ആരോഗ്യമുളള പശുക്കളുടെ ചാണകം അധികം അയവില്ലാതെ മുറുകിയതായിരിക്കും. കഫം, രക്തം, കുമിളകള്‍ എന്നിവ വിരബാധയുടെ ലക്ഷണമായിരിക്കും. ചാണകം പരിശോധിച്ച്  ഉടന്‍ ചികിത്സ നേടണം.

ആരോഗ്യമുളള പശുവിന്റെ മൂത്രം തെളിഞ്ഞതും ഇളം മഞ്ഞ നിറമുള്ളതുമായിരിക്കും.  എന്നാല്‍ ഇരുണ്ടതോ, ചുവന്നതോ, കട്ടന്‍ കാപ്പിയുടെ നിറമോ, കടും മഞ്ഞ നിറമോ ഉളള മൂത്രം രോഗലക്ഷണമാണ്. 

പാലിന്റെ അളവ്, നിറം, ഗുണം എന്നിവയിലുളള വ്യത്യാസം  ശ്രദ്ധിക്കണം. രക്തത്തിന്റെ അംശം, ചാരനിറം, മഞ്ഞ നിറം, ഉപ്പുരസം, കട്ടകള്‍ എന്നിവ അകിടുവീക്കത്തിന്റെ ലക്ഷണങ്ങളാകും.  

ഈറ്റത്തില്‍ നിന്നു വരുന്ന സ്രവം ശ്രദ്ധിക്കണം.  മുട്ടയുടെ വെളളക്കുരു പോലെയുളള കൊഴുത്ത സ്രവം മദിലക്ഷണമായിരിക്കും. എന്നാല്‍ പഴുപ്പ്, രക്തം എന്നിവ കലര്‍ന്ന സ്രവം ഗര്‍ഭാശയ രോഗങ്ങളെ കാണിക്കുന്നു.  ഉയര്‍ന്ന താപനില, ശ്വാസോച്ഛാസം, നെഞ്ചിടിപ്പ് എന്നിവ പല രോഗങ്ങളുടേയും പ്രഥമ ലക്ഷണമാണ്. തുടര്‍ന്ന് പശു തീറ്റയെടുപ്പ് കുറയ്ക്കുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടുകയും കൃത്യസമയത്ത് ചികിത്സ നല്‍കുകയും വേണം.  

മാറ്റി നിര്‍ത്തണം  രോഗികളെ (ഐസൊലേഷൻ)

രോഗം ബാധിച്ചവയെ അല്ലെങ്കില്‍ സംശയിക്കപ്പെടുന്നവയെ കൂട്ടത്തില്‍ നിന്നു മാറ്റി പാര്‍പ്പിക്കണം.  ഇതിനായി പ്രത്യേകം ഷെഡുകളോ (സിക്ക് ആനിമല്‍ ഷെഡ്) നിലവിലുളള ഷെഡിന്റെ ഒരു ഭാഗമോ ഉപയോഗിക്കാം.  പ്രധാന ഷെഡില്‍ നിന്നും പരമാവധി അകലത്തിലും മറ്റു ഷെഡുകളേക്കാള്‍ താഴ്ന്നുമായിരിക്കണം രോഗികളുടെ  ഷെഡ്.

ക്വാറന്റൈന്‍ 

ഫാമിലേക്ക് പുതുതായി കൊണ്ടുവരുന്ന കന്നുകാലികളെ പ്രത്യേകം ശ്രദ്ധിക്കണം.  നിശ്ചിത കാലയളവില്‍ ഇവയെ പ്രത്യേകം പാര്‍പ്പിച്ചതിനു ശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കുക.  കൊണ്ടുവരുമ്പോള്‍ രോഗലക്ഷണങ്ങളില്ലെങ്കിലും ഇങ്ങനെ ചെയ്യണം.  കാരണം ചിലപ്പോള്‍ ഇവയുടെ ശരീരത്തില്‍ രോഗാണുക്കള്‍ ഉണ്ടാകാം.  സാധാരണ 30 ദിവസമാണ് ഇവയ്ക്ക് അയിത്തം കല്‍പ്പിക്കുക.  എന്തെങ്കിലും അണുബാധയുണ്ടെങ്കില്‍ ഈ സമയത്തിനുളളില്‍ ലക്ഷണങ്ങള്‍ കാണിക്കും.  ഈ സമയത്ത് 23/24 ദിവസമാകുമ്പോള്‍ വിര മരുന്നും 25/26 ദിവസമാകുമ്പോള്‍ ബാഹ്യപരാദബാധയ്ക്കുളള മരുന്നും നല്‍കണം.

രോഗവാഹകരെ കണ്ടെത്തുക 

രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാതെ വര്‍ഷങ്ങളോളം രോഗാണുക്കളെ പേറുന്ന മൃഗങ്ങള്‍ ചിലപ്പോള്‍ ഫാമിലുണ്ടാകും.  ഇവ മറ്റുളളവയ്ക്ക് രോഗം നല്‍കുകയും ചെയ്യും.  ഇവയെ കണ്ടെത്താന്‍ പ്രത്യേക പരിശോധന വലിയ ഫാമുകളില്‍ നടത്തണം. ക്ഷയം, ജോണീസ് രോഗം, ബ്രൂസല്ലോസിസ്, സബ്ക്ലിനിക്കല്‍ അകിടുവീക്കം എന്നിവ ഈ അവസ്ഥയില്‍ കാണപ്പെടുന്നു. ആറു മാസം അല്ലെങ്കില്‍ ഒരു വര്‍ഷം കൂടുമ്പോള്‍ വിവിധ പരിശോധനകള്‍ വഴി മേല്‍പറഞ്ഞ രോഗങ്ങള്‍ കണ്ടുപിടിക്കാം. രോഗവാഹകരെ കണ്ടെത്തിയാല്‍ അവയെ ഒഴിവാക്കുക തന്നെ വേണം.

ശവശരീരങ്ങള്‍ നീക്കം ചെയ്യല്‍

കോവിഡ് സമയത്ത് ഏറെ പ്രശ്നങ്ങളുണ്ടാക്കിയത് സാംക്രമിക രോഗം ബാധിച്ചു മരിച്ചവരുടെ മൃതദേഹ സംസ്ക്കരണമായിരുന്നു. ഇതു മൃഗങ്ങളുടെ കാര്യത്തിലും പ്രധാനമാണ്.

സാംക്രമിക രോഗം വന്നു ചത്തെന്നു സംശയിക്കുന്നവയുടെ ശരീരം എവിടെയെങ്കിലും കൊണ്ടുപോയിട്ട് തടിതപ്പാമെന്നു കരുതരുത്.  ഇത് രോഗബാധ വ്യാപിപ്പിക്കും.  ആന്ത്രാക്‌സ്  രോഗമെന്നു സംശയമുണ്ടെങ്കില്‍ ഒരു കാരണവശാലും മൃതശരീരം കീറാന്‍ ശ്രമിക്കരുത്. വായു സമ്പര്‍ക്കമുണ്ടായാല്‍  ആന്ത്രാക്‌സ് അണു പ്രത്യേക ആവരണം സൃഷ്ടിച്ച് മണ്ണില്‍ ദീര്‍ഘകാലം ജീവിക്കാന്‍ ശക്തി നേടും.  മൃതശരീരങ്ങള്‍ ആവശ്യമായ ആഴത്തില്‍ കുഴിച്ചിടുകയോ, കത്തിച്ചു കളയുകയോ ആണ് നല്ലത്. രോഗവഴികള്‍ തടയുക അണുനശീകരണം, രോഗികളുടെ ചികിത്സ എന്നിവ വഴി രോഗാണുക്കളെ നേരിട്ടു നശിപ്പിക്കാം.  രോഗം പരത്തുന്ന ജീവികളെ നശിപ്പിച്ചും രോഗാണുബാധ തടയാം.

തൊഴുത്തില്‍ ശുചിത്വം

സുര്യപ്രകാശം, ചൂട്, രാസവസ്തുക്കള്‍ എന്നിവയാണ് അണുനാശനത്തിന് നമ്മെ സഹായിക്കുന്നത്.  ദിവസത്തില്‍ കുറച്ചുസമയമെങ്കിലും സൂര്യപ്രകാശം തൊഴുത്തില്‍ വീഴുന്നെങ്കില്‍ വളരെ നല്ലത്.  ചൂട് നീരാവിയുടെ രൂപത്തിലോ, ചൂടുവെള്ളമായോ, നേരിട്ട് പ്രതലം ചൂടാക്കിയോ ഉപയോഗിക്കാം.  പക്ഷേ, ഇത് പ്രായോഗികമായി ബുദ്ധിമുട്ടാണ്. അണുനാശിനികളായി വര്‍ത്തിക്കുന്ന നിരവധി രാസവസ്തുക്കളുണ്ട്.  ഇവയുടെ പ്രവര്‍ത്തനം, അവയുടെ ഗാഢത, രോഗാണുവിന്റെ സ്വഭാവം എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.  അതിനാല്‍ സാഹചര്യവും, രോഗവും അനുസരിച്ച് ഏതു വിഭാഗത്തിൽപ്പെട്ട അണുനാശിനി വേണമെന്ന് തീരുമാനിക്കണം.  മാത്രമല്ല ചാണകം, തീറ്റാവശിഷ്ടങ്ങള്‍ ഇവയുടെ സാന്നിധ്യത്തില്‍ (ജൈവവസ്തുക്കള്‍) പല അണുനാശിനികളും ശക്തിഹീനമാകുമെന്നതിനാല്‍ ഇവ നീക്കിയതിനു ശേഷമേ അണുനാശിനി ഉപയോഗിക്കാവൂ.

വൃത്തിയാക്കുന്ന വിധം

ദിവസേന ശാസ്ത്രീയമായ രീതിയില്‍ തൊഴുത്തു വൃത്തിയാക്കുക അസാധ്യം.  സാധാരണ രീതിയില്‍ തൊഴുത്തു അടിച്ചു കഴുകി വൃത്തിയാക്കി അല്‍പം സൂര്യപ്രകാശവും ചെന്നാല്‍ മതിയാകും. എന്നാല്‍ രോഗബാധയുളള സമയത്ത് തൊഴുത്ത് / ഷെഡ്ഡ് വൃത്തിയാക്കുക കുറച്ചു ബുദ്ധിമുട്ടു തന്നെ. തൊഴുത്തിന്റെ തറ, ചുവര് (1.5 മീറ്റര്‍ വരെ), തീറ്റതൊട്ടി, വെളളത്തൊട്ടി തുടങ്ങി മൃഗങ്ങളുമായി സമ്പര്‍ക്കം വരുന്ന എല്ലാ ഭാഗവും അണുവിമുക്തമാക്കണം. ആദ്യപടിയായി തറയും  1.5 മീറ്റര്‍ വരെ ചുവരും എല്ലാം നല്ലതുപോലെ ഉരച്ച് ചാണകം, തീറ്റാവശിഷ്ടങ്ങള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും വിമുക്തമാക്കണം.  ഇത് പ്രത്യേകം മാറ്റി കൂട്ടിവച്ചാല്‍ അപ്പോഴുണ്ടാകുന്ന ചൂടുമൂലം അണുക്കള്‍ ചാകും.

ആന്ത്രാക്‌സ് രോഗബാധയാണെങ്കില്‍ ചാണകവും മറ്റു മാലിന്യങ്ങളും അവിടെവെച്ചുതന്നെ അണുനാശിനി തളിക്കണം. തറ മണ്ണുകൊണ്ടാണെങ്കില്‍ 10 സെ.മീ. കനത്തില്‍ മണ്ണു മാറ്റണം.  ഇങ്ങനെ ജൈവവസ്തുക്കളും മാലിന്യങ്ങളും നീക്കിയാല്‍ 4% ചൂടുളള വാഷിങ് സോഡ ലായനി (4 കി.ഗ്രാം. വാഷിങ്ങ് സോഡ + നൂറ് ലിറ്റര്‍ തിളച്ചവെളളം) ഉപയോഗിച്ചു തേച്ചു കഴുകാം.  പിന്നീട് സാഹചര്യവും, രോഗവും അനുസരിച്ച് തിരഞ്ഞെടുത്ത അണുനാശിനി യഥേഷ്ടം / ഒഴിച്ച് വിതറി 24 മണിക്കൂര്‍ നേരം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക.  പിറ്റേ ദിവസം ശുദ്ധജലം ഉപയോഗിച്ച് കാറ്റത്തും, സൂര്യപ്രകാശത്തും ഉണങ്ങാനായി വിടുക. തീറ്റത്തൊട്ടി, വെളളത്തൊട്ടി ഇവയുടെ ഉള്‍ഭാഗം പതിനഞ്ചു ദിവസമെങ്കിലും കൂടുമ്പോള്‍ വൈറ്റ് വാഷ് കൂടി ചെയ്താല്‍ ആരോഗ്യമുളളവയെ പാര്‍പ്പിക്കാന്‍ വിധത്തില്‍ തൊഴുത്ത് തയ്യാര്‍.  

പ്രതിരോധ കുത്തിവെയ്പ് , വിരമരുന്ന് ശ്രദ്ധയോടെ

വാക്‌സിനേഷന്‍ പ്രതിരോധമാണ്. എന്നാല്‍ രോഗം പൊട്ടിപുറപ്പെട്ടു കഴിഞ്ഞാല്‍ ഇത് ഉപയോഗിക്കേണ്ടത് ശ്രദ്ധയോടെ വേണം. കുത്തിവയ്പ് എടുത്ത് പ്രതിരോധശേഷി നേടിവരാനെടുക്കുന്ന 14-21 ദിവസം രോഗസാധ്യത കൂടിയ സമയമാണ്.  അതിനാല്‍ രോഗബാധ കണ്ട സ്ഥലത്ത് പ്രതിരോധ കുത്തിവയ്പു നല്‍കുന്നത്  ശ്രദ്ധയോടെ വേണം. കുളമ്പുരോഗമൊക്കെ  പൊട്ടിപ്പുറപ്പെട്ട സ്ഥലത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പുറത്തുനിന്നു മധ്യത്തിലേക്ക് റിങ്ങ് വാക്‌സിനേഷന്‍ മൃഗസംരക്ഷണ വകുപ്പ് നടത്താറുണ്ട്.  കുളമ്പുരോഗത്തിനെതിരെയുള്ള കുത്തിവയ്പ് നാലു മാസം പ്രായമുള്ളപ്പോള്‍ നല്‍കണം.  ഇത് ആറു മാസം കൂടിമ്പോള്‍ ആവര്‍ത്തിക്കണം.  അടപ്പന്‍, കുരലടപ്പന്‍, കരിങ്കാല്‍ എന്നിവയുടെ കുത്തിവയ്പ്  ആറു മാസം പ്രായത്തില്‍ നടക്കുന്നു.  പിന്നീട് വര്‍ഷം തോറുമുള്ള കുത്തിവെയ്പ് രോഗബാധ നിലനില്‍ക്കുന്ന സ്ഥലങ്ങളിലേ ചെയ്യാറുള്ളൂ.  

പൂര്‍ണ ആരോഗ്യമുള്ള  മൃഗങ്ങളിലേ പ്രതിരോധ കുത്തിവയ്പ് പൂര്‍ണ വിജയം  കൈവരിക്കുകയുള്ളൂ.  വിരബാധയും മറ്റും വിജയത്തിന്  തടസമാണ്. അതിനാലാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് ഒരാഴ്ച മുമ്പ് വിരമരുന്ന്  നല്‍കുന്നത്. കൂടാതെ എഴു മാസത്തിലേറെ ഗര്‍ഭിണിയായ പശുക്കളെ പ്രതിരോധ കുത്തിവയ്പില്‍നിന്ന് ഒഴിവാക്കണം. കറവയുള്ള പശുക്കളില്‍ കുത്തിവയ്പിനുശേഷം താല്‍ക്കാലികമായി  ഏതാനും ദിവസം പാല്‍ കുറഞ്ഞേക്കുമെങ്കിലും പൂര്‍വസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്. 

രോഗപ്രതിരോധ കുത്തിവയ്പുകളുടെ  വിജയത്തിന് ഏറെ പ്രധാനമാണ് സാമൂഹിക പ്രതിരോധം. ഒരു  പ്രദേശത്തെ 80 ശതമാനമെങ്കിലും  മൃഗങ്ങളില്‍  ആവശ്യമായ രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതാണ് വിജയകരമായ സാമൂഹിക പ്രതിരോധം. ഈ സാഹചര്യം രോഗാണുക്കള്‍ക്ക് അവിടെ നിലനിന്നുപോകാനുള്ള സാഹചര്യം തടയുന്നു.  അയല്‍ സംസ്ഥാനത്തു നിന്ന് അനിയന്ത്രിതമായി ചെക്ക് പോസ്റ്റുകളിലൂടെ  കന്നുകാലികളെ കൊണ്ടുവരുന്നത്, കുളമ്പുദീനം ബാധിച്ച  കന്നുകാലികളെ അറവു ശാലകളിലേക്ക് കൊണ്ടുവരുന്നത്, കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സമയക്രമം കൃത്യമായി പാലിക്കാതിരിക്കുന്നത് (ആറ് മാസം ഇടവിട്ട്), സ്ഥലത്തെ 80 ശതമാനം കന്നുകാലികളെയും  കുത്തിവയ്ക്കാതിരിക്കുന്നത്, അനാപ്ലാസ്മ, തൈലേറിയ രോഗങ്ങള്‍, വിരബാധ എന്നിവ  സാമൂഹിക പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നത്,  പാലുൽപാദനം കുറയുമെന്ന ഭയത്താല്‍  കുത്തിവയ്പ് എടുക്കാന്‍ ക്ഷീരകര്‍ഷകര്‍ വിസമ്മതിക്കുന്നത്, സീല്‍ തുറന്ന വാക്‌സിന്‍ തുടര്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത്, വാക്‌സിന്‍ നിര്‍ദ്ദിഷ്ട താപനിലയില്‍ സൂക്ഷിക്കാത്തത് എന്നിവ പ്രധാന പ്രശ്‌നങ്ങളാണ്.  

ശാസ്ത്രീയമായി കൃത്യ അളവില്‍ വിരമരുന്ന്  നല്‍കുകയും ചെള്ള്, പേന്‍ തുടങ്ങിയവയ്ക്ക് മരുന്ന് പ്രയോഗിക്കുകയും ചെയ്യണം. വിരബാധയുണ്ടാകുന്ന സമയത്ത്  പല മരുന്നുകളും ഫലം കണ്ടെത്താതെ  പോകുന്ന അവസ്ഥയുണ്ടാകുന്നു.  വിരബാധ നിയന്ത്രിക്കാന്‍  ഒരു വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ശാസ്ത്രീയ ചികിത്സ എന്ന സമീപനമാണ്  ഹ്രസ്വ ദീര്‍ഘ കാലയളവില്‍ ഫലപ്രദമാകുന്നത്. 

ഓരോ മൃഗത്തിനും ചെയ്യേണ്ട കൃത്യമായ വിരയിളക്കലിന്റെ ടൈംടേബിള്‍ ഡോക്ടറോട് ചോദിച്ചു മനസിലാക്കുകയാണ്  പ്രഥമവും, പ്രധാനവും. വിരയിളക്കല്‍ എന്നത് എല്ലാ മാസവും ചെയ്യേണ്ട  ഒന്നാണ് എന്ന ധാരണ വേണ്ട. ആവശ്യമെങ്കില്‍ മാത്രം വിരയിളക്കുക എന്നതാണ് പിന്‍തുടരേണ്ട നയം. ഇതിനുള്ള വഴി കൃത്യമായ ഇടവേളകളില്‍ അല്ലെങ്കില്‍ വിരബാധ സംശയിക്കുന്ന ലക്ഷണങ്ങള്‍ കാണുമ്പോള്‍  ചാണകം പരിശോധിച്ച് വിരബാധ ഉറപ്പാക്കുക. കേരളത്തിലെ എല്ലാ മൃഗാശുപത്രികളിലും തന്നെ ഇതിനുള്ള സൗകര്യം ലഭ്യമാണ്. 

ചാണക പരിശോധന വഴി വിരയിളക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമ്പോള്‍ പ്രയോജനം രണ്ടാണ്.  ഒന്ന് അനാവശ്യ മരുന്ന് പ്രയോഗവും പണ നഷ്ടവും ഒഴിവാക്കാം. കൂടാതെ വിര ഏതു തരത്തില്‍ പെട്ടതാണെന്ന് മനസിലാക്കി യോജിച്ച ചികിത്സാ രീതി  അനുവര്‍ത്തിക്കാം. കാരണം  പലതരം വിരകള്‍ക്കും മരുന്നും വ്യത്യസ്തമായിരിക്കും. 

ഒരു പ്രാവശ്യം ഡോക്ടറുടെ കയ്യില്‍ നിന്ന് കിട്ടിയ കുറിപ്പനുസരിച്ച്  പിന്നീട് ദീര്‍ഘകാലം ആ മരുന്ന് മാത്രം  തുടര്‍ച്ചയായി ഉപയോഗിക്കുന്നതും വിരമരുന്ന് പ്രതിരോധത്തിന് കാരണമാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം  മരുന്ന് മാറ്റി ഉപയോഗിക്കാം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും പുതിയ പശുക്കളെയും ആടുകളെയും മറ്റും കൊണ്ടുവരുമ്പോള്‍  രണ്ടോ മൂന്നോ മരുന്നുകളുടെ ഒരുമിച്ചുള്ള പ്രയോഗം വേണ്ടി വരും.  ഈ പുത്തന്‍ അതിഥികളെ  ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രം പുറമേ മേയ്ക്കാന്‍ വിടാറുള്ളൂ.  വിരബാധ കൂടുതലായി കാണുന്ന സമയത്തോ അതിനു തൊട്ടുമുമ്പോ വിരയിളക്കുന്നത് നല്ലതാണ്.  കറവപ്പശുക്കള്‍ക്ക് പ്രസവത്തിന് മുമ്പ്  8 മാസം ഗര്‍ഭമുള്ളപ്പോഴും  പ്രസവശേഷം പത്താം ദിവസവും വിരമരുന്ന് നല്‍കുന്നത്   പാലുൽപാദനം കൂട്ടുന്നു.  പക്ഷേ ഗര്‍ഭകാലത്ത് ചില പ്രത്യേക  ഇനം മരുന്നുകള്‍ (ഫെന്‍ബെന്‍ഡസോള്‍) മാത്രമേ ഉപയോഗിക്കാവൂ. അത് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്  നല്‍കുക.  പ്രസവത്തോടനുബന്ധിച്ച്  വിരബാധ കൂടുകയും ചാണകത്തില്‍ വിരമുട്ടകള്‍ കാണപ്പെടുകയും ചെയ്യുന്നു.  ഇത് തടയാനും രോഗസംക്രമണം തടയാനും മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.  

കൊടുക്കേണ്ട മരുന്നിന്റെ ഇനം എന്നിവയോടൊപ്പം പ്രധാനമാണ് നല്‍കുന്ന അളവും. കന്നുകാലികളുടെ ശരീര തൂക്കത്തിനനുസരിച്ചാണ്  അളവ് തീരുമാനിക്കുന്നത്. കുറഞ്ഞ അളവില്‍ മരുന്ന് നല്‍കുന്നത്. വിരമരുന്ന് പ്രതിരോധത്തിന്  കാരണമാകുമെന്നതിനാല്‍  കൃത്യ അളവില്‍ മരുന്ന് കുറിച്ച് വാങ്ങാന്‍ ആവശ്യപ്പെടുക. 

ബാക്ടീരിയകളും, വിരകളും അശാസ്ത്രീയ ആന്റിബയോട്ടിക് വിരമരുന്ന് പ്രയോഗം കാരണം പ്രതിരോധ ശേഷി  (Resistance) കൈവരിക്കുന്നത്  ഏറെ ഗൗരവമേറിയ  പ്രശ്‌നമാണ്.  മനുഷ്യരിലും കന്നുകാലികളിലും   ഭാവിയില്‍ മരുന്നുകളുടെ ഫലപ്രാപ്തി കുറയാന്‍  ഇത് ഇടയാക്കും. പ്രത്യേകിച്ച്  വിരമരുന്നുകളുടെ കാര്യത്തില്‍ പുതിയ പുതിയ  മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണ ശ്രമങ്ങളും കുറവാണെന്ന് കൂടി ഓര്‍മ്മിക്കുക.  അതിനാല്‍ ഇപ്പോള്‍ ലഭ്യമായ മരുന്നുകളുടെ ഉചിതമായ പ്രയോഗം  തന്നെ ഏറെ പ്രധാനം.

English summary: Control of infectious diseases in dairy cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com