ഒരു പശുവിന് 3 മാസത്തേക്ക് 24,000 രൂപ പ്രവർത്തന മൂലധന വായ്പ, കൂടുതൽ അറിയാം

HIGHLIGHTS
  • ക്ഷീരകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
  • ഒന്നാംഘട്ട പ്രചാരണം ഈ മാസം 30 വരെ
kcc-for-dairy-farmers
SHARE

വിളകൾ കൃഷിചെയ്യുന്നവർക്കു മാത്രം നൽകിയിരുന്ന കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം ഇനി ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യക്കൃഷി സംരംഭകർക്കും. 2019ലാണ് ഈ മേഖലകൾ കൂടി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 9.86 ലക്ഷം ക്ഷീരകർഷകരിൽ 2.17 ലക്ഷം പേരെ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട് ഒന്നാം ഘട്ടം പ്രചാരണത്തിലാണ് ക്ഷീരവികസന വകുപ്പ്. ഈ മാസം 30 വരെയാണ് ഇതിന്റെ കാലാവധി.

എങ്ങനെ അപേക്ഷ നൽകാം?

  • സ്വന്തമായി ഭൂമിയുള്ള, പശുക്കളെ വളർത്തുന്ന എല്ലാ ക്ഷീരകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. ക്ഷീര സഹകരണ സംഘത്തി ൽ പാൽ അളക്കുന്ന കർഷകർക്ക് അവിടെനിന്ന് അപേക്ഷാ ഫോം സൗജന്യമായി ലഭിക്കും. അതു യഥാവിധി പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ സഹിതം സംഘത്തിൽ തന്നെ നൽകാം. ക്ഷീരസംഘം പ്രഥമ പരിശോധന നടത്തിയ ശേഷം അതു ബാങ്കുകളിൽ സമർപ്പിക്കും. ഫോം പൂരിപ്പിക്കുന്നതിനും സംഘം സഹായിക്കും. ക്ഷീരസംഘങ്ങളിൽ പാൽ നൽകാത്ത കർഷകർക്കു വെറ്ററിനറി സർജൻ/ ഡെയറി എക്സ്റ്റൻഷൻ ഓഫിസർ എന്നിവരുടെ ശുപാർശയോടെ ബാങ്കുമായി നേരിട്ടു ബന്ധപ്പെട്ട് നടപടിക്രമം പൂർത്തിയാക്കാം. നിലവിൽ അക്കൗണ്ടുള്ള ബാങ്കിൽ അപേക്ഷിക്കുന്നതാണ് ഉചിതം.

ആർക്ക് അപേക്ഷിക്കാം, അനുബന്ധ രേഖകൾ എന്തെല്ലാം?

  • സ്വന്തമായി ഭൂമിയുള്ളവരും പശുക്കളെ വളർത്തുന്നവരുമായ എല്ലാവർക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ഇലക്‌ഷൻ ഐഡി കാർഡ്, ആധാർ കാർഡ്, കരം തീർത്ത രസീത് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈവശാവകാശ സർട്ടി ഫിക്കറ്റിന്റെ അസ്സലും നൽകണം. 10 പശുക്കളിൽ കൂടുതൽ ഉള്ളവർ പഞ്ചായത്ത് ലൈസൻസിന്റെ പകർപ്പ് ഹാജരാക്കണം.

വായ്പയും പലിശനിരക്കും എത്ര?

  • ഒരു പശുവിന് ഒരു മാസം 8000 രൂപ നിരക്കിൽ 3 മാസത്തേക്ക് 24,000 രൂപയാണ് പ്രവർത്തന മൂലധന വായ്പ നൽകുന്നത്. അപേക്ഷയും അനുബന്ധ രേഖകളും പരിശോധിച്ച് അർഹരായവർക്കു ബാങ്ക് വായ്പ ലഭ്യമാക്കും. കിസാൻ ക്രെഡിറ്റ് കാർഡ് അംഗങ്ങളായ കർഷകർക്കു കുറഞ്ഞ പലിശ നിരക്കിൽ അതിവേഗം വായ്പ ലഭ്യമാകും. കന്നുകാലികളുടെ എണ്ണത്തിന് അനുസരിച്ചു പ്രവർത്തന മൂലധനത്തോതു നിജപ്പെടുത്തിയാണ് വായ്പ നല്‍കുക. 1.6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഈടു നൽകേണ്ടതില്ല. ഇതിൽ കൂടുതൽ വായ്പ ആവശ്യമുണ്ടെങ്കിൽ ആവശ്യമായ ഈട് നൽകേണ്ടതാണ്. പശുവളർത്തലിനു  പരമാവധി വായ്പാപരിധി 2 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ കൃഷിയുമായി യോജിപ്പിച്ചു കുറഞ്ഞ പലിശനിരക്കിൽ പരമാവധി 3 ലക്ഷം രൂപവരെ വായ്പ ലഭിക്കും. വായ്പ സമയ പരിധിക്കുള്ളിൽ കൃത്യമായി തിരിച്ചടച്ചാൽ നിബന്ധനകൾക്കു വിധേയമായി കൂടുതൽ പലിശ ഇളവുകൾ ലഭ്യമാണ്. കൃത്യമായ വായ്പാ തിരിച്ചടവിനു നിലവിൽ 4% പലിശ മാത്രം നൽകിയാൽ മതി. വായ്പയെടുത്ത ഗുണഭോക്താക്കൾ പ്രതിമാസ തിരിച്ചടവ് ഉറപ്പാക്കേണ്ടതാണ്. വായ്പാപരിധിയുടെ ഉള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണമെടുക്കാനും തിരിച്ചടയ്ക്കാനും സാധിക്കും. ആവശ്യമുള്ളപ്പോൾ മാത്രം പണം എടുക്കുന്ന പക്ഷം പലിശ ലാഭിക്കാം വാർഷിക അവലോകനത്തിനു വിധേയമായി കാർഡിന്റെ കാലാവധി 3 വർഷം ആയിരിക്കും. വർഷത്തിലൊരിക്കൽ വായ്പ ഇടപാടുകളെ അവലോകനം ചെയ്തു വായ്പത്തോതു ക്രമീകരിക്കുന്നതിനുള്ള അധികാരം ബാങ്കിൽ നിക്ഷിപ്തമാണ്. റിസർവ് ബാങ്ക് നിർദേശമനുസരിച്ചു പലിശനിരക്കും യഥാകാലം മാറ്റത്തിനു വിധേയമാണ്.

ഏതൊക്കെ പ്രവർത്തനങ്ങൾക്കു വായ്പ പ്രയോജനപ്പെടുത്താം? 

  • തീറ്റവസ്തുക്കൾ വാങ്ങൽ, തീറ്റപ്പുൽകൃഷി, കാലിത്തൊഴുത്തു നവീകരണം, ചെറുകിട യന്ത്രവൽക്കരണം, ഇൻഷുറൻസ് പ്രീമിയം, രോഗ ചികിൽസ തുടങ്ങിയ ഹ്രസ്വകാല ആവശ്യങ്ങൾക്കു വായ്പ ഉപയോഗപ്പെടുത്താം. കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. 

പദ്ധതിച്ചുമതല ആർക്ക്?

  • കേരളത്തിൽ സംസ്ഥാന ക്ഷീരവികസന വകുപ്പിനാണ് പദ്ധതിയുടെ ചുമതല. സംസ്ഥാന ലീഡ് ബാങ്ക്, മൃഗസംരക്ഷണ വകുപ്പ്, മിൽമ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങൾ മുഖേനയാണു പദ്ധതി നിർവഹണം.

എല്ലാ ക്ഷീരകർഷകരും പദ്ധതിയിൽ അംഗമാകാൻ ശ്രമിക്കണം. വിവരങ്ങൾക്ക് വാണിജ്യ/ സഹകരണ ബാങ്കുമായോ ക്ഷീരവികസന ഓഫിസുമായോ ബന്ധപ്പെടാം.

ഫോൺ: 94964 50432, 94972 80970.

English summary: Kisan Credit Card for Dairy Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA