ഒരു ചെടിയിൽനിന്നു വർഷം രണ്ടായിരം രൂപ; റെഡ് ലേഡി സൂപ്പർ സ്റ്റാർ!

HIGHLIGHTS
  • കേരളത്തിലെ കാലാവസ്ഥയിൽ നല്ല വിളവും വിലയും
  • ഒന്നര ഏക്കറിൽ 350 തൈകൾ
papaya
വർക്കി ജോർജും വർക്കി റോയിയും റെഡ് ലേഡി തോട്ടത്തിൽ
SHARE

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നല്ലരീതിയിൽ കൃഷി ചെയ്യാവുന്നതും നല്ല വിളവും വിലയും ലഭിക്കുന്നതുമാണ് പപ്പായ കൃഷി. അതിൽ വാണിജ്യാടിസ്ഥാനത്തിൽ വിജയിച്ച ഇനമാണ് റെഡ് ലേഡി.

പപ്പായ പലതരം ഇനങ്ങൾ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ നന്നായി ചെയ്യാവുന്ന ഇനമാണ് റെഡ് ലേഡി. കാര്യമായ വിളനാശമുണ്ടാകാത്ത, നല്ല വിളവു ലഭിക്കുമെന്നാണ് കർഷകരുടെ അനുഭവം. റിട്ട. അധ്യാപകനായ മുണ്ടാട്ട് വർക്കി ജോർജ്, സഹോദരൻ പ്രവാസിയായിരുന്ന വർക്കി റോയി എന്നിവർ ഈ കൃഷിയിലേക്കിറങ്ങാൻ കാരണവും ഇതുതന്നെയായിരുന്നു. പപ്പായ കൃഷിയിൽ വർക്കി ജോർജിന്റെയും വർക്കി റോയിയുടെയും അനുഭവം അറിയാം. 

കോഴിക്കോട് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന തിരുവമ്പാടി മുണ്ടാട്ട് വർക്കി ജോർജ് പാരമ്പര്യമായി കൃഷിക്കാരൻ തന്നെയായിരുന്നു. വിരമിച്ച ശേഷം സ്വന്തംപറമ്പിലെ കൃഷിയുമായി കഴിയുമ്പോഴാണ് സഹോദരൻ വർക്കി റോയി പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയത്. വിദേശങ്ങളിൽ മെക്കാനിക്കൽ എൻജിനീയർ ആയിരുന്നു വർക്കി റോയി. സുഹൃത്തായ കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്സ് സ്വദേശി പി.എം. സെബാസ്റ്റ്യന്റെ അട്ടപ്പാടിയിലെ ഫാം കണ്ട്, കൃഷിരീതികളൊക്കെ അറിഞ്ഞ് ഒന്നര ഏക്കറിൽ കൃഷി ചെയ്യാൻ തീരുമാനിച്ചു. 

തിരുവമ്പാടി–പുല്ലൂരാംപാറ കാളിയാമ്പുഴയ്ക്കടുത്ത് കാപ്പിച്ചുവട് എന്ന സ്ഥലത്ത് റോയിക്കുള്ള സ്ഥലത്താണ് കൃഷി തുടങ്ങിയത്. പുണെയിലെ നഴ്സറിയിൽ നിന്നായിരുന്നു തൈകൾ എത്തിച്ചത്. 2 ആഴ്ച പ്രയാമുള്ള തൈയുടെ വില 45 രൂപ. 

ഒന്നര ഏക്കറിൽ 350 തൈകൾ. തൈകൾക്കിടയിലുള്ള അകലം രണ്ടര മീറ്റർ.  ഓരോ കുഴിക്കും അര മീറ്റർ ആഴം. നവംബർ–ജനുവരി കാലമാണ് പപ്പായ തൈകൾ നടാൻ പറ്റിയ സമയം. മഴക്കാലമാകുമ്പോഴേക്കും തൈകൾ വളർന്നിരിക്കണം. നല്ല വെയിലുള്ള സ്ഥലമായിരിക്കണം, വെള്ളം കെട്ടിനിൽക്കാൻ പാടില്ല.

മഴക്കാലത്ത് തൈകളുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ വേരുകൾ ചീഞ്ഞു ചെടി നശിച്ചുപോകും. മണ്ണ്, മണൽ, ചാണകപ്പൊടി മിശ്രതമാണ് ചെടി നടുന്നതിനു മുൻപു കുഴിയിൽ നിറയ്ക്കേണ്ടത്. വേപ്പിൻപിണ്ണാക്കും ഉങ്ങിൻപിണ്ണാക്കും മണ്ണിൽ ചേർക്കുന്നതും നല്ലതാണ്. എല്ലാ മാസവും കൃത്യസമയത്ത് ജൈവവളം നൽകണംം. 

ഏഴു മാസമാകുമ്പോഴേക്കും കായ്ക്കാൻ തുടങ്ങും. കാറ്റിൽ വീഴാതിരിക്കാൻ താങ്ങു നൽകണം. 1.5 കിലോഗ്രാം മുതൽ 2.5 കിലോഗ്രാം വരെ ഒരു കായയുടെ തൂക്കമുണ്ടാകും. കിലോഗ്രാമിന് 25 രൂപ തോതിലാണ് ഇവർ കടക്കാർക്കു നൽകുന്നത്. ഓരോ ചെടിയിലും മുപ്പതോളം കായ്കളുണ്ടാകും. ഓരോ തവണ വിളവെടുപ്പിലും 500 കായ്കൾ വരെ വിൽക്കാം. കായ പഴുത്താലും ഒരാഴ്ചയോളം കേടുവരാതെ നിൽക്കും. 

ഒരു ചെടിയിൽനിന്നു മൂന്നു വർഷം വരെ വിളവെടുക്കാം. ചെറുപ്രായത്തിൽ തന്നെ കായ്ക്കുന്നതിനാൽ പറിച്ചെടുക്കാൻ പ്രയാസമുണ്ടാകില്ല. ഒരു ചെടിയിൽനിന്നു വർഷത്തിൽ രണ്ടായിരം രൂപയെങ്കിലും വരുമാനം ലഭിക്കും.      

ഫോൺ: റോയി  7594943879

കാശ് ഊറി വരും...

വ്യാവസായികാടിസ്ഥാനത്തിൽ കൂടുതൽ വിപണന സാധ്യതയുള്ളതാണ് പപ്പായയുടെ കറ(പപ്പൈൻ). കാൻസർ, കരൾ രോഗങ്ങൾ, രക്തത്തിലെ രക്താണുക്കൾ വർധിപ്പിക്കൽ എന്നിവയ്ക്കുള്ള മരുന്നു നിർമാണം, സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണം തുടങ്ങിയവയ്ക്കായാണ് പപ്പൈൻ ഉപയോഗിക്കുന്നത്.

സിന്റ ഇനത്തിൽപെട്ട ഹൈബ്രിഡ് തൈ ആണ് ഈ ആവശ്യത്തിനു കൃഷി ചെയ്യുന്നത്. കായയിൽ നിന്നു പ്രത്യേകതരം ബ്ലേഡ് ഉപയോഗിച്ച് ടാപ്പ് ചെയ്ത് ശേഖരിക്കുന്ന കറയിൽ നിന്നാണ് പപ്പൈൻ ഉൽപാദിപ്പിക്കുന്നത്. 

ചെടിയുടെ ചുവട്ടിൽ റക്സിൻ ഷീറ്റ് വിരിച്ച് അതിലേക്കു കറ വീഴ്ത്തും. ഇത് ഉറച്ച് കട്ടിയാകുമ്പോൾ ചുരണ്ടിയെടുക്കും. കായകൾക്ക് 40 ശതമാനം മൂപ്പെത്തുമ്പോൾ ടാപ്പിങ് തുടങ്ങാം. 80 ശതമാനം മൂപ്പെത്തുംവരെ കറ എടുക്കാം. ആഴ്ചയിൽ ഒരുദിവസമാണ് ടാപ്പിങ്. ലീറ്ററിന് 140 രൂപയാണു വില. കോയമ്പത്തൂരിലാണ് കൂടുതൽ ആവശ്യക്കാരുള്ളത്. 

മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കർഷകരുടെ കൂട്ടായ്മ 12 ഏക്കറിലാണ് പപ്പൈൻ ആവശ്യത്തിനായി കൃഷി ചെയ്യുന്നത്. കറ എടുത്തു കഴിഞ്ഞ ശേഷം  പപ്പായ കൊണ്ട് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നു സെക്രട്ടറി പി. ബഷീർ പറഞ്ഞു. 

ഫോൺ:  ബഷീർ  9544901067

English summary: Red Lady Papaya Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA