അടുക്കളത്തോട്ടത്തിലേക്ക് 5 ജൈവക്കൂട്ടുകൾ

HIGHLIGHTS
  • പഞ്ചഗവ്യം പൂവിടലും കായ്പിടിത്തവും മെച്ചപ്പെടുത്തുന്നു.
plant
SHARE

പഞ്ചഗവ്യം

പശുവിന്റെ ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചു തയാറാക്കുന്ന, ദ്രാവകരൂപത്തിലുള്ള വളർച്ചാത്വരകം. ഇവയോടൊപ്പം ശർക്കര, പാളയൻകോടൻ പഴം, കരിക്കിൻവെള്ളം, കള്ള് എന്നിവ കൂടി ചേർത്താണ് കൃഷിയിടത്തിൽ പ്രയോഗിക്കുക. ഇതിലെ ഹോർമോണുകളുടെ പ്രവർത്തനം പൂവിടലും കായ്പിടിത്തവും മെച്ചപ്പെടുത്തുന്നു.

അഞ്ചു കിലോ ചാണകവും അര കിലോ ഉരുക്കുനെയ്യും ചപ്പാത്തിക്കെന്നവിധം നന്നായി കുഴച്ചു യോജിപ്പി ക്കണം. ഇതിലേക്ക് 3 ലീറ്റർ ഗോമൂത്രം,  ഒരു കിലോ ശർക്കര വെള്ളത്തിൽ ലയിപ്പിച്ചത്, രണ്ടു ലീറ്റർ പാൽ, 10 കിലോ ഞെരടിയ പാളയൻകോടൻപഴം, രണ്ട് ലീറ്റർ കള്ള്,  5 കരിക്കിൽനിന്നുള്ള ഇളനീർ എന്നിവ ചേർത്തു യോജിപ്പിക്കുക. ഇത് വായ് വട്ടമുള്ള ഒരു പാത്രത്തിലാക്കി 15 ദിവസം തണലിൽ സൂക്ഷിക്കണം. ദിവസേന രാവിലെയും വൈകുന്നേരവും നന്നായി ഇളക്കണം. പതിനാറാം ദിവസം പഞ്ചഗവ്യം ഉപയോഗത്തിനു തയാറായിരിക്കും. മൂന്നു ലീറ്റർ പഞ്ചഗവ്യത്തിൽ 97 ലീറ്റർ വെള്ളം ചേർത്ത് വൈകുന്നേരം ഇലകളിൽ തളിക്കുകയോ ചുവട്ടിൽ ഒഴിക്കുകയോ ചെയ്യാം. ആറു മാസത്തോളം ഇതിനു സൂക്ഷിപ്പു കാലമുണ്ട്.

മത്തിക്കഷായം/ഫിഷ് അമിനോ

രാസവസ്തുക്കൾ ചേർക്കാത്തതും ഐസിടാത്തതുമായ മത്തി, ഉപ്പു ചേരാത്ത ശർക്കര എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ജൈവ ഹോർമോൺ. വളർച്ചയെയും പുഷ്പിക്കലിനെയും കായപിടിത്തത്തെയും സഹായിക്കുന്നതിനൊപ്പം ചാഴിയെ അകറ്റുകയും ചെയ്യുന്നു. ഒരു കിലോ മത്തി ചെറുകഷണങ്ങളായി മുറിച്ചശേഷം ഒരു കിലോ ശർക്കരയുമായി ചേർത്ത് നന്നായി ഇളക്കി മൺകലത്തിൽ 10 ദിവസം അടച്ചു സൂക്ഷിച്ചാണ് ഇതു തയാറാക്കുന്നത്. 10 ദിവസത്തിനു ശേഷം ലഭിക്കുന്ന തവിട്ടുനിറത്തിലുള്ള കൊഴുത്ത ദ്രാവകം ഒരു ലീറ്റർ വെള്ളത്തിൽ ഒരു മില്ലി  വീതം ചേർത്ത് ഇലകളിൽ തളിക്കണം. ഈ വളർച്ചാത്വരകം  വായു കടക്കാത്ത പാത്രങ്ങളിൽ രണ്ടു മാസത്തോളം അടച്ചു സൂക്ഷിക്കാം.

ജീവാമൃതം

20 ലീറ്റർ സംഭരണശേഷിയുള്ള പാത്രത്തിൽ 3 ലീറ്റർ വെള്ളമെടുത്ത്  അതിലേക്ക് നാടൻ പശുവിന്റെ ഒരു കിലോ ചാണകവും  അര ലീറ്റർ ഗോമൂത്രവും 200 ഗ്രാം ശർക്കരപ്പൊടിയും 200 ഗ്രാം അരച്ച പയർവിത്തും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കൃഷിയിടത്തിലെ 100 ഗ്രാം മണ്ണ് ചേർത്തശേഷം15 ലീറ്റർ വെള്ളമൊഴിച്ച് ഇളക്കി അടച്ചുസൂക്ഷിക്കുക. ദിവസവും രണ്ടു നേരം തടിക്കഷണംകൊണ്ട് മിശ്രിതം ഇള ക്കണം. 2 ദിവസം കഴിയുമ്പോൾ മുതൽ ലായനി പുളിച്ച് ദുർഗന്ധമുണ്ടാകും. അപ്പോൾ മുതൽ  കൃഷിയി ടത്തിൽ ഉപയോഗിച്ചുതുടങ്ങാം.  7 ദിവസത്തിനകം ഉപയോഗിച്ചു തീർക്കണം. തടത്തിൽ ഒഴിച്ചുകൊടുക്കു കയോ നേർപ്പിച്ച് ഇലകളിൽ തളിക്കുകയോ  ആവാം.  അര ഏക്കറിൽ ഒരു തവണ പ്രയോഗിക്കുന്നതിനു 20 ലീറ്റർ ലായനി മതി. ജീവാമൃതം ഉപയോഗിക്കുമ്പോൾ മറ്റ് ജീവാണുവളങ്ങളോ ജൈവവളക്കൂട്ടുകളോ ഉപയോഗിക്കേണ്ടതില്ലെന്നാണ് സുഭാഷ് പലേക്കറുടെ അഭിപ്രായം.

അരപ്പുമോര് മിശ്രിതം

വളരെ എളുപ്പം വീടുകളിൽ തയാറാക്കാവുന്ന  ഈ മിശ്രിതം ഒരേസമയം വളർച്ചാത്വരകമായും കീടപ്രതി രോധകമായും ഉപയോഗിക്കാനാവും. ഗിബറലിക് ആസിഡ് എന്ന വളർച്ചാഹോർമോൺ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഒരു മൺപാത്രത്തിൽ (പ്ലാസ്റ്റിക് പാത്രവുമാകാം)  5 ലീറ്റർ മോര് എടുക്കുക. നെന്മേനിവാകയുടെ 2 കിലോ ഇലകൾ നന്നായി അരച്ച് 5 ലീറ്റർ വെള്ളത്തിൽ കലക്കി ഇതിലേയ്ക്ക് ഒഴിക്കുക.  ഇളക്കി യോജിപ്പിച്ച ശേഷം  7–10 ദിവസം പുളിക്കാൻ അനുവദിക്കുക. പിന്നീട് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് വിളകളിൽ തളിക്കാം.

വേപ്പിൻപിണ്ണാക്ക്–കടലപ്പിണ്ണാക്ക്–ഗോമൂത്ര മിശ്രിതം

പച്ചക്കറിവിളകളിൽ തളിക്കാനായി വീടുകളിൽ തയാറാക്കാവുന്ന ജൈവക്കൂട്ടാണിത്. 200 ഗ്രാം വേപ്പിൻ പിണ്ണാക്ക്, 100 ഗ്രാം കടലപ്പിണ്ണാക്ക്, ഒരു ലീറ്റർ ഗോമൂത്രം, ഒരു ഗ്രാം യീസ്റ്റ്, 10 ലീറ്റർ വെള്ളം എന്നിവ ഒരു ബക്കറ്റിൽ  കൂട്ടിക്കലർത്തി ഒരാഴ്ചക്കാലം തണലിൽ തുറന്നു സൂക്ഷിക്കുക. രാവിലെയും വൈകുന്നേരവും ഇളക്കണം. ഒരാഴ്ചയ്ക്കു ശേഷം അരിച്ചോ തെളിയൂറ്റിയോ ഉപയോഗിക്കാം.

English summary: How to prepare Organic Growth Enhancer at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA