ADVERTISEMENT

നാട്ടിൽ സുരക്ഷിതവും സുസ്ഥിരവുമായ സ്വയംതൊഴിൽ എന്ന നിലയിൽ ആടുവളർത്തലിനു മികച്ച സാധ്യതയാണുള്ളത്. പ്രവാസികളടക്കമുള്ളവർക്കു നിയമത്തിന്റെ നൂലാമാലകളില്ലാതെ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന സംരംഭം. ആട്ടിറച്ചിയുടെയും ആട്ടിൻകുട്ടികളുടെയും വർധിച്ചുവരുന്ന ഡിമാൻഡാണ് ഈ സംരംഭത്തിനു സാധ്യതയേറ്റുന്നത്.

ആടുവളർത്തൽ വീടിനോടു ചേർന്നോ അല്ലാതെയോ ആകാം. ഓൺലൈൻ പഠനമായതിനാൽ കുട്ടികൾക്കും ഒഴിവു സമയത്തു ഫാമിന്റെ കാര്യങ്ങൾ നോക്കാം. പശു, എരുമ എന്നിവയെ അപേക്ഷിച്ച് ആടുകളെ കൈകാര്യം ചെയ്യാൻ എളുപ്പമായതിനാലും അത്രത്തോളം പരിചരണം ആവശ്യമില്ലാത്തതിനാലും കുടുംബാംഗങ്ങൾക്കുതന്നെ കാര്യങ്ങൾ ചെയ്യാവുന്നതേയുള്ളൂ.

ഒരു മുട്ടനാടും 19 പെണ്ണാടുകളും അടങ്ങുന്ന യൂണിറ്റാണു തുടക്കത്തിൽ നല്ലത്. പ്രാദേശികമായി നല്ലയിനം ആട്ടിൻകുട്ടികളെ ഉൽപാദിപ്പിച്ചു തൂക്കമനുസരിച്ചും ഇടനിലക്കാരില്ലാതെയും വിൽക്കുന്ന ബ്രീഡിങ് യൂണിറ്റ് ആവണം സംരംഭം. 20 സെന്റ് സ്ഥലവും 3 ലക്ഷം രൂപ മുതൽമുടക്കുമാണ് ഈ സംരംഭത്തിനു വേണ്ടത്. ആടുകളുടെ എണ്ണം 20 ആയതിനാൽ പഞ്ചായത്ത് ലൈസൻസ് വേണ്ടിവരില്ല. പ്രത്യേക വൈദ്യുതി കണക്ഷനും ആവശ്യമില്ല. എന്നാൽ തുടക്കക്കാർ ആടുവളർത്തലിൽ പരിശീലനം നേടേണ്ടതുണ്ട്. മറ്റു ഫാമുകൾ കണ്ട് കർഷകരിൽനിന്നു പ്രായോഗിക അറിവു നേടുന്നതു കൊള്ളാം.

ഇരുപത് ആടുകൾക്ക് 30 അടി നീളത്തിൽ 8 അടി വീതിയിൽ തറയിൽനിന്ന് 5 അടി ഉയരത്തിൽ പലകകൊണ്ടു തട്ടടിച്ചു കൂട് ഉണ്ടാക്കാം. പലകയ്ക്കു പകരമായി ഫൈബർ ഫ്ലോർ ഉപയോഗിക്കുന്നതു മെച്ചമാണെങ്കിലും ചെലവേറും. കൂടിനു കൂടുതൽ പണം മുടക്കുന്നതു ബുദ്ധിയല്ല. കൂടിനുള്ളിൽ പെണ്ണാടുകൾ, കുട്ടികൾ, മുട്ടൻ എന്നിവയ്ക്കായി പ്രത്യേകം അറ തിരിക്കണം. പെണ്ണാടിന് 10 ചതുരശ്ര അടി, മുട്ടനാടിന് 20 ചതുരശ്ര അടി എന്ന തോതിൽ സ്ഥലം വേണം. കൂടിനുള്ളിൽ കുറഞ്ഞത് 8 അടി ഉയരം കിട്ടണം. മേൽക്കൂര ടിൻ ഷീറ്റിൽ മതി. വീഴുന്ന കാഷ്ഠവും മറ്റും എളുപ്പത്തിൽ വൃത്തിയാക്കാനായി തറ സിമന്റിടുകയോ, പ്ലാസ്റ്റിക് പടുത വിരിക്കുകയോ വേണം.

ആറു മാസത്തിനും ഒരു വർഷത്തിനും ഇടയ്ക്കു പ്രായമുള്ള 19 പെണ്ണാടുകളെയും അവയുമായി രക്തബന്ധമില്ലാത്തതായ മുട്ടനാടിനെയും വാങ്ങി ഫാം തുടങ്ങാം. ആടിനെ വാങ്ങുമ്പോൾ ആരോഗ്യം, ശരീരവളർച്ച എന്നിവയ്ക്കൊപ്പം ഒരു പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികളായി ജനിച്ചവയ്ക്കു മുൻഗണന നൽകണം. മലബാറിയോ അതിന്റെ സങ്കരമോ ആണ് നല്ലത്. പുതിയതായി വാങ്ങുന്നവയ്ക്കു വിരമരുന്ന്, രോഗപ്രതിരോധ കുത്തിവയ്പ് എന്നിവ കൃത്യമായി നൽകണം. ആടുവസന്ത, കുരലടപ്പൻ, എന്ററോ ടോക്സീമിയ എന്നീ രോഗങ്ങൾക്ക് എതിരെയാണ് കുത്തിവയ്പ് വേണ്ടത്.

ആടുകൾക്കു തീറ്റയായി പച്ചപ്പുല്ല്, തെങ്ങോല, പ്ലാവില എന്നിവയും ആടുതീറ്റയും നൽകാം. 10 സെന്റ് സ്ഥലത്ത് ഇതിനായി തീറ്റപ്പുൽ നടണം. കൂടിനോടു ചേർന്ന് പകൽസമയം ആടുകളെ പുറത്തേക്കു തുറന്നുവിടാനായി വേലികെട്ടിത്തിരിച്ചു പ്രത്യേക സ്ഥലം ഒരുക്കണം. പകൽസമയം കുറഞ്ഞത് 3 മണിക്കൂർ ആടുകളെ ഇവിടേക്കു തുറന്നുവിടണം. ഇത് അവയുടെ ആരോഗ്യത്തിന് അനിവാര്യമാണ്.

ഒരു വയസ്സാകുന്നതോടെ പെണ്ണാടുകളെ ഇണചേർക്കാം. ഇതിനായി ഫാമിലുള്ള മുട്ടനാടിനെത്തന്നെ ഉപയോഗിക്കണം. ഫാമിൽ ജനിക്കുന്ന ആട്ടിൻകുട്ടികളെ മൂന്നു മാസം വരെ വളർത്തി മികച്ച വിലയ്ക്കു വിൽക്കാൻ കഴിയും. നിലവിൽ 3 മാസം പ്രായത്തിൽ 10 കിലോ വരുന്ന ആട്ടിൻകുട്ടികൾക്ക് 4000 രൂപ വരെ വില ലഭിക്കുന്നുണ്ട്. 19 പെണ്ണാടുകളുള്ള സംരംഭത്തിൽനിന്ന് 38 കുട്ടികളെ ഒരു വർഷം ഉൽപാദിപ്പിച്ചു വിൽക്കാൻ കഴിയും. പ്രതിവർഷം 80,000 രൂപ വരെ വരുമാനം പ്രതീക്ഷിക്കാം.

കൃത്യമായ ബ്രീഡിങ് റജിസ്റ്റർ സൂക്ഷിക്കേണ്ടത് ഈ സംരംഭത്തിന് അനിവാര്യം. സർക്കാരിന്റെയും ത്രിതല പ‍ഞ്ചായത്തുകളുടെയും പദ്ധതികളിൽ ആടുവളർത്തൽ സംരംഭങ്ങൾക്കു പ്രത്യേക പരിഗണന ഇപ്പോൾ നൽകുന്നുണ്ട്. ചിട്ടയായ പരിപാലനവും ശ്രദ്ധയും നൽകിയാൽ സംരംഭം വിജയിക്കുമെന്നതിൽ ഒട്ടും ആശങ്ക വേണ്ടാ.

വിലാസം: അസിസ്റ്റന്റ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്. ഫോൺ: 9387830718.

English summary: How to start a goat farm?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com